Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി


പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായി കാര്യങ്ങള്‍ നടപ്പാക്കാനുമുള്ള വിവരസാങ്കേതിക വിദ്യാ അധിഷ്ഠിത ബഹുരൂപ വേദിയായ പ്രഗതിയിലൂടെയുള്ള തന്റെ പത്തൊന്‍പതാമത് ആശയവിനിമയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു.
തപാല്‍സേവനവുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ കൈകാര്യം ചെയ്യുകയും പരിഹരിക്കുകയും ചെയ്യുന്നതിലുള്ള പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. തപാല്‍വകുപ്പിന്റെ പ്രാധാന്യം വീണ്ടും വര്‍ധിച്ചിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവര്‍ത്തനരീതിയില്‍ ഏതു വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു നടപടി കൈക്കൊണ്ടുവെന്നും പ്രധാനമന്ത്രി ആരാഞ്ഞു. തപാല്‍ വകുപ്പില്‍ മനുഷ്യവിഭവ ശേഷി കൈകാര്യം ചെയ്യുന്നതു സംബന്ധിച്ചും വ്യവസ്ഥാപിതമായ പുരോഗതി ആര്‍ജിക്കേണ്ടതു സംബന്ധിച്ചും അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കേണ്ടതു സംബന്ധിച്ചുമുള്ള കാര്യങ്ങള്‍ക്ക് അദ്ദേഹം ഊന്നല്‍ നല്‍കി.
ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, ഒഡീഷ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവ ഉള്‍പ്പെടെയുള്ള ഒട്ടേറെ സംസ്ഥാനങ്ങളില്‍ നടക്കുന്ന റെയില്‍വേ, റോഡ്, ഊര്‍ജ രംഗങ്ങളിലെ പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി അവലോകനം ചെയ്തു.

ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സി.സി.ടി.എന്‍.എസ്.) അദ്ദേഹം സമഗ്രമായി വിലയിരുത്തി. ക്രമാസമാധാനം, കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരല്‍ എന്നീ കാര്യങ്ങളില്‍ പരമാവധി നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നതിനാല്‍ ഈ ശൃംഖലയ്ക്കു നല്ല പരിഗണന നല്‍കാന്‍ സംസ്ഥാനങ്ങളോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു.