പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ബഹുമാനപ്പെട്ട തമീം ബിന്‍ ഹമദ് അല്‍ താനിയും ടെലിഫോണില്‍ സംസാരിച്ചു
കോവിഡ്-19 സംബന്ധിച്ചും അതുയര്‍ത്തുന്ന സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. വൈറസ് പടരുന്നതു തടയാന്‍ അതതു രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ കൈക്കൊണ്ട നടപടികള്‍ ഇരുനേതാക്കളും വിശദീകരിച്ചു. സാര്‍ക് രാജ്യങ്ങള്‍ കൈക്കൊണ്ട മേഖലാതല നടപടികളും ജി20 നേതാക്കളുടെ വിര്‍ച്വല്‍ ഉച്ചകോടിയും സംബന്ധിച്ചു ബഹുമാനപ്പെട്ട അമീറിനെ പ്രധാനമന്ത്രി ധരിപ്പിച്ചു.
രോഗം പടരുന്നതു തടയാന്‍ എല്ലാ രാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികള്‍ പരമാവധി നേരത്തേ ഗുണകരമായ ഫലം നല്‍കുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. മഹാവ്യാധിയെ തടയുന്നതില്‍ രാജ്യാന്തര ഐക്യദാര്‍ഢ്യവും വിവരങ്ങള്‍ പങ്കു വെക്കലും പ്രധാനമാണെന്ന് ഇരുവരും ഊന്നിപ്പറഞ്ഞു.
ഖത്തറില്‍ ജീവിച്ചു ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതില്‍ വ്യക്തിപരമായി താല്‍പര്യമെടുക്കുന്നതിനു ബഹുമാനപ്പെട്ട ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ തനിയെ പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഖത്തറില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്കു സുരക്ഷയും ക്ഷേമവും ബഹുമാനപ്പെട്ട അമീര്‍ ഉറപ്പുനല്‍കി.
മാറിവരുന്ന സാഹചര്യത്തില്‍ മുടക്കമില്ലാതെ ബന്ധപ്പെടാനും ചര്‍ച്ചകള്‍ നടത്താനും ഇരു നേതാക്കളും തീരുമാനിച്ചു.