Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കൊല്‍ക്കത്തയിലെ ബേലൂര്‍ മഠം സന്ദര്‍ശിച്ചു


സ്വാമി വിവേകാനന്ദ ജയന്തിയും ദേശീയ യുവജന ദിനവും പ്രമാണിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കൊല്‍ക്കത്തയിലെ ബേലൂര്‍ മഠം സന്ദര്‍ശിച്ചു. മഠത്തിലെ സന്യാസിമാരുമായി അദ്ദേഹം സംവദിച്ചു.

മറ്റുള്ളവര്‍ക്കു ബേലൂര്‍ മഠ സന്ദര്‍ശനം തീര്‍ഥാടനം തന്നെയാണെങ്കില്‍ തനിക്കു വീട്ടിലേക്കു തിരിച്ചുവരവാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വിശുദ്ധമായ ഈ ഇടത്തില്‍ രാത്രി ചെലവഴിക്കാന്‍ സാധിച്ചത് അഭിമാനകരമാണെന്നു വ്യക്തമാക്കിയ അദ്ദേഹം, ഗുരുക്കന്‍മാരായ സ്വാമി രാമകൃഷ്ണ പരമഹംസരുടെയും മാ ശാരദാ ദേവിയുടെയും സ്വാമി ബ്രഹ്മാനന്ദന്റെയും സ്വാമി വിവേകാനന്ദന്റെയും സാന്നിധ്യം അനുഭവപ്പെടുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.

മുന്‍പു നടത്തിയ സന്ദര്‍ശനത്തില്‍ സ്വാമി ആത്മസ്ഥാനാനന്ദജിയില്‍നിന്ന് അനുഗ്രഹം ലഭിച്ചിരുന്നു എന്നും പൊതു പ്രവര്‍ത്തനത്തിലേക്കുള്ള വഴി തനിക്കു കാട്ടിത്തന്നത് അദ്ദേഹമാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

‘ഇന്നു ജീവിച്ചിരിപ്പില്ലെങ്കിലും അദ്ദേഹം ചെയ്ത പ്രവര്‍ത്തനവും കാട്ടിത്തന്ന വഴിയും നമുക്ക് എന്നു മാര്‍ഗദര്‍ശകമായി നിലകൊള്ളും.’

ചെറുപ്പക്കാരായ ബ്രഹ്മചാരിമാരുമായി ഇടപഴകാന്‍ അവസരം ലഭിച്ചുവെന്നും അതിലൂടെ ഒരിക്കല്‍ തനിക്കും ബ്രഹ്മചാരിയുടെ മനസ്സ് ഉണ്ടായിരുന്നുവെന്നു തിരിച്ചറിയാന്‍ സാധിച്ചുവെന്നും ശ്രീ. മോദി വ്യക്തമാക്കി. വിവേകാനന്ദന്റെ ചിന്തകളും ശബ്ദവും വ്യക്തിത്വവുമാണ് ഇവിടേക്കു നാം മിക്കവരെയും അടുപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇവിടെയെത്തുമ്പോള്‍ ശാരദ ദേവി മാതാവ് ഇവിടെ കഴിയാന്‍ അമ്മയുടെ സ്‌നേഹം പകരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു.

‘അറിഞ്ഞോ അറിയാതെയോ രാജ്യത്തെ ഓരോ യുവാവും വിവേകാനന്ദന്റെ ദൃഢപ്രതിജ്ഞയുടെ ഭാഗമാണ്. കാലം മാറുകയും ദശാബ്ദങ്ങളും നൂറ്റാണ്ടു തന്നെയും പിന്നിടുകയും ചെയ്തുവെങ്കിലും യുവാക്കളെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന സ്വാമിജിയുടെ ദൃഢത നിലനില്‍ക്കുന്നു. അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനം ഇനിയും തലമുറകള്‍ക്കു പ്രചോദനം പകരും.’

തങ്ങള്‍ മാത്രം വിചാരിച്ചാല്‍ ലോകത്തില്‍ പരിവര്‍ത്തനം സാധ്യമല്ലെന്നു ചിന്തിക്കുന്ന രാജ്യത്തെ യുവാക്കള്‍ക്കായി പ്രധാനമന്ത്രി ലളിതമായ മന്ത്രം നല്‍കി: ‘നാം ഒരിക്കലും തനിച്ചല്ല’.

21ാം നൂറ്റാണ്ടില്‍ പുതിയ ഇന്ത്യ സൃഷ്ടിക്കാനായി രാജ്യം ദൃഢനിശ്ചയത്തോടെ തീരുമാനങ്ങള്‍ കൈക്കൊണ്ടു. ഇവ കേവലം ഗവണ്‍മെന്റിന്റേതു മാത്രമല്ല, 130 കോടി പൗരന്‍മാരുടേതും രാജ്യത്തെ യുവാക്കളുടേതുമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുവാക്കളെ മുഖ്യധാരയില്‍ നിര്‍ത്താനുള്ള പ്രചരണം തീര്‍ച്ചയായും വിജയിക്കുമെന്നാണു കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അനുഭവം നല്‍കുന്ന പാഠമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ശുചിയാകുമോ ഇല്ലയോ എന്നും ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുമോ എന്നുമൊക്കെയുള്ള ആശങ്കകള്‍ അഞ്ചു വര്‍ഷം മുന്‍പു വരെ നിലനിന്നിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, രാജ്യത്തെ യുവാക്കള്‍ നേതൃസ്ഥാനം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

21ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ പരിവര്‍ത്തനം സാധ്യമാക്കുന്നതിന് അടിസ്ഥാനം യുവാക്കളുടെ അഭിനിവേശവും ഊര്‍ജവുമാണെന്നു ശ്രീ. മോദി അഭിപ്രായപ്പെട്ടു. യുവാക്കള്‍ പ്രശ്‌നങ്ങളെ നേരിടുകയും പരിഹരിക്കുകയും വെല്ലുവിളികളെ തന്നെ വെല്ലുവിൡക്കുകയും ചെയ്യുന്നു. ഈ പാത പിന്‍തുടര്‍ന്ന് രാജ്യം നേരിടുന്ന ദശാബ്ദങ്ങള്‍ പിന്നിട്ട പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ കേന്ദ്ര ഗവണ്‍മെന്റും ശ്രമിക്കുകയാണെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി.

ദേശീയ യുവജന ദിനത്തില്‍ എല്ലാ യുവാക്കളെയും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു ബോധ്യപ്പെടുത്തേണ്ടതും സംതൃപ്തിപ്പെടുത്തേണ്ടതും ഈ നിയമത്തെ കുറിച്ചുള്ള ആശങ്കകള്‍ നീക്കേണ്ടതും തന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വം ഇല്ലാതാക്കാനുള്ളതല്ല, മറിച്ച് പൗരത്വം നല്‍കാനുള്ളതാണു പൗരത്വ ഭേദഗതി നിയമമെന്നു ശ്രീ. മോദി വിശദീകരിച്ചു. പാക്കിസ്ഥാന്‍ വിഭജിക്കപ്പെട്ട ശേഷം മതവിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്കു പൗരത്വം നല്‍കുന്നതിനായ പൗരത്വവ്യവസ്ഥകളില്‍ ഇളവനുവദിക്കുന്ന ഭേദഗതി മാത്രമാണു പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി ഉള്‍പ്പെടെ പല നേതാക്കളും ഇതു ശരിവെച്ചിട്ടുണ്ട്. ഇതിലുപരി, ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസം അര്‍പ്പിക്കുന്ന ഏതു മതത്തിലും വിശ്വസിക്കുന്നവര്‍ക്കു നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ഇന്ത്യന്‍ പൗരത്വം നേടാവുന്നതാണ്. നിയമം നിമിത്തം വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്കു സംഭവിക്കാവുന്ന തിരിച്ചടി നേരിടുന്നതിനു ഗവണ്‍മെന്റ് വ്യവസ്ഥകള്‍ ഒരുക്കിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു വ്യക്തതയുണ്ടായിട്ടും ചിലര്‍ രാഷ്ട്രീയ കാരണങ്ങളാല്‍ പൗരത്വഭേദഗതി നിയമത്തെ സംബന്ധിച്ചു തുടര്‍ച്ചയായി ആശയക്കുഴപ്പം പടര്‍ത്തുകയാണ്. പൗരത്വ നിയമത്തില്‍ വരുത്തിയ ഈ ഭേദഗതിയെ സംബന്ധിച്ചു വിവാദം പടര്‍ന്നില്ലായിരുന്നെങ്കില്‍ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ പാക്കിസ്ഥാനില്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ചു ലോകം അറിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 70 വര്‍ഷമായി ന്യൂനപക്ഷത്തോട് എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്ന ചോദ്യത്തിനു മറുപടി നല്‍കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണു നമ്മുടെ പ്രവര്‍ത്തനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

നമ്മുടെ സംസ്‌കാരവും ഭരണഘടനയും നാം പൗരന്‍മാരെന്ന കടമ നിറവേറ്റണമെന്നും നമ്മുടെ ചുമതലകള്‍ സത്യസന്ധമായും സമര്‍പ്പണബോധത്തോടുകൂടിയും നിറവേറ്റണമെന്നും പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ ഇന്ത്യക്കാരനും തുല്യ ചുമതലയാണ് ഉള്ളത്. ഈ പാത പിന്‍തുടരുന്നതിലൂടെ ലോകത്തില്‍ ഇന്ത്യ തനതായ ഇടം നേടിയെടുക്കുന്നതു നമുക്കു കാണാന്‍ സാധിക്കും. ഇതാണ് ഓരോ ഇന്ത്യക്കാരനില്‍നിന്നും സ്വാമി വിവേകാനന്ദന്‍ പ്രതീക്ഷിച്ചിരുന്നത്. ഈ സ്ഥാപനത്തിന്റെ അടിത്തറയും ഇതു തന്നെ. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ദൃഢപ്രതിജ്ഞ നാം ഓരോരുത്തരും കൈക്കൊള്ളുകയാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.