പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ജനുവരി 20-21 തീയതികളിൽ തമിഴ്‌നാട്ടിലെ പ്രധാന ക്ഷേത്രങ്ങൾ സന്ദർശിക്കും. ജനുവരി 20ന് രാവിലെ 11 മണിക്ക് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ക്ഷേത്രത്തിൽ വിവിധ പണ്ഡിതന്മാർ കമ്പ രാമായണത്തിലെ ശ്ലോകങ്ങൾ വായിക്കുന്നതും പ്രധാനമന്ത്രി ശ്രവിക്കും.
തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് രാമേശ്വരത്ത് എത്തുന്ന പ്രധാനമന്ത്രി ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി, ഈ ക്ഷേത്രങ്ങളിൽ വിവിധ ഭാഷകളിൽ (മറാഠി, മലയാളം, തെലുങ്ക് തുടങ്ങിയ) നടത്തുന്ന രാമായണ പാരായണത്തിൽ പങ്കെടുക്കുന്ന പതിവ് തുടരുകയാണ്. ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിൽ അദ്ദേഹം ‘ശ്രീ രാമായണ പര്യാണ” എന്ന പരിപാടിയിൽ പങ്കെടുക്കും. ഇതിൽ എട്ട് വ്യത്യസ്ത പരമ്പരാഗത മണ്ഡലികളായ സംസ്‌കൃതം, അവധി, കാശ്മീരി, ഗുരുമുഖി, ആസാമീസ്, ബംഗാളി, മൈഥിലി, ഗുജറാത്തി രാംകഥകൾ (ശ്രീരാമൻ അയോധ്യയിലേക്ക് മടങ്ങിയതിന്റെ ഭാഗം വിവരിക്കുന്നു) എന്നിവ പാരായണം ചെയ്യും. ഇത് ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത’ത്തിന്റെ കാതലായ ഭാരതീയ സാംസ്കാരിക ധാർമ്മികതയിലും ബന്ധത്തിലും അടിസ്ഥിതമാണ്. വൈകുന്നേരം ക്ഷേത്ര സമുച്ചയത്തിൽ വിവിധ ഭക്തിഗാനങ്ങൾ ആലപിക്കുന്ന ഭജൻ സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കും.
ജനുവരി 21-ന് ധനുഷ്‌കോടിയിലെ കോതണ്ഡരാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനവും പൂജയും നടത്തും. ധനുഷ്‌കോടിക്ക് സമീപം രാമസേതു നിർമ്മിച്ച സ്ഥലമെന്ന് പറയപ്പെടുന്ന അരിച്ചൽ മുനൈയും പ്രധാനമന്ത്രി സന്ദർശിക്കും.
ശ്രീ രംഗനാഥസ്വാമി ക്ഷേത്രം
തിരുച്ചിയിലെ ശ്രീരംഗത്തിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം രാജ്യത്തെ ഏറ്റവും പുരാതനമായ ക്ഷേത്ര സമുച്ചയങ്ങളിലൊന്നാണ്. കൂടാതെ പുരാണങ്ങളിലും സംഘകാല ഗ്രന്ഥങ്ങളിലും ഉൾപ്പെടെ വിവിധ പുരാതന ഗ്രന്ഥങ്ങളിൽ ക്ഷേത്രത്തെ കുറിച്ച് പരാമർശമുണ്ട്. വാസ്തുവിദ്യാ മഹത്വത്തിൻ്റെയും നിരവധി മൂർത്തിമത്‌ഗോപുരങ്ങളുടെയും പേരിൽ ഇത് പ്രശസ്തമാണ്. ഭഗവാൻ വിഷ്ണുവിന്റെ ശയിക്കുന്ന രൂപമായ ശ്രീ രംഗനാഥ സ്വാമിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ വിഗ്രഹവും അയോധ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വൈഷ്ണവ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്. ശ്രീരാമനും പൂർവ്വികരും ആരാധിച്ചിരുന്ന വിഷ്ണുവിന്റെ വിഗ്രഹം ലങ്കയിലേക്ക് കൊണ്ടുപോകാൻ വിഭീഷണന് നൽകിയതാണെന്നാണ് വിശ്വാസം. യാത്രാമധ്യേ ശ്രീരംഗത്തിൽ ഈ വിഗ്രഹം സ്ഥാപിച്ചതായും വിശ്വസിക്കപ്പെടുന്നു .
മഹാനായ തത്ത്വചിന്തകനും സന്യാസിയുമായ ശ്രീ രാമാനുജാചാര്യരും ഈ ക്ഷേത്രത്തിന്റെ ചരിത്രവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ, ഈ ക്ഷേത്രത്തിൽ വിവിധ പ്രധാന സ്ഥലങ്ങളുണ്ട് – ഉദാഹരണത്തിന്, പ്രശസ്തമായ കമ്പ രാമായണം ആദ്യമായി ഈ സമുച്ചയത്തിലെ ഒരു പ്രത്യേക സ്ഥലത്താണ് തമിഴ് കവി കമ്പൻ പരസ്യമായി അവതരിപ്പിച്ചത്
ശ്രീ അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രം, രാമേശ്വരം
ഭഗവാൻ ശിവന്റെ രൂപമായ ശ്രീരാമനാഥസ്വാമിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ പ്രധാന ലിംഗം ശ്രീരാമനും സീതാ മാതാവും പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തുവെന്നാണ് പരക്കെയുള്ള വിശ്വാസം. മനോഹരമായ വാസ്തുവിദ്യയ്ക്ക് പേരുകേട്ട ഈ ക്ഷേത്രം ഏറ്റവും നീളമേറിയ ക്ഷേത്ര ഇടനാഴി കൂടി ഉൾക്കൊണ്ടതാണ്. ബദരീനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നീ ചാർധാമുകളിൽ ഒന്നാണിത്. കൂടാതെ 12 ജ്യോതിർലിംഗങ്ങളിൽ ഒന്നുകൂടിയാണ് ഇവിടത്തെ പ്രതിഷ്ഠ .
കോതണ്ഡരാമസ്വാമി ക്ഷേത്രം, ധനുഷ്കോടി
ഈ ക്ഷേത്രം ശ്രീ കോതണ്ഡരാമ സ്വാമിക്ക് സമർപ്പിച്ചിരിക്കുന്നു. കോതണ്ഡരാമൻ എന്ന പേരിന്റെ അർത്ഥം വില്ലേന്തിയ രാമൻ എന്നാണ്. ധനുഷ്കോടി എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ വച്ചാണ് വിഭീഷണൻ ശ്രീരാമനെ ആദ്യമായി കണ്ടുമുട്ടിയതെന്നും അഭയം തേടിയെന്നും പറയപ്പെടുന്നു. ശ്രീരാമൻ വിഭീഷണന്റെ പട്ടാഭിഷേകം നടത്തിയ സ്ഥലമാണിതെന്നും ചില ഐതിഹ്യങ്ങൾ പറയുന്നു.
–SK–