Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഏപ്രില്‍ 8, 9 തീയതികളില്‍ തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഏപ്രില്‍ 8, 9 തീയതികളില്‍ തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
2023 ഏപ്രില്‍ 8 പകല്‍ ഏകദേശം 11:45ന് പ്രധാനമന്ത്രി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷനിലെത്തി സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് ഏകദേശം 12:15 ന്, ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുചടങ്ങില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി അവിടെ ഹൈദരാബാദിലെ ബിബിനഗര്‍ എയിംസിന് തറക്കല്ലിടും. അഞ്ച് ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനത്തിന് തറക്കല്ലിടുന്ന അദ്ദേഹം റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് ഏകദേശം 3 മണിക്ക് ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 മണിക്ക് എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നൈ-കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. പരിപാടിയില്‍ മറ്റ് റെയില്‍വേ പദ്ധതികളുടെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിക്കും. വൈകിട്ട് 4:45ന് ചെന്നൈയിലെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷികാനുസ്മരണ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. വൈകിട്ട് 6:30ന് ചെന്നൈ ആല്‍സ്‌ട്രോം ക്രിക്കറ്റ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
2023 ഏപ്രില്‍ 9-ന് രാവിലെ ഏകദേശം 7:15-ന് പ്രധാനമന്ത്രി ബന്ദിപ്പൂര്‍ കടുവാസങ്കേതം സന്ദര്‍ശിക്കും. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കും. മൈസൂരിലെ കര്‍ണാടക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രോജക്ട് ടൈഗറിന്റെ 50 വര്‍ഷത്തെ അനുസ്മരണ പരിപാടി രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

പ്രധാനമന്ത്രി തെലങ്കാനയില്‍
തെലങ്കാനയില്‍ 11,300 കോടിയിലധികം രൂപമൂല്യമുള്ള പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും.
ഹൈദരാബാദിലെ ഐ.ടി നഗരവും വെങ്കിടേശ്വര ഭഗവാന്റെ വാസസ്ഥലമായ തിരുപ്പതിയുമായി ബന്ധിപ്പിക്കുന്ന സെക്കന്തരാബാദ്-തിരുപതി വന്ദേ ഭാരത് എക്‌സ്പ്രസ്, മൂന്ന് മാസത്തിനുള്ളില്‍ തെലങ്കാനയില്‍ നിന്ന് ആരംഭിക്കുന്ന രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനാണ്. ട്രെയിന്‍ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഏകദേശം മൂന്നര മണിക്കൂര്‍ കുറയ്ക്കുകയും തീര്‍ത്ഥാടക യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും ഇത് പ്രയോജനകരമാവുകയും ചെയ്യും.
ലോകോത്തര സൗകര്യങ്ങളോടും സൗന്ദര്യാത്മകമായ രൂപകല്‍പ്പനയിലൂടെയും പ്രതികാത്മക സ്‌റ്റേഷന്‍ കെട്ടിടമാക്കി വലിയ നവീകരണം ആസൂത്രണം ചെയ്തിരിക്കുന്ന സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍വികസനം 720 കോടി രൂപ ചെലവിട്ടാണ് നിര്‍വഹിക്കുന്നത്. പുനര്‍വികസിപ്പിക്കുന്ന സ്‌റ്റേഷനില്‍ എല്ലാ യാത്രാ സൗകര്യങ്ങളുമുള്ള ഡബിള്‍ ലെവല്‍ റൂഫ് പ്ലാസയും അതോടെടാപ്പം യാത്രക്കാര്‍ക്ക് റെയില്‍വേ മുതല്‍ മറ്റ് എല്ലാതരം യാത്രസൗകര്യങ്ങളും തടസമില്ലാതെ ലഭ്യമാകുന്ന ബഹുമാതൃക ബന്ധിപ്പിക്കലും ഉണ്ടായിരിക്കും.
പരിപാടിയില്‍, ഹൈദരാബാദ് – സെക്കന്തരാബാദ് ഇരട്ട നഗര മേഖലയിലെ സബര്‍ബന്‍ വിഭാഗത്തിലെ 13 പുതിയ ബഹുമാതൃകാ ഗതാഗത (എം.എം.ടി.എസ്) സര്‍വീസുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. ഇത് യാത്രക്കാര്‍ക്ക് വേഗതയേറിയതും സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാ സ്വാതന്ത്ര്യവും നല്‍കും. പാതഇരട്ടിപ്പിച്ചതും വൈദ്യുതവല്‍ക്കരിച്ചതുമായ സെക്കന്തരാബാദ്-മഹബൂബ് നഗര്‍ പദ്ധതിയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. 85 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പദ്ധതി ഏകദേശം 1,410 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ഈ പദ്ധതി ട്രെയിനുകളുടെ ശരാശരി വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും തടസരഹിതമായ ബന്ധിപ്പിക്കല്‍ ലഭ്യമാക്കുകയും ചെയ്യും.
ഹൈദരാബാദ് പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പ്രധാനമന്ത്രി ഹൈദരാബാദിലെ ബിബിനഗര്‍ എയിംസിന് തറക്കല്ലിടും. രാജ്യത്തുടനീളം ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ സാക്ഷ്യമാണിത്. 1,350 കോടിയിലധികം രൂപ ചെലവഴിച്ചാണ് എയിംസ് ബീബിനഗര്‍ വികസിപ്പിക്കുന്നത്. എയിംസ് ബീബിനഗര്‍ സ്ഥാപിക്കുന്നത് തെലങ്കാനയിലെ ജനങ്ങള്‍ക്ക് അവരുടെ വീട്ടുവാതില്‍ക്കല്‍ സമഗ്രവും ഗുണമേന്മയുള്ളതും സമഗ്രവുമായ തൃതീയ പരിചരണ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ഒരു സുപ്രധാന നാഴികക്കല്ലാകും.
പരിപാടിയില്‍, 7,850 കോടിയിലധികം രൂപയുടെ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ റോഡ് പദ്ധതികള്‍ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും റോഡ് ബന്ധിപ്പിക്കല്‍ ശക്തിപ്പെടുത്തുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.

പ്രധാനമന്ത്രി തമിഴ്‌നാട്ടില്‍
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 1260 കോടി രൂപ ചെലവില്‍ വികസിപ്പിച്ചെടുത്ത പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം (ഘട്ടം-1) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടത്തിന്റെ കൂട്ടിച്ചേര്‍ക്കലോടെ യാത്രക്കാരെ സേവിക്കുന്നതിനുള്ള വിമാനത്താവളത്തിന്റെ ശേഷി പ്രതിവര്‍ഷം 23 ദശലക്ഷം യാത്രക്കാരില്‍ (എം.പി.പി.എ) നിന്ന് 30 എം.പി.പി.എ ആയി വര്‍ദ്ധിക്കും ആയി വര്‍ദ്ധിപ്പിക്കും. പരമ്പരാഗത സവിശേഷതകളായ കോലം, സാരി, ക്ഷേത്രങ്ങള്‍, പ്രകൃതിയുടെ ചുറ്റുപാടുകളെ ഉയര്‍ത്തിക്കാട്ടുന്ന മറ്റ് ഘടകങ്ങള്‍ എന്നിവ ഇണക്കിചേര്‍ക്കുന്ന പ്രാദേശിക തമിഴ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ് പുതിയ ടെര്‍മിനല്‍.
എം.ജി.ആര്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ചെന്നൈ-കോയമ്പത്തൂര്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യും. താംബരത്തിനും സെങ്കോട്ടയ്ക്കും ഇടയിലുള്ള എക്‌സ്പ്രസ് സര്‍വീസാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. കോയമ്പത്തൂര്‍, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തിരുതുറൈപൂണ്ടി-അഗസ്ത്യമ്പള്ളിയില്‍ നിന്നുള്ള ഡി.ഇ.എം.യു സര്‍വീസും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്യും.
തിരുത്തുറൈപൂണ്ടിക്കും അഗസ്ത്യമ്പള്ളിക്കും ഇടയില്‍ 294 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ ഗേജ് പരിവര്‍ത്തനം ചെയ്ത 37 കിലോമീറ്റര്‍ ഭാഗത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. ഇത് നാഗപട്ടണം ജില്ലയിലെ അഗസ്ത്യമ്പള്ളിയില്‍ നിന്നുള്ള ഭക്ഷ്യയോഗ്യവും വ്യാവസായികവുമായ ഉപ്പ് നീക്കത്തിന് ഗുണം ചെയ്യും.
ചെന്നൈയിലെ ശ്രീരാമകൃഷ്ണ മഠത്തിന്റെ 125-ാം വാര്‍ഷികാനുസ്മരണ ചടങ്ങുകളിലും പ്രധാനമന്ത്രി പങ്കെടുക്കും. 1897-ലാണ് സ്വാമി രാമകൃഷ്ണാനന്ദ ചെന്നൈയില്‍ ശ്രീരാമകൃഷ്ണ മഠം ആരംഭിച്ചത്. വിവിധ തരത്തിലുള്ള മാനുഷിക, സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആത്മീയ സംഘടനകളാണ് രാമകൃഷ്ണ മഠവും രാമകൃഷ്ണ മിഷനും.
ചെന്നൈ ആല്‍സ്‌ട്രോം ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ഏകദേശം 3700 കോടി രൂപയുടെ റോഡ് പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. മധുര നഗരത്തിലെ 7.3 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് ഇടനാഴിയുടെയും ദേശീയ പാത 785-ലെ 24.4 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയുടെയും ഉദ്ഘാടനവും പദ്ധതികളില്‍ ഉള്‍പ്പെടുന്നു. ദേശീയ പാത-744ന്റെ റോഡ് പദ്ധതികളുടെ നിര്‍മ്മാണത്തിനുള്ള തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. 2400 കോടിയിലധികം രൂപയുടെ ഈ പദ്ധതി തമിഴ്‌നാടും കേരളവും തമ്മിലുള്ള അന്തര്‍സംസ്ഥാന ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുകയും മധുര മീനാക്ഷി ക്ഷേത്രം, ശ്രീവില്ലിപുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രം, കേരളത്തിലെ ശബരിമല എന്നിവിടങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയും ചെയ്യും.

പ്രധാനമന്ത്രി കര്‍ണാടകയില്‍
പ്രധാനമന്ത്രി രാവിലെ ബന്ദിപ്പൂര്‍ കടുവാസങ്കേതം സന്ദര്‍ശിക്കുകയും സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ഫീല്‍ഡ് സ്റ്റാഫുകളുമായും സ്വയം സഹായ സംഘങ്ങളുമായും സംവദിക്കുകയും ചെയ്യും. മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പും അദ്ദേഹം സന്ദര്‍ശിക്കുകയും ആനത്താവളത്തിലെ പാപ്പാന്‍മാരുമായും കാവടികളുമായും സംവദിക്കുകയും ചെയ്യും. അടുത്തിടെ സമാപിച്ച മാനേജ്‌മെന്റ് കാര്യക്ഷമത വിലയിരുത്തല്‍ പ്രവര്‍ത്തനങ്ങളില്‍ അഞ്ചാം സൈക്കിളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ നേടിയ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ഡയറക്ടര്‍മാരുമായും പ്രധാനമന്ത്രി സംവദിക്കും.
ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയന്‍സിനും (ഐ.ബി.സി.എ) പ്രധാനമന്ത്രി സമാരംഭം കുറിയ്ക്കും. ഏഷ്യയിലെ വേട്ടയാടലും നിയമവിരുദ്ധമായ വന്യജീവി വ്യാപാരവും ശക്തമായി തടയാനും അവയുടെ ആവശ്യം ഇല്ലാതാക്കാനും ആഗോള നേതാക്കളുടെ ഒരു സഖ്യത്തിന് 2019 ജൂലൈയില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദേശം മുന്നോട്ടുകൊണ്ടുപോയാണ് സഖ്യത്തിന് തുടക്കമിടുന്നത്. ലോകത്തിലെ ഏഴ് ബിഗ് ക്യാറ്റുകളായ കടുവ, സിംഹം, പുള്ളിപ്പുലി, ഹിമപ്പുലി, പ്യൂമ (അമേരിക്കന്‍ സിംഹം), ജാഗ്വാര്‍ (അമേരിക്കന്‍ കടുവ), ചീറ്റ എന്നി ജീവിവര്‍ഗ്ഗങ്ങള്‍ക്ക് അഭയം നല്‍കുന്ന അംഗത്വമുള്ള റേഞ്ച് രാജ്യങ്ങളോടൊപ്പം ഇവയുടെ സംരക്ഷണത്തിലും പരിപാലനത്തിലും ഐ.ബി.സി.എ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രോജക്ട് ടൈഗറിന്റെ അൻപതാം  വര്‍ഷ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പരിപാടിയില്‍ അദ്ദേഹം ‘ അമൃത് കാല്‍ കാ വിഷന്‍ ഫോര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍’ എന്ന പ്രസിദ്ധീകരണവും അദ്ദേഹം പ്രകാശനം ചെയ്യും. കടുവ സംരക്ഷണ കേന്ദ്രങ്ങളുടെ ഫലപ്രദമായ പരിപാലന വിലയിരുത്തലിന്റെ അഞ്ചാം ചാക്രിക സംഗ്രഹ റിപ്പോര്‍ട്ടും കടുവകളുടെ എണ്ണം പ്രഖ്യാപിക്കലും അഖിലേന്ത്യാ കടുവ വിലയിരുത്തലിന്റെ (5-ാം സൈക്കിള്‍) സംഗ്രഹ റിപ്പോര്‍ട്ടുമാണ് ഇതിലുള്ളത്. പ്രോജക്ട് ടൈഗര്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സ്മരണാര്‍ത്ഥം ഒരു നാണയവും പ്രധാനമന്ത്രി പുറത്തിറക്കും.

-ND-