Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍


72ാമതു സ്വാതന്ത്ര്യദിനമായ ഇന്നു ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
> ഇന്നു രാഷ്ട്രം നല്ല ആത്മവിശ്വാസത്തിലാണ്. പുതിയ ഉയരങ്ങള്‍ താണ്ടാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രം മുന്നേറുകയാണ്. 
> ഉത്തരാഖണ്ഡിലെയും ഹിമാചലിലെയും മണിപ്പൂരിലെയും തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും നമ്മുടെ പെണ്‍മക്കള്‍ ഏഴു കടലുകളും പ്രദക്ഷിണം ചെയ്തു തിരിച്ചെത്തിയപ്പോഴാണു നാം സ്വാതന്ത്ര്യം ആഘോഷിക്കുന്നത്. അവര്‍ നമുക്കിടയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് സപ്തസമുദ്രങ്ങളും ത്രിവര്‍ണഭരിതമാക്കിയ ശേഷമാണ്. 
> എവറസ്റ്റ് കൊടുമുടിയില്‍ ത്രിവര്‍ണപതാക ഉയര്‍ത്തുക വഴി വനപ്രദേശങ്ങളിലും വിദൂരനാടുകളിലും ജീവിക്കുന്ന നമ്മുടെ ഗോത്രവര്‍ഗ കുട്ടികള്‍ നമ്മുടെ ദേശീയപതാകയുടെ കീര്‍ത്തി ഉയര്‍ത്തി. 
> ദളിതനോ കൊല ചെയ്യപ്പെട്ടവനോ ചൂഷണം ചെയ്യപ്പെട്ടവനോ ദാരിദ്ര്യം അനുഭവിക്കുന്നവനോ വനിതകളോ ആകട്ടെ, അവരുടെകൂടി താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സാമൂഹിക നീതി ശക്തമാക്കാന്‍ പാര്‍ലമെന്റ് തയ്യാറായിട്ടുണ്ട്.
> മറ്റു പിന്നോക്കവിഭാഗങ്ങള്‍ക്കായുള്ള കമ്മീഷനു ഭരണഘടനാപദവി നല്‍കുക എന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്. ഇപ്പോള്‍ നമ്മുടെ പാര്‍ലമെന്റ് ആ ആവശ്യം നടപ്പാക്കുകവഴി പിന്നോക്കവിഭാഗക്കാരുടെയും ഏറ്റവും പിന്‍നിരയില്‍ നില്‍ക്കുന്നവരുടെയും താല്‍പര്യം സംരക്ഷിക്കാന്‍ ശ്രമം നടത്തിവരികയാണ്. 
> വെള്ളപ്പൊക്കത്തില്‍ ഉറ്റവരെ നഷ്ടപ്പെടുകയും കഷ്ടപ്പെടുകയും ചെയ്യുന്നവരോടൊപ്പമാണ് രാജ്യമെന്നും അവരെ സഹായിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും ജനങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളെ ഹൃദയംഗമമായ അനുശോചനങ്ങള്‍ അറിയിക്കുന്നു. 
> അടുത്ത വര്‍ഷം ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികമാണ്. എത്രയോ പേര്‍ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ട്. ചൂഷണം അതിരുകടന്നിരുന്നു.. ധീരരായ മനുഷ്യരുടെ ത്യാഗമാണു ജാലിയന്‍ വാലാബാഗ് നമ്മെ ഓര്‍മപ്പെടുത്തുന്നത്. എല്ലാ ധീരന്‍മാരെയും ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് അഭിവാദ്യം ചെയ്യുന്നു. 
> ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായിക്കഴിഞ്ഞു. 
> സ്വാതന്ത്ര്യസമര സേനാനികളെ ജനങ്ങള്‍ക്കുവേണ്ടി ഹൃദയപൂര്‍വം അഭിവാദ്യം ചെയ്യുകയാണ്. രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനും ത്രിവര്‍ണ നിറത്തിലുള്ള ദേശീയപതാകയുടെ അന്തസ്സു കാക്കാനുമായി ജീവന്‍ കൊടുക്കാന്‍ തയ്യാറാവുകയാണ് നമ്മുടെ പടയാളികളും അര്‍ധസൈനിക വിഭാഗങ്ങളും പോലീസും. 
> സ്വാതന്ത്ര്യത്തിനുശേഷം ബാബാ സാഹേബ് അംബേദ്കറുടെ നേതൃത്വത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭരണഘടനയ്ക്കു രൂപം നല്‍കി. പുതിയ ഇന്ത്യ രൂപീകരിക്കാനുള്ള ദൃഢപ്രതിജ്ഞയും അതോടൊപ്പം കൈക്കൊണ്ടു. 
> ഇന്ത്യ സ്വാശ്രയവും ശക്തവുമായിത്തീരുകയും സുസ്ഥിരവികസനത്തിന്റെ പാതയില്‍ മുന്നേറുകയും വേണം. വിശ്വാസ്യത നേടിയെടുക്കുക മാത്രമല്ല, ഫലപ്രദമായി നിലകൊള്ളാന്‍ സാധിക്കുന്ന ഇന്ത്യ പടുത്തുയര്‍ത്തുകകൂടിയാണു നമ്മുടെ ലക്ഷ്യം. 
> സ്വപ്‌നങ്ങളും 125 കോടി ജനങ്ങളുടെ ആഗ്രഹവും ചേര്‍ന്നാല്‍ എന്താണു നേടാന്‍ സാധിക്കാത്തതായിട്ടുള്ളത്?
> 25 കോടി വരുന്ന ഇന്ത്യന്‍ ജനത 2014ല്‍ ഒരുമിച്ചതു ഗവണ്‍മെന്റ് രൂപീകരിക്കാന്‍ മാത്രമല്ല, പകരം അവര്‍ രാജ്യം മെച്ചപ്പെടുത്താനായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇതാണ് ഇന്ത്യയുടെ കരുത്ത്. 
കഴിഞ്ഞ നാലു വര്‍ഷം നടന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാല്‍ രാജ്യം എത്ര വേഗമാണു മുന്നേറുന്നതെന്നും എത്രത്തോളം പുരോഗതി നേടിക്കഴിഞ്ഞുവെന്നും വ്യക്തമാകും. 
> 2013ലെ വേഗമായിരുന്നു നാം തുടര്‍ന്നിരുന്നതെങ്കില്‍ തുറസ്സായ സ്ഥലത്തു മലവിസര്‍ജനം നടത്തുന്നതു പൂര്‍ണമായും അവസാനിപ്പിക്കാനും എല്ലാ പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കാനും നഗര-ഗ്രാമ പ്രദേശങ്ങളിലെ എല്ലാ സ്ത്രീകള്‍ക്കും പാചകവാതക കണക്ഷന്‍ ലഭ്യമാക്കാനുമൊക്കെ നൂറ്റാണ്ടുകള്‍ തന്നെ വേണ്ടിവന്നേനെ. 2013ലെ വേഗമായിരുന്നു ഇപ്പോഴുമെങ്കില്‍ രാജ്യമാകമാനം ഫൈബര്‍ കണക്റ്റിവിറ്റി സാധ്യമാക്കാന്‍ ഒരു തലമുറ കഴിയേണ്ടിവന്നേനെ. 
> കഴിഞ്ഞ നാലു വര്‍ഷമായി രാജ്യം മാറ്റം അനുഭവിക്കുകയാണ്. പുതിയ ഊര്‍ജവും ധൈര്യവുമായി ഇന്ത്യ പുരോഗമിക്കുകയാണ്. ഹൈവേ നിര്‍മാണം ഇരട്ടിവേഗത്തിലും ഗ്രാമങ്ങളില്‍ വീടുനിര്‍മാണം നാലിരട്ടി വേഗത്തിലും നടക്കുകയാണ്. 
> ഏറ്റവുമധികം ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പാദിപ്പിക്കാനും ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ ഉല്‍പാദിപ്പിക്കാനും സാധിച്ചു. ട്രാക്റ്ററുകളുടെ വില്‍പന ഏറ്റവുമധികം വര്‍ധിച്ചു. 
> സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ വാങ്ങിയ കാലമാണിത്. 
> പുതിയ ഐ.ഐ.എമ്മുകളും ഐ.ഐ.ടികളും എ.ഐ.ഐ.എമ്മുകളും സ്ഥാപിക്കപ്പെട്ടു. 
> കൂടുതല്‍ സ്ഥലങ്ങളില്‍ പുതിയ കേന്ദ്രങ്ങള്‍ ആരംഭിക്കുക വഴി നൈപുണ്യ വികസന ദൗത്യത്തിനു പോല്‍സാഹനം നല്‍കിവരികയാണ്. 
> രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളരെയധികം ആരംഭിക്കുന്ന സാഹചര്യമുണ്ട്. 
> ദിവ്യാംഗര്‍ക്കായി ‘പൊതുചിഹ്ന’ നിഘണ്ടു തയ്യാറാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 
> കൃഷി ആധുനികവല്‍ക്കരിക്കുകയും ഈ രംഗത്തു സാങ്കേതികവിദ്യയുടെ ഉപയോഗം മെച്ചപ്പെടുത്തുകയും ചെയ്തുവരുന്നു. മൈക്രോ ഇറിഗേഷന്‍, തുള്ളിനന, സ്പ്രിങ്ക്‌ളര്‍ നന എന്നിവ കര്‍ഷകര്‍ ഉപയോഗിച്ചുതുടങ്ങി. 
> നമ്മുടെ സൈനികര്‍ ഒരു വശത്തു ദുരിതം നേരിടുന്നവരെ സഹായിക്കുകയും മറുവശത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കുകൡലൂടെ ശത്രുക്കളെ ആക്രമിക്കുകയും ചെയ്യാന്‍ കഴിവുള്ളവരാണ്. 
> നാം പുതിയ ലക്ഷ്യങ്ങളുമായി മുന്നേറാന്‍ തയ്യാറാകണം. ലക്ഷ്യം വ്യക്തമല്ലെങ്കില്‍ പുരോഗതി സാധ്യമാകാതെ വരും. പ്രശ്‌നങ്ങളെല്ലാം ഒരുമിച്ചു പരിഹരിക്കാന്‍ സാധ്യമല്ല.
> കാര്‍ഷികോല്‍പന്നങ്ങള്‍ക്കു നല്ല വില നല്‍കാനുള്ള ധീരമായ തീരുമാനം നാം കൈക്കൊണ്ടു. ചെലവിന്റെ ഒന്നര ഇരട്ടിയായി പല വിളകളുടെയും തറവില ഉയര്‍ത്തി. 
> ചെറുകിട കച്ചവടക്കാരുടെ സഹായത്തോടെ, അവരുടെ സുതാര്യതയും പുതിയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയും കൈമുതലാക്കി, രാജ്യം വിജയകരമായി ജി.എസ്.ടി. നടപ്പാക്കി. ഇതു വ്യാപാരികളുടെ ഇടയില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 
> ധൈര്യത്തോടെ രാജ്യത്തിന്റ നന്മ ലക്ഷ്യമിട്ട് ബിനാമി വസ്തുനിയമം നടപ്പാക്കി. 
> ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അപകടാവസ്ഥയിലാണെന്നു ലോകം കരുതിയ കാലമുണ്ട്. എന്നാല്‍, അപകടാവസ്ഥ ചൂണ്ടിക്കാട്ടിയ സ്ഥാപനങ്ങള്‍ തന്നെ നാം നടപ്പാക്കിയ പരിഷ്‌കരണം നമ്മുടെ അടിത്തറ ശക്തമാക്കുന്നുണ്ടെന്ന് ആത്മവിശ്വാസത്തോടെ ചൂണ്ടിക്കാട്ടുന്നു. 
> ചുവപ്പുനാടയെക്കുറിച്ചു ലോകം ആശങ്കപ്പെട്ടിരുന്ന കാലമുണ്ട്. എന്നാല്‍, ഇപ്പോള്‍ ആ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടുതുടങ്ങി. കച്ചവടം ചെയ്യുന്നത് എളുപ്പമായുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ നൂറാമത്തെ ഇടം നേടിയെടുക്കാന്‍ നമുക്കു സാധിച്ചു. നമ്മുടെ നേട്ടത്തെ അഭിമാനപൂര്‍വമാണു ലോകം നിരീക്ഷിക്കുന്നത്. 
> ഇന്ത്യയെന്നാല്‍ രാഷ്ട്രീയത്തില്‍ നിഷ്‌ക്രിയമായതും പരിഷ്‌കാരങ്ങള്‍ വൈകുന്നതുമായ ഇടമെന്നു ലോകം വിലയിരുത്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍, ഇന്ന് ഇന്ത്യ ചര്‍ച്ച ചെയ്യപ്പെടുന്നത് പരിഷ്‌കാരം, പ്രകടനം, പരിവര്‍ത്തനം എന്നീ കാര്യങ്ങളുടെ പേരിലാണ്. 
> തകര്‍ന്നുപോകാനിടയുള്ള അഞ്ചു രാജ്യങ്ങളിലൊന്നായി ഇന്ത്യ കണക്കാക്കപ്പെട്ടിരുന്ന കാലമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലോകം സംസാരിക്കുന്നത് കോടിക്കണക്കിനു ഡോളര്‍ നിക്ഷേപം നടക്കുന്ന ഇന്ത്യയെക്കുറിച്ചാണ്. 
> ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെന്ന ഉറങ്ങിക്കിടക്കുകയായിരുന്ന ആന ഉണര്‍ന്നുവെന്നും മല്‍സരയോട്ടം ആരംഭിച്ചു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത മൂന്നു ദശാബ്ദം ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇന്ത്യ ഗണ്യമായ സംഭാവന അര്‍പ്പിക്കുമെന്നാണ് ലോകത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധരും ധനകാര്യ സ്ഥാപനങ്ങളും പറയുന്നത്.
> രാജ്യാന്തര വേദികളില്‍ ഇന്ത്യയുടെ പദവി ഉയരുകയും ഇന്ത്യ അത്തരം വേദികളില്‍ അഭിപ്രായങ്ങള്‍ ഉറക്കെപ്പറയുകയും ചെയ്യുന്നു. 
> നേരത്തേ വിവിധ രാജ്യാന്തര സംഘടനകളില്‍ അംഗത്വം കാത്തുകിടക്കുകയായിരുന്നു ഇന്ത്യ. എന്നാല്‍ ഇപ്പോള്‍ എത്രയോ സംഘടനകള്‍ അംഗത്വവാഗ്ദാനവുമായി ഇങ്ങോട്ടു സമീപിക്കുകയാണ്. ആഗോളതാപനത്തിന്റെ കാര്യത്തില്‍ ഇന്ത്യ മറ്റു രാഷ്ട്രങ്ങള്‍ക്കെല്ലാം ഒരു പ്രതീക്ഷയാണ്. രാജ്യാന്തര സൗരോര്‍ജ സഖ്യത്തെ ലോകമൊന്നടങ്കം സ്വാഗതം ചെയ്യുന്നു. 
> കായികരംഗത്തു വടക്കുകിഴക്കന്‍ മേഖലയുടെ വ്യക്തമായ സാന്നിധ്യം നമുക്ക് ഇന്ന് അനുഭവപ്പെടുന്നുണ്ട്. 
> വടക്കുകിഴക്കന്‍ മേഖലയിലെ അവസാന ഗ്രാമവും വൈദ്യുതീകരിക്കപ്പെട്ടു. 
> വടക്കുകിഴക്കന്‍ മേഖലയിലെ ഹൈവേകള്‍, റെയില്‍വേ, ആകാശപാതകള്‍, ജലപാതകള്‍, ഇന്‍ഫര്‍മേഷന്‍ പാതകള്‍ (ഐ-വേസ്) എന്നിവയെക്കുറിച്ചൊക്കെ നല്ല വാര്‍ത്തകളാണു ലഭിക്കുന്നത്. 
> വടക്കുകിഴക്കന്‍ മേഖലയിലെ നമ്മുടെ യുവാക്കള്‍ അവരുടെ പ്രദേശങ്ങളില്‍ ബി.പി.ഒകള്‍ ആരംഭിക്കുകയാണ്. 
> വടക്കുകിഴക്കന്‍ മേഖല ജൈവകൃഷിയുടെ കേന്ദ്രമായിരിക്കുകയാണ്. വടക്കുകിഴക്കന്‍ മേഖലയില്‍ കായിക സര്‍വകലാശാല ഒരുക്കിവരികയാണ്. 
ഡെല്‍ഹിയില്‍നിന്ന് അകലെയാണെന്നു വടക്കുകിഴക്കന്‍ മേഖല ആശങ്കപ്പെട്ടിരുന്ന കാലമുണ്ട്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഡെല്‍ഹിയും വടക്കുകിഴക്കന്‍ മേഖലയുമായി അടുത്ത ബന്ധം സ്ഥാപിച്ചെടുക്കാന്‍ നമുക്കു സാധിച്ചു. 
> നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനം 35 വയസ്സുള്ളവരാണ്. നമ്മുടെ യുവാക്കള്‍ തൊഴില്‍രംഗം മാറ്റിമറിച്ചു. സ്റ്റാര്‍ട്ടപ്പിലാകട്ടെ, ബി.പി.ഒയിലാകട്ടെ, ഇ-കൊമേഴ്‌സില്‍ ആകട്ടെ, യാത്രാമേഖലയില്‍ ആകട്ടെ, നമ്മുടെ യുവാക്കള്‍ കടന്നെത്തി. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനുള്ള പ്രതിജ്ഞാബദ്ധത യുവാക്കളില്‍ പ്രകടമാണ്. 
> 13 കോടി പേര്‍ മുദ്ര വായ്പ നേടി എന്നതു വലിയ നേട്ടമാണ്. ഇതില്‍ നാലു കോടി പേര്‍ ആദ്യമായി വായ്പയെടുത്ത യുവാക്കളാണ്. സ്വയംതൊഴില്‍ തേടിയുള്ള അവരുടെ പ്രവര്‍ത്തനം സ്വതന്ത്രമായി പുരോഗമിക്കുകയാണ്. മാറ്റത്തിന്റെ ഏറ്റവും വലിയ തെളിവാണിത്. നമ്മുടെ യുവാക്കള്‍ മൂന്നു ലക്ഷം ഗ്രാമങ്ങളില്‍ സേവനകേന്ദ്രങ്ങള്‍ നടത്തുകയും വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഓരോ ഗ്രാമത്തെയും ഓരോ പൗരനെയും ലോകവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. 
> പുതിയ കണ്ടുപിടിത്തങ്ങള്‍ ആവേശമായിക്കാണുന്ന നമ്മുടെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ മല്‍സ്യത്തൊഴിലാളികള്‍ക്കും മറ്റും ഉപകാരപ്രദമാകുന്ന ‘നാവിക്’  ഉദ്ഘാടനം ചെയ്യാന്‍ നാം സജ്ജരായിക്കഴിഞ്ഞു. 
2022 ആകുമ്പോഴേക്കും മനുഷ്യരെ വഹിച്ചുള്ള ബഹിരാകാശപേടകം അയക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. അതോടെ ഇതു സാധ്യമാകുന്ന നാലാമത്തെ രാജ്യമായിരിക്കും നമ്മുടേത്. 
> കൃഷി നവീകരിക്കാനും അഭിവൃദ്ധി ഉറപ്പാക്കാനും ശ്രദ്ധ നല്‍കിവരികയാണു നാം. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആകുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കണമെന്നാണു നമ്മുടെ സ്വപ്‌നം. 
> ആധുനികവല്‍ക്കരണത്തിന്റെ സഹായത്തോടെ കാര്‍ഷികമേഖലയുടെ ചക്രവാളസീമ വിപുലപ്പെടുത്തണം. വിത്തു മുതല്‍ വിപണി വരെ മൂല്യവര്‍ധിതമാക്കി മാറ്റണം. ലോകവിപണിയില്‍ നമ്മുടെ കര്‍ഷകര്‍ക്കു ശ്രദ്ധേയമായ ഇടം നേടിക്കൊടുക്കുന്നതിനായി ഇതാദ്യമായി കാര്‍ഷിക കയറ്റുമതി നയവുമായി നാം മുന്നേറുകയാണ്. 
> ജൈവകൃഷി, നീല വിപ്ലവം, മധുരവിപ്ലവം, സൗരോര്‍ജ കൃഷി തുടങ്ങിയ പുതിയ മേഖലകളിലേക്കു കടക്കാന്‍ നാം പദ്ധതി തയ്യാറാക്കിവരികയാണ്. 
> മല്‍സ്യബന്ധനത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറി. 
> തേന്‍ കയറ്റുമതി ഇരട്ടിച്ചു. 
> എഥനോള്‍ ഉല്‍പാദനം മൂന്നിരട്ടിയായി എന്നതു കരിമ്പുകര്‍കരെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. 
> ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ മറ്റു മേഖലകളും പ്രധാനമാണ്. വനിതാ സ്വാശ്രയ സംഘങ്ങള്‍ രൂപീകരിക്കുക വഴിയും കോടിക്കണക്കിനു രൂപ സമാഹരിക്കുക വഴിയും ഗ്രാമീണ മേഖലയിലെ വിഭവലഭ്യത വര്‍ധിപ്പിക്കണം. ഗ്രാമങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി നാം യത്‌നിച്ചുവരികയാണ്. 
> ഖാദി ഉല്‍പന്നങ്ങളുടെ വില്‍പന ഇരട്ടിച്ചു. 
> സൗരോര്‍ജ കൃഷിക്കാണു നമ്മുടെ കര്‍ഷകര്‍ ഊന്നല്‍ നല്‍കുന്നത്. ഇതു വഴി കൃഷിക്കു സംഭാവനകള്‍ അര്‍പ്പിക്കുന്നതോടൊപ്പം സൗരോര്‍ജം വില്‍ക്കുക വഴി പണം സമ്പാദിക്കാനും സാധിക്കുന്നു. 
> സാമ്പത്തിക പുരോഗതിക്കും വികസനത്തിനുമൊപ്പം ഏറ്റവും പ്രധാന കാര്യമായ മനുഷ്യജീവന്റെ അന്തസ്സിനും നമുക്കു പ്രാധാന്യം കല്‍പിക്കേണ്ടതുണ്ട്. സാധാരണ മനുഷ്യന് അന്തസ്സോടും അഭിമാനത്തോടും ആദരവു നേടിയെടുത്തും ജീവിക്കാന്‍ സഹായിക്കുന്ന പദ്ധതികള്‍ തുടരും. 
> സ്വച്ഛത പദ്ധതി വഴി മൂന്നു ലക്ഷം കുട്ടികളെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ കണക്ക്. 
> സത്യാഗ്രഹികളെ സംഘടിപ്പിച്ച ഗാന്ധിജിയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് സ്വച്ഛഗ്രാഹികളെ കണ്ടെത്താന്‍ നമുക്കു സാധിച്ചു. അദ്ദേഹത്തിന്റെ 150ാം ജന്‍മവാര്‍ഷികത്തില്‍ സ്വച്ഛ് ഭാരതിലൂടെ ആരാധ്യനായ ബാപ്പുജിക്ക് ആദരവു പകരാന്‍ ഒരുങ്ങിയിരിക്കുകയാണു സ്വച്ഛഗ്രാഹികള്‍.
> അങ്ങേയറ്റത്തെ ദാരിദ്ര്യമുള്ളവര്‍ക്കു സൗജന്യമായി ആരോഗ്യസേവനം ലഭ്യമാക്കുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന അഭിയാന്‍ ആരംഭിച്ചിട്ടുണ്ട്. ആര്‍ക്കും നല്ല ആശുപത്രികളില്‍നിന്നു ചികില്‍സ നേടാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണിത്. 
> പത്തു കോടി കുടുംബങ്ങളില്‍നിന്നായി 50 കോടി പൗരന്‍മാര്‍ക്കു ഗുണകരമായിത്തീരുന്നതാണ് ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം ആരോഗ്യസംരക്ഷണത്തിനായി അഞ്ചു ലക്ഷം രൂപ ലഭിക്കും. 
> സാങ്കേതിക വിദ്യക്കും സുതാര്യതയ്ക്കും നാം വലിയ വിലയാണു കല്‍പിക്കുന്നത്. വിവിധ സൗകര്യങ്ങള്‍ ലഭിക്കുന്നതിനു സാധാരണക്കാര്‍ നേരിടുന്ന തടസ്സങ്ങള്‍ക്കു വിരാമം കുറിക്കാന്‍ ഉതകുന്നതാണു സാങ്കേതികവിദ്യയുടെ ഉപയോഗം. ഈ ലക്ഷ്യത്തോടെ സാങ്കേതിക ഉപകരണങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 
> 2018 സെപ്റ്റംബര്‍ 25ന് പ്രധാനമന്ത്രി ജന്‍ ആരോഗ്യ അഭിയാന്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ അപകടകാരികളായ രോഗങ്ങളെ സാധാരണക്കാരന്‍ ഭയക്കേണ്ടതില്ലാത്ത സാഹചര്യം സംജാതമാകും. 
> മധ്യവര്‍ഗ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും ആരോഗ്യരംഗത്തു പുതിയ സാധ്യതകള്‍ രൂപപ്പെട്ടുവരികയാണ്. രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളില്‍ പുതിയ ആശുപത്രികള്‍ ആരംഭിക്കും. വൈദ്യമേഖലയില്‍ ഏറെ ജീവനക്കാരെ ആവശ്യമായിവരും. വരുംവര്‍ഷങ്ങളില്‍ തൊഴിലവസരങ്ങള്‍ കൂടുതലായിരിക്കും. 
> കഴിഞ്ഞ നാലു വര്‍ഷവും നാം ശ്രമിച്ചുവന്നതു ദരിദ്രരെ ശാക്തീകരിക്കാനാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അഞ്ചു കോടി ജനങ്ങള്‍ ദാരിദ്ര്യരേഖ തരണം ചെയ്തുവെന്ന് ഒരു രാജ്യാന്തര സംഘടന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദരിദ്രര്‍ക്കായി ഏറെ പദ്ധതികള്‍ ഉണ്ട്. എന്നാല്‍, ഇവയുടെ നേട്ടം മധ്യവര്‍ത്തികള്‍ തട്ടിക്കൊണ്ടുപോവുകയും അര്‍ഹരായവര്‍ക്കു ഗുണം നിഷേധിക്കപ്പെടുകയും ചെയ്യുകയാണ്. 
> എല്ലാവിധത്തിലുമുള്ള ചോര്‍ച്ചകള്‍ തടയാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമവും നടത്തിവരികയാണ്. അഴിമതയും കള്ളപ്പണവും ഇല്ലാതാക്കാനുള്ള പാതയിലാണു നാം. ഇത്തരം ശ്രമങ്ങളിലൂടെ പൊതുഖജനാവിലേക്ക് 90,000 കോടി രൂപ എത്തിക്കാന്‍ നമുക്കു സാധിച്ചു. 
> സത്യസന്ധര്‍ നികുതി അടയ്ക്കും. അവര്‍ നല്‍കുന്ന തുക ഉപയോഗിച്ചു പദ്ധതികള്‍ ആരംഭിച്ചു. അതിന്റെ അംഗീകാരം നികുതിദായകര്‍ക്ക് അര്‍ഹതപ്പെട്ടതാണ്; അല്ലാതെ ഗവണ്‍മെന്റിന് ഉള്ളതല്ല. 
> 2013 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് ആകെ നാലു കോടി നികുതിദായകരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ നികുതിദായകരുടെ എണ്ണം ഇരട്ടിയോളം വര്‍ധിച്ച് 7.25 കോടിയായി. 
> സ്വാതന്ത്ര്യം ലഭിച്ച് ആദ്യത്തെ 70 വര്‍ഷം പരോക്ഷനികുതി ഉദ്യോഗസ്ഥര്‍ക്കു സമാഹരിക്കാന്‍ സാധിച്ചിരുന്നത് 70 ലക്ഷമാണെങ്കില്‍ ജി.എസ്.ടി. നടപ്പാക്കി ഒരു വര്‍ഷത്തിനകം ഇത് 16 ലക്ഷമാണ്. 
> തടസ്സങ്ങള്‍ ഏറെയാണെങ്കിലും കള്ളപ്പണത്തെയും അഴിമതിയെയും നേരിട്ടേ മതിയാകൂ. ഇപ്പോള്‍ ഡെല്‍ഹിയിലെ തെരുവുകളില്‍ അധികാരദല്ലാളന്‍മാരെ കാണാന്‍ കഴിയില്ല. 
> സുതാര്യത ഉറപ്പാക്കാനായി നാം പ്രവര്‍ത്തനം പലതും ഓണ്‍ലൈനാക്കി. ഇതിനായി വിവസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി.
> ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വഴി നാം ഇന്ത്യന്‍ പട്ടാളത്തിലേക്ക് വനിതാ ഉദ്യോഗസ്ഥരെ നിയമിക്കും. ഇതില്‍ സുതാര്യത ഉറപ്പുവരുത്തും. വനിതാ ഉദ്യോഗസ്ഥരെ പുരുഷ ഉദ്യോഗസ്ഥന്‍മാര്‍ക്കു തുല്യരായി കണക്കാക്കും. 
> ബലാല്‍സംഗം വേദനാപൂര്‍ണമാണ്. എന്നാല്‍, ഇര അനുഭവിക്കേണ്ടിവരുന്ന ദുഃഖമാണു കൂടുതല്‍ വേദനാപൂര്‍ണം. ഇതു രാജ്യത്തെ ജനങ്ങള്‍ മനസ്സിലാക്കണം. ഇരകള്‍ക്കുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് എല്ലാവര്‍ക്കും തിരിച്ചറിവുണ്ടായിരിക്കണം. 
> ഈ രാക്ഷസീയതയില്‍നിന്നു രാജ്യത്തെയും സമൂഹത്തെയും നമുക്കു രക്ഷിക്കണം. നിയമം അതിന്റെ വഴിക്കു നീങ്ങും. ഈ സമീപനത്തെ തളര്‍ത്താന്‍ നമുക്കു ശ്രമിക്കണം. ഇത്തരം ചിന്താഗതിയെ ഇല്ലാതാക്കാന്‍ കഴിയണം. എല്ലാ തരത്തിലുമുള്ള ലൈംഗികവൈകൃതങ്ങള്‍ ഇല്ലാതാക്കണം. 
> മുത്തലാഖ് മുസ്ലീം സ്ത്രീകളുെട ജീവിതം അപകടത്തിലാക്കി. വിവാഹമോചനം ലഭിക്കാത്തവര്‍ ഒരുമിച്ചുകഴിയേണ്ട സ്ഥിതിയാണ്. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഒരു നിയമം രൂപീകരിക്കുക വഴി മുസ്ലീം സ്ത്രീകളുടെ വേദന ഇല്ലാതാക്കാന്‍ നാം ശ്രമം നടത്തി. എന്നാല്‍ ആ ബില്‍ പാസാകേണ്ട എന്നു ചിന്തിക്കുന്ന ചിലരുണ്ട്.
> ജനപങ്കാളിത്തത്തോടെ സുരക്ഷാ സേനകള്‍ നടത്തിയ പ്രവര്‍ത്തനവും സംസ്ഥാന ഗവണ്‍മെന്റുകള്‍ തുടര്‍ച്ചയായി നടത്തിയ ശ്രമവും നിമിത്തവും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പാക്കിയ വികസന പദ്ധതികള്‍ നിമിത്തവും ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവര്‍ ആക്റ്റില്‍നിന്നു ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ക്കു മോചനം ലഭിച്ചു. 
> ജമ്മു കശ്മീരിന്റെ കാര്യത്തില്‍ അടല്‍ ബിഹാരി വാജ്‌പേയി കാട്ടിത്തന്ന വഴിയാണു ശരിയായ വഴി. അതേ പാതയില്‍ മുന്നേറാനാണു നമ്മള്‍ ആഗ്രഹിക്കുന്നത്. വെടിയുണ്ടയുടെയും മോശം സംസാരത്തിന്റെയും പാത നമുക്കു വേണ്ട. കശ്മീരിലെ രാജ്യസ്‌നേഹികളായ ജനങ്ങളെ ഒപ്പം നിര്‍ത്തി മുന്നോട്ടു പോകണം.
> വരുന്ന മാസങ്ങളില്‍ ജമ്മു-കശ്മീരിലെ ഗ്രാമീണ ജനതയ്ക്ക് അവരുടെ അവകാശങ്ങള്‍ ആസ്വദിക്കാനുള്ള അവസരം ലഭിക്കും. അവര്‍ക്കു സ്വയം സംരക്ഷിക്കാവുന്ന സ്ഥിതി വരും. വികസനത്തിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഫണ്ട് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിവരുന്നുണ്ട്. പഞ്ചായത്ത്, തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പിനു നമുക്കു സജ്ജരാകേണ്ടതുണ്ട്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്.
> സ്വന്തം വീടെന്നത് ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നമാണ്. അതുകൊണ്ടാണ് ‘എല്ലാവര്‍ക്കും വീട്’ പദ്ധതി നാം മുന്നോട്ടുവെക്കുന്നത്. ഓരോ ഇന്ത്യക്കാരനും അവന്റെ വീട് വൈദ്യുതീകരിച്ചു കാണാന്‍ ആഗ്രഹിക്കുന്നു എന്നതിനാലാണ് എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചത്. ഓരോ ഇന്ത്യക്കാരനും അടുക്കളയിലെ പുകയില്‍നിന്നു മോചനം ആഗ്രഹിക്കുന്നു. ഇതു സാധ്യമാക്കുന്നതിനായി എല്ലാവര്‍ക്കും പാചകവാതകം നല്‍കി. ഓരോ ഇന്ത്യക്കാരനും ശുചിയായ കുടിവെള്ളം ആവശ്യമാണ്. എല്ലാവര്‍ക്കും വെള്ളം ലഭ്യമാക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. ഓരോ ഇന്ത്യക്കാരനും ശുചുമുറി വേണമെന്നതിനാല്‍ ശുചിത്വം ഉറപ്പാക്കാനായി നാം പ്രവര്‍ത്തിച്ചുവരികയാണ്. ഓരോ ഇന്ത്യക്കാരനും തൊഴില്‍നൈപുണ്യം ഉണ്ടായിരിക്കണം. അതുകൊണ്ടാണു തൊഴില്‍നൈപുണ്യ വികസനം നടപ്പാക്കിയത്. എല്ലാ ഇന്ത്യക്കാരനും മികച്ച ആരോഗ്യസേവനം ആവശ്യമാണ്. എല്ലാവര്‍ക്കും ആരോഗ്യം എന്നതിനാണു നമ്മുടെ ശ്രമം. ഓരോ ഇന്ത്യക്കാരനും അവനവന്റെ സുരക്ഷയ്ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് കാംക്ഷിക്കുന്നു. ഇതിനായി എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് നടപ്പാക്കി. എല്ലാ ഇന്ത്യക്കാരനും ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമുണ്ട്. കണക്റ്റിവിറ്റി വ്യാപിപ്പിക്കാന്‍ നാം ശ്രമിച്ചുവരികയാണ്. കണക്റ്റിവിറ്റി ഉറപ്പാക്കുകവഴി രാജ്യത്തെ വികസനത്തിന്റെ പാതയിലേക്കു നയിക്കാന്‍ നമുക്കു സാധിക്കണം. 
ഏറ്റുമുട്ടലിന്റെ പാത നമുക്ക് ആവശ്യമില്ല. തടസ്സങ്ങളും നമുക്കു വേണ്ട. ആരുടെയും മുന്നില്‍ തലകുനിക്കേണ്ട ആവശ്യം നമുക്കില്ല. രാഷ്ട്രം മുന്നോട്ടുള്ള യാത്ര നിര്‍ത്തിവെക്കുകയോ എന്തിന്റെയും മുന്നില്‍ തലകുനിക്കുകയോ ഒരിക്കലും തളരുകയോ ചെയ്യില്ല. നമുക്കു പുതിയ ഉയരങ്ങള്‍ താണ്ടണം. വരുംവര്‍ഷങ്ങളില്‍ അളവില്ലാത്ത പുരോഗതി നേടിയെടുക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.