Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലുള്ള സെമിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിലെ ആത്മനിര്‍ഭര്‍ ഭാരത് എന്ന വിഷയത്തിലുള്ള സെമിനാറിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു. പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് ആകേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം, നമ്മുടെ ലക്ഷ്യം പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനം മെച്ചപ്പെടുത്താനും പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനും പ്രതിരോധ മേഖലയില്‍ സ്വകാര്യ ഉല്‍പാദകര്‍ക്കു ശ്രദ്ധേയമായ ഇടം നല്‍കാനും ആണെന്നു വെളിപ്പെടുത്തി.

ദൗത്യ മാതൃകയില്‍ പ്രവര്‍ത്തിക്കുന്നതിനും വിശ്രമമില്ലാതെ യത്‌നിക്കുന്നതിനും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്നത്തെ സെമിനാര്‍ പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തില്‍ സ്വാശ്രയത്വം നേടുകയെന്ന ലക്ഷ്യത്തിനു വേഗം പകരുമെന്നു വ്യക്തമാക്കി.

ഇന്ത്യ സ്വതന്ത്രമായ സമയത്തു പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തില്‍ വന്‍ സാധ്യതകള്‍ നിലനിന്നിരുന്നു എന്നും എന്നാല്‍ ദശാബ്ദങ്ങളായി അതിനൊരു ശ്രമവും നടന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സാഹചര്യം മാറിവരികയാണെന്നും പ്രതിരോധ മേഖലയില്‍ പരിഷ്‌കാരം സാധ്യമാക്കുന്നതിനായി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടന്നുവരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലൈസന്‍സിങ് നടപടികള്‍ മെച്ചപ്പെടുത്തിയതും തുല്യ അവസരങ്ങള്‍ ഉറപ്പാക്കിയതും കയറ്റുമതി നടപടിക്രമങ്ങള്‍ ലഘൂകരിച്ചതും ഉള്‍പ്പെടെ ഇതിനായി ഏറെ നടപടികള്‍ കൈക്കൊണ്ടതായി അദ്ദേഹം വിശദീകരിച്ചു.

നവീനവും സ്വാശ്രയവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനു പ്രതിരോധ മേഖലയില്‍ ആത്മവിശ്വാസം അനിവാര്യമാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സി.ഡി.എസ്സുകളെ നിയോഗിക്കല്‍ തുടങ്ങി ദശാബ്ദങ്ങളായി നടപ്പാക്കാതെ കിടക്കുകയായിരുന്നു കാര്യങ്ങള്‍ നടപ്പാക്കിയതു പുതിയ ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സി.ഡി.എസ്സിനെ നിയമിച്ചതുവഴി വിവിധ സേനകള്‍ക്കിടയിലുള്ള ഏകോപനം സാധ്യമാക്കിയെന്നും പ്രതിരോധ സാമഗ്രികള്‍ സമാഹരിക്കുന്നതിനു സഹായകമായെന്നും ശ്രീ. മോദി പറഞ്ഞു. പ്രതിരോധ മേഖലയില്‍ 75 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചതു പുതിയ ഇന്ത്യയുടെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.

ബജറ്റ് മൂലധനത്തിന്റെ ഒരു വിഹിതം ആഭ്യന്തര വിപണിയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനു മാറ്റിവെക്കുന്നകും 101 ആഭ്യന്തര ഉല്‍പന്നങ്ങള്‍ വാങ്ങുന്നതു ആഭ്യന്തര പ്രതിരോധ വ്യവസായ മേഖലയ്ക്കു ഗൂണകരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശോധനാ സംവിധാനം വ്യവസ്ഥാപിതമാക്കുകയും സമാഹരണം വേഗത്തിലാക്കുകയുമൊക്കെ ചെയ്യാനുള്ള നടപടികള്‍ ഗവണ്‍മെന്റ് വേഗത്തിലാക്കുകയാണ്. ഓര്‍ഡന്‍സ് ഫാക്ടറികള്‍ കമ്പനിവല്‍ക്കരിക്കുന്നതിനെ കുറിച്ചു സംസാരിക്കവേ, ആ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതോടെ അതു തൊഴിലാളികളെയും പ്രതിരോധ മേഖലയെയും ശക്തമാക്കുമെന്നു വിശദീകരിക്കുകയും ചെയ്തു.

ആധുനിക ഉപകരണങ്ങളില്‍ സ്വാശ്രയത്വം നേടുന്നതിനായി സാങ്കേതിക വിദ്യ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത വിശദീകരിക്കവേ, ഡി.ആര്‍.ഡി.ഒയ്ക്കു പുറമെ സ്വകാര്യമേഖലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണവും നൂതനാശയങ്ങളും പ്രോല്‍സാഹിപ്പിക്കപ്പെടണമെന്നു പ്രധാനമന്ത്രി പറഞ്ഞു വിദേശ പങ്കാളികളുമായി ചേര്‍ന്നു സംയുക്ത സംരംഭം ആരംഭിച്ച് ഒരുമിച്ച് ഉല്‍പാദനം നടത്തുന്നതിനാണ് ഊന്നല്‍ നല്‍കുന്നതെന്ന് അദ്ദേഹം പരാമര്‍ശിച്ചു.

പരിഷ്‌കാരം, പ്രകടനം, പരിവര്‍ത്തനം എന്ന മന്ത്രത്തെ അടിസ്ഥാനമാക്കിയാണു ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി ബൗദ്ധിക സ്വത്ത്, നികുതി സമ്പ്രദായം, പാപ്പരാക്കല്‍, ബഹിരാകാശം, ആണവോര്‍ജം എന്നീ മേഖലകളില്‍ ഗൗരവമേറിയ പരിഷ്‌കാരങ്ങള്‍ നടന്നുവരികയാണെന്നു വെളിപ്പെടുത്തി.

അടിസ്ഥാന സൗകര്യത്തെ കുറിച്ചു സംസാരിക്കവേ, ഉത്തര്‍പ്രദേശിലും തമിഴ്‌നാട്ടിലുമുള്ള രണ്ടു പ്രതിരോധ ഇടനാഴികളെ കുറിച്ചു പ്രധാനമന്ത്രി വിശദീകരിച്ചു. ഉത്തര്‍പ്രദേശിലെയും തമിഴ്‌നാട്ടിലെയും ഗവണ്‍മെന്റുകളുമായി ചേര്‍ന്നു മികച്ച അടിസ്ഥാന സൗകര്യം ഒരുക്കിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. വരുന്ന അഞ്ചു വര്‍ഷത്തിനിടെ 20,000 കോടി രൂപ നിക്ഷേപിക്കാനാണു പദ്ധതി.

സംരംഭകരെ, വിശേഷിച്ചും എം.എസ്.എം.ഇകളുമായും സ്റ്റാര്‍ട്ടപ്പുകളുമായും ബന്ധമുള്ളവരെ, പ്രോല്‍സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചു തുടക്കമിട്ട ഐഡെക്‌സിനു നല്ല പ്രതികരണമാണു ലഭിക്കുന്നതെന്നു പ്രധാനമന്ത്രി വെളിപ്പെടുത്തി. ഈ സംവിധാനത്തിലൂടെ അന്‍പതിലേറെ സ്റ്റാര്‍ട്ടപ്പുകള്‍ സൈനിക ആവശ്യത്തിനുള്ള സാങ്കേതിക വിദ്യയും ഉല്‍പന്നങ്ങളും വികസിപ്പിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.

ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധികളെ മറികടക്കാന്‍ കെല്‍പുള്ളതും സുസ്ഥിരവുമാക്കാനും ലോകത്തില്‍ സമാധാനം ഉറപ്പാക്കാനും കഴിയുന്ന ഇന്ത്യ കെട്ടിപ്പടുക്കുകയാണു ലക്ഷ്യമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഇതാണ് പ്രതിരോധ ഉല്‍പാദനത്തില്‍ ആത്മനിര്‍ഭാരത് എന്ന പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. സുഹൃദ് രാഷ്ട്രങ്ങള്‍ക്കെല്ലാം പ്രതിരോധ സാമഗ്രികള്‍ ലഭ്യമാക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. ഇതു സാധ്യമാകുന്നത് സുരക്ഷാ സന്നാഹങ്ങള്‍ ലഭ്യമാക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യക്കുള്ള സ്ഥാനത്തെയും ഒപ്പം ഇന്ത്യയുടെ തന്ത്രപ്രധാനമായ ബന്ധത്തെയും ശക്തിപ്പെടുത്തും.

പ്രതിരോധ ഉല്‍പാദനവും പ്രതിരോധ പ്രോല്‍സാഹന നയവും സംബന്ധിച്ച കരടിന്‍മേല്‍ ലഭിച്ച ജനങ്ങളുടെ പ്രതികരണം നയം പരമാവധി നേരത്തെ നടപ്പാക്കുന്നതിനു ഗുണകരമാകുമെന്നു ശ്രീ. മോദി വ്യക്തമാക്കി.

സ്വാശ്രയ പൂര്‍ണമായ ആത്മനിര്‍ഭര്‍ ഭാരത് യാഥാര്‍ഥ്യമാക്കുന്നതിനുള്ള ദൃഢനിശ്ചയം യാഥാര്‍ഥ്യമാക്കുന്നതില്‍ ഒരുമിച്ചുചേര്‍ന്നുള്ള പ്രവര്‍ത്തനം നിര്‍ണായകമാണെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വാക്കുകള്‍ ഉപസംഹരിച്ചത്.