ഉത്തര്‍പ്രദേശിലെ ഘാസിയാബാദ് സന്ദര്‍ശിച്ച പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. ഹിന്‍ഡന്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ ഫലകം അനാച്ഛാദനം ചെയ്തുകൊണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു സിക്കന്ദര്‍പൂരിലെത്തിയ പ്രധാനമന്ത്രി ഡെല്‍ഹി-ഘാസിയാബാദ്-മീററ്റ് റീജനല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിനു തറക്കല്ലിട്ടു. മറ്റു വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം, വിവിധ ഗവണ്‍മെന്റ് പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കു സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്തു.
പ്രധാനമന്ത്രി ഘാസിയാബാദിലെ ഷഹീദ് സ്ഥല്‍ (ന്യൂ ബസ് അഡ്ഡ) മെട്രോ സ്‌റ്റേഷനില്‍ ഷഹീദ് സ്ഥല്‍ സ്‌റ്റേഷന്‍ മുതല്‍ ദില്‍ഷാദ് ഗാര്‍ഡന്‍ വരെയുള്ള മെട്രോ റെയില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം മെട്രോയില്‍ യാത്ര ചെയ്യാനും തയ്യാറായി.
ഘാസിയാബാദിലെ സിക്കന്ദര്‍പ്പൂരില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ കണക്റ്റിവിറ്റി, ക്ലെന്‍ലിനെസ് (ശുചിത്വം), ക്യാപിറ്റല്‍ (മൂലധനം) എന്നീ മൂന്നു ‘സി’കള്‍ക്കു ഘാസിയാബാദ് പ്രശസ്തി നേടിക്കഴിഞ്ഞുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇതോടൊപ്പം ഘാസിയാബാദിലെ റോഡ്, മെട്രോ കണക്റ്റിവിറ്റി വര്‍ധിച്ചതും സ്വച്ഛ് സര്‍വേക്ഷണ്‍ റാങ്കിങ്ങില്‍ നഗരം 13ാമതു റാങ്കിങ് നേടിയതും ഉത്തര്‍പ്രദേശിലെ ബിസിനസ് ഹബായി പ്രദേശം മാറിയതും ചൂണ്ടിക്കാട്ടി.
ഹിന്‍ഡന്‍ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനല്‍ പ്രവര്‍ത്തനക്ഷമമായതോടെ ഡെല്‍ഹിയില്‍ പോകാതെ, ഘാസിയാബാദില്‍നിന്നു തന്നെ വിവിധ നഗരങ്ങളിലേക്കു വിമാനയാത്ര നടത്താന്‍ സാധിക്കുമെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ടെര്‍മിനല്‍ നിര്‍മാണം അതിവേഗം നടത്തിയെന്നതില്‍നിന്നു കേന്ദ്ര ഗവണ്‍മെന്റിന്റെ നിശ്ചയദാര്‍ഢ്യവും ധാര്‍മികതയും തെളിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഷഹീദ് സ്ഥലില്‍നിന്നുള്ള പുതിയ മെട്രോ പാത ഉത്തര്‍പ്രദേശിനും ഡെല്‍ഹിക്കും ഇടയില്‍ യാത്ര ചെയ്യേണ്ടിവരുന്നവര്‍ക്കു ഗുണകരമാകുമെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
30000 കോടി രൂപ ചെലവിട്ടു നിര്‍മിക്കുന്ന ഡെല്‍ഹി-മീററ്റ് ആര്‍.ആര്‍.ടി.എസ്. ഇത്തരത്തിലുള്ള ഇന്ത്യയിലെ പ്രഥമ ഗതാഗത സംവിധാനമാണെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഡെല്‍ഹി-മീററ്റ് യാത്രാസമയം ഗണ്യമായി കുറയുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ഘാസിയാബാദില്‍ തയ്യാറാക്കിവരുന്ന ആധുനിക അടിസ്ഥാന സൗകര്യം നഗരത്തിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതം സുഗമമാക്കിത്തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതേ രീതിയില്‍ രാജ്യത്താകമാനം അടിസ്ഥാനസൗകര്യം ഒരുക്കുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ശ്രം യോഗി മാന്‍-ധന്‍ യോജനയുടെ നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കു വാര്‍ധക്യകാലത്തു സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ളതാണ് ഈ പദ്ധതിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ ആദ്യ ഗഡു രണ്ടു കോടിയിലേറെ കര്‍ഷകര്‍ക്കു ലഭിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
പിഎം ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, പിഎം കിസാന്‍, പിഎം-എസ്.വൈ.എം. തുടങ്ങിയ പദ്ധതികളിലൂടെ അസാധ്യമായതു സാധ്യമാക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ നടപ്പാക്കാനുള്ള ശക്തി താന്‍ നേടിയെടുക്കുന്നതു രാജ്യത്തെ പൗരന്‍മാരില്‍നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.