സ്‌പെയിന്‍ പ്രധാനമന്ത്രിക്കു തുല്യമായ പദവി വഹിക്കുന്ന പ്രസിഡന്റ് ബഹുമാനപ്പെട്ട പെദ്രോ സാഞ്ചെസ് പെരെസ്-കസ്റ്റെജനുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ ചര്‍ച്ച നടത്തി. കോവിഡ്-19 മഹാവ്യാധി ഉയര്‍ത്തുന്ന ആഗോള വെല്ലുവിളി സംബന്ധിച്ചായിരുന്നു ചര്‍ച്ച.
സ്‌പെയിനില്‍ രോഗബാധ നിമിത്തം ആള്‍നാശം സംഭവിച്ചതില്‍ അനുശോചനമറിയിച്ച പ്രധാനമന്ത്രി, രോഗം ബാധിച്ചു ചികില്‍സയിലുള്ളവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. അദ്ദേഹം രോഗത്തെ നേരിടുന്നതിനുള്ള സ്‌പെയിനിന്റെ ശ്രമങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ആഗോള ആരോഗ്യ പ്രതിസന്ധിയെ നേരിടുന്നതില്‍ രാജ്യാന്തര സഹകരണം പ്രധാനമാണെന്ന് ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. കോവിഡ് കാലത്തിനുശേഷം മനുഷ്യകേന്ദ്രീകൃതമായ ആഗോളവല്‍ക്കരണമെന്ന ആശയം രൂപീകൃതമാകണമെന്ന പ്രധാനമന്ത്രിയുടെ ആശയത്തോടു സ്പാനിഷ് പ്രധാനമന്ത്രി യോജിച്ചു.
മഹാവ്യാധി നിമിത്തം വീടുകളില്‍ അടച്ചുകഴിയേണ്ടിവരുന്നവര്‍ക്കു മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുന്നതിനു യോഗയും ഔഷധച്ചെടികളില്‍നിന്ന് ഉണ്ടാക്കുന്ന പരമ്പരാഗത മരുന്നുകളും ഉപയോഗപ്പെടുത്താമെന്ന് ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു.
കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ സദാ ബന്ധം നിലനിര്‍ത്തണമെന്നും ആവശ്യമെന്നു കണ്ടാല്‍ സഹായിക്കാന്‍ തയ്യാറാകണമെന്നും അവര്‍ പരസ്പരം ഓര്‍മിപ്പിച്ചു.