Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘പ്രഗതി’യിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി

‘പ്രഗതി’യിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തി


സേവനസന്നദ്ധമായ ഭരണത്തിനും സമയബന്ധിതമായുള്ള നടത്തിപ്പിനുമായുള്ള ഐ.സി.ടി. അധിഷ്ഠിത, വൈവിധ്യമാര്‍ന്ന സംവിധാനമായ ‘പ്രഗതി’യിലൂടെയുള്ള 12-ാമത് ആശയവിനിമയം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു.
വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും വിതരണം ചെയ്യുന്നതിലെ പുരോഗതിയും തടസ്സങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ഇവയുടെ വിതരണം വൈകുന്നതിനുള്ള കാരണങ്ങള്‍ തിരക്കിയ പ്രധാനമന്ത്രി, വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യവിതരണം ആധാറുമായി ബന്ധപ്പെടുത്തുന്നതിലെ പുരോഗതിയെക്കുറിച്ചു ചോദിച്ചറിഞ്ഞു. സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളും വിതരണം ചെയ്യുന്നതു സംബന്ധിച്ച പരാതികളില്‍ വേഗം തീര്‍പ്പു കല്‍പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

ത്രിപുര, മിസോറാം, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഒഡിഷ, തെലങ്കാന, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലെയും റോഡ്, റെയില്‍വേ, ഉരുക്ക്, ഊര്‍ജം എന്നീ മേഖലകളിലെ പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ പ്രവര്‍ത്തനപുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധപ്പെടുത്തുന്ന അഖോറ-അഗര്‍ത്തല റെയില്‍വേ ലൈനിനെക്കുറിച്ചുള്ള വിശദാംശങ്ങളും ചര്‍ച്ച ചെയ്തു.

ഭീലായ് ഉരുക്കു പ്ലാന്റിന്റെ വികസനപ്രവര്‍ത്തനവും ആധുനികവല്‍ക്കരണവുമാണു വിലയിരുത്തപ്പെട്ട മറ്റൊരു പദ്ധതി. ഇതിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്നു ബോധ്യമായതോടെ, എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു ജോലി പെട്ടെന്നു പൂര്‍ത്തിയാക്കാന്‍ സ്റ്റീല്‍, ഹെവി എന്‍ജിനീയറിങ് മന്ത്രാലയങ്ങള്‍ക്കു നിര്‍ദേശം നല്‍കി.

സ്വച്ഛ് ഭാരത് മിഷനിലെ ‘വേസ്റ്റ് റ്റു വെല്‍ത്ത്’ പദ്ധതിയും വിലയിരുത്തപ്പെട്ടു. ‘വേസ്റ്റ് റ്റു കംപോസ്റ്റ്’, ‘വേസ്റ്റ് റ്റു എനര്‍ജി’ എന്നീ ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഈ പദ്ധതിയുടെ പ്രവര്‍ത്തനപുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ വിവിധ സംസ്ഥാനങ്ങള്‍ നല്‍കി.

ആരോഗ്യരംഗത്ത്, ക്ഷയരോഗം നിയന്ത്രണവിധേയമാക്കാനുള്ള റിവൈസ്ഡ് നാഷണല്‍ ട്യൂബര്‍കുലോസിസ് കണ്‍ട്രോള്‍ പ്രോഗ്രാം വിലയിരുത്തി. ജില്ലാടിസ്ഥാനത്തില്‍ മള്‍ട്ടി-ഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍കുലോസിസ് കണ്ടെത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. രോഗത്തെ പ്രതിരോധിക്കുന്നിതിനായുള്ള പ്രവര്‍ത്തനങ്ങളിലെ പുരോഗതി ജില്ലാടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിനും നിര്‍ദേശിച്ചു.

മാതൃ, ശിശു മരണനിരക്ക് (ഐ.എം.ആറും എം.എം.ആറും) കുറച്ചുകൊണ്ടുവരുന്നതിനുള്ള ശ്രമങ്ങളിലെ പുരോഗതിയും വിവിധ സംസ്ഥാനങ്ങള്‍ ഇതിനായി കൈക്കൊള്ളുന്ന നടപടികളും ചര്‍ച്ച ചെയ്യപ്പെട്ടു.