പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജൂലൈ 18 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി ഉദ്ഘാടനം ചെയ്യും.
കണക്ടിവിറ്റിയ്ക്കുള്ള അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കുക എന്നതിന് ഗവണ്മെന്റിൻറെ പ്രധാന ശ്രദ്ധ നൽകുന്ന ഒന്നാണ്. ഏകദേശം 710 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടത്തിന്റെ ഉദ്ഘാടനം, കേന്ദ്രഭരണ പ്രദേശമായ ദ്വീപിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കും. ഏകദേശം 40,800 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പുതിയ ടെർമിനൽ കെട്ടിടത്തിന് പ്രതിവർഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. രണ്ട് ബോയിംഗ്-767-400, രണ്ട് എയർബസ്-321 ഇനം വിമാനങ്ങൾക്ക് അനുയോജ്യമായ ഒരു ഏപ്രോൺ, പോർട്ട് ബ്ലെയർ എയർപോർട്ടിൽ 80 കോടി രൂപ ചെലവിൽ നിർമ്മിച്ചിട്ടുണ്ട്, ഇത് ഇപ്പോൾ ഒരേസമയം പത്ത് വിമാനങ്ങൾ പാർക്ക് ചെയ്യാൻ വിമാനത്താവളത്തെ അനുയോജ്യമാക്കുന്നു.
പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള , വിമാനത്താവള ടെർമിനലിന്റെ വാസ്തുവിദ്യാ രൂപകൽപ്പന കടലിനെയും ദ്വീപുകളെയും ചിത്രീകരിക്കുന്ന ചിപ്പിയുടെ ആകൃതിയിലുള്ള ഘടനയോട് സാമ്യമുള്ളതാണ്. പുതിയ വിമാനത്താവള ടെർമിനൽ കെട്ടിടത്തിൽ ചൂട് കുറയ്ക്കുന്നതിനുള്ള ഇരട്ട ഇൻസുലേറ്റഡ് റൂഫിംഗ് സംവിധാനം , കെട്ടിടത്തിനുള്ളിലെ കൃത്രിമ വെളിച്ച ഉപയോഗം കുറയ്ക്കുന്നതിന് പകൽസമയത്ത് സമൃദ്ധമായ പ്രകൃതിദത്ത സൂര്യപ്രകാശം നൽകുന്നതിനുള്ള സ്കൈലൈറ്റുകൾ, എൽഇഡി ലൈറ്റിംഗ്, കുറഞ്ഞ ചൂട് അനുഭവപ്പെടുന്ന ഗ്ലേസിംഗ് തുടങ്ങി നിരവധി സുസ്ഥിര സവിശേഷതകൾ ഉണ്ട്. ഭൂഗർഭ ജലസംഭരണിയിലെ മഴവെള്ള സംഭരണി, 100% സംസ്കരിച്ച മലിനജലം ലാൻഡ്സ്കേപ്പിംഗിനായി പുനരുപയോഗിക്കുന്ന സ്ഥലത്തെ മാലിന്യ സംസ്കരണ പ്ലാന്റ്, 500 KW ശേഷിയുള്ള സൗരോർജ്ജ പ്ലാന്റ് എന്നിവ ടെർമിനൽ കെട്ടിടത്തിന്റെ മറ്റ് ചില സവിശേഷതകളാണ്.
ആൻഡമാൻ നിക്കോബാറിലെ അതിമനോഹരമായ ദ്വീപുകളിലേക്കുള്ള ഒരു കവാടമെന്ന നിലയിൽ, പോർട്ട് ബ്ലെയർ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. വിശാലമായ പുതിയ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം വ്യോമഗതാഗതം വർധിപ്പിക്കുകയും മേഖലയിലെ ടൂറിസം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും. പ്രാദേശിക സമൂഹത്തിന് മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനും ഇത് സഹായിക്കും.
ND