Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രതിരോധ സാമഗ്രികളുടെ നിര്‍മാണത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന സെമിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ


മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. രാജ്നാഥ്ജി, സംയുക്ത സേനാ മേധാവി (ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്) ജനറല്‍ ബിപിന്‍ റാവത്ത്, സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളുടെയും തലവന്മാര്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കളെ, നമസ്‌ക്കാരം.
ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട എല്ലാവരും ഇവിടെ സന്നിഹിതരായിട്ടുള്ളതില്‍ ഞാന്‍ അതിയായി ആഹ്ളാദിക്കുന്നു. ഈ സെമിനാര്‍ സംഘടിപ്പിച്ചതിന് പ്രതിരോധ മന്ത്രി രാജ്നാഥ്ജിയെയും അദ്ദേഹത്തിന്റെ മുഴുവന്‍ ടീമിനെയൂം ഞാന്‍ അഭിനന്ദിക്കുന്നു. ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ഈ സെമിനാര്‍ പ്രതിരോധ മേഖലയിലെ സ്വാശ്രയത്വത്തിനുളള നമ്മുടെ പരിശ്രമങ്ങള്‍ക്ക് പ്രോത്സാഹനമേകും. ഈ കൂട്ടായ സജീവ ചര്‍ച്ചകളില്‍ നിങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ വരുംദിവസങ്ങളില്‍ വളരെയേറെ ഗുണകരമാകും.
പ്രതിരോധ മന്ത്രി രാജ്നാഥ്ജി ഒരു ദൗത്യമാതൃകയില്‍ ഉറച്ചുവിശ്വസിക്കുന്നു എനിക്ക് അതിയായ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ അക്ഷീണപ്രയത്‌നം വളരെയധികം ഫലപ്രദമാകുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
സുഹൃത്തുക്കളെ, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ലോകത്തെ പ്രധാനപ്പെട്ട പ്രതിരോധ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യയെന്നത് ആരില്‍ നിന്നും മറച്ചുവയ്ക്കേണ്ടതില്ല. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ പ്രതിരോധ സാമഗ്രികളുടെ ഉല്‍പ്പാദനത്തില്‍ അതിന് വലിയ കാര്യശേഷിയുണ്ടായിരുന്നു. 100 വര്‍ഷം പഴക്കമുള്ള മികച്ച പരിസ്ഥിതി പ്രതിരോധ ഉല്‍പ്പാദനത്തിന് ഇന്ത്യയില്‍ ഉണ്ടായിരുന്നു. ഇന്ത്യയെപ്പോലെ വിഭവങ്ങളും ശേഷിയും മറ്റ് നിരവധി രാജ്യങ്ങള്‍ക്ക് ഇല്ല. എന്നാല്‍ കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിലായി ഈ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയില്ലെന്നതാണ് നിര്‍ഭാഗ്യകരം. ഒരുതരത്തില്‍ പറഞ്ഞാല്‍ പതിവ് ശ്രമങ്ങള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഗൗരവതരമായ ഒരു പരിശ്രമവും നടത്തിയില്ല. എന്നാല്‍ നമ്മേക്കാളും വളരെ താമസിച്ച് തുടക്കം കുറിച്ച പല രാജ്യങ്ങളും കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ നമുക്ക് മുന്നില്‍ ഓടിയെത്തിക്കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ സാഹചര്യം മാറിവരികയാണ്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഈ മേഖലയിലെ കാല്‍ച്ചങ്ങലകള്‍ അഴിച്ചുമാറ്റാനുള്ള മൂര്‍ത്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് നിങ്ങള്‍ അനുഭവിച്ചറിയുന്നുണ്ടാകും. ഈ മേഖലയിലെ നിര്‍മ്മാണങ്ങളും പുതിയ സാങ്കേതികവിദ്യകളും ഇന്ത്യയില്‍ പരമാവധി വര്‍ദ്ധിപ്പിക്കുകയും ഈ പ്രത്യേക മേഖലയില്‍ സ്വകാര്യമേഖലയുടെ പരമാവധി വളര്‍ച്ച സാധ്യമാക്കുകയുമാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ട് ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, എല്ലാവര്‍ക്കും വിജയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക, കയറ്റുമതി നടപടിക്രമങ്ങള്‍ ലളിതമാക്കുക, തുല്യമായ സാഹചര്യങ്ങള്‍ പരിഷ്‌കരിക്കുക തുടങ്ങിയവ ഉള്‍പ്പെടെ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ, ഈ നടപടികളെല്ലാം മൂലമുണ്ടായ എറ്റവും പ്രധാനപ്പെട്ടതെന്ന് ഞാന്‍ കരുതുന്നതെന്തെന്നാല്‍ പ്രതിരോധ മേഖലയെ സംബന്ധിച്ച് മനോനിലയില്‍ ഉണ്ടായ മാറ്റമാണ്. നമുക്ക് ഇത് അനുഭവിക്കാനാകും, ഒരു പുതിയ മനോഭാവത്തിന്റെ പിറവി ഇവിടെ ഉണ്ടായിട്ടുണ്ട്. ആധുനിക സ്വാശ്രയ ഇന്ത്യ ഉണ്ടാക്കാന്‍ പ്രതിരോധ മേഖലയില്‍ ആത്മവിശ്വാസത്തിന്റെ ഉത്സാഹം പരമ പ്രധാനമാണ്. വളരെക്കാലമായി സംയുക്ത സേനാ മേധാവിയെ നിയമിക്കുന്നതിനെക്കുറിച്ച് രാജ്യത്ത് വാദപ്രതിവാദം നടന്നുകൊണ്ടിരുന്നു, എന്നാല്‍ ഒരു തീരുമാനവും എടുത്തില്ല. ഇക്കാര്യത്തില്‍ ഇപ്പോള്‍ കൈക്കൊണ്ട തീരുമാനം ആത്മവിശ്വാസമുള്ള നവ ഇന്ത്യയുടെ അടയാളമാണ്.
വളരെക്കാലമായി പ്രതിരോധ ഉല്‍പ്പാദനത്തില്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തിന് അനുമതിയുണ്ടായിരുന്നില്ല. ബഹുമാന്യനായ അടല്‍ജിയുടെ ഗവണ്‍മെന്റ് ആദ്യ മുന്‍കൈയെടുത്തു. ഞങ്ങളുടെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം കുടുതല്‍ പരിഷ്‌ക്കാരങ്ങള്‍ നടന്നു. ഈ മേഖലയില്‍ സ്വാഭാവികമായി തന്നെ 74% നേരിട്ടുള്ള വിദേശനിക്ഷേപത്തിനായി വാതിലുകള്‍ തുറന്നു. ഇത് നവ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പരിണിതഫലമാണ്. 
പതിറ്റാണ്ടുകളായി, ആയുധ ഫാക്ടറികള്‍ ഗവണ്‍മെന്റ് വകുപ്പുകള്‍ പോലെയാണ് നടത്തിക്കൊണ്ടിരുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാടു മൂലം രാജ്യം മാത്രമായിരുന്നില്ല, പ്രതിഭയും പ്രതിജ്ഞാബദ്ധതയുമുള്ള, കഠിനപ്രയത്നശാലികളും പരിചയസമ്പന്നരുമായ തൊഴിലാളിവര്‍ഗ്ഗത്തില്‍പ്പെട്ട അവിടെ പ്രവര്‍ത്തിച്ചിരുന്ന ആളുകളും വളരെയധികം ക്ലേശം അനുഭവിച്ചു.
കോടിക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാന്‍ കഴിയുമായിരുന്ന ഈ മേഖലയുടെ പരിമിതപ്പെട്ടുപോയി. ഇപ്പോള്‍ ആയുധ ഫാക്ടറികളെ കോര്‍പ്പറേറ്റ്വല്‍ക്കരിക്കുന്നതിനുള്ള ദിശയിലേക്ക് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. സൈന്യത്തിനും തൊഴിലാളികള്‍ക്കും ഇത് ഗുണമുണ്ടാക്കും. നവ ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ തെളിവാണിത്.
സുഹൃത്തുക്കളെ, പ്രതിരോധമേഖലയിലെ നിര്‍മ്മാണങ്ങളിലെ സ്വാശ്രയത്വത്തിനുള്ള നിശ്ചയദാര്‍ഡ്യം കടലാസുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. അത് നടപ്പിലാക്കുന്നതിനായി നിരവധി മൂര്‍ത്തമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സി.ഡി.എസിന്റെ സൃഷ്ടി സംഭരണത്തില്‍ സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളുമായുള്ള ഏകോപനം മെച്ചപ്പെടുത്തുകയും അത് പ്രതിരോധ ഉപകരണങ്ങളുടെ വാങ്ങല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്തു. വരുംദിവസങ്ങളില്‍ ആഭ്യന്തര വ്യവസായങ്ങള്‍ക്കുള്ള ഓര്‍ഡറുകളുടെ അളവ് വര്‍ദ്ധിക്കാന്‍ പോവുകയാണ്. ഇത് ഉറപ്പാക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ ബജറ്റിന്റെ ഒരു ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുന്നതിനായി മാറ്റിവെച്ചിരിക്കുകയാണ്.
അടുത്തിടെ 101 പ്രതിരോധ ഉല്‍പന്നങ്ങള്‍ പൂര്‍ണ്ണമായി ആഭ്യന്തര വാങ്ങലിനായി സംരക്ഷിച്ചിരിക്കുന്നതിന് നിങ്ങള്‍ക്ക് കാണാനാകും. വരും ദിവസങ്ങളില്‍ ഈ പട്ടിക കുടുതല്‍ സമഗ്രമാക്കുകയും കൂടുതല്‍ ഇനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഈ പട്ടികയുടെ ലക്ഷ്യം ഇറക്കുമതി നിയന്ത്രിക്കുകയെന്ന് മാത്രമല്ല, ഇന്ത്യയിലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടി വേണ്ടിയാണ് ഈ നടപടി കൈക്കൊണ്ടിട്ടുള്ളത്. സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ എം.എസ്.എം.ഇയിലോ അല്ലെങ്കില്‍ സ്റ്റാര്‍ട്ട് അപ്പിലോ എവിടെയോ ആകട്ടെ ഗവണ്‍മെന്റിന്റെ മനോഭാവവും ഭാവി സാദ്ധ്യതകളും സുഹൃത്തുക്കളെ നിങ്ങള്‍ക്ക് മുന്നിലുണ്ട്.
ഇതോടൊപ്പം സംഭരണ പ്രക്രിയ വേഗത്തിലാക്കാനും പരിശോധനാ സംവിധാനം കാര്യക്ഷമമാക്കാനും ഗുണനിലവാര ആവശ്യകതകള്‍ യുക്തിസഹമാക്കാനും ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രയത്നങ്ങള്‍ക്ക് സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളില്‍ നിന്നും സൗഹാര്‍ദ്ദപരമായ സഹകരമുണ്ട് എന്നതില്‍ ഞാന്‍ സന്തോഷവാനുമാണ്. ഒരുതരത്തില്‍ ഇത് സജീവമായ ഒരു പങ്കാണ്.
സുഹൃത്തുക്കളെ, ആധുനിക ഉപകരണങ്ങളില്‍ സ്വാശ്രയത്വത്തിന് സാങ്കേതിക വിദ്യ പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്. വരുംതലമുറ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കേണ്ടത് അനിവാര്യമാണ്. ഇത് നേടിയെടുക്കുന്നതിനായി ഡി.ആര്‍.ഡി.ഒയ്ക്ക് പുറമെ സ്വകാര്യമേഖല അക്കാദമിക സ്ഥാപനങ്ങളുടെ ഗവേഷണവും നൂതനാശയങ്ങളുമൊക്കെ പ്രോത്സാഹിപ്പിക്കും. സാങ്കേതികവിദ്യാ കൈമാറ്റ സൗകര്യങ്ങള്‍ക്ക് പകരം വിദേശ പങ്കാളികളുമായി ചേര്‍ന്ന് സഹകരിച്ചുള്ള നിര്‍മ്മാണത്തിനായിരിക്കും ഊന്നല്‍ നല്‍കുന്നത്. നമ്മുടെ വിപണിയുടെ വലിപ്പം കണക്കാക്കിക്കൊണ്ട് നമ്മുടെ വിദേശ പങ്കാളികള്‍ക്ക് ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കാനുള്ള ഏറ്റവും മികച്ച സ്വാതന്ത്ര്യമുണ്ട്.
സുഹൃത്തുക്കളെ, നമ്മുടെ ഗവണ്‍മെന്റ് തുടക്കം മുതല്‍ തന്നെ പരിഷ്‌ക്കരണം, പ്രകടനം, പരിവര്‍ത്തനം എന്ന മന്ത്രത്തിലധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ചുവപ്പുനാട കുറച്ച് ചുവന്ന പരവതാനി വിരിക്കുന്നതിനാണ് ഞങ്ങളുടെ പരിശ്രമം. 2014 മുതല്‍ വ്യാപാരം സുഗമമാക്കുന്നതിനു നടന്ന പരിഷ്‌ക്കാരങ്ങള്‍ ലോകമാകെ കണ്ടിട്ടുണ്ട്. ബൗദ്ധിക സ്വത്തവകാശം, നികുതി, ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്റപ്റ്റന്‍സി, എറ്റവും ബുദ്ധിമുട്ടേറിയതും സങ്കീര്‍ണ്ണവുമെന്ന് കരുതിയിരുന്ന ബഹിരാകാശം, ആണവോര്‍ജ്ജം എന്നിവയിലൊക്കെ ഞങ്ങള്‍ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവന്നു. ഇപ്പോള്‍ തൊഴില്‍ നിയമങ്ങളിലുണ്ടായ പരിഷ്‌ക്കരണ ശൃംഖലകളെക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ ബോധവാന്മാരാണ്, ഇത് ഒരു തുടര്‍പ്രക്രിയയുമാണ്.
കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ വിഷയങ്ങളില്‍ ഒരു ചിന്തയുമുണ്ടായിരുന്നില്ല. ഇന്ന് ഈ പരിഷ്‌ക്കാരങ്ങള്‍ പ്രായോഗികമായി. പരിഷ്‌ക്കരണത്തന്റെ പ്രക്രിയകള്‍ ഇവിടെ അവസാനിക്കില്ല; ഞങ്ങള്‍ മുന്നോട്ടുപോവുകയാണ്. അതുകൊണ്ട് അവസാനിപ്പിക്കലോ ക്ഷീണിക്കലോ ഇല്ല. ഞാനോ നിങ്ങളോ ക്ഷീണിതരാവില്ല. നമ്മള്‍ക്ക് മുന്നോട്ട് തന്നെ പോകണം. ഞങ്ങളുടെ ഭാഗത്തുനിന്നു ഞാന്‍ പറയുന്നു, ഇത് ഞങ്ങളുടെ പ്രതിബദ്ധതയാണ്.
സുഹൃത്തുക്കളെ, പശ്ചാത്തല സൗകര്യത്തെക്കുറിച്ചാണെങ്കില്‍ പ്രതിരോധ ഇടനാഴിയുടെ പ്രവര്‍ത്തനം മിന്നല്‍വേഗത്തില്‍ നടക്കുകയാണ്. ഉത്തര്‍പ്രദേശ്, തമിഴ്നാട് ഗവണ്‍മെന്റുകളുമായി സഹകരിച്ചുകൊണ്ട് അത്യന്താധുനിക പശ്ചാത്തല സൗകര്യമാണ് വികസിപ്പിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഞങ്ങള്‍ 20,000 കോടി രൂപയുടെ നിക്ഷേപ ലക്ഷ്യമാണ് വെച്ചിട്ടുള്ളത്. എം.എസ്.എം.ഇകളും സ്റ്റാര്‍ട്ട് അപ്പുകളുമായി ബന്ധപ്പെട്ട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുടക്കം കുറിച്ച ഐഡക്സില്‍ നിന്നു നല്ല ഫലമാണ് ലഭിക്കുന്നത്. ഈ വേദിയിലൂടെ 50 ലധികം സ്റ്റാര്‍ട്ട് അപ്പുകള്‍ സായുധ സേനകളുടെ ഉപയോഗത്തിനായി സാങ്കേതികവിദ്യകളും ഉല്‍പ്പന്നങ്ങളും വികസിപ്പിച്ചു.
സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. സ്വാശ്രയ ഇന്ത്യ എന്ന നമ്മുടെ ദൃഢനിശ്ചയം ആഭ്യന്തമായി മാത്രം നോക്കുന്നതല്ല. ഇന്ത്യയെ ശക്തമാക്കുകയെന്ന ആശയത്തിന് പിന്നില്‍ ആഗോള സമ്പദ്ഘടനയെ ആഗോള സമാധാനത്തിന് വേണ്ടി കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതും സ്ഥായിയായും ആക്കി മാറ്റുകയെന്ന ചിന്തയും ഉണ്ട്. അതേ ഉത്സാഹം തന്നെയാണ് പ്രതിരോധ മേഖലയിലെ സ്വാശ്രയത്വത്തിന് പിന്നിലുള്ളതും. നിരവധി സൗഹൃദരാജ്യങ്ങള്‍ക്ക് പ്രതിരോധ ഉല്‍പ്പന്നങ്ങളുടെ വിശ്വസ്ത വിതരണക്കാരാകുന്നതിന് ഇന്ത്യക്കു കാര്യശേഷിയുണ്ട്. ഇത് ഇന്ത്യയുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിനു പുതിയം വേഗം പകരുകയും ഇന്ത്യക്കു പുതിയ ചലനാത്മകത നല്‍കുകയും ഇന്ത്യന്‍ മഹാസമുദ്ര മേഖലയ്ക്കാതെ സുരക്ഷ നല്‍കുന്നവര്‍ എന്ന രീതിയില്‍ ഇന്ത്യയുടെ പങ്ക് ശക്തമാക്കുകയും ചെയ്യും.
സുഹൃത്തുക്കളെ, 
ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളും പ്രതിജ്ഞാബദ്ധതയും നിങ്ങള്‍ക്ക് മുന്നിലുണ്ട്. സ്വാശ്രയ ഇന്ത്യക്കായുള്ള പ്രതിജ്ഞ നമ്മള്‍ക്ക് ഒന്നിച്ച് കൈക്കൊള്ളാം. സ്വകാര്യമേഖലയോ അല്ലെങ്കില്‍ പൊതുമേഖലയോ അല്ലെങ്കില്‍ നമ്മുടെ വിദേശപങ്കാളികളോ ആയിക്കോട്ടെ, സ്വാശ്രയ ഇന്ത്യ എന്നത് എല്ലാവര്‍ക്കും വിജയകരമായ ഒരു പ്രതിജ്ഞയാണ്. നിങ്ങള്‍ക്ക് മികച്ച പരിസ്ഥിതി പ്രദാനം ചെയ്യുന്നതിന് ഞങ്ങളുടെ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്.
നിങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ വളരെയധികം ഉപയോഗപ്രദമാകും. പ്രതിരോധ ഉല്‍പ്പാദനത്തിന്റെയും കയറ്റുമതി പ്രോത്സാഹന നയത്തിന്റെ കരടു ബന്ധപ്പെട്ട എല്ലാവരുമായി പങ്കുവച്ചിട്ടുണ്ടെന്ന് എനിക്ക് അറിയാനായിട്ടുണ്ട്. ഈ നയം നേരത്തെ നടപ്പാക്കുന്നതിന് നിങ്ങളുടെ പ്രതികരണം സഹകരിക്കും. ഇന്നത്തെ സെമിനാര്‍ ഒരു പ്രാവശ്യത്തെ പരിപാടി മാത്രം ആകരുത് എന്നതും അനിവാര്യമാണ്; ഭാവിയിലും ഇത്തരം നിരവധി സെമിനാറുകള്‍ ഉണ്ടാകണം. വ്യവസായവും ഗവണ്‍മെന്റും തമ്മില്‍ നിരന്തരമായ ചര്‍ച്ചകളുടെയും പ്രതികരണങ്ങളുടെയും ഒരു സഹജാവബോധം ഉണ്ടാകണം.
ഈ സംയുക്തമായ പരിശ്രമങ്ങളിലൂടെ നമ്മുടെ ഈ പ്രതിജ്ഞ മൂര്‍ത്തിമത്താകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വാശ്രയ ഇന്ത്യ ഉണ്ടാക്കുന്നതിനായി ആത്മവിശ്വാസത്തോടെ ഇവിടെ ഒത്തുചേരുന്നതിനായി നിങ്ങളുടെ സമയം ചെലവഴിച്ചതിന് ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങളോട് നന്ദിപറയുന്നു. ഈ പ്രതിജ്ഞ സാക്ഷാത്കരിക്കുന്നതിനായി നമ്മളെല്ലാവരും നമ്മുടെ ഉത്തരവാദിത്തങ്ങള്‍ കുടുതല്‍ മികച്ച രീതിയില്‍ വിനിയോഗിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് മംഗളാശംസകള്‍ നേരുന്നു.
വളരെയധികം നന്ദി