അയര്‍ലന്‍ഡ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഡോ. ലിയോ വരദ്കറുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കോവിഡ്- 19 മഹാവ്യാധിയെ കുറിച്ചും ഇതു നിമിത്തം ആരോഗ്യ, സാമ്പത്തിക രംഗങ്ങളില്‍ ഉണ്ടാകാനിടയുള്ള തകര്‍ച്ചയെ നേരിടാന്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്തു.
മഹാവ്യാധിയെ നേരിടുന്നതിനായി അയര്‍ലണ്ടില്‍ നടക്കുന്ന യത്‌നത്തില്‍ പങ്കാളികളായ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ പങ്കിനെ പ്രധാനമന്ത്രി വരദ്കര്‍ അഭിനന്ദിച്ചു. അയര്‍ലന്‍ഡിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കു നല്‍കിവരുന്ന സംരക്ഷണത്തിനും പിന്‍തുണയ്ക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇന്ത്യയിലുള്ള ഐറിഷ് പൗരന്‍മാര്‍ക്കു തുല്യമായ പരിഗണന വാഗ്ദാനം ചെയ്തു.
മഹാവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യക്കും അയര്‍ലന്‍ഡിനും ഔഷധ, ചികില്‍സാ രംഗങ്ങളിലുള്ള കരുത്തു ഗുണകരമാകുമെന്ന് ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു. കോവിഡിനു ശേഷമുള്ള കാലത്ത് അയര്‍ലന്‍ഡുമായും യൂറോപ്യന്‍ യൂണിയനുമായും ഉള്ള ഇന്ത്യയുടെ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് അവര്‍ സംസാരിച്ചു.
പ്രതിസന്ധിയുടെ രൂപപ്പെട്ടുവരുന്ന മാനങ്ങളില്‍ പരസ്പര ബന്ധം നിലനിര്‍ത്താനും ചര്‍ച്ചകള്‍ നടത്താനും ഇരു നേതാക്കളും തീരുമാനിച്ചു.
Discussed COVID-19 pandemic with Ireland’s PM, Mr. @LeoVaradkar. India and Ireland share similar approaches on many global issues. We will work together to further strengthen our partnership in health, science & technology, to jointly address challenges of the post-COVID world.
— Narendra Modi (@narendramodi) April 22, 2020