Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി ഇറ്റലിയിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഇറ്റാലിയൻ റിപ്പബ്ലിക്കിലെ മന്ത്രിമാരുടെ കൗൺസിൽ പ്രസിഡൻ്റ് ജോർജിയ മെലോനിയുമായി റിയോ ഡി ജനീറോയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ കൂടിക്കാഴ്ച്ച നടത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരു പ്രധാനമന്ത്രിമാരും തമ്മിലുള്ള അഞ്ചാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്. 2024 ജൂണിൽ ഇറ്റലിയിലെ പുഗ്ലിയയിൽ പ്രധാനമന്ത്രി മെലോണിയുടെ അധ്യക്ഷതയിൽ നടന്ന ജി7 ഉച്ചകോടിയിലാണ് ഇരു നേതാക്കളും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. വെല്ലുവിളി നിറഞ്ഞ ഈ സമയങ്ങളിൽ ജി7നെ നയിച്ചതിന് പ്രധാനമന്ത്രി മെലോണിയെ പ്രധാനമന്ത്രി ശ്രീ മോ​ദി അഭിനന്ദിച്ചു.

പുഗ്ലിയയിൽ നടന്ന ചർച്ചകൾക്ക് ശേഷം, ഇരു നേതാക്കളും ഇന്ത്യ-ഇറ്റലി നയതന്ത്ര പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും അടുത്ത അഞ്ച് വർഷത്തേക്കുള്ള അവരുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന സംയുക്ത നയതന്ത്ര കർമ്മപദ്ധതി 2025-29 പ്രഖ്യാപിക്കുകയും ചെയ്തു. വ്യാപാരം, നിക്ഷേപം, ശാസ്ത്രം, സാങ്കേതികവിദ്യ, പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ, ശുദ്ധമായ ഊർജം, ബഹിരാകാശം, പ്രതിരോധം, കണക്റ്റിവിറ്റി, ജനങ്ങളുമായുള്ള ബന്ധം തുടങ്ങിയ പ്രധാന മേഖലകളിൽ സംയുക്ത സഹകരണം, പരിപാടികൾ, സംരംഭങ്ങൾ എന്നിവ കർമ്മപദ്ധതി പിന്തുടരും.

ഇരുപക്ഷവും വിവിധ മേഖലകളിൽ പതിവായി മന്ത്രിതല, ഔദ്യോഗിക സംഭാഷണങ്ങൾ നടത്തും. സഹ-ഉത്പാദനം, ബന്ധപ്പെട്ട വ്യവസായങ്ങളും സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം, നൂതനാശയങ്ങൾ, ചലനാത്മകത എന്നിവ ഉഭയകക്ഷി പങ്കാളിത്തത്തിന് വേ​ഗതയും ആഴവും നൽകുകയും ഇരു രാജ്യങ്ങളിലെയും സമ്പദ്‌വ്യവസ്ഥകൾക്കും ജനങ്ങൾക്കും പ്രയോജനം ചെയ്യുകയും ചെയ്യും.

ജനാധിപത്യം, നിയമവാഴ്ച, സുസ്ഥിര വികസനം എന്നിവയുടെ പരസ്പര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ബഹുമുഖവും ആഗോളവുമായ വേദികളിൽ തങ്ങളുടെ സംഭാഷണം തുടരാനും ഒരുമിച്ച് പ്രവർത്തിക്കാനും ഇരു നേതാക്കളും താത്പര്യം പ്രകടിപ്പിച്ചു. തങ്ങൾ സ്ഥാപക അംഗങ്ങളായ ഗ്ലോബൽ ബയോഫ്യുവൽ അലയൻസ്, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര നയതന്ത്ര സംരംഭങ്ങൾ നടപ്പിലാക്കുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ അവർ സമ്മതിച്ചു.

***

SK