Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെ പ്രധാനമന്ത്രിയുടെ ആശയവിനിമയം


പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനുമുള്ള വിവര, ആശയവിനിമയ സാങ്കേതികവിദ്യാധഷ്ഠിത ബഹുരൂപ വേദിയായ പ്രഗതിയിലൂടെയുള്ള പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ 16ാമത് ആശയവിനിമയം നടന്നു.

ഇ.പി.എഫ്.ഒ., ഇ.എസ്.ഐ.സി., ലേബര്‍ കമ്മീഷണര്‍മാര്‍ എന്നിവയെ നിയന്ത്രിക്കുന്ന തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിലെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. നഷ്ടപരിഹാരങ്ങള്‍ ഓണ്‍ലൈനായി കൈമാറല്‍, ഇലക്ട്രോണിക് ചലാന്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, എസ്.എം.എസ്. അറിയിപ്പുകള്‍, യു.എ.എന്നും ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തല്‍, ടെലിമെഡിസിന്‍ ആരംഭിക്കില്‍, കൂടുതല്‍ വിദഗ്ധ ആശുപത്രികളെ പട്ടികയില്‍ പെടുത്തല്‍ തുടങ്ങി പരാതി പരിഹാര സംവിധാനത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ തൊഴില്‍വകുപ്പു സെക്രട്ടറി വിശദീകരിച്ചു.

തൊഴിലാളികളുടെയും ഇ.പി.എഫ്. ഗുണഭോക്താക്കളുടെയും വര്‍ധിച്ചുവരുന്ന പരാതികളില്‍ ആശങ്ക രേഖപ്പെടുത്തിയ പ്രധാനമന്ത്രി, തൊഴിലാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു ഗവണ്‍മെന്റ് ശ്രദ്ധിക്കണമെന്നു ചൂണ്ടിക്കാട്ടി. നിയമപരമായി ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തൊഴിലാളികള്‍ ബുദ്ധിമുട്ടേണ്ടുന്ന സാഹചര്യം ജനാധിപത്യരാഷ്ട്രത്തില്‍ ഉണ്ടാകരുതെന്നു പ്രധാനമന്ത്രി പറഞ്ഞു. വിരമിക്കുന്ന ജീവനക്കാര്‍ക്കു വിരമിക്കല്‍ ആനുകൂല്യങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനായി വിരമിക്കല്‍ ആനുകൂല്യങ്ങള്‍ കണക്കാക്കുന്ന പ്രവര്‍ത്തനം ഒരു വര്‍ഷം മുന്‍കൂട്ടി ആരംഭിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സര്‍വീസിലിരിക്കേ ജീവനക്കാര്‍ മരണപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോള്‍ നിശ്ചിത സമയത്തിനകം ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കണമെന്നും ഇത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമായി കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇ-നാം പദ്ധതിയുടെ പുരോഗതി വിലയിരുത്തവേ, 2016 ഏപ്രിലില്‍ എട്ടു സംസ്ഥാനങ്ങളിലെ 21 അങ്ങാടികളിലായി ആരംഭിച്ച പദ്ധതി ഇപ്പോള്‍ പത്തിലേറെ സംസ്ഥാനങ്ങളിലായി 250 അങ്ങാടികളിലേക്കു വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എ.പി.എം.സി. നിയമം പരിഷ്‌കരിക്കന്ന നടപടിക്രമങ്ങള്‍ 13 സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കി. ഇ-നാം രാജ്യത്താകമാനം നടപ്പാക്കുന്നതിനു സാഹചര്യമൊരുക്കാനായി ബാക്കി സംസ്ഥാനങ്ങള്‍ കൂടി എ.പി.എം.സി. നിയമം പരിഷ്‌കരിക്കാന്‍ തയ്യാറാകണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മൂല്യനിര്‍ണയത്തിനും വര്‍ഗീകരണത്തിനുമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക വഴി രാജ്യത്തെവിടെയുമുള്ള അങ്ങാടികളില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള സൗകര്യം കര്‍ഷകനു ലഭിച്ചാല്‍ മാത്രമേ കര്‍ഷകനു നേട്ടമുണ്ടാകുകയുള്ളൂ എന്നു പ്രധാനമന്ത്രി പറഞ്ഞു. ഇ-നാം പദ്ധതിയെക്കുറിച്ചു സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ അഭിപ്രായം അദ്ദേഹം ആരാഞ്ഞു.

തെലങ്കാന, ഒഡിഷ, മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ്, ഡെല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, സിക്കിം, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പ്രധാന റെയില്‍വേ, റോഡ്, ഊര്‍ജ, പ്രകൃതിവാതക രംഗങ്ങളിലെ പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ചെലവുവര്‍ധന ഒഴിവാക്കാമെന്നതിനാലും ജനങ്ങള്‍ക്കു യഥാസമയം നേട്ടമുണ്ടാകുമെന്നതിനാലും സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൈദരാബാദിലേക്കും സെക്കന്തരാബാദിലേക്കുമുള്ള ബഹുമാര്‍ഗ ഗതാഗത സംവിധാനത്തിന്റെ രണ്ടാം ഘട്ടം, അങ്കമാലി-ശബരിമല റെയില്‍പ്പാത, ഡെല്‍ഹി-മീററ്റ് എക്‌സ്പ്രസ് വേ, സിക്കിമിലെ റെനോക്ക്-പാക്യോങ് റോഡ് പദ്ധതി, കിഴക്കന്‍ ഇന്ത്യയില്‍ ഊര്‍ജമേഖലയിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതിയുടെ അഞ്ചാം ഘട്ടം തുടങ്ങിയ പദ്ധതികളും വിലയിരുത്തി. ഉത്തര്‍പ്രദേശിലെ ഫുല്‍പൂര്‍-ഹാല്‍ദിയ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പുരോഗതിയും ചര്‍ച്ച ചെയ്തു.

നഗരവികസനത്താനായുള്ള അമൃത് പദ്ധതി പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി പരിശോധിച്ചു. അമൃതിനു കീഴിലുള്ള അഞ്ഞൂറ് നഗരങ്ങളിലും താമസിക്കുന്നവര്‍ക്കു ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിമാര്‍ക്കു നിര്‍ദേശം നല്‍കി. നഗര്‍ എന്ന വാക്കിനെ നല്‍ (ശുദ്ധജലം), ഗട്ടര്‍ (ശുചിത്വം), രാസ്ത (റോഡുകള്‍) എന്ന രീതിയില്‍ കാണാന്‍ സാധിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പൗരന്മാരെ കേന്ദ്രീകരിച്ചുള്ള വികസനത്തിനാണ് അമൃതില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിസിനസ് ചെയ്യല്‍ സുഗമമായിരിക്കല്‍ സംബന്ധിച്ച ലോകബാങ്കിന്റെ ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് പരാമര്‍ശിക്കവേ, പ്രസ്തുത റിപ്പോര്‍ട്ട് പഠിച്ച് തങ്ങളുടെ സംസ്ഥാനങ്ങളിലും വകുപ്പുകളിലും ഇതിനായി വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ ഉണ്ടോ എന്നു വിലയിരുത്താന്‍ പ്രധാനമന്ത്രി എല്ലാ ചീഫ് സെക്രട്ടറിമാരോടും കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരോടും ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഒരു മാസത്തിനകം ബന്ധപ്പെട്ടവര്‍ സമര്‍പ്പിക്കണമെന്നും അതു ക്യാബിനറ്റ് സെക്രട്ടറി പുനഃപരിശോധന നടത്തണമെന്നും നിര്‍ദേശിച്ചു.

പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കപ്പെടുന്നു എന്ന ഉറപ്പുവരുത്താന്‍ കേന്ദ്ര ബജറ്റ് ഒരു മാസം നേരത്തേയാക്കുകയാണെന്നു പ്രധാനമന്ത്രി അറിയിച്ചു. ഇതിനനുസൃതമായ മാറ്റം പദ്ധതികളില്‍ വരുത്തി, ബജറ്റ് ഗുണകരമാക്കിത്തീര്‍ക്കാന്‍ സംസ്ഥാനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു.

വരാനിരിക്കുന്ന സര്‍ദാര്‍ പട്ടേല്‍ ജയന്തി സമയത്ത് തങ്ങള്‍ക്കു കീഴിലുള്ള വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കുറഞ്ഞത് ഒരു വെബ്‌സൈറ്റെങ്കിലും എല്ലാ അംഗീകൃത ഭാഷകളിലും ഉണ്ടെന്നുറപ്പു വരുത്താന്‍ എല്ലാ സെക്രട്ടറിമാരോടും ചീഫ് സെക്രട്ടറിമാരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.