Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയും ഫിലിപ്പൈന്‍സ് പ്രസിഡന്റും ടെലിഫോണില്‍ സംസാരിച്ചു


ഫിലിപ്പൈന്‍സ് പ്രസിഡന്റ് ബഹുമാനപ്പെട്ട റൊഡ്രിഗോ ഡ്യൂട്ടെര്‍ട്ടുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. കോവിഡ്- 19 മഹാവ്യാധി ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനായി ഇരു രാജ്യങ്ങളും കൈക്കൊണ്ട നടപടികള്‍ ചര്‍ച്ച ചെയ്തു.
ഈ ആരോഗ്യ പ്രതിസന്ധിയുടെ നാളുകളില്‍ ഇന്ത്യയിലുള്ള ഫിലിപ്പീന്‍ പൗരന്‍മാരുടെയും ഫിലിപ്പൈന്‍സിലുള്ള ഇന്ത്യന്‍ പൗരന്‍മാരുടെയും ക്ഷേമം ഉറപ്പുവരുത്തുന്നതിനായി സഹകരിച്ചതിനും പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കിയതിനും ഇരു നേതാക്കളും പരസ്പരം അഭിനന്ദനമറിയിച്ചു. രാജ്യത്തിന് ചികില്‍സാ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയെ ഫിലിപ്പൈന്‍സ് പ്രസിഡന്റ് പ്രശംസിച്ചു.

മഹാവ്യാധിക്കെതിരെ പോരാടുന്നതിന് ഫിലിപ്പൈന്‍സിനു പിന്‍തുണ നല്‍കുന്നതിനുള്ള പ്രതിബദ്ധത പ്രസിഡന്റ് ഡ്യുട്ടെര്‍ട്ടിനോടു വെളിപ്പെടുത്തിയ പ്രധാനമന്ത്രി, പ്രതിരോധ കുത്തിവെപ്പു കണ്ടുപിടിക്കപ്പെട്ടാല്‍ അത് ഉള്‍പ്പെടെയുള്ള ചികില്‍സാ സാമഗ്രികള്‍ താങ്ങാവുന്ന വിലയ്ക്കു ലഭ്യമാക്കാനുള്ള ഉല്‍പാദന ശേഷി ഇന്ത്യക്കുണ്ടെന്നു വെളിപ്പെടുത്തി. അതു മാനവികതയുടെ ഒന്നാകെയുള്ള നേട്ടത്തിനായി വിതരണം ചെയ്യുമെന്നു വെളിപ്പെടുത്തുകയും ചെയ്തു.

പ്രതിരോധ സഹകരണത്തില്‍ ഉള്‍പ്പെടെ ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ മേഖലകളിലും അടുത്ത വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ള പുരോഗതിയില്‍ നേതാക്കള്‍ സംതൃപ്തി അറിയിച്ചു. ഇന്‍ഡോ-പസഫിക് മേഖലയിലുള്ള പ്രധാന പങ്കാളി ആയാണ് ഫിലിപ്പൈന്‍സിനെ ഇന്ത്യ കാണുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി, ബഹുമാനപ്പെട്ട ഡ്യൂട്ടെര്‍ട്ടിനും ഫിലിപ്പൈന്‍സ് ജനതയ്ക്കും വരാനിരിക്കുന്ന ഫിലിപ്പൈന്‍സ് ദേശീയ ദിനാശംസകള്‍ നേര്‍ന്നു.