Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സന്ദര്‍ശിച്ചു, ഒട്ടേറെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സന്ദര്‍ശിച്ചു, ഒട്ടേറെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സന്ദര്‍ശിച്ചു, ഒട്ടേറെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സന്ദര്‍ശിച്ചു, ഒട്ടേറെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു


2019 ഫെബ്രുവരി 17നു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് സന്ദര്‍ശിച്ചു. അദ്ദേഹം ഝാര്‍ഖണ്ഡിലെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ ശ്രീമതി ദ്രൗപദി മുര്‍മു, കേന്ദ്രമന്ത്രി ശ്രീ. ജയന്ത് സിന്‍ഹ, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുവര്‍ ദാസ് തുടങ്ങിയ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു.

ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു: ‘രാഷ്ട്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഝാര്‍ഖണ്ഡിന്റെ ധീരപുത്രന്‍ ശ്രീ. വിജയ് സോരംഗിനു ഞാന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു. രക്തസാക്ഷികളുടെ കുടുംബങ്ങളെ സംരക്ഷിക്കേണ്ട ബാധ്യത നമുക്ക് എല്ലായ്‌പ്പോഴും ഉണ്ട്.’

ഹസാരിബാഗ്, ദുംക, പലമാവു എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ കോളജുകള്‍ക്ക് അദ്ദേഹം തന്നെയാണ് 2017ല്‍ തറക്കല്ലിട്ടത്. 885 കോടി രൂപ ചെലവിലാണു പുതിയ മെഡിക്കല്‍ കോളജുകള്‍ നിര്‍മിച്ചത്. അംഗവൈകല്യം ബാധിച്ചവര്‍ക്കുകൂടി ഉപയോഗപ്പെടുത്താവുന്ന രീതിയിലാണ് ഓരോ കോളജ് ക്യാംപസും തയ്യാറാക്കിയത്. ഈ ആധുനിക ചികില്‍സാ സൗകര്യങ്ങള്‍ ഝാര്‍ഖണ്ഡിലെ 11 ജില്ലകളിലെ ഒന്നരക്കോടി പേര്‍ക്കു ഗുണകരമാകും. പ്രധാനമന്ത്രി പറഞ്ഞു: ‘ഈ സംസ്ഥാനത്തുനിന്നുള്ള ആയിരക്കണക്കിനു പേര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ ലക്ഷക്കണക്കിനു പേര്‍ക്ക് ഉപകാരപ്പെട്ട ആയുഷ്മാന്‍ ഭാരത് യോജന ഉദ്ഘാടനം ചെയ്യപ്പെട്ടത് ഝാര്‍ഖണ്ഡിലാണ്. സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനുള്ള നിരന്തരമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.’ ഹസാരിബാഗ്, ദുംക, പലമാവു, ജാംഷെഡ്പൂര്‍ എന്നിവിടങ്ങളില്‍ 500 കിടക്കകളോടുകൂടിയ ആശുപത്രികള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു.

ആരോഗ്യവും സുരക്ഷിതമായ കുടിവെള്ളവും വേര്‍പെടുത്താനാവാത്തവയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഝാര്‍ഖണ്ഡില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ജലപദ്ധതികള്‍ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാംഗഢ്, ഹസാരിബാഗ് ജില്ലകളിലെ നാലു ഗ്രാമീണ ജലവിതരണ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ രണ്ടു ജില്ലകളിലെ ആറു ഗ്രാമീണ ജലവിതരണ പദ്ധതികള്‍ക്കും ചൂഷണം ചെയ്യപ്പെടുന്ന ഗോത്രവര്‍ഗക്കാര്‍ വസിക്കുന്ന മേഖലകളില്‍ ഉള്‍പ്പെടെയുള്ള ജലവിതരണ പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു. ഹസാരിബാഗില്‍ നഗര ജലവിതരണ പദ്ധതിയാണു തറക്കല്ലിടപ്പെട്ട മറ്റൊരു പദ്ധതി. ഹസാരിബാഗിലെ 56,000 കുടുംബങ്ങള്‍ക്കു സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതാണ് 500 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന ഈ പദ്ധതി.

നമാമി ഗംഗേ പദ്ധതിയുടെ ഭാഗമായുള്ള സാഹിബ്ഗഞ്ച് സീവറേജ് ട്രീറ്റ്‌മെന്റ് പ്ലാന്റും മധുബന്‍ ഘട്ടും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിയുടെ ഭാഗമായി ഇ-നാം പദ്ധതി പ്രകാരം കര്‍ഷകര്‍ക്കു മൊബൈല്‍ ഫോണുകള്‍ വാങ്ങുന്നതിനായുള്ള ചെക്കുകള്‍ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കു ശ്രീ. നരേന്ദ്ര മോദി വിതരണം ചെയ്തു. പ്രധാനമന്ത്രി പറഞ്ഞു: ‘പദ്ധതി 27 ലക്ഷം കര്‍ഷകര്‍ക്ക് ഉപകാരപ്പെടും. സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെ അവര്‍ക്കു കാലാവസ്ഥാ വിവരങ്ങള്‍ അറിയാന്‍ സാധിക്കുമെന്നു മാത്രമല്ല, വിളകളുടെ വിലകള്‍, ഗവണ്‍മെന്റ് പദ്ധതികള്‍, പുതിയ കൃഷിരീതികള്‍ എന്നിവയൊക്കെ അറിയാന്‍ സാധിക്കും.’

രംഗഢിലുള്ള വനിതാ എന്‍ജിനീയറിങ് കോളജിന്റെ ഇ-ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. കിഴക്കന്‍ ഇന്ത്യയിലുള്ള ഇത്തരത്തിലുള്ള പ്രഥമ കോളജാണ് ഇതെന്നും ഇന്ത്യയിലാകെ വനിതകള്‍ക്കു മാത്രമായുള്ള മൂന്ന് എന്‍ജിനീയറിങ് കോളജുകള്‍ മാത്രമാണ് ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. ഹസാരിബാഗിലെ ആചാര്യ വിനോബ ഭാവേ സര്‍വകലാശാലയിലെ ഗോത്രപഠന കേന്ദ്രത്തിനും അദ്ദേഹം തറക്കല്ലിട്ടു. ഗോത്രവര്‍ഗ രീതികളെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമുള്ള അറിവു സമാഹരിക്കാനും പകര്‍ന്നുനല്‍കാനും ഈ കേന്ദ്രം സഹായകമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന ആശയം ദരിദ്രരും സ്ത്രീകളും യുവാക്കളും ഗോത്രവര്‍ഗക്കാരും ഉള്‍പ്പെടെ എല്ലാവരുടെയും ശാക്തീകരണം സാധ്യമാക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ ദിശയിലുള്ള പ്രവര്‍ത്തനമാണ് പെണ്‍കുട്ടികള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കുമായുള്ള കോളജ്.

ഗവണ്‍മെന്റ് സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള കന്‍ഹ ക്ഷീരപദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു പ്രധാനമന്ത്രി പാല്‍ പാക്കറ്റുകള്‍ വിതരണം ചെയ്തു. പോഷകദാരിദ്ര്യം ഇല്ലാതാക്കുന്നതിന് ഉതകുംവിധം വിദ്യാര്‍ഥികള്‍ക്കു പ്രതിദിനം 200 മില്ലി ലിറ്റര്‍ പാല്‍ ഇതിലൂടെ ലഭ്യമാകും. പ്രധാനമന്ത്രി പറഞ്ഞു: ‘ഓരോ വിദ്യാര്‍ഥിനിയും അവളുടെ പൂര്‍ണമായ ശേഷി തിരിച്ചറിയുകയും അതുവഴി രാജ്യം അഭിമാനബോധമുള്ളതായി മാറുകയും ചെയ്യും’.

നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഗോത്രവര്‍ഗക്കാരായ ധീരന്‍മാരുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി മ്യൂസിയങ്ങളും സ്മാരകങ്ങളും നിര്‍മിക്കുന്നതിനു തന്റെ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഝാര്‍ഖണ്ഡിലെ ബിര്‍സമുന്ദ മ്യൂസിയം ഒരു ഉദാഹരണമാണ്.