പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 ജനുവരി 8നും 9നും രണ്ടു ദിവസത്തെ പര്യടനത്തിൽ ആന്ധ്രാപ്രദേശും ഒഡിഷയും സന്ദർശിക്കും. സുസ്ഥിര വികസനം, വ്യാവസായിക വളർച്ച, അടിസ്ഥാനസൗകര്യ വികസനം എന്നിവയുടെ ഭാഗമായി പ്രധാനമന്ത്രി ജനുവരി എട്ടിനു വൈകിട്ട് 5.30ന് വിശാഖപട്ടണത്ത് 2 ലക്ഷം കോടിരൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് രാഷ്ട്രത്തിന് സമർപ്പിക്കും. ജനുവരി 9ന് രാവിലെ 10നു ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി ആന്ധ്രാപ്രദേശിൽ
ഹരിതോർജത്തിനും സുസ്ഥിര ഭാവിക്കുമുള്ള പ്രതിബദ്ധതയിലേക്കുള്ള മറ്റൊരു സുപ്രധാന ചുവടുവയ്പ്പായി, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിനടുത്തുള്ള പൂഡിമഡകയിൽ അത്യാധുനിക എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് ഗ്രീൻ ഹൈഡ്രജൻ ഹബ് പദ്ധതിക്കു പ്രധാനമന്ത്രി തറക്കല്ലിടും. ദേശീയ ഹരിത ഹൈഡ്രജൻ ദൗത്യത്തിനു കീഴിലുള്ള ആദ്യ ഹരിത ഹൈഡ്രജൻ ഹബ്ബാണിത്. ഏകദേശം 1,85,000 കോടി രൂപ നിക്ഷേപമാണ് പദ്ധതിക്കുള്ളത്. 20 ജിഗാവാട്ട് പുനരുപയോഗ ഊർജശേഷിയിലെ നിക്ഷേപവും ഇതിൽ ഉൾപ്പെടും. പ്രധാനമായും കയറ്റുമതി വിപണിയെ ലക്ഷ്യമിട്ട് 1500 ടിപിഡി ഗ്രീൻ ഹൈഡ്രജനും 7500 ടിപിഡി ഗ്രീൻ ഹൈഡ്രജൻ ഡെറിവേറ്റീവുകളും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഹരിത ഹൈഡ്രജൻ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായി ഇത് മാറും. 2030ഓടെ 500 ജിഗാവാട്ട് എന്ന ഇന്ത്യയുടെ ഫോസിൽ ഇതര ഊർജശേഷീലക്ഷ്യം കൈവരിക്കുന്നതിന് ഈ പദ്ധതി ഗണ്യമായ സംഭാവന നൽകും.
വിശാഖപട്ടണത്ത് സൗത്ത് കോസ്റ്റ് റെയിൽവേ ആസ്ഥാനത്തിന്റെ തറക്കല്ലിടൽ ഉൾപ്പെടെ ആന്ധ്രാപ്രദേശിലെ 19,500 കോടി രൂപയുടെ വിവിധ റെയിൽവേ, റോഡ് പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഈ പദ്ധതികൾ തിരക്ക് കുറയ്ക്കുകയും സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും പ്രദേശത്തെ സാമൂഹ്യ-സാമ്പത്തിക വളർച്ച വർധിപ്പിക്കുകയും ചെയ്യും.
ഏവർക്കും പ്രാപ്യമാകുന്നതും താങ്ങാനാകുന്നതുമായ ആരോഗ്യപരിരക്ഷയെക്കുറിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകുന്നതിനായി, അനകാപ്പള്ളി ജില്ലയിലെ നക്കപള്ളിയിൽ ബൾക്ക് ഡ്രഗ് പാർക്കിന് പ്രധാനമന്ത്രി തറക്കല്ലിടും. വിശാഖപട്ടണം-ചെന്നൈ വ്യാവസായിക ഇടനാഴി (വിസിഐസി), വിശാഖപട്ടണം-കാക്കിനാട പെട്രോളിയം, കെമിക്കൽ, പെട്രോകെമിക്കൽ നിക്ഷേപ മേഖല എന്നിവയുടെ സാമീപ്യത്താൽ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താൻ സഹായിക്കുന്നതിനൊപ്പം, ബൾക്ക് ഡ്രഗ് പാർക്ക് ആയിരക്കണക്കിനു തൊഴിലവസരങ്ങളും സൃഷ്ടിക്കും.
ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴിക്കു കീഴിലുള്ള കൃഷ്ണപട്ടണം വ്യാവസായിക മേഖലയുടെ (കെആർഐഎസ് സിറ്റി) തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്കു കീഴിലുള്ള പ്രധാന പദ്ധതിയായ കൃഷ്ണപട്ടണം വ്യാവസായിക മേഖല (കെആർഐഎസ് സിറ്റി) ഗ്രീൻഫീൽഡ് വ്യാവസായിക അത്യാധുനിക നഗരമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 10,500 കോടി രൂപയുടെ ഗണ്യമായ ഉൽപ്പാദന നിക്ഷേപം ആകർഷിക്കുന്ന ഈ പദ്ധതി ഒരു ലക്ഷത്തോളം പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ഉപജീവനമാർഗം ഗണ്യമായി വർധിപ്പിക്കുകയും പ്രാദേശിക പുരോഗതിയെ മുന്നോട്ടു നയിക്കുകയും ചെയ്യും.
പ്രധാനമന്ത്രി ഒഡിഷയിൽ
18-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഒഡിഷയിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പ്രവാസി ഭാരതീയ ദിവസ് (PBD) സമ്മേളനം, ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെടാനും ഇടപഴകാനും പരസ്പരം ആശയവിനിമയം നടത്താനും അവരെ പ്രാപ്തരാക്കുന്നതിനുമുള്ള പ്രധാന വേദി പ്രദാനം ചെയ്യുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ സുപ്രധാന പരിപാടിയാണ്. ഒഡിഷ സംസ്ഥാന ഗവണ്മെന്റിന്റെ പങ്കാളിത്തത്തോടെ 2025 ജനുവരി 8 മുതൽ 10 വരെ ഭുവനേശ്വറിലാണ് 18-ാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം സംഘടിപ്പിക്കുന്നത്. ‘വികസിത ഭാരതത്തിനായുള്ള പ്രവാസികളുടെ സംഭാവന’ എന്നതാണ് 18-ാമത് പിബിഡി സമ്മേളനത്തിന്റെ പ്രമേയം. അമ്പതിലധികം വ്യത്യസ്ത രാജ്യങ്ങളിൽനിന്നുള്ള നിരവധി ഇന്ത്യൻ പ്രവാസികൾ പിബിഡി സമ്മേളനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ത്യൻ പ്രവാസികൾക്കായുള്ള പ്രത്യേക വിനോദസഞ്ചാര ട്രെയിനായ പ്രവാസി ഭാരതീയ എക്സ്‌പ്രസിന്റെ ഉദ്ഘാടന യാത്ര പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ വിനോദസഞ്ചാരപരവും മതപരവുമായ പ്രാധാന്യമുള്ള ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കു മൂന്നാഴ്ചത്തെ യാത്രയൊരുക്കും. പ്രവാസി തീർഥദർശൻ യോജനയ്ക്ക് കീഴിലാണ് പ്രവാസി ഭാരതീയ എക്സ്‌പ്രസ് സർവീസ് നടത്തുന്നത്.
*****
SK