പൊതുമേഖലയില്‍ പ്രതിരോധ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്നതിന് നിലവിലുള്ള പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ റദ്ദാക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷ്യതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിരോധ മേഖലയില്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങുന്നതിന് 2012 ഫെബ്രുവരിയില്‍ വിജ്ഞാപനം ചെയ്ത ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇനി ബാധകമായിരിക്കില്ല.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഒരു പോലെ ബാധകമായ കേന്ദ്ര ധനകാര്യ മന്ത്രാലയവും, പൊതു സംരംഭകത്വ വകുപ്പും കാലാകലങ്ങളില് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാകും ഈ സംയുക്ത സംരംഭങ്ങള്‍ക്കും ബാധകമായിരിക്കുക. ഈ മേഖലയില്‍ സ്വദേശി വല്‍ക്കരണത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം നേടാന്‍ ഇതുവഴി സാധിക്കും. കൂടാതെ സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും സമാനമായ സാഹചര്യങ്ങള്‍ ഇത് ഒരുക്കും. ദേശീയ സുരക്ഷാ താല്പര്യങ്ങള് കണക്കിലെടുത്തു കൊണ്ട് പ്രതിരോധ രംഗത്ത് വര്‍ദ്ധിച്ച് തോതില്‍ സ്വാശ്രയത്വം കൈവരിക്കുന്നതിന് ഉതകുന്ന നൂതന പങ്കാളിത്തങ്ങള്‍ക്കും ഇത് സഹായകമാകും.
ഈ തീരുമാനം പൊതു മേഖലയിലെ 9 പ്രതിരോധ സ്ഥാപനങ്ങളായ മാസഡോണ് ഡോക്ക് ലിമിറ്റഡ്, ഗോവ ഷിപ്പിയാഡ് ലിമിറ്റഡ്, ഗാര്ഡന് റീച്ച് ഷിപ്പ് ബില്‍ഡേഴ്സ് ആന്റ് എഞ്ചിനീയേഴ്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഷിപ്പിയാഡ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഏറോണോട്ടിക്സ് ലിമിറ്റഡ്, ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്സ് ലിമിറ്റഡ്, മിശ്ര ധാതു നിഗം ലിമിറ്റഡ് എന്നിവയ്ക്ക് ഗുണം ചെയ്യും.
പൊതുമേഖലയിലെ പ്രതിരോധ സ്ഥാപനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ നടപ്പിലാക്കല്‍ ഘട്ടത്തില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങളാണ് അവ റദ്ദാക്കാനുള്ള തീരുമാനത്തിനു പിന്നില്‍. മാത്രവുമല്ല മേക്ക് ഇന്‍ ഇന്ത്യയിലൂടെ തദ്ദേശവല്ക്കരണത്തിന് മുന്തിയ പ്രാധാന്യം നല്കുന്ന കാലത്ത് നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളത് പൊരുത്തകേടും അവ്യക്തതയും സൃഷ്ടിക്കുമെന്നത് കൂടി കണക്കിലെടുത്താണ് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം.