പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി 5ന് ഉച്ചയ്ക്ക് 12.15ന് ഡല്‍ഹിയില്‍ 12,200 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വ്വഹിക്കും. സാഹിബാബാദ് ആര്‍ആര്‍ടിഎസ് സ്റ്റേഷനില്‍നിന്ന് ന്യൂ അശോക് നഗര്‍ ആര്‍ആര്‍ടിഎസ് സ്റ്റേഷനിലേക്ക് രാവിലെ 11ന് നമോ ഭാരത് ട്രെയിനില്‍ പ്രധാനമന്ത്രി യാത്ര ചെയ്യും.
പ്രാദേശിക സമ്പര്‍ക്കസൗകര്യം വര്‍ധിപ്പിക്കുന്നതിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി, സാഹിബാബാദിനും ന്യൂ അശോക് നഗറിനും ഇടയില്‍ 4600 കോടി രൂപ ചിലവിട്ട 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-ഗാസിയാബാദ്-മീറഠ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ ഉദ്ഘാടനത്തോടെ ഡല്‍ഹിക്ക് ആദ്യ നമോ ഭാരത് സർവീസ് ലഭിക്കും. ഇത് ഡല്‍ഹിക്കും മീറഠിനും ഇടയിലുള്ള യാത്ര സുഗമമാക്കുകയും സമാനതകളില്ലാത്ത സുരക്ഷയ്ക്കും വിശ്വാസ്യതയ്ക്കുമൊപ്പം അതിവേഗവും സുഖകരവുമായ യാത്രയിലൂടെ ദശലക്ഷക്കണക്കിന് യാത്രികർക്കു പ്രയോജനമേകുകയും ചെയ്യും.
ഡല്‍ഹി മെട്രോ നാലാം ഘട്ടത്തില്‍ ജനക്പുരിക്കും കൃഷ്ണ പാര്‍ക്കിനുമിടയില്‍ 1,200 കോടി രൂപ ചെലവ് വരുന്ന 2.8 കിലോമീറ്റര്‍ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്ന ആദ്യ പാതയാണിത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കൃഷ്ണ പാര്‍ക്ക്, വികാസ്പുരിയുടെ ചില ഭാഗങ്ങള്‍, ജനക്പുരി തുടങ്ങിയ പ്രദേശങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഡല്‍ഹി മെട്രോ നാലാം ഘട്ടത്തില്‍ ഏകദേശം 6,230 കോടി രൂപയുടെ 26.5 കിലോമീറ്റര്‍ റിഠാല – കുണ്ഡ്‌ലി സെക്ഷന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ ഇടനാഴി ഡല്‍ഹിയിലെ റിഠാലയെ ഹരിയാനയിലെ നാഥുപുരുമായി (കുണ്ഡ്ലി) ബന്ധിപ്പിക്കും. ഇത് ഡല്‍ഹിയുടെയും ഹരിയാനയുടെയും വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സമ്പര്‍ക്കസൗകര്യം ഗണ്യമായി വര്‍ദ്ധിപ്പിക്കും. രോഹിണി, ബവാന, നരേല, കുണ്ഡ്ലി എന്നിവ ഉള്‍പ്പെടുന്ന പ്രധാന മേഖലകളില്‍ പാര്‍പ്പിട, വാണിജ്യ, വ്യാവസായിക മേഖലകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തും. പ്രവര്‍ത്തനക്ഷമമായാല്‍, വിപുലീകൃത റെഡ് ലൈനിലൂടെ ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലൂടെ യാത്ര സുഗമമാകും.
ന്യൂഡല്‍ഹിയിലെ രോഹിണിയില്‍ 185 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കേന്ദ്ര ആയുര്‍വേദ ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (സിഎആര്‍ഐ) പുതിയ അത്യാധുനിക കെട്ടിടത്തിനും പ്രധാനമന്ത്രി തറക്കല്ലിടും. അത്യാധുനിക ആരോഗ്യ പരിരക്ഷയും വൈദ്യശാസ്ത്ര അടിസ്ഥാനസൗകര്യങ്ങളും കാമ്പസ് നല്‍കും. അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, ഒപിഡി ബ്ലോക്ക്, ഐപിഡി ബ്ലോക്ക്, പ്രത്യേക ചികിത്സാ ബ്ലോക്ക് എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടം രോഗികള്‍ക്കും ഗവേഷകര്‍ക്കും ഒരുപോലെ, സംയോജിതവും തടസ്സമില്ലാത്തതുമായ ആരോഗ്യ പരിപാലന അനുഭവം ഉറപ്പാക്കും.
-NK-