Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രഗതിയിലൂടെ പ്രധാനമന്ത്രിയുടെ ആശയവിനിമയം


പ്രതികരണാത്മകമായ ഭരണത്തിനും സമയബന്ധിതമായ നടത്തിപ്പിനുമായുള്ള ഐ.സി.ടി. അധിഷ്ഠിത ബഹുതല വേദിയായ പ്രഗതിയിലൂടെ പ്രധാനമന്ത്രി 22ാമത്തെ തവണ ആശയവിനിമയം നടത്തി.

8.94 ലക്ഷം കോടി രൂപയുടെ നിക്ഷേപമടങ്ങിയ 190 പദ്ധതികളുടെ സമഗ്ര പുനരവലോകനമാണ് ആദ്യത്തെ 21 പ്രഗതി യോഗങ്ങളില്‍ നടന്നത്. 17 മേഖലകളുമായി ബന്ധപ്പെട്ടു പൊതുജനങ്ങള്‍ ഉയര്‍ത്തിയ പരാതികള്‍ക്കുള്ള മറുപടികളുമാണ് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്.

ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതിയാണ് ഇന്ന് 22ാമത് ആശയവിനിമയത്തില്‍ അവലോകനം ചെയ്തത്. ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്കു നല്‍കിയിട്ടുള്ള റൂപേ ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനു വഴികള്‍ തേടണമെന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറിയോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു. അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് സംവിധാനം എര്‍പ്പെടുത്തിയതിനാല്‍ ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്കുണ്ടായിട്ടുള്ള ആശ്വാസം അദ്ദേഹത്തിനു മുന്നില്‍ വിശദീകരിക്കപ്പെട്ടു.

തെലങ്കാന, കര്‍ണാടക, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍, മിസോറാം, കേരള, തമിഴ്‌നാട്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ന്യൂഡെല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ റെയില്‍വേ, റോഡ്, ഊര്‍ജം, കല്‍ക്കരി, വാതക പൈപ്പ്‌ലൈന്‍ മേഖലകളിലെ അടിസ്ഥാന സൗകര്യ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ഇന്ത്യ-മ്യാന്‍മര്‍ സൗഹൃദപ്പാലവും വിലയിരുത്തപ്പെട്ടു. 37,000 കോടിയിലേറെ രൂപയുടേതാണ് ഈ പദ്ധതികള്‍.

ദേശീയ പൈതൃക നഗര വികസനം, ഓഗ്മെന്റേഷന്‍ യോജന (ഹൃദയ്), ദിവ്യാംഗര്‍ക്കായുള്ള സുഗമ്യ ഭാരത് അഭിയാന്‍ എന്നിവയുടെ പ്രവര്‍ത്തനവും പ്രധാനമന്ത്രി പരിശോധിച്ചു.

പല കേന്ദ്ര ഗവണ്‍മെന്റ് വകുപ്പുകളും ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസു(ജെം)കള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സംസ്ഥാനങ്ങള്‍ മുന്നോട്ടുവരുന്നില്ലെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഭരണം വേഗത്തിലാക്കാനും സുതാര്യത വര്‍ധിപ്പിക്കാനും പ്രാദേശികതലത്തില്‍ സംരംഭങ്ങളെ പിന്തുണയ്ക്കാനും ‘ജെം’ സഹായകമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതിന്റെ ഉപയോഗം പരമാവധി വര്‍ധിപ്പിച്ചു താമസം, ചോര്‍ച്ച തുടങ്ങിയ തിരിച്ചടികള്‍ പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിമാരോടു പ്രധാനമന്ത്രി ആഹ്വാനംചെയ്തു.

ജി.എസ്.ടിയെ സ്വീകരിക്കാന്‍ രാജ്യത്താകമാനമുള്ള കച്ചവടക്കാര്‍ തയ്യാറാണെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സംവിധാനം കച്ചവടക്കാര്‍ക്കു പരിചയപ്പെടുത്തി നല്‍കാനായി ജില്ലാ ഭരണകൂടങ്ങളെ ഉപയോഗപ്പെടുത്തണമെന്നു ചീഫ് സെക്രട്ടറിമാരോടു പ്രധാനമന്ത്രി നിര്‍ദേശിച്ചു. കച്ചവട സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണമെങ്കില്‍ ചെറുകിട കച്ചവടക്കാര്‍ ജി.എസ്.ടി. ശൃംഖലയുടെ ഭാഗമായിത്തീരണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. നിര്‍ണായകമായ ഈ തീരുമാനത്തിലൂടെ സാധാരണക്കാരനും കച്ചവടക്കാര്‍ക്കും നേട്ടമുണ്ടാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കുക വഴി പണം കൈമാറുന്നതു പരമാവധി കുറച്ചുകൊണ്ടുവരാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.