Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗൂഗിള്‍ സിഇഒ ശ്രീ സുന്ദര്‍ പിച്ചൈയുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ആശയവിനിമയം നടത്തി.

കോവിഡ് 19മായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും വിശ്വസനീയമായ വിവരങ്ങള്‍ നല്‍കുന്നതിനും ഗൂഗിള്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ശ്രീ. പിച്ചൈ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടപ്പാക്കിയ ലോക്ക്ഡൗണ്‍ മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ശക്തമായ അടിത്തറ പാകിയെന്ന് അദ്ദേഹം പറഞ്ഞു. വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടുന്നതിലും ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നതിലും ഗൂഗിള്‍ വഹിച്ച പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനായി സാങ്കേതികവിദ്യ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സാങ്കേതികവിദ്യയുമായി ഇന്ത്യയിലെ ജനത പൊരുത്തപ്പെടുന്നുണ്ടെന്നും മാറ്റങ്ങള്‍ അതിവേഗം സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്നതിനെക്കുറിച്ചും കാര്‍ഷിക മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ വിശാലമായ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും ഉപയോഗപ്രദമായ വെര്‍ച്വല്‍ ലാബുകള്‍ എന്ന ആശയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്ത് ഗൂഗിള്‍ പുറത്തിറക്കിയ പുതിയ ഉല്‍പ്പന്നങ്ങളെക്കുറിച്ചും സംരംഭങ്ങളെക്കുറിച്ചും സുന്ദര്‍ പിച്ചൈ പ്രധാനമന്ത്രിയോടു വിശദീകരിച്ചു. ഗൂഗിളിന്റെ പ്രളയ പ്രവചനത്തിനായുള്ള ശ്രമങ്ങള്‍ വിശദീകരിച്ച അദ്ദേഹം ബംഗളൂരുവില്‍ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഗവേഷണ ലാബ് ആരംഭിക്കുന്ന കാര്യവും സൂചിപ്പിച്ചു.

വന്‍തോതില്‍ നിക്ഷേപനിധിക്കു തുടക്കം കുറിക്കാനും ഇന്ത്യയില്‍ നയപരമായ കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനുമുള്ള ഗൂഗിളിന്റെ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രിയെ സുന്ദര്‍ പിച്ചൈ അറിയിച്ചു. ലോകത്തിനായുള്ള വാതായനങ്ങള്‍ തുറന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക പരിഷ്‌കരണത്തിനായി അടുത്തിടെ ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെക്കുറിച്ചും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ക്യാമ്പയിനെക്കുറിച്ചും സംസാരിച്ച അദ്ദേഹം പുതിയ കഴിവുകള്‍ വികസിപ്പിക്കുന്നതിന്റെ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടി.

ഡേറ്റ സുരക്ഷ, സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ എന്നിവയെക്കുറിച്ചും പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. വിശ്വാസശോഷണം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ കമ്പനികള്‍ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും വിവിധ സൈബര്‍ ആക്രമണ ഭീഷണികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതയ്ക്കു പുതിയ മാനങ്ങള്‍ നല്‍കുന്നതിനുള്ള സാങ്കേതിക ഇടപെടലുകള്‍, പ്രാദേശിക ഭാഷയില്‍ സാങ്കേതികവിദ്യയിലേക്ക് അടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍, കായിക മേഖലയില്‍ മൈതാനങ്ങളിലേതുപോലുള്ള ദൃശ്യാനുഭവം നല്‍കാനായി ഓഗ്മെന്റഡ് റിയാലിറ്റി/വിര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയവയുടെ ഉപയോഗം, ഡിജിറ്റല്‍ പണമിടപാട് മേഖലയിലെ പുരോഗതി എന്നീ കാര്യങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ചചെയ്തു.