Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിക്ക് ഡൽഹിയിൽ ഗംഭീര പൗരസ്വീകരണം നൽകി

പ്രധാനമന്ത്രിക്ക് ഡൽഹിയിൽ ഗംഭീര പൗരസ്വീകരണം നൽകി


ഡൽഹിയിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഉജ്വല സ്വീകരണം നൽകി. ചന്ദ്രയാൻ – 3 ലാൻഡർ വിജയകരമായി ചന്ദ്രനിൽ ഇറക്കിയതിനു പിന്നാലെ ഐഎസ്ആർഒ സംഘവുമായി ആശയവിനിമയം നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം ഡൽഹിയിൽ എത്തിയത്. നാലു ദിവസത്തെ ദക്ഷിണാഫ്രിക്ക, ഗ്രീസ് പര്യടനത്തിന് ശേഷം പ്രധാനമന്ത്രി നേരിട്ട് ബെംഗളൂരുവിലേക്കാണു പോയത്. ശ്രീ ജെ പി നഡ്ഡ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തിന്റെ വിജയകരമായ സന്ദർശനത്തിന്റെ നേട്ടങ്ങളെയും ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സുപ്രധാന നേട്ടത്തെയും അഭിനന്ദിക്കുകയും ചെയ്തു.

ഊഷ്മളമായ പൗരസ്വീകരണത്തിനു മറുപടി പറയവേ, ചന്ദ്രയാൻ-3ന്റെ വിജയത്തിൽ ജനങ്ങൾ കാട്ടിയ ഉത്സാഹത്തിന് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഐഎസ്ആർഒ സംഘവുമായുള്ള ആശയവിനിമയത്തെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി “ചന്ദ്രയാൻ-3ന്റെ ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’ എന്നറിയപ്പെടു”മെന്ന്  പറയുകയും ചെയ്തു. ‘ശിവൻ’ ശുഭകരമായ അവസ്ഥയെ സൂചിപ്പിക്കുന്നുവെന്നും ‘ശക്തി’ സ്ത്രീശക്തിയെ സൂചിപ്പിക്കുന്നതായും അദ്ദേഹം വിശദീകരിച്ചു. ശിവശക്തി ഹിമാലയവും കന്യാകുമാരിയും തമ്മിലുള്ള ബന്ധത്തെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ, 2019ൽ ചന്ദ്രയാൻ-2 പാദമുദ്രകൾ അവശേഷിപ്പിച്ച സ്ഥലത്തെ ഇനി ‘തിരംഗ’ എന്ന് വിളിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആ സമയത്തും അത്തരം നിർദേശം ഉണ്ടായിരുന്നു, പക്ഷേ എന്തുകൊണ്ടോ ഹൃദയം അതിനു തയ്യാറായില്ല. പൂർണ വിജയമാകുന്ന ദൗത്യത്തിന് ശേഷം മാത്രമേ ചന്ദ്രയാൻ -2ന്റെ പോയിന്റിന് പേര് നൽകൂ എന്ന നിശബ്ദ തീരുമാനം സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. “എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള ശക്തി ‘തിരംഗ’ നൽകുന്നു,” പ്രധാനമന്ത്രി പറഞ്ഞു. ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാനുള്ള തീരുമാനവും അദ്ദേഹം അറിയിച്ചു. സന്ദർശന വേളയിൽ ആഗോള സമൂഹം ഇന്ത്യക്കു നൽകിയ ആശംസകളും അഭിനന്ദന സന്ദേശങ്ങളും പ്രധാനമന്ത്രി കൈമാറി.

നേട്ടങ്ങളുടെയും വിജയങ്ങളുടെയും അടിസ്ഥാനത്തിൽ ഇന്ത്യ പുതിയ സ്വാധീനം സൃഷ്ടിക്കുകയാണെന്നും ലോകം അതു ശ്രദ്ധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 40 വർഷത്തിനിടെ ഇതാദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിച്ചതിനെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി ശ്രീ മോദി, ഗ്രീസിന്റെ ഇന്ത്യയോടുള്ള സ്നേഹവും ആദരവും ഉയർത്തിക്കാട്ടി. ഒരുതരത്തിൽ ഗ്രീസ് യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കവാടമായി മാറുമെന്നും ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധങ്ങൾക്കു കരുത്തുറ്റ മാധ്യമമാകുമെന്നും അദ്ദേഹം പറഞ്ഞു

ശാസ്ത്രരംഗത്തു യുവാക്കളുടെ പങ്കാളിത്തം കൂടുതൽ മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നൽ നൽകി. അതിനാൽ, ബഹിരാകാശ ശാസ്ത്രം എങ്ങനെ മികച്ച ഭരണത്തിനും സാധാരണ പൗരന്റെ ജീവതം സുഗമമാക്കുന്നതിനും പ്രയോജനപ്പെടുത്താം എന്നതു ചിന്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേവന വിതരണത്തിലും സുതാര്യതയിലും പൂർണതയിലും ബഹിരാകാശ ശാസ്ത്രത്തെ പ്രയോജനപ്പെടുത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിന് ഗവണ്മെന്റ് വകുപ്പുകളെ ചുമതലപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങളെക്കുറിച്ച് അദ്ദേഹം ആവർത്തിച്ചു. ഇതിനായി വരും ദിവസങ്ങളിൽ ഹാക്കത്തോണുകൾ സംഘടിപ്പിക്കും.

21-ാം നൂറ്റാണ്ട് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കാൻ ശാസ്ത്ര – സാങ്കേതികവിദ്യയുടെ പാതയിൽ നാം കൂടുതൽ ദൃഢമായി നീങ്ങേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു. പുതിയ തലമുറയിൽ ശാസ്ത്രബോധം വളർത്തുന്നതിന്, ചന്ദ്രയാൻ വിജയം സൃഷ്ടിച്ച ആവേശം ‘ശക്തി’യിലേക്ക് നയിക്കേണ്ടതുണ്ട്. ഇതിനായി സെപ്തംബർ ഒന്നു മുതൽ MyGov-ൽ ക്വിസ് മത്സരം സംഘടിപ്പിക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ശാസ്ത്ര – സാങ്കേതികവിദ്യകൾക്കായി വിപുലമായ വ്യവസ്ഥകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന ജി-20 ഉച്ചകോടി, രാജ്യം മുഴുവൻ ആതിഥേയത്വം വഹിക്കുന്ന അവസരമാണെന്നും എന്നാൽ അതിന്റെ പരമാവധി ഉത്തരവാദിത്വം ഡൽഹിയിൽ നിക്ഷിപ്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. “രാഷ്ട്രങ്ങളുടെ അഭിമാനത്തിന്റെ പതാകകൾ ഉയർത്തിപ്പിടിക്കാനുള്ള അവസരമെന്ന സൗഭാഗ്യമാണ് ഡൽഹിക്കു ലഭിച്ചിരിക്കുന്നത്”- ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ ആതിഥ്യമര്യാദ പ്രകടിപ്പിക്കാനുള്ള നിർണായക അവസരമായതിനാൽ ഡൽഹി ‘അതിഥി ദേവോ ഭവ’ എന്ന പാരമ്പര്യം പിന്തുടരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “സെപ്തംബർ 5 മുതൽ 15 വരെ നിരവധി പ്രവർത്തനങ്ങൾ നടക്കും. ഡൽഹിയിലെ ജനങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിനു ഞാൻ മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. ഒരു കുടുംബമെന്ന നിലയിൽ, എല്ലാ വിശിഷ്ടാതിഥികളും നമ്മുടെ അതിഥികളാണ്. കൂട്ടായ പരിശ്രമത്തിലൂടെ നമ്മുടെ ജി-20 ഉച്ചകോടി ഗംഭീരമാക്കേണ്ടതുണ്ട്”- അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന രക്ഷാബന്ധനെക്കുറിച്ചും ചന്ദ്രനെ ഭൂമിയുടെ സഹോദരനായി കണക്കാക്കുന്ന ഇന്ത്യൻ പാരമ്പര്യത്തെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി, സന്തോഷകരമായ രക്ഷാബന്ധന് ആഹ്വാനം ചെയ്യുകയും ഉത്സവത്തിന്റെ ആവേശം നിറഞ്ഞ മനോഭാവം നമ്മുടെ പാരമ്പര്യത്തെ ലോകത്തിനു പരിചയപ്പെടുത്തുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. സെപ്തംബറിൽ ജി-20 ഉച്ചകോടി വൻ വിജയമാക്കി ഡൽഹിയിലെ ജനങ്ങൾ നമ്മുടെ ശാസ്ത്രജ്ഞരുടെ നേട്ടങ്ങൾക്ക് പുതിയ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

 

 

***

–ND–