Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിച്ചു

പ്രധാനമന്ത്രി കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ രാഷ്ട്രത്തിനു സമർപ്പിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു കൊച്ചിയിൽ 4000 കോടിയിലധികം രൂപയുടെ മൂന്ന് പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിലെ (സി‌എസ്‌എൽ) പുതിയ ഡ്രൈ ഡോക്ക് (എൻ‌ഡി‌ഡി), കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള സി‌എസ്‌എലിന്റെ അന്താരാഷ്ട്ര കേന്ദ്രം (ഐ‌എസ്‌ആർ‌എഫ്), കൊച്ചി പുതുവൈപ്പിനിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയുടെ തുറമുഖങ്ങൾ, കപ്പൽവ്യാപാരം, ജലപാത എന്നീ മേഖലകളെ പരിവർത്തനം ചെയ്യാനും കാര്യശേഷിയും സ്വയംപര്യാപ്തതയും വളർത്തിയെടുക്കാനുമുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ പ്രധാന അടിസ്ഥാനസൗകര്യ പദ്ധതികൾ.

സദസിനെ അഭിസംബോധന ചെയ്യവേ, ഇന്നു രാവിലെ ഭഗവാൻ ഗുരുവായൂരപ്പനെ ക്ഷേത്രത്തിൽ ദർശിക്കാനായതിനെക്കുറിച്ചു ശ്രീ മോദി സംസാരിച്ചു. അയോധ്യാ ധാമിലെ മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം അടുത്തിടെ ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ രാമായണവുമായി ബന്ധപ്പെട്ട കേരളത്തിലെ പുണ്യക്ഷേത്രങ്ങളെക്കുറിച്ചു പരാമർശിച്ചതും അദ്ദേഹം അനുസ്മരിച്ചു. അയോധ്യാ ധാമിലെ ‘പ്രാൺപ്രതിഷ്ഠ’യ്ക്ക് ഏതാനും ദിവസം മുമ്പ് രാമക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്നു രാവിലെ കേരളത്തിലെ കലാകാരന്മാരുടെ മനോഹരമായ പ്രകടനം കേരളത്തിൽ അവധ്പുരിയുടെ അനുഭൂതി കൊണ്ടുവന്നതായി അദ്ദേഹം പറഞ്ഞു.

അമൃതകാലത്ത് ഇന്ത്യയെ ‘വികസിതഭാരത’മാക്കാനുള്ള യാത്രയിൽ ഓരോ സംസ്ഥാനത്തിന്റെയും പങ്കിന് അദ്ദേഹം ഊന്നൽ നൽകി. മുൻകാലങ്ങളിൽ ഇന്ത്യയുടെ അഭിവൃദ്ധിയിൽ തുറമുഖങ്ങൾക്കുണ്ടായിരുന്ന പങ്ക് അനുസ്മരിച്ച പ്രധാനമന്ത്രി, ഇപ്പോൾ ഇന്ത്യ പുതിയ മുന്നേറ്റം നടത്തുകയും ആഗോളവ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി മാറുകയും ചെയ്യുമ്പോൾ തുറമുഖങ്ങൾക്കും സമാനമായ പങ്കുണ്ടെന്നു വ്യക്തമാക്കി. ഇത്തരമൊരു സാഹചര്യത്തിൽ കൊച്ചി പോലുള്ള തുറമുഖ നഗരങ്ങളുടെ കരുത്തു വർധിപ്പിക്കുന്നതിൽ ഗവണ്മെന്റ് വ്യാപൃതരാണെന്നു പ്രധാനമന്ത്രി പറഞ്ഞു. തുറമുഖശേഷിയിലെ വർധന, തുറമുഖ അടിസ്ഥാനസൗകര്യങ്ങളിലുള്ള നിക്ഷേപം, സാഗർമാല പദ്ധതിക്കു കീഴിലുള്ള തുറമുഖങ്ങളുടെ മെച്ചപ്പെട്ട സമ്പർക്കസൗകര്യം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊച്ചിക്ക് ഇന്നു ലഭിച്ച രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. കപ്പൽനിർമാണം, കപ്പൽ അറ്റകുറ്റപ്പണി, എൽപിജി ഇറക്കുമതി ടെർമിനൽ തുടങ്ങിയ മറ്റു പദ്ധതികളും കേരളത്തിലും രാജ്യത്തിന്റെ തെക്കൻ മേഖലയിലും വികസനത്തിന് ആക്കം കൂട്ടും. ‘മെയ്ഡ് ഇൻ ഇന്ത്യ’ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിലാണു നിർമിച്ചത് എന്നതും അദ്ദേഹം എടുത്തുപറഞ്ഞു. പുതിയ സൗകര്യങ്ങൾ കപ്പൽശാലയുടെ ശേഷി പലമടങ്ങു വർധിപ്പിക്കും.

കഴിഞ്ഞ 10 വർഷത്തിനിടെ തുറമുഖങ്ങൾ, കപ്പൽവ്യാപാരം, ജലപാതാ മേഖലകളിൽ വരുത്തിയ പരിഷ്‌കാരങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ തുറമുഖങ്ങളിൽ പുതിയ നിക്ഷേപം കൊണ്ടുവരികയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌തിട്ടുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യൻ നാവികരുമായി ബന്ധപ്പെട്ട നിയമങ്ങളുടെ പരിഷ്കരണം രാജ്യത്തെ നാവികരുടെ എണ്ണത്തിൽ 140 ശതമാനം വർധനയ്ക്കു കാരണമായതായി അദ്ദേഹം അറിയിച്ചു. രാജ്യത്തിനകത്ത് ഉൾനാടൻ ജലപാതകൾ പ്രയോജനപ്പെടുത്തിയതിലൂടെ യാത്രക്കാരുടെ സഞ്ചാരത്തിനും ചരക്കുഗതാഗതത്തിനും വലിയ ഉത്തേജനം ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.

“കൂട്ടായ പരിശ്രമം മികച്ച ഫലങ്ങൾ നൽകുന്നു”- കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ തുറമുഖങ്ങൾ ഇരട്ട അക്ക വാർഷിക വളർച്ച കൈവരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പത്തുവർഷം മുമ്പുവരെ, കപ്പലുകൾ തുറമുഖങ്ങളിൽ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നും ചരക്കുകൾ ഇറക്കുന്നതിന് ഏറെ സമയമെടുത്തിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. “ഇന്ന് സ്ഥിതി മാറിയിരിക്കുന്നു” – കപ്പലുകളുടെ ചരക്കുനീക്കസമയത്തിന്റെ കാര്യത്തിൽ ഇന്ത്യ പല വികസിത രാജ്യങ്ങളെയും മറികടന്നുവെന്നു ശ്രീ മോദി പറഞ്ഞു.

“ആഗോള വ്യാപാരത്തിൽ ഇന്ത്യയുടെ സാധ്യതയും സ്ഥാനവും ലോകം തിരിച്ചറിയുന്നു” – മധ്യപൂർവമേഖല- യൂറോപ്പ് സാമ്പത്തിക ഇടനാഴി സംബന്ധിച്ച് ഇന്ത്യയുടെ ജി 20 അധ്യക്ഷകാലയളവിൽ സൃഷ്ടിച്ച കരാറുകളിലേക്കു വെളിച്ചം വീശി പ്രധാനമന്ത്രി പറഞ്ഞു. മധ്യപൂർവമേഖല- യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയുടെ തീരദേശ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകി വികസിത ഭാരത സൃഷ്ടിക്കു കൂടുതൽ കരുത്തേകുമെന്ന് ശ്രീ മോദി അടിവരയിട്ടു. വികസിത ഭാരതത്തിനായി ഇന്ത്യയുടെ നാവിക വൈദഗ്ധ്യത്തിനു കരുത്തേകുന്നതിനുള്ള മാർഗരേഖ അവതരിപ്പിക്കുന്ന സമുദ്രവുമായി ബന്ധപ്പെട്ട അമൃതകാല വീക്ഷണത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. രാജ്യത്തു വൻകിട തുറമുഖങ്ങൾ, കപ്പൽ നിർമാണം, കപ്പൽ അറ്റകുറ്റപ്പണി അടിസ്ഥാനസൗകര്യങ്ങൾ എന്നിവ സജ്ജമാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം ആവർത്തിച്ചു.

പുതിയ ഡ്രൈ ഡോക്ക് ഇന്ത്യയുടെ ദേശീയ അഭിമാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതു വലിയ കപ്പലുകളെ നങ്കൂരമിടാൻ പ്രാപ്തമാക്കുക മാത്രമല്ല, കപ്പൽ നിർമാണവും കപ്പൽ അറ്റകുറ്റപ്പണികളും ഇവിടെ സാധ്യമാക്കും. ഇതു വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നതു കുറയ്ക്കുകയും വിദേശനാണ്യം ലാഭിക്കുകയും ചെയ്യും.

കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്‌ട്ര കേന്ദ്രത്തിന്റെ  ഉദ്‌ഘാടനം പരാമർശിച്ച പ്രധാനമന്ത്രി‌, കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ കേന്ദ്രമാക്കി കൊച്ചിയെ മാറ്റുമെന്നു ചൂണ്ടിക്കാട്ടി. ഐഎൻഎസ് വിക്രാന്ത് നിർമാണത്തിൽ നിരവധി എംഎസ്എംഇകൾ ഒത്തുചേർന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, ഇത്രയും വലിയ കപ്പൽനിർമാണ-അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ ഉദ്ഘാടനത്തോടെ എംഎസ്എംഇകളുടെ പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുമെന്ന പ്രത്യാശ പ്രധാനമന്ത്രി പ്രകടിപ്പിച്ചു. പുതിയ എൽപിജി ഇറക്കുമതി ടെർമിനൽ കൊച്ചി, കോയമ്പത്തൂർ, ഈറോഡ്, സേലം, കോഴിക്കോട്, മധുര, ട്രിച്ചി എന്നിവിടങ്ങളിലെ എൽപിജി ആവശ്യങ്ങൾ നിറവേറ്റുമെന്നും വ്യവസായങ്ങൾക്കും മറ്റു സാമ്പത്തിക വികസനപ്രവർത്തനങ്ങൾക്കും ഈ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി കപ്പൽശാലയുടെ ഹരിത സാങ്കേതികവിദ്യാശേഷിയുടെ മുൻനിര സ്ഥാനവും ‘മേക്ക് ഇൻ ഇന്ത്യ’ കപ്പലുകൾ നിർമിക്കുന്നതിൽ അതിന്റെ പ്രാമുഖ്യവും പ്രധാനമന്ത്രി പരാമർശിച്ചു. കൊച്ചി ജലമെട്രോയ്ക്കായി നിർമിച്ച വൈദ്യുതക്കപ്പലുകളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അയോധ്യ, വാരാണസി, മഥുര, ഗുവാഹത്തി എന്നിവിടങ്ങളിലേക്കുള്ള വൈദ്യുത ഹൈബ്രിഡ് യാത്രാ ഫെറികൾ ഇവിടെ നിർമിക്കുന്നു. രാജ്യത്തെ നഗരങ്ങളിലെ ആധുനികവും ഹരിതാഭവുമായ ജലസമ്പർക്കസൗകര്യങ്ങളിൽ കൊച്ചി കപ്പൽശാല പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നോർവേയ്‌ക്കായി നിർമിക്കുന്ന കാർബൺ പുറന്തള്ളലില്ലാത്ത വൈദ്യുത ചരക്കു ഫെറികളെക്കുറിച്ചും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫീഡർ കണ്ടെയ്‌നർ കപ്പലിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഹൈഡ്രജൻ ഇന്ധന അധിഷ്ഠിത ഗതാഗതത്തിലേക്ക് ഇന്ത്യയെ കൊണ്ടുപോകാനുള്ള നമ്മുടെ ദൗത്യം കൂടുതൽ ശക്തിപ്പെടുത്തുകയാണു കൊച്ചി കപ്പൽശാല. താമസിയാതെ രാജ്യത്തിന് തദ്ദേശീയ ഹൈഡ്രജൻ ഇന്ധന സെൽ ഫെറിയും ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്”- പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

നീല സമ്പദ്‌വ്യവസ്ഥയിലും തുറമുഖാധിഷ്ഠിത വികസനത്തിലും മത്സ്യത്തൊഴിലാളി സമൂഹം വഹിക്കുന്ന പങ്കു പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയ്ക്കു കീഴിലുള്ള പുതിയ അടിസ്ഥാനസൗകര്യ പദ്ധതികളുടെ വികസനം, ആഴക്കടൽ മത്സ്യബന്ധനം നടത്താൻ നവീകരിച്ച ബോട്ടുകൾക്കു കേന്ദ്രഗവണ്മെന്റ് നൽകുന്ന സബ്‌സിഡി, കർഷകർക്കുള്ളതുപോലെ മത്സ്യത്തൊഴിലാളികൾക്കും നൽകുന്ന കിസാൻ ക്രെഡിറ്റ് കാർഡുകൾ എന്നിവ കഴിഞ്ഞ പത്തു വർഷത്തിനിടെ മത്സ്യ ഉൽപ്പാദനത്തിലും കയറ്റുമതിയിലും പലമടങ്ങു വർധന സൃഷ്ടിച്ചതായി ശ്രീ മോദി പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ വരുമാനം വൻതോതിൽ വർധിപ്പിക്കുന്നതിനും അവരുടെ ജീവിതം സുഗമമാക്കുന്നതിനും സമുദ്രോൽപ്പന്ന സംസ്കരണമേഖലയിൽ ഇന്ത്യയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിനും ഗവണ്മെന്റ് ഊർജം പകരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ദ്രുതഗതിയിലുള്ള വികസനം തുടരണമെന്ന് ആശംസിച്ച പ്രധാനമന്ത്രി, പുതിയ അടിസ്ഥാനസൗകര്യ പദ്ധതികൾക്ക് പൗരന്മാരെ അഭിനന്ദിച്ചാണ് ഉപസംഹരിച്ചത്.

കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, കേന്ദ്ര തുറമുഖ-ഷിപ്പിങ്- ജലപാത മന്ത്രി ശ്രീ സർബാനന്ദ സോനോവാൾ എന്നി‌വർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

കൊച്ചിയിൽ സിഎസ്എല്ലിന്റെ നിലവിലെ സ്ഥലത്ത് ഏകദേശം 1800 കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ഡ്രൈ ഡോക്ക്, നവഇന്ത്യയുടെ എൻജിനിയറിങ് വൈദഗ്ധ്യം പ്രതിഫലിപ്പിക്കുന്ന പ്രധാന പദ്ധതിയാണ്. 75/60 മീറ്റർ വീതിയും 13 മീറ്റർ ആഴവും കപ്പൽ താഴുന്നതിന് 9.5 മീറ്റർ വരെ ആഴവുമുള്ള 310 മീറ്റർ നീളമുള്ള സ്റ്റെപ്പ്ഡ് ഡ്രൈ ഡോക്ക് ഈ മേഖലയിലെ ഏറ്റവും വലിയ സമുദ്ര അടിസ്ഥാനസൗകര്യങ്ങളിൽ ഒന്നാണ്. പുതിയ ഡ്രൈ ഡോക്ക് പദ്ധതിയിൽ കരുത്തുറ്റ ഗ്രൗണ്ട് ലോഡിങ് സൗകര്യമുണ്ട്. ഇതു ഭാവിയിൽ 70,000T വരെയുള്ള വിമാനവാഹിനിക്കപ്പലുകളും വലിയ വാണിജ്യക്കപ്പലുകളും പോലുള്ള തന്ത്രപ്രധാനമായ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനുള്ള വിപുലമായ കഴിവുകൾ ഇന്ത്യക്കു സമ്മാനിക്കും. അതിലൂടെ അടിയന്തര ദേശീയ ആവശ്യങ്ങൾക്കായി ഇന്ത്യ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും.

ഏകദേശം 970 കോടി രൂപ ചെലവിൽ നിർമ്മിച്ച കപ്പൽ അറ്റകുറ്റപ്പണിക്കായുള്ള അന്താരാഷ്ട്ര കേന്ദ്രം (ഐഎസ്ആർഎഫ്) പദ്ധതി തനതു സവിശേഷതകളുള്ള ഒന്നാണ്. 6000T ശേഷിയുള്ള ഷിപ്പ് ലിഫ്റ്റ് സംവിധാനം, ട്രാൻസ്ഫർ സംവിധാനം, ആറു പ്രവർത്തനനിലയങ്ങൾ, 130 മീറ്റർ നീളമുള്ള 7 കപ്പലുകളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന 1400 മീറ്ററോളമുള്ള ബെർത്ത് എന്നിവ ഇവിടെയുണ്ട്. സിഎസ്എലിന്റെ കപ്പൽ അറ്റകുറ്റപ്പണിശേഷി നവീകരിക്കാനും വികസിപ്പിക്കാനും ഐഎസ്ആർഎഫിനു കഴിയും. കൊച്ചിയെ കപ്പൽ അറ്റകുറ്റപ്പണികളുടെ ആഗോളകേന്ദ്രമാക്കി മാറ്റുന്നതിനുള്ള ചുവടുവയ്പാകും ഇത്.

കൊച്ചി പുതുവൈപ്പിനിൽ 1236 കോടി രൂപ ചെലവിൽ നിർമിച്ച ഇന്ത്യൻ ഓയിലിന്റെ എൽപിജി ഇറക്കുമതി ടെർമിനൽ അത്യാധുനിക സൗകര്യങ്ങളുള്ളതാണ്. 15,400 മെട്രിക് ടൺ സംഭരണശേഷിയുള്ള ടെർമിനൽ മേഖലയിലെ ദശലക്ഷക്കണക്കിനു വീടുകളിലും വ്യവസായങ്ങൾക്കും എൽപിജിയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കും. ഏവർക്കും പ്രാപ്യവും താങ്ങാനാകുന്നതുമായ ഊർജം ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഈ പദ്ധതി കൂടുതൽ കരുത്തേകും.

ഈ മൂന്നു പദ്ധതികളും കമ്മീഷൻ ചെയ്യുന്നതോടെ രാജ്യത്തിന്റെ കപ്പൽ നിർമാണ – അറ്റകുറ്റപ്പണി ശേഷി, അനുബന്ധ വ്യവസായങ്ങൾ ഉൾപ്പെടെയുള്ള ഊർജ അടിസ്ഥാനസൗകര്യങ്ങളുടെ വളർച്ച എന്നിവയ്ക്ക് ഉത്തേജനം ലഭിക്കും. പദ്ധതികൾ കയറ്റുമതി – ഇറക്കുമതി വ്യാപാരം വർധിപ്പിക്കുകയും ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കുകയും സാമ്പത്തിക വളർച്ചയെ മുന്നോട്ടുനയിക്കുകയും സ്വയംപര്യാപ്തത വർധിപ്പിക്കുകയും നിരവധി ആഭ്യന്തര-അന്താരാഷ്ട്ര വ്യാപാര അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

 

 

***

–SK–