Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്്രട വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്്രട വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


പോര്‍ട്ട് ബ്ലെയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഏകദേശം 710 കോടി രൂപ നിര്‍മ്മാണ ചെലവ് വരുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും.
പോര്‍ട്ട് ബ്ലെയറിലാണ് ഇന്നത്തെ പരിപാടി നടക്കുന്നതെങ്കിലും വീര്‍ സവര്‍ക്കര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം നിറവേറ്റപ്പെടുന്നതിനാല്‍ രാജ്യം മുഴുവന്‍ ആ കേന്ദ്രഭരണ പ്രദേശത്തേയ്ക്ക് ഉറ്റുനോക്കുകയാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ആഹ്ലാദകരമായ അന്തരീക്ഷവും പൗരന്മാരുടെ സന്തോഷകരമായ മുഖഭാവങ്ങളും അനുഭവിച്ചറിയാന്‍ സാധിക്കുമായിരുന്നതില്‍ ഈ അവസരത്തില്‍ സന്നിഹിതനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ആഗ്രഹവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. ”ആന്‍ഡമാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ ശേഷിയുള്ള വിമാനത്താവളം വേണമെന്നും ആവശ്യപ്പെട്ടിരുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള ടെര്‍മിനലിന് ഇതുവരെ 4000 വിനോദസഞ്ചാരികളെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണുണ്ടായിരുന്നതെന്നും എന്നാല്‍ പുതിയ ടെര്‍മിനലില്‍ ഇത് 11,000 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഇപ്പോള്‍ ഏത് സമയത്തും 10 വിമാനങ്ങള്‍ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്യാനാകുമെന്നും പോര്‍ട്ട് ബ്ലെയറിലെ വിമാനത്താവള സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നുള്ള വളര്‍ന്നുവരുന്ന ആഗ്രഹത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. കൂടുതല്‍ വിമാനങ്ങളും വിനോദസഞ്ചാരികളും ഈ മേഖലയിലേക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പോര്‍ട്ട് ബ്ലെയറിന്റെ പുതിയ ടെര്‍മിനല്‍ കെട്ടിടം യാത്ര സുഗമമാക്കുകയും വ്യാപാരം ചെയ്യുന്നത് ലളിതമാക്കുകയും ബന്ധിപ്പില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
”വളരെക്കാലമായി ഇന്ത്യയില്‍ വികസനാവസരങ്ങള്‍ വന്‍ നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയായിരുന്നു”, ദീര്‍ഘകാലമായി രാജ്യത്തെ ആദിവാസി, ദ്വീപ് മേഖലകള്‍ വികസനരഹിതമായിരുന്നുവെന്നത് ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍, മുന്‍കാല ഗവണ്‍മെന്റുകളുടെ തെറ്റുകള്‍ വളരെ സൂക്ഷ്മതയോടെ തിരുത്തുക മാത്രമല്ല, പുതിയ സംവിധാനം കൊണ്ടുവന്നതായും അദ്ദേഹം പറഞ്ഞു. ”ഉള്‍ച്ചേര്‍ക്കലിന്റെ ഒരു പുതിയ മാതൃക ഇന്ത്യയില്‍ വന്നിരിക്കുന്നു. ‘എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം (സബ്കാ സാത്ത്, സബ്കാ വികാസ്)’ എന്നതിന്റെ മാതൃകയാണത്”, പ്രധാനമന്ത്രി പറഞ്ഞു. ഈ വികസന മാതൃക വളരെ സമഗ്രമവും സമൂഹത്തിലെ എല്ലാ പ്രദേശങ്ങളുടെയും എല്ലാ വിഭാഗങ്ങളുടെയും വികസനവും, വിദ്യാഭ്യാസം, ആരോഗ്യം, ബന്ധിപ്പിക്കല്‍ തുടങ്ങി ജീവിതത്തിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്നതണെന്നും അദ്ദേഹം വിശദീകരിച്ചു.
കഴിഞ്ഞ 9 വര്‍ഷമായി ആന്‍ഡമാനില്‍ വികസനത്തിന്റെ പുതിയ ഗാഥ രചിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുന്‍ ഗവണ്‍മെന്റിന്റെ 9 വര്‍ഷങ്ങളില്‍ ആന്‍ഡമാന്‍ നിക്കോബാറിന് 23,000 കോടി രൂപ ബജറ്റില്‍ ലഭിച്ചപ്പോള്‍ ഇപ്പോഴത്തെ ഗവണ്‍മെന്റിന്റെ കഴിഞ്ഞ ഒമ്പത് വര്‍ഷങ്ങളില്‍ ഏകദേശം 48,000 കോടി രൂപയാണ് ബജറ്റിലൂടെ ആന്‍ഡമാന്‍ നിക്കോബാറിനായി അനുവദിച്ചത്. അതുപോലെ, മുന്‍ ഗവണ്‍മെന്റിന്റെ 9 വര്‍ഷങ്ങളില്‍ 28,000 വീടുകളിലാണ് പൈപ്പ് വെള്ളം കണക്ഷന്‍ നല്‍കിയിരുന്നത്, എന്നാല്‍ കഴിഞ്ഞ 9 വര്‍ഷത്തിനുള്ളില്‍ ഇത് 50,000 ആയി. ഇന്ന് ആന്‍ഡമാന്‍ നിക്കോബാറില്‍ എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ടും വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ് (ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്) സൗകര്യവും ഉണ്ട്. പോര്‍ട്ട് ബ്ലെയറിലെ മെഡിക്കല്‍ കോളേജിന്റെ ഉത്തരവാദിയും നിലവിലെ ഗവണ്‍മെന്റാണ് എന്തെന്നാല്‍ മുന്‍പ് കേന്ദ്രഭരണപ്രദേശത്ത് മെഡിക്കല്‍ കോളേജുകള്‍ ഉണ്ടായിരുന്നില്ല. ഉപഗ്രഹങ്ങളെ മാത്രം ആശ്രയിച്ചായിരുന്നു മുന്‍പ്, ഇന്റര്‍നെറ്റ് സൗകര്യം, എന്നാല്‍ കടലിനടിയിലൂടെ നൂറുകണക്കിന് കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനുള്ള മുന്‍കൈ നിലവിലെ ഗവണ്‍മെന്റ് എടുത്തു.
സൗകര്യങ്ങളുടെ ഈ വിപുലീകരണം ഇവിടുത്തെ വിനോദസഞ്ചാരത്തിന് ആക്കം കൂട്ടുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മൊബൈല്‍ ബന്ധിപ്പിക്കല്‍, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍, വിമാനത്താവള സൗകര്യങ്ങള്‍, റോഡുകള്‍ എന്നിവ വിനോദസഞ്ചാരികളുടെ വരവ് പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ടാണ് 2014-നെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചതെന്ന് ശ്രീ മോദി പറഞ്ഞു. സാഹസിക വിനോദസഞ്ചാരവും അഭിവൃദ്ധി പ്രാപിക്കുന്നു; വരും വര്‍ഷങ്ങളില്‍ എണ്ണം പലമടങ്ങ് ഉയരുകയും ചെയ്യും.

”വികസനവും പൈതൃകവും കൈകോര്‍ത്ത് മുന്നേറുന്നുവെന്ന മഹാമന്ത്രത്തിന്റെ ജീവനുള്ളതും ശ്വസിക്കുന്നതുമായ ഉദാഹരണമായി ആന്‍ഡമാന്‍ മാറുകയാണ്, പ്രധാനമന്ത്രി പ്രസ്താവിച്ചു. ചുവപ്പ് കോട്ടയില്‍ ഉയര്‍ത്തുന്നതിന് മുമ്പ് ത്രിവര്‍ണ്ണ പതാക ആന്‍ഡമാനില്‍ ഉയര്‍ത്തിയെങ്കിലും ഒരാള്‍ക്ക് ദ്വീപില്‍ അടിമത്തത്തിന്റെ അടയാളങ്ങള്‍ മാത്രമേ കണ്ടെത്താന്‍ കഴിയുമായിരുന്നുള്ളുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരിക്കല്‍ നേതാജി സുഭാഷ് ചന്ദ്രബോസ് ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ അതേ സ്ഥലത്ത് തന്നെ ദേശീയ പതാക ഉയര്‍ത്താന്‍ അവസരം ലഭിച്ചതില്‍ അദ്ദേഹം നന്ദി രേഖപ്പെടുത്തി. റോസ് ദ്വീപിനെ നേതാജി സുഭാഷ് ദ്വീപ് എന്നും ഹാവ്‌ലോക്ക് ദ്വീപിനെ സ്വരാജ് ദ്വീപ് എന്നും നീല്‍ ദ്വീപിനെ ഷഹീദ് ദ്വീപ് എന്നും പുനര്‍നാമകരണം ചെയ്തത് ഇപ്പോഴത്തെ ഗവണ്‍മെന്റാണെന്നതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പരമവീര ചക്ര പുരസ്‌ക്കാര ജേതാക്കളുടെ പേരുകളിലേക്ക് 21 ദ്വീപുകളെ പുനര്‍നാമകരണം ചെയ്തതും അദ്ദേഹം സ്പര്‍ശിച്ചു. ”ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ വികസനം രാജ്യത്തെ യുവജനങ്ങള്‍ക്ക് പ്രചോദനത്തിന്റെ ഉറവിടമായി മാറിയിരിക്കുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കാരുടെ കഴിവുകളില്‍ ഒരു സംശയവുമില്ലെന്നും സ്വാതന്ത്ര്യത്തിന്റെ കഴിഞ്ഞ 75 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്ക് പുതിയ ഉയരങ്ങള്‍ കീഴടക്കാമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, അഴിമതിയും കുടുംബവാഴ്ച രാഷ്ട്രീയവും എല്ലായ്‌പ്പോഴും സാധാരണ പൗരന്മാരുടെ കരുത്തിനോട് അനീതി കാട്ടുകയായിരുന്നെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ചില കക്ഷികളുടെ അവസരവാദ രാഷ്ട്രീയവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ജാതീയതയുടെയും അഴിമതിയുടെയും രാഷ്്രടീയത്തെ അദ്ദേഹം വിമര്‍ശിച്ചു. അഴിമതിയുടെ കാര്‍മേഘത്തിന്‍കീഴിലുള്ളവര്‍ക്കും ചില കേസുകളില്‍ ജാമ്യത്തിലിറങ്ങിയിട്ടുള്ളവര്‍ക്കും എന്തിനേറെ ശിക്ഷിക്കപ്പെട്ടവര്‍ക്കുമുള്ള ജനസ്വീകാര്യതയേയും അദ്ദേഹം വിമര്‍ശിച്ചു. ഭരണഘടനയെ ബന്ദിയാക്കുന്ന മാനസികാവസ്ഥയെ അദ്ദേഹം കടന്നാക്രമിച്ചു. സാധാരണ പൗരന്മാരുടെ വികസനത്തേക്കാള്‍ കുടുംബ സ്വാര്‍ത്ഥ നേട്ടങ്ങളിലാണ് ഇത്തരം ശക്തികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധം, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഇന്ത്യയിലെ യുവാക്കളുടെ കരുത്തിന് അടിവരയിട്ട ശ്രീ മോദി, യുവാക്കളുടെ ഈ ശക്തിക്ക് എന്തുകൊണ്ട് നീതി ലഭിച്ചില്ലെന്നതില്‍ പരിവേദനപ്പെടുകയും ചെയ്തു.
രാജ്യത്തിന്റെ വികസനത്തിനായി സ്വയം സമര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ന് ലോകത്ത് അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ച ദ്വീപുകളുടെയും ചെറിയ തീരദേശ രാജ്യങ്ങളുടെയും നിരവധി ഉദാഹരണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരോഗതിയുടെ പാത വെല്ലുവിളികള്‍ നിറഞ്ഞതാണെങ്കിലും, എല്ലാത്തരം പരിഹാരങ്ങളുമായാണ് വികസനം എത്തുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ മേഖലയെയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന ആത്മവിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.

പശ്ചാത്തലം;

ഗവണ്‍മെന്റിന്റെ പ്രധാന ശ്രദ്ധയില്‍പ്പെട്ടതാണ് ബന്ധിപ്പിക്കല്‍ അടിസ്ഥാനസൗകര്യ വര്‍ധദ്ധന. ഏകദേശം 710 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം കേന്ദ്ര ഭരണപ്രദേശമായ ദ്വീപിന്റെ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കും. ഏകദേശം 40,800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പുതിയ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിവര്‍ഷം 50 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ടാകും. രണ്ട് ബോയിംഗ്-767-400, രണ്ട് എയര്‍ബസ്-321 ഇനം വിമാനങ്ങള്‍ക്ക് അനുയോജ്യമായി 80 കോടി രൂപ ചെലവില്‍ ഒരു ഏപ്രോണ്‍ പോര്‍ട്ട് ബ്ലെയര്‍ വിമാനത്താവളത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്, ഇതോടെ ഇപ്പോള്‍ ഒരേസമയം പത്ത് വിമാനങ്ങള്‍ വിമാനത്താവളത്തിഇ പാര്‍ക്ക് ചെയ്യാനാകും.

പ്രകൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കടലിനെയും ദ്വീപുകളെയും ചിത്രീകരിക്കുന്ന ഷെല്‍ (ചിപ്പി) ആകൃതിയിലുള്ള ഘടനയോട് സാമ്യമുള്ളതാണ് വിമാനത്താവള ടെര്‍മിനലിന്റെ വാസ്തുവിദ്യാ രൂപകല്‍പ്പന. താപ വര്‍ദ്ധനവ് കുറയ്ക്കുന്നതിന് ഇരട്ട ഇന്‍സുലേറ്റഡ് മേല്‍ക്കൂര സംവിധാനം, കെട്ടിടത്തിനുള്ളിലെ കൃത്രിമ വെളിച്ച ഉപയോഗം കുറയ്ക്കുന്നതിന് പകല്‍ സമയത്ത് സമൃദ്ധമായ പ്രകൃതിദത്ത സൂര്യപ്രകാശം ലഭ്യമാക്കുന്നതിനുള്ള സ്‌കൈലൈറ്റുകള്‍(ആകാശവിളക്കുകള്‍), എല്‍.ഇ.ഡി ലൈറ്റിംഗ്, ചൂട് വര്‍ദ്ധന കുറയ്ക്കുന്ന ഗ്ലേസിംഗ് എന്നിങ്ങനെ നിരവധി സുസ്ഥിര സവിശേഷതകള്‍ പുതിയ വിമാനത്താവള ടെര്‍മിനല്‍ കെട്ടിടത്തില്‍ ഉണ്ട്. ദ്വീപിന്റെ പരിസ്ഥിതിക്കുണ്ടാക്കുന്ന പ്രതികൂല പ്രത്യാഘാതം പരിമിതപ്പെടുത്തുന്നതിനായി മഴവെള്ള സംഭരണത്തിനായി ഭൂഗര്‍ഭ ജലസംഭരണി, മലിനജലം 100% സംസ്‌കരിച്ച് ലാന്‍ഡ്‌സ്‌കേപ്പിംഗിനായി പുനരുപയോഗിക്കുന്നതിന് ഒരു നിര്‍ദ്ദിഷ്ട സ്ഥലത്ത് മലിനജല സംസ്‌ക്കരണ പ്ലാന്റ്, 500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റ് എന്നിവ ടെര്‍മിനല്‍ കെട്ടിടത്തിന്റെ മറ്റ് ചില സവിശേഷതകളാണ്.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കുള്ള ഒരു കവാടം എന്ന നിലയില്‍, പോര്‍ട്ട് ബ്ലെയര്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്. വിശാലമായ പുതിയ സംയോജിത ടെര്‍മിനല്‍ കെട്ടിടം വ്യോമഗതാഗതം വര്‍ദ്ധിപ്പിക്കുകയും മേഖലയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. പ്രാദേശിക സമൂഹത്തിന് മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വ് നല്‍കുന്നതിനും ഇത് സഹായിക്കും.

ND