Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിച്ച ഇന്ത്യ-ഖത്തര്‍ സംയുക്ത പ്രസ്താവന

പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിച്ച ഇന്ത്യ-ഖത്തര്‍ സംയുക്ത പ്രസ്താവന

പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനവേളയില്‍ പുറപ്പെടുവിച്ച ഇന്ത്യ-ഖത്തര്‍ സംയുക്ത പ്രസ്താവന


1. ഖത്തര്‍ അമീര്‍ ശെയ്ഖ് തമിം ബിന്‍ ഹമദ് അല്‍താനിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി 2016 ജൂണ്‍ 4 മുതല്‍ 5 വരെ ഖത്തറില്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം നടത്തി.

2. പ്രധാനമന്ത്രി മോദിയെ ജൂണ്‍ 5 ന് അമീരി ദിവാനില്‍ സ്വീകരിച്ച അമീര്‍ നയതന്ത്ര, മേഖലാ വിഷയങ്ങളിലും പരസ്പര താല്‍പര്യമുള്ള ബഹുമുഖ വിഷയങ്ങളിലുമുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു.

3. സന്ദര്‍ശനത്തിനിടെ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

4. ഔദ്യോഗിക യോഗങ്ങളില്‍ ഇരുരാജ്യങ്ങളും ഇന്ത്യയും ഖത്തറും തമ്മിലുള്ള ചരിത്രപരമായ ബന്ധം ഓര്‍മ്മിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള പരസ്പരം പ്രയോജനപ്പെടുന്ന, പരമ്പരാഗതമായി തുടരുന്ന ബന്ധം കാലത്തെ അതിജീവിച്ചതാണെന്ന് ഇരു രാജ്യങ്ങളും നിരീക്ഷിച്ചു.

5. പതിവായുള്ള ഉന്നതതല സന്ദര്‍ശനങ്ങള്‍ വഴി ശക്തിയാര്‍ജ്ജിച്ച നിലവിലെ നയതന്ത്ര ബന്ധത്തിന്റെ അവസ്ഥയില്‍ ഇരുരാജ്യങ്ങളും സന്തുഷ്ടി രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച വിവിധ ധാരണാപത്രങ്ങളും കരാറുകളും അവര്‍ സ്വാഗതം ചെയ്തു. പുതിയ കരാറുകളും നിലവിലുള്ളവയും ഇന്ത്യയും ഖത്തറും തമ്മിലുള്ള സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

6. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, മാനവവിഭവശേഷി എന്നീ രംഗങ്ങളില്‍ നന്നായി പ്രവര്‍ത്തിക്കുന്ന നയതന്ത്ര സംവിധാനങ്ങളെ ഇരു നേതാക്കളും അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് സംയുക്ത മേഖലാ വര്‍ക്കിംങ് ഗ്രൂപ്പുകള്‍ കൃത്യമായി യോഗം ചേരണമെന്ന് ഇരു രാഷ്ട്രങ്ങളും ആവശ്യപ്പെട്ടു. നയതന്ത്ര വിഷയങ്ങളും പരസ്പര താല്‍പര്യമുള്ള മേഖല, അന്താരാഷ്ട്ര വിഷയങ്ങളും തുടര്‍ച്ചയായി വിശകലനംചെയ്യാന്‍ അന്താരാഷ്ട്ര ഉന്നതതല സംയുക്തസമിതിയെ നിയോഗിക്കാന്‍ ഇരുരാഷ്ട്രങ്ങളും സമ്മതിച്ചു.

7. പരസ്പര താല്‍പര്യമുള്ള വിഭിന്ന മേഖലകളിലെ ഉഭയകക്ഷിബന്ധം ആഴത്തിലുള്ളതാക്കാന്‍ ഇരുനേതാക്കളും തീരുമാനിച്ചു. ഉന്നതതല രാഷ്ട്രീയ വിനിമയങ്ങള്‍, പ്രതിരോധം, സുരക്ഷാ സഹകരണം, വ്യാപാര, വാണിജ്യ ബന്ധങ്ങളും ജനങ്ങള്‍തമ്മിലുള്ള ബന്ധവും എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചു. മേഖലയിലും ലോകത്തും സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കി 21 ാം നൂറ്റാണ്ടില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പങ്കാളിത്തം കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.

8. പ്രതിരോധ സഹകരണത്തിനായി 2008 നവമ്പറില്‍ ഒപ്പുവെച്ച കരാര്‍ ഉഭയകക്ഷിബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള ചട്ടക്കൂട് നല്‍കിയെന്ന് അഭിപ്രായപ്പെട്ട നേതാക്കള്‍ സംയുക്ത അഭ്യാസങ്ങളിലൂടെയും നാവിക, വ്യോമ, കരസേനകളുടെ വര്‍ദ്ധിച്ച പരിശീലനം വഴിയും ഈ ബന്ധം വ്യാപിപ്പിക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതി വഴി ഇന്ത്യയില്‍ പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള താല്‍പര്യം ഖത്തര്‍ പ്രകടിപ്പിച്ചു.

9. 2016 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി ഇന്ത്യയില്‍ നടന്ന അന്താരാഷ്ട്ര ഫ്‌ളീറ്റ് റിവ്യൂവിലും പ്രതിരോധ എക്‌സിബിഷനിലും (ഡിഫെക്‌സ്‌പോ) പങ്കെടുത്തതിനും ഇന്ത്യയുടെ നാവിക, തീരസംരക്ഷണ സേനാ വിഭാഗങ്ങളിലേക്ക് വര്‍ദ്ധിച്ചതോതില്‍ പ്രതിനിധി സംഘങ്ങളെ അയച്ചതിനും ഇന്ത്യ ഖത്തറിനെ അഭിനന്ദിച്ചു. ഖത്തര്‍ സായുധ സേനാംഗങ്ങള്‍ക്കും തീരസംരക്ഷണസേനാഗംങ്ങള്‍ക്കും ഇന്ത്യയില്‍ പരിശീലനം നല്‍കാനുള്ള ഇന്ത്യയുടെ വാഗ്ദാനത്തെ ഖത്തര്‍ അഭിനന്ദിച്ചു.

10. ഗള്‍ഫ് മേഖലയിലും ഇന്ത്യന്‍മഹാ സമുദ്രമേഖലയിലും സുരക്ഷ ശക്തമാക്കാന്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരു നേതാക്കളും സമ്മതിച്ചു.

11. അന്താരാഷ്ട്ര ഭീകരതയെ ശക്തമായി അപലപിച്ച ഇരു നേതാക്കളും എല്ലാ രാഷ്ട്രങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും ഭീഷണിയായ തീവ്രവാദമെന്ന ആഗോളവിപത്തിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. അന്താരാഷ്ട്ര തലത്തിലും മേഖലാതലത്തിലും തീവ്രവാദത്തിന്റെ വ്യാപനം ആഗോള സമാധാനത്തെയും സുരക്ഷിതമായ സാഹചര്യങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും സുസ്ഥിര വളര്‍ച്ചയും വികസനത്തിനും തിരിചടിയായിട്ടുണ്ടെന്നും ഇരു നേതാക്കളും നിരീക്ഷിച്ചു.

12. അതിക്രമത്തിന്റെ എല്ലാ രൂപങ്ങളെയും, ഭീകരത, തീവ്രവാദം എന്നിവയെയും ഇരു നേതാക്കളും അപലപിച്ചു. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ഭീകരതയുമായി ഒരു മതത്തേയോ, സാംസ്‌കാരികതയെയോ, വംശീയ വിഭാഗങ്ങളെയോ ബന്ധിപ്പിക്കരുതെന്നും ഇരു നേതാക്കളും ആവശ്യപ്പെട്ടു.

13. ഭീകരതയുടെ പ്രായോജകരെയും പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കിയ ഇരു നേതാക്കളും ഭീകരത ഒരു നയമായും ഉപകരണമായും പ്രയോജനപ്പെടുത്തുന്ന അത്തരം ശക്തികള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

14. ഭീകരതക്കെതിരായി സമഗ്രമായ ഒരു സമീപനം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും നിരീക്ഷിച്ചു. ഇതില്‍ തീവ്ര ഉല്‍പതിഷ്ണുവിഭാഗങ്ങളുടെ റിക്രൂട്ട്‌മെന്റ് നടപടികള്‍ തടയല്‍, ഭീകരരുടെ നീക്കങ്ങള്‍ തടസ്സപ്പെടുത്തല്‍, ഭീകരതക്ക് ലഭ്യമാവുന്ന സാമ്പത്തിക സ്രോതസ്സുകള്‍ തടയല്‍, ഭീകരതയുടെ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ക്കല്‍, ഇന്റര്‍നെറ്റ് വഴി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയല്‍ എന്നിവ ഉള്‍പ്പെടുന്നു.

15. സൈബര്‍ സ്‌പെയ്‌സ് ഭീകര, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതിനും ഉപയോഗിക്കുന്നത് തടയുന്നതിനുമുള്ള മാര്‍ഗ്ഗങ്ങള്‍ ഇരു രാഷ്ട്രങ്ങളും ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളില്‍നിന്നുമുള്ള മത പണ്ഡിതരെയും ബുദ്ധിജീവികളെയും ഉള്‍പ്പെടുത്തി പരസ്പര ആശയ വിനിമയ പരിപാടികളും, സമാധാനം, സഹിഷ്ണുത, ഉള്‍ച്ചേര്‍ക്കല്‍, ക്ഷേമം എന്നിവ മുന്‍നിര്‍ത്തി കോണ്‍ഫറന്‍സുകള്‍, സെമിനാറുകള്‍ എന്നിവയും നടത്തുന്നതിനുള്ള തീരുമാനത്തെ ഇരു വിഭാഗങ്ങളും സ്വാഗതം ചെയ്തു.

16 .സുരക്ഷാ രംഗത്ത് നിലവിലുള്ള ഉഭയകക്ഷി സഹകരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഇന്റലിജെന്‍സ് വിവരങ്ങള്‍ പങ്കിടല്‍, മികച്ച സാങ്കേതിക വിദ്യകളും പ്രവര്‍ത്തന രീതികളും വികസിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, ലഹരികടത്ത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ നിയമ പാലനം ശക്തിപ്പെടുതല്‍ തുടങ്ങിയ മേഖലകളിലേയ്ക്ക് കൂടി സഹകരണം വ്യാപിപ്പിക്കാന്‍ ഇരുനേതാക്കളും തമ്മില്‍ ധാരണയായി. അനധികൃതമായുള്ള പണത്തിന്റെ കൈമാറ്റം തടയുന്നതിന് ശക്തമായി നടപടികള്‍ കൈക്കൊള്ളാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരര്‍ക്ക് ധനസഹായം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ രഹസ്യ വിവരങ്ങള്‍ കൈമാറുന്നതിന് ധാരണാപത്രം ഒപ്പുവച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

17. ഭീകരതയെ നേരിടാന്‍ ആഗോള സമൂഹത്തിന്റെ ശക്തമായ സംഘടിത ശ്രമം വേണമെന്ന് ഇരു നേതാക്കളും എടുത്തു പറയുന്നു. വിവിധ സ്ഥാപനങ്ങള്‍ വഴി ഭീകരതയെ ചെറുക്കുന്നതിനുള്ള സഹകരണം ശക്തിപ്പെടുത്താന്‍ അവര്‍ തീരുമാനിച്ചു.

18. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ബന്ധത്തിനുള്ള കണ്ണിയാണ് ഉഭയകക്ഷി വ്യാപാരമെന്ന് ഇരു വിഭാഗവും വിലയിരുത്തി. ഈ വ്യാപാര ബന്ധം വിപുലപ്പെടുത്താനും ധാരണയായി. വ്യാപാര പ്രോത്സാഹന നടപടികളുടെ ഭാഗമായി ഇരു രാജ്യങ്ങളും സംഘടിപ്പിക്കുന്ന വ്യാപാര മേളകള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയില്‍ സ്ഥിരമായി പരസ്പരം പങ്കെടുക്കാനും തീരുമാനമായി. ഇന്ത്യയിലെയും ഖത്തറിലെയും വിപണികളില്‍ ഇരു രാജ്യങ്ങളുടെയും കമ്പനികളുടെ സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതില്‍ ഇരു വിഭാഗവും മതിപ്പ് രേഖപ്പെടുത്തി. ബിസിനസ്സ്, ടൂറിസം ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ രണ്ടു രാജ്യങ്ങളിലെയും ബിസിനസ്സുകാര്‍, വിനോദസഞ്ചാരികള്‍ എന്നിവര്‍ക്കുള്ള വിസ നല്‍കല്‍ വേഗത്തിലാക്കാന്‍ അനുയോജ്യമായ സംവിധാനം ഉണ്ടാകണമെന്ന് ധാരണയായി.

19. ഖത്തറിന്റെ വിഷന്‍ 2030 പദ്ധതിക്ക് കീഴിലും 2022 ലെ ഫീഫ ലോകകപ്പിനുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയിലും ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തത്തെ ഖത്തര്‍ സ്വാഗതം ചെയ്തു.

20. നിലവിലുള്ള ചട്ടങ്ങള്‍ ലളിതവത്ക്കരിച്ച് യുക്തിസഹമാക്കിയും ഇന്ത്യയില്‍ ബിസിനസ്സ് സംരംഭങ്ങള്‍ സുഗമമായി നടത്തുന്നതിന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എടുത്ത്പറഞ്ഞു. റെയില്‍വേ, പ്രതിരോധം, ഇന്‍ഷ്വറന്‍സ് തുടങ്ങിയ മേഖലകളില്‍ വിദേശ നിക്ഷേപ പരിധി വര്‍ദ്ധിപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. 100 സ്മാര്‍ട്ട് സിറ്റികള്‍, 50 നഗരങ്ങളില്‍ മെട്രോ പദ്ധതികള്‍, 500 നഗരങ്ങള്‍ക്ക് ആധുനിക മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനം, എല്ലാവര്‍ക്കും താങ്ങാവുന്ന ചിലവിലുള്ള ആരോഗ്യ പരിരക്ഷ, 2022 ഓടേ എല്ലാവര്‍ക്കും പാര്‍പ്പിടം തുടങ്ങി ഇന്ത്യയില്‍ ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനം സാദ്ധ്യമാക്കാനുള്ള പദ്ധതികള്‍ വിവരിച്ചുകൊണ്ട് ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയില്‍ പങ്കാളികളാകാന്‍ പ്രധാനമന്ത്രി ഖത്തറിനെ ക്ഷണിച്ചു.

21. ഇന്ത്യയുടെ വളര്‍ച്ചയും വികസനവും കൂടുതല്‍ ത്വരിതപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഇന്ത്യയുടെ വളര്‍ച്ചയില്‍ ഖത്തര്‍ അമീര്‍ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തി. പ്രധാനമന്ത്രിയുടെ പുതിയ സംരംഭങ്ങളായ ”സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ”, മേക്ക് ഇന്‍ ഇന്ത്യ”, ”സ്മാര്‍ട്ട് സിറ്റി”, ”ശുചിത്വ ഇന്ത്യ” തുടങ്ങിയവയെ അദ്ദേഹം അഭിനന്ദിച്ചു.

22. ഇന്ത്യന്‍ സമ്പത്ത് ഘടനയുടെ സാധ്യതകളും ഉയര്‍ന്ന വളര്‍ച്ചാ നിരക്കും, നിക്ഷേപത്തിനുള്ള ഖത്തറിന്റെ ശേഷിയും വിലയിരുത്തിക്കൊണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി പിന്‍വലിക്കലും വിവിധ അടിസ്ഥാന സൗകര്യ വികസന മേഖലകളുമടക്കം ഖത്തര്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപമിറക്കാനുള്ള സാധ്യതകള്‍ ഇരു വിഭാഗവും ചര്‍ച്ച ചെയ്തു.

23. രണ്ടു രാജ്യങ്ങളിലെയും അടിസ്ഥാന സൗകര്യ വികസന മേഖലയിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇരു വിഭാഗവും തീരുമാനിച്ചു. ഇന്ത്യ ഗവണ്‍മെന്റിന്റെ ദേശീയ അടിസ്ഥാന സൗകര്യ വികസന നിധിയും ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയും തമ്മില്‍ കൂടുതല്‍ സഹകരണത്തിനുള്ള മേഖലകള്‍ കണ്ടെത്താനും ധാരണയായി.

24. ലഭ്യമായ നിക്ഷേപ സാധ്യതകളെ കുറിച്ച് അപ്പപ്പോള്‍ വിവരങ്ങള്‍ കൈമാറാനും ഇരുകൂട്ടരും സമ്മതിച്ചു. ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിട്ടിയും ബന്ധപ്പെട്ട ഇന്ത്യന്‍ അധികാരികളും തമ്മില്‍ അടിക്കടി കൂടി കാഴ്ചകള്‍ ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും കമ്പനികള്‍ തമ്മിലും ചര്‍ച്ച നടത്തും.

25. ഊര്‍ജ്ജമേഖലയും വര്‍ദ്ധിച്ചു വരുന്ന ഉഭയകക്ഷി വ്യാപാരത്തില്‍ ഇരു കൂട്ടരും തൃപ്തി രേഖപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവും പാചക വാതക ദാതാവാണ് ഖത്തര്‍. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയില്‍ ഖത്തറിന്റെ സംഭാവനകളെ ഇന്ത്യ അഭിനന്ദിച്ചു.

26. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും സംയുക്ത പര്യവേക്ഷണം, പെട്രോകെമിക്കല്‍ സമുഛയങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കല്‍ തുടങ്ങി ഈ രംഗത്തെ ഗവേഷണ വികസനത്തിനും മനുഷ്യ വിഭവശേഷിയുടെ പരിശീലനത്തിനുമടക്കം സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരു കൂട്ടരും തമ്മില്‍ ധാരണയായി.

27. ഖത്തറില്‍ പുതിയ എണ്ണ പ്രകൃതി വാതക മേഖലകള്‍ കണ്ടെത്തുന്നതിന് ഇന്ത്യ കമ്പനികളുടെ സേവനം വിനിയോഗിക്കാന്‍ ഇന്ത്യ താല്‍പര്യം പ്രകടിപ്പിച്ചു.

28. ഇന്ത്യയിലെ പുതിയ ഹൈഡ്രോ കാര്‍ബണ്‍ പര്യവേക്ഷണ നയത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപമിറക്കാന്‍ ഇന്ത്യ ഖത്തറിനെ ക്ഷണിച്ചു.

29. രാജ്യത്ത് പുതുതായി സൃഷ്ടിക്കുന്ന റിസര്‍വ് സംഭരണ സൗകര്യത്തിന്റെ രണ്ടാം ഘട്ടത്തില്‍ പങ്കാളികളാകാന്‍ ഇന്ത്യ ഖത്തറിനെ ക്ഷണിച്ചു.

30. ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, ഓഹരി വിപണി എന്നിവയുള്‍പ്പെടെയുള്ള ധനകാര്യ സേവന മേഖലയില്‍ ഉഭയക്ഷി സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. രണ്ടു രാജ്യങ്ങളിലെയും ധനകാര്യ സ്ഥാപനങ്ങളായ ഓഹരി കൈമാറ്റ ബോര്‍ഡ്, കേന്ദ്ര ബാങ്കുകള്‍ എന്നിവ തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു.

31. ലോക നിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങള്‍ മത്സരക്ഷമമായ നിരക്കില്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നതുകണക്കിലെടുത്ത് ആരോഗ്യ മേഖലയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഔഷധ നിര്‍മ്മാണം, ആരോഗ്യ വിദ്യാഭ്യാസം, ആരോഗ്യസേവനം, ആരോഗ്യ വിദഗ്ധരുടെ കൈമാറ്റം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ആരോഗ്യ രംഗത്ത് ഉഭയകക്ഷി സഹകരണ വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യയും ഖത്തറും ധാരണാപത്രം ഒപ്പുവച്ചതിനെ ഇരുനേതാക്കളും സ്വാഗതം ചെയ്യ്തു.

32. അന്താരാഷ്ട്ര സൗരോര്‍ജസഖ്യത്തിന്റെ രൂപീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈയെടുത്തതിന് ഖത്തര്‍ അഭിനന്ദിച്ചു. ലോകമെമ്പാടും പുതിയ സൗരോര്‍ജ്ജ സാങ്കേതിക വിദ്യകള്‍ വ്യാപിപ്പിക്കുന്നതില്‍ സഖ്യത്തിനുള്ള പ്രാധാന്യം അവര്‍ അംഗീകരിച്ചു.

33. സന്തുലിതവും, ആരോഗ്യകരവും, സുസ്ഥിരവുമായ ലോകത്തിന്റെ ഭാവിക്കായി ഒന്നിക്കാനുള്ള ആഗോള സമൂഹത്തിന്റെ ത്വരയാണ് അന്താരാഷ്ട്ര യോഗാദിനത്തോടുള്ള അത്യധികമായ പ്രതികരണമെന്ന് ഇരു നേതാക്കളും എടുത്തു പറയുന്നു. സ്മാരക തപാല്‍ സ്റ്റാമ്പ് ഇറക്കിയതുള്‍പ്പെടെ 2015 ജൂണ്‍ 21 ന് പ്രഥമ അന്താരാഷ്ട്ര യോഗാദിനത്തിന് ഖത്തര്‍ നല്‍കിയ പിന്‍തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

34. സാംസ്‌ക്കാരിക സംഘങ്ങളെയും, കായിക ടീമുകളെയും അടിക്കടി പരസ്പരം കൈമാറിക്കൊണ്ട് സാംസ്‌ക്കാരിക കായിക രംഗങ്ങളില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കാനും ഇരു നേതാക്കളും തീരുമാനിച്ചു. 2019 ഖത്തര്‍- ഇന്ത്യ സാംസ്‌ക്കാരിക വര്‍ഷമായി ആഘോഷിക്കാനുള്ള ഖത്തര്‍ മ്യൂസിയത്തിന്റെ തീരുമാനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. കസ്റ്റംസ് വിഷയങ്ങള്‍, ടൂറിസം, യുവജനകാര്യ – സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ പരസ്പര സഹായ സഹകരണത്തിനുള്ള ധാരണാപത്രങ്ങള്‍ ഒപ്പുവച്ചതിനെ ഇരു നേതാക്കളും സ്വാഗതം ചെയ്തു.

35. ഖത്തറിന്റെ വികസനത്തിലും പുരോഗതിയിലും ഇന്ത്യന്‍ സമൂഹത്തിന്റെ പങ്കാത്തത്തെയും സംഭാവനകളെയും ഖത്തര്‍ അമീര്‍ പ്രകീര്‍ത്തിച്ചു. വിദഗ്ധ അവിദഗ്ധ തൊഴിലാളികളും താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഖത്തറില്‍ നടപ്പിലാക്കിയ തൊഴില്‍ നിയമ പരിഷ്‌ക്കാരങ്ങള്‍ ഖത്തര്‍ ഇന്ത്യയെ ധരിപ്പിച്ചു. ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ ഖത്തര്‍ ഭരണ നേതൃത്വം കൈക്കൊള്ളുന്ന നടപടികളില്‍ പ്രധാനമന്ത്രി നരേന്ദ്രേ മോദി നന്ദി അറിയിച്ചു. നൈപുണ്യ വികസനത്തിന്‍ യോഗ്യതകളുടെ അംഗീകാരത്തിനും ഇരു രാജ്യങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവച്ചതിനെ രണ്ടു നേതാക്കളും സ്വാഗതം ചെയ്തു.

36. പശ്ചിമേഷ്യ, മദ്ധ്യേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ സുരക്ഷാ സ്ഥിതിഗതകള്‍ ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള മേഖലാ, അന്താരാഷ്ട്ര വിഷയങ്ങളിള്‍ ഇരു നേതാക്കളും ആശയങ്ങള്‍ കൈമാറി. സിറിയ, ഇറാക്ക്, ലിബിയ, യെമന്‍ എന്നിവിടങ്ങളിലെ സുരക്ഷാ സ്ഥിതിഗതികളില്‍ കടുത്ത ആശങ്കപ്രകടിപ്പിച്ച അവര്‍ ചര്‍ച്ചയിലൂടെയും രാഷ്ട്രീയ കൂടിയാലോചനകളിലൂടെയും ഈ വിഷയങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ആവര്‍ത്തിച്ചെടുത്തു പറഞ്ഞു.

37. സമകാലീന യാഥാര്‍ദ്ധ്യങ്ങള്‍ പ്രതിഫലിക്കത്തക്ക തരത്തില്‍ ഐക്യരാഷ്ട്ര സഭയെ ഫലപ്രദമായി പരിഷ്‌ക്കരിക്കേണ്ടതിന്റെ പ്രധാന്യം രണ്ടു നേതാക്കളും എടുത്ത് പറഞ്ഞു. സുരക്ഷാസമിതിയുടെ രണ്ടു വിഭാഗങ്ങളിലെയും അംഗത്വം വിപുലീകരിക്കുന്നതുള്‍പ്പെടെ സംഘടനയെ കൂടുതല്‍ പ്രാതിനിധ്യ സ്വാഭാവമുള്ളതും വിശ്വസ്തവും ഫലപ്രദവുമാക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ ചൂണ്ടിക്കാട്ടി.

38. ഊഷ്മളമായ സ്വീകരണത്തിന് സ്‌നേഹം നിറഞ്ഞ ആതിഥ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തര്‍ അമീറിന് നന്ദി പറഞ്ഞു. ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ സമയത്ത് ഇന്ത്യ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം ഖത്തര്‍ അമീര്‍ സന്തോഷത്തോടെ സ്വീകരിച്ചു.