1. മെക്സിക്കന്‍ പ്രസിഡന്റ് ശ്രീ. എന്റിക് പെന നീറ്റോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി 2016 ജൂണ്‍ 8-ന് മെക്സിക്കോ സന്ദര്‍ശിച്ചു. 2015 സെപ്റ്റംബര്‍ 28-ന് ഐക്യരാഷ്ട്ര പൊതുസഭയുടെ എഴുപതാം സമ്മേളനത്തിനിടെ ഇരുനേതാക്കളും നടത്തിയ ചര്‍ച്ചകള്‍ തുടരുകയാണ് യാത്രയുടെ ലക്ഷ്യം.
2. സാമ്പത്തിക ശാസ്ത്ര-സാങ്കേതിക രംഗങ്ങളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ വളരുന്നതിന് പര്യാപ്തമായ തരത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ഇന്ത്യയും മെക്സിക്കോയും തമ്മിലുള്ള വിശിഷ്ട സഖ്യത്തിന്റെ പാത നിര്‍വ്വചിക്കുന്നതിനുള്ള അവസരങ്ങളും ആഗോള രാഷ്ടീയ, സാമ്പത്തിക സൈനിക വിഷയങ്ങളിലെ യോജിപ്പും ഇരുനേതാക്കളും തിരിച്ചറിഞ്ഞു.
3. മെക്സിക്കോയില്‍ സാമ്പത്തിക വളര്‍ച്ചയും വികസനവും പ്രോത്സാഹിപ്പിക്കുന്നതിന് കൈക്കൊണ്ട ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ പ്രസിഡന്റ് എന്റിക് പെനനീറ്റോ വിശദീകരിച്ചു. ഇന്ത്യയില്‍ ജനങ്ങളുടെ ജീവിതനിലവാരവും സാമ്പത്തിക വളര്‍ച്ചയും മെച്ചപ്പെടുത്തുന്നതിന് ഗവണ്മെന്റ് കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും വിവരിച്ചു.
രാഷ്ട്രീയ ചര്‍ച്ച
4. ഇന്ത്യയും മെക്സിക്കോയും തമ്മില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് അനുയോജ്യമായ തരത്തിലുള്ള വിശിഷ്ട സഖ്യത്തിന്റെ രൂപരേഖ മെക്സിക്കോയില്‍ ഇക്കൊല്ലം നടക്കാനിരിക്കുന്ന ഏഴാമത് മെക്സിക്കോ-ഇന്ത്യ സംയുക്ത കമ്മീഷന് യോഗത്തിന്റെ ചട്ടക്കൂടിനുള്ളില്‍ തയ്യാറാക്കാന്‍ രണ്ടുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരോട് ഇരുനേതാക്കളും ആവശ്യപ്പെട്ടു.
5. 2016 രണ്ടാം പകുതിയില്‍ മെക്സിക്കോയില്‍ നടക്കാനിരിക്കുന്ന ശാസ്ത്രവും സാങ്കേതിക വിദ്യയും സംബന്ധിച്ച ആറാമത് സംയുക്ത സമിതിയുടെയും, വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ സംബന്ധിച്ച ഉന്നതതല ഗ്രൂപ്പിന്റെ നാലാമത് സമ്മേളനത്തിന്റെയും ഫലങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ്.
6. സമഗ്രവും, അന്യോന്യം അടുത്തുവരുന്നതുമായ പദ്ധതികളുടെ അടിസ്ഥാനത്തില്‍ രണ്ടുരാജ്യങ്ങളും തങ്ങളുടെ സഹകരണത്തിന്റെ അടിത്തറ നവീകരിക്കും, ഒപ്പം വിവിധ മേഖലകളില്‍ കൈവരിച്ചിട്ടുള്ള പുരോഗതിയും ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങളും വിലയിരുത്തും.
7. ലാറ്റിന്‍ അമേരിക്കയിലെ രാഷ്ട്രീയ, സാമ്പത്തിക സംഭവവികാസങ്ങള്‍, കമ്മ്യൂണിറ്റി ഓഫ് ലാറ്റിന്‍ അമേരിക്കന്‍ ആന്റ് കരീബിയന്‍ സ്റ്റേറ്റ്സ് (സി.ഇ.എല്‍.എ.സി) യും, പസഫിക് സഖ്യവും തമ്മിലുള്ള ബന്ധം, ഏഷ്യ-പസഫിക് മേഖലയിലെ സമകാലീന സ്ഥിതിഗതികള്‍ എന്നിവ ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള മേഖലാ വിഷയങ്ങളില്‍ ഇരുനേതാക്കളും വിശദമായ ചര്‍ച്ച നടത്തി.
സാമ്പത്തിക കൂട്ടായ്മ
8. വ്യാപാര നിക്ഷേപ രംഗങ്ങളിലെ പൂര്‍ണ്ണ തോതിലുള്ള സാമ്പത്തിക കൊടുക്കല്‍ വാങ്ങലുകള്‍ വിപുലപ്പെടുത്തേണ്ടതിന്റെ വര്‍ദ്ധിച്ച പ്രാധാന്യം രണ്ടുനേതാക്കളും എടുത്തുപറഞ്ഞു.
9. ഇരുരാജ്യങ്ങളും തമ്മില്‍ വര്‍ദ്ധിച്ച പരസ്പര ബന്ധം, അടിസ്ഥാനസൗകര്യമേഖല, ചെറുകിട ഇടത്തരം സംരംഭങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍, ഊര്‍ജ്ജം, ഓട്ടോമൊബൈല്‍ മേഖല, വിവരസാങ്കേതിക വിദ്യ, കൃഷി, ഭക്ഷ്യസംസ്ക്കരണം തുടങ്ങിയ മേഖലകളിലെ സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത രണ്ടുനേതാക്കളും ഊന്നിപ്പറഞ്ഞു.
10. മെക്സിക്കോയില്‍ നടപ്പിലാക്കിയ ഘടനാപരമായ പരിഷ്ക്കാരങ്ങളില്‍ ആകൃഷ്ടരായി ഊര്‍ജ്ജമേഖലയില്‍ നിക്ഷേപമിറക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ കാണിക്കുന്ന വര്‍ദ്ധിച്ച താല്‍പ്പര്യത്തിലും, അതുപോലെ മെക്സിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന അവസരങ്ങളിലും ഇരുനേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.
11. സൗരോര്‍ജ്ജത്തിന്റെ ഉപയോഗവും അതിലേക്കുള്ള നിക്ഷേപവും പ്രോത്സാഹിപ്പിക്കാന്‍ സഹകരണം മുഖ്യമായും വേണമെന്നതില്‍ അവര്‍ യോജിപ്പ് പ്രകടിപ്പിച്ചു. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യത്തിന്റെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
12. സാംസ്ക്കാരികം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് പരസ്പരം അടുത്തറിയാനും, കൂടുതല്‍ അവസരങ്ങള്‍ ഒരുക്കേണ്ടതിന്റെ പ്രാധാന്യവും രണ്ടുനേതാക്കളും എടുത്തുപറഞ്ഞു.
ഉഭയകക്ഷി സഹകരണം
13. പൊതുവായ ലക്ഷ്യങ്ങളോടെ രൂപം നല്‍കിയിട്ടുള്ള ഡിജിറ്റല്‍ ഇന്ത്യ സംരംഭവും മെക്സിക്കോയുടെ നാഷണല്‍ ഡിജിറ്റല്‍ സ്ട്രാറ്റജിയും തമ്മിലുള്ള യോജിപ്പിനേയും അവ പ്രദാനം ചെയ്യുന്ന അവസരങ്ങളെയും ഇരുനേതാക്കളും സ്വാഗതം ചെയ്തു.
14. ബഹിരാകാശ ശാസ്ത്രം, ഭൗമനിരീക്ഷണം, കാലാവസ്ഥാ പരിസ്ഥിതി പഠനങ്ങള്‍, വിദൂരസംവേദനം, പ്രകൃതി ദുരന്തങ്ങളുടെ മുന്‍കൂട്ടിയുള്ള പ്രവചനം എന്നിവയ്ക്കായി ബഹിരാകാശവുമായി ബന്ധപ്പെട്ട് ഇന്ത്യയിലും മെക്സിക്കോയിലും ലഭ്യമായ വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗം, മെക്സിക്കന്‍ ബഹിരാകാശ ഏജന്‍സിയും ഐ.എസ്.ആര്.ഒ.യും ചേര്‍ന്നുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണം എന്നിവയിലെ സഹകരണത്തെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.
15. വിദേശരാജ്യങ്ങളിലേക്ക് തൊഴില്‍ തേടിയും മറ്റും പോയവര്‍ രണ്ടുരാജ്യങ്ങള്‍ക്കും വന്‍തോതില്‍ ഉള്ളതിനാല്‍ അവരുടെ സേവനം വ്യക്തിതലത്തിലും, സംഘടനാതലത്തിലും വിനിയോഗിക്കുന്നതിന്റെ മികച്ച മാതൃകകള്‍ സംബന്ധിച്ച് ഇരുനേതാക്കളും ആശയങ്ങള്‍ കൈമാറി.
ആഗോള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ച
16. അന്താരാഷ്ട്ര സുരക്ഷാ വിഷയങ്ങളിലെ സഹകരണം തുടര്‍ന്നും പരിപോഷിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട്, ആണവ നിരായുധീകരണവും, നിര്വ്യാപനവുമാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങളെന്ന പൊതുവായ ലക്ഷ്യവും ഇരുനേതാക്കളും പങ്കിട്ടു.
17. ഭീകരതയെ അതിന്റെ എല്ലാ രൂപത്തിലും ഭാവത്തിലും ശക്തിയായി അപലപിക്കുന്നതായി ഇരുനേതാക്കളും ആവര്‍ത്തിച്ചു.
18. ഐക്യരാഷ്ട്രസഭയെപ്പോലെയുള്ള ഫലപ്രദമായ ഒരു ബഹുതല സംവിധാനത്തിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞുകൊണ്ട് ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ സമഗ്ര പരിഷ്ക്കരണ പ്രക്രിയയ്ക്ക് തുടര്‍ന്നും പിന്തുണ നല്‍കാനും ഇരുനേതാക്കളും തീരുമാനിച്ചു.
19. ജി-20 യിലെ തങ്ങളുടെ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തില്‍ ഗണ്യവും ക്രിയാത്മകവുമായ സഹകരണം ഉണ്ടായതായി രണ്ടുനേതാക്കളും ചൂണ്ടിക്കാട്ടി.
20. 2015 ഡിസംബറില്‍ പാരീസില്‍ നടന്ന കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിന്റെ വിജയകരമായ പരിസമാപ്തി സ്വാഗതം ചെയ്ത രണ്ടു നേതാക്കളും 2016 ഏപ്രില്‍ 22-ന് ഇരുരാജ്യങ്ങളും പാരീസ് ഉടമ്പടിയില്‍ ഒപ്പുവച്ചതിനെ പ്രകീര്‍ത്തിച്ചു. പാരീസ് ഉടമ്പടിക്ക് എത്രയും വേഗം അംഗീകാരം നല്‍കാമെന്ന് ഇരുനേതാക്കളും സമ്മതിച്ചു. ഒപ്പം തങ്ങളുടെ രാജ്യങ്ങളുടെ വികസനപരമായ ആവശ്യങ്ങള്‍ നേരിടുന്നതിന് പുതിയതും, പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജസ്രോതസ്സുകള്‍ വികസിപ്പിക്കാനും ഇരുവരും തീരുമാനിച്ചു.
21. അടുത്തുതന്നെ വീണ്ടും മെക്സിക്കോ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ പ്രസിഡന്റ് എന്റികോ പെനാ നീറ്റോ ഹാര്‍ദ്ദമായി ക്ഷണിച്ചു. ഇന്ത്യയിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പ്രസിഡന്റ് ശ്രീ. പെനാ നീറ്റോയെ ക്ഷണിച്ചു. ഇരുകൂട്ടര്‍ക്കും അനുയോജ്യമായ തീയതികള്‍ നയതന്ത്ര മാര്‍ഗ്ഗം വഴി നിശ്ചയിക്കാനും തീരുമാനിച്ചു.