പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനുവരി ആറിന് ഉച്ചയ്ക്ക് 12.30ന് വിദൂരദൃശ്യസംവിധാനത്തിലൂടെ വിവിധ റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിക്കും.
സമ്പർക്കസൗകര്യം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി, പുതിയ ജമ്മു റെയിൽവേ ഡിവിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തെലങ്കാനയിലെ ചാർലപ്പള്ളി പുതിയ ടെർമിനൽ സ്റ്റേഷൻ്റെ ഉദ്ഘാടനവും ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ റായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിൻ്റെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
പഠാൻകോട്ട് – ജമ്മു – ഉധംപുർ – ശ്രീനഗർ – ബാരാമൂല, ഭോഗ്പുർ സിർവാൾ – പഠാൻകോട്ട്, ബടാല – പഠാൻകോട്ട് ഭാഗങ്ങളും പഠാൻകോട്ട് മുതൽ ജോഗീന്ദർ നഗർ വരെയുള്ള ഭാഗങ്ങളും ഉൾക്കൊള്ളുന്ന 742.1 കിലോമീറ്റർ ദൈർഘ്യമുള്ള ജമ്മു റെയിൽവേ ഡിവിഷൻ സൃഷ്ടിക്കുന്നത് ജമ്മു കശ്മീരിനും ചുറ്റുമുള്ള പ്രദേശങ്ങൾക്കും വലിയ പ്രയോജനം ചെയ്യും. ഇതു ജനങ്ങളുടെ ദീർഘകാല അഭിലാഷം നിറവേറ്റുകയും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്കുള്ള സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അടിസ്ഥാനസൗകര്യ വികസനത്തിനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിനും വഴിയൊരുക്കും.
തെലങ്കാനയിലെ മേഡ്ചൽ-മൽകാജ്ഗിരി ജില്ലയിലുള്ള ചാർലപ്പള്ളി പുതിയ ടെർമിനൽ സ്റ്റേഷൻ, പുതിയ കോച്ചിങ് ടെർമിനലായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. രണ്ടാം പ്രവേശനകവാടവും ഇവിടെയുണ്ട്. ഏകദേശം 413 കോടി രൂപ ചെലവിലാണ് ഈ സൗകര്യങ്ങളൊരുക്കുന്നത്. മികച്ച യാത്രാ സൗകര്യങ്ങളുള്ള ഈ പരിസ്ഥിതി സൗഹൃദ ടെർമിനൽ, സെക്കന്തരാബാദ്, ഹൈദരാബാദ്, കച്ചെഗുഡ തുടങ്ങി, നഗരത്തിലെ നിലവിലുള്ള കോച്ചിങ് ടെർമിനലുകളിലെ തിരക്ക് കുറയ്ക്കും.
ഈസ്റ്റ് കോസ്റ്റ് റെയിൽവേയുടെ റായഗഡ റെയിൽവേ ഡിവിഷൻ കെട്ടിടത്തിന് പ്രധാനമന്ത്രി തറക്കല്ലിടും. ഇത് ഒഡിഷ, ആന്ധ്രാപ്രദേശ്, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തുകയും മേഖലയുടെ മൊത്തത്തിലുള്ള സാമൂഹിക-സാമ്പത്തിക വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും.
***
SK