Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ‘ ഗൃഹപ്രവേശം’ ചടങ്ങിനെ അഭിസംബോധന ചെയ്തു.


മധ്യപ്രദേശില്‍, പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതി വഴി നിര്‍മിച്ച 1.75 ലക്ഷം വീടുകളുടെ ഗൃഹപ്രവേശന ചടങ്ങിനെ പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കളുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. 

 

ഇന്ന് പുതിയ വീടുകളിലേക്ക്  താമസം മാറുന്ന 1.75 ലക്ഷം കുടുംബങ്ങള്‍ക്ക് അവരുടെ സ്വപ്‌നം യാഥാര്‍്ത്ഥ്യമായെന്നും അവരുടെ കുട്ടികളുടെ ഭാവിയെപ്പറ്റി ആത്മവിശ്വാസം ഉടലെടുത്തതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷങ്ങളിലായി, 2.25 കോടി കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ വീട് ലഭിച്ചെന്നും അവര്‍ക്ക് വാടക വീടുകളിലോ, താല്‍്ക്കാലിക കൂരകളിലോ താമസിക്കാതെ, ഇനി മുതല്‍ സ്വന്തം വീടുകളില്‍ താമസിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഗുണഭോക്താക്കള്‍ക്ക് ദീപാവലി, ആശംസിച്ച അദ്ദേഹം, കൊറോണക്കാലം അല്ലായിരുന്നെങ്കില്‍ നേരിട്ടെത്തി അവരുടെ സന്തോഷത്തില്‍ പങ്ക് ചേരുമായിരുന്നുവെന്നും പറഞ്ഞു.

1.75 ലക്ഷം ദരിദ്ര കുടുംബങ്ങളിലെ അംഗങ്ങളുടെ മറക്കാനാവാത്ത നിമിഷമാണിത് എന്നതിനൊപ്പം, രാജ്യത്തെ വീടില്ലാത്ത ഓരോ വ്യക്തിയ്ക്കും വീട്  നല്‍കുക എന്ന ഗവണ്‍മെന്റ് നടപടിയുടെ ഭാഗം കൂടിയാണിത്. രാജ്യത്തെ വീടില്ലാത്ത പാവപ്പെട്ടവരുടെ പ്രതീക്ഷയ്ക്ക് ശക്തി പകരുന്നതിനോടൊപ്പം, ശരിയായ നയത്തോടും ഉദ്ദേശ്യത്തോടും രൂപീകരിച്ച ഗവണ്‍മെന്റ് പദ്ധതികള്‍, അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നു എന്ന് ഇതിലൂടെ തെളിയുകയും ചെയ്യുന്നതായി പ്രധാനമന്ത്രി  അഭിപ്രായപ്പെട്ടു.

 

പ്രധാനമന്ത്രി ആവാസ് യോജന – ഗ്രാമീണ്‍ പദ്ധതിയിന്‍ കീഴില്‍, കൊറോണക്കാലത്തെ പ്രതിസന്ധികള്‍ അതിജീവിച്ച് 18 ലക്ഷത്തോളം വീടുകള്‍ നിര്‍മിക്കാന്‍ കഴിഞ്ഞു. അതില്‍ 1.75 ലക്ഷത്തോളവും മധ്യപ്രദേശിലാണ്. സാധാരണയായി പി.എം.എ.വൈ.ജി. പദ്ധതിയിന്‍ കീഴില്‍ ശരാശരി 125 ദിവസമാണ് ഒരു വീട് പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്നതെങ്കില്‍, ഇപ്പോള്‍ കൊറോണക്കാലത്ത് ഇതിന് 45 – 60 ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. ഇതൊരു റെക്കോഡ് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍് നഗരങ്ങളില്‍ നിന്നും അവരുടെ ഗ്രാമത്തിലേയ്ക്ക് മടങ്ങിയതോടെയാണിത് സാധ്യമായത്. ഒരു പ്രതിസന്ധി, അവസരമായി മാറ്റുന്നതിന്റെ മികച്ച ഉദാഹരണമാണിത്. ഈ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ പദ്ധതിയുടെ പൂര്‍ണ ആനുകൂല്യം കൈപ്പറ്റി അവരുടെ കുടുംബങ്ങളെ സംരക്ഷിക്കുകയും അതേസമയം അവരുടെ പാവപ്പെട്ട സഹോദരന്മാര്‍ക്കുള്ള വീട് പണിയില്‍ പങ്കെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

പി.എം. ഗരീബ് കല്യാണ്‍ അഭിയാനിനു കീഴില്‍, ഏകദേശം 23,000 കോടി രൂപയുടെ പദ്ധതികള്‍ മധ്യപ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പൂര്‍ത്തിയായതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. എല്ലാ ഗ്രാമത്തിലും വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും, എല്ലാ വീടിനും ജല  വിതരണം ഉറപ്പു വരുത്താനുള്ള നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്നു. പദ്ധതിയിന്‍ കീഴില്‍ അംഗന്‍വാടികള്‍, പഞ്ചായത്തുകള്‍ എന്നിവയ്ക്കുള്ള കെട്ടിടങ്ങളും കാലിത്തൊഴുത്ത്, കുളങ്ങള്‍, കിണറുകള്‍ എന്നിവയുടെ നിര്‍മാണം നടന്നുവരികയും ചെയ്യുന്നു.

ഇതിന് രണ്ട് നേട്ടങ്ങളുണ്ട്. ഒന്നാമതായി, നഗരങ്ങളില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങിയെത്തിയ ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക്, തൊഴില്‍ ലഭിച്ചു. രണ്ടാമതായി, ചുടുകല്ല്, സിമന്റ്, മണല്‍ തുടങ്ങി നിര്‍മാണ സാമഗ്രികളുടെ വില്‍പന നടന്നു. ഇതുവഴി, ഈ പ്രതിസന്ധി കാലയളവിലും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ രാജ്യത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് വന്‍ പിന്തുണ നല്‍കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിക്കാനായി വിവിധ പദ്ധതികള്‍ രാജ്യത്ത് കഴിഞ്ഞ കുറേ ദശാബ്ദങ്ങളിലായി ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പാവപ്പെട്ട കോടിക്കണക്കിന് പേര്‍ക്ക് അന്തസോടെ ജീവിക്കുന്നതിനാവശ്യമായ വീട് നല്‍കുന്നതിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഗവണ്‍മെന്റുകളുടെ ഭാഗത്ത് നിന്നുണ്ടായ അമിതമായ ഇടപെടലുകളും , സുതാര്യതയില്ലാത്തതും, ഗുണഭോക്താക്കളുമായി ബന്ധപ്പെടാത്തതുമാണ് ഇതിനു കാരണം. നേരത്തെ അനുവദിച്ച പദ്ധതികളിലെ സുതാര്യത ഇല്ലായ്മയാണ് ഗുണമേന്മ കുറഞ്ഞ വീടുകള്‍ക്ക് കാരണമെന്നും ശ്രീ. മോദി പറഞ്ഞു.

2014 ല്‍ പദ്ധതി, മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിലയിരുത്തിക്കൊണ്ട് പരിഷ്‌ക്കരിച്ചാണ് പുതിയ നയത്തോടുകൂടി പ്രധാനമന്ത്രി ആവാസ് യോജന എന്ന പേരില്‍ പ്രഖ്യാപിച്ചത്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത് മുതല്‍ വീട് കൈമാറുന്നതുവരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും സുതാര്യതയോടെ നടന്നത്. നേരത്തെ ഗുണഭോക്താക്കള്‍, ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്നിരുന്നെങ്കില്‍, ഇപ്പോള്‍ ഗവണ്‍മെന്റ് ജനങ്ങളുടെ സമീപമെത്തുന്നു. തെരഞ്ഞെടുപ്പ് മുതല്‍ നിര്‍മാണം വരെ ശാസ്ത്രീയവും സുതാര്യവുമായ രീതികള്‍ സ്വീകരിച്ചിരിക്കുന്നു. കൂടാതെ പ്രാദേശികമായി ലഭ്യമായ ഉല്‍പ്പന്നങ്ങളും സാമഗ്രികളും നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നു. തദ്ദേശീയ ആവശ്യങ്ങള്‍ക്കും രീതിയ്ക്കും അനുസരിച്ചാണ് വീടുകളുടെ രൂപകല്‍പന പോലും നിര്‍വഹിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വീടുകളുടെ നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും പൂര്‍ണമായ നിരീക്ഷണം നടത്തിയിരുന്നു. ഓരോ ഘട്ടവും പൂര്‍ത്തിയായതിനുശേഷമാണ് ഗഡുക്കളായി തുക കൈമാറിയത്. പാവപ്പെട്ടവര്‍ക്ക് വീട് മാത്രമല്ല, ശുചിമുറികള്‍, ഉജ്വല പാചകവാതക കണക്ഷന്‍, സൗഭാഗ്യ യോജന, വൈദ്യുതി, എല്‍.ഇ.ഡി. ബള്‍ബ്, കുടിവെള്ള കണക്ഷന്‍ എന്നിവയും ഇതോടൊപ്പം നല്‍കും. പി.എം. ആവാസ് യോജന, ശുചിത്വ ഭാരത ദൗത്യം എന്നിവ നമ്മുടെ ഗ്രാമീണ സഹോദരിമാരുടെ ജീവിതത്തെ മാറ്റി മറിക്കാന്‍ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ 27 ഓളം ക്ഷേമ പദ്ധതികള്‍ പി.എം. ആവാസ് യോജനയുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിയിന്‍ കീഴില്‍ നിര്‍മിച്ച വീടുകള്‍, മിക്കവാറും വനിതകളുടെ പേരിലോ, കുടുംബത്ത്ിലെ വനിതകളെ കൂടി ഉള്‍പ്പെടുത്തിയോ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതിയ ധാരാളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും അതേസമയം വനിതാ നിര്‍മാണ തൊഴിലാളികളെ, ജോലിക്കായി നിയോഗിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ മാത്രം 50,000 നിര്‍മാണ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കി; അവരില്‍ 9,000 വും വനിതകളാണ്. പാവപ്പെട്ടവരുടെ വരുമാനം വര്‍ധിക്കുമ്പോള്‍ അവരുടെ ആത്മ വിശ്വാസവും കൂടുന്നു. അതിനാല്‍, ഒരു സ്വയം പര്യാപ്ത ഇന്ത്യയ്ക്കുള്ള തീരുമാനവും ശക്തിപ്പെടുന്നു. ഈ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായാണ് 2014 മുതല്‍ എല്ലാ ഗ്രാമങ്ങളിലും ആധുനിക അടിസ്ഥാന സൗകര്യ വികസനം സാധ്യമാക്കി വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2020 ആഗസ്റ്റ് 15 ന് ചുവപ്പ് കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ 6000 ഗ്രാമങ്ങളില്‍, അടുത്ത 1000 ദിവസത്തിനുള്ളില്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുമെന്ന് താന്‍ നടത്തിയ പ്രഖ്യാപനം പ്രധാനമന്ത്രി അനുസ്മരിച്ചു. ഈ കൊറോണക്കാലത്തും, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ വഴി, ഈ  പദ്ധതി ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഏതാനും ആഴ്ചകൊണ്ട്, 116 ജില്ലകളിലായി 5000 കിലോമീറ്റര്‍ ഓപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിച്ചു കഴിഞ്ഞു. 1250 ഗ്രാമപഞ്ചായത്തുകള്‍, 19,000 ഓപ്റ്റിക്കല്‍ ഫൈബര്‍ കൊണ്ട്് ബന്ധിപ്പിച്ചിരിക്കുന്നു. 15,000 വൈഫൈ ഹോട്ട് സ്‌പോട്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ ദ്രുതഗതിയിലുള്ള മികച്ച ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതുവഴി, വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസത്തിന് മികച്ച അവസരം ലഭിക്കുന്നു. യുവാക്കള്‍ക്ക്, മികച്ച വ്യാപാര അവസരങ്ങള്‍ ലഭിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന്, ഗവണ്‍മെന്റിന്റെ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ആക്കിയിട്ടുണ്ട്. അതിനാല്‍, നേട്ടങ്ങളും വേഗത്തില്‍ ലഭിക്കുന്നു. അഴിമതിയില്ലാതാവുകയും ചെറിയ ഓണ്‍ലൈന്‍ സേവനത്തിനുവേണ്ടി പോലും ഗ്രാമീണര്‍ക്ക് നഗരങ്ങളിലേയ്ക്ക് പോകേണ്ടി വരുന്നത് ഒഴിവാക്കുകയും ചെയ്തിരിക്കുന്നു.

ഗ്രാമങ്ങളെയും പാവപ്പെട്ടവരെയും ശാക്തീകരിക്കുന്നതിന്, ഈ പ്രചാരണ പരിപാടി ഇതേ ആത്മവിശ്വാസത്തോട് കൂടി ദ്രുതഗതിയില്‍ മുന്നേറുകയാണെന്നും ശ്രീ. നരേന്ദ്രമോദി പറഞ്ഞു. 

*****