Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പോര്‍ച്ചുഗല്‍, യു.എസ്.എ. നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവന


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പോര്‍ച്ചുഗല്‍, യു.എസ്.എ., നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശനത്തിനായി നാളെ പുറപ്പെടും. വിവിധ മേഖലകളിലെ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനാണു സന്ദര്‍ശനമെന്നു പ്രധാനമന്ത്രി പറഞ്ഞു.

‘പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2017 ജൂണ്‍ 24നു ഞാന്‍ പോര്‍ച്ചുഗല്‍ സന്ദര്‍ശിക്കും. 2017 ജനുവരിയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റ ഇന്ത്യ സന്ദര്‍ശിച്ചുതു മുതല്‍ നാം തമ്മിലുള്ള ചരിത്രപരവും സൗഹാര്‍ദപരവുമായ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രി കോസ്റ്റയുമായ കൂടിക്കാഴ്ചയ്ക്കായി ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്. അടുത്തിടെ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി സഹകരിച്ചുള്ള വിവിധ പദ്ധതികളും തീരുമാനങ്ങളും നടപ്പാക്കുന്നതില്‍ ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തും. ഉഭയകക്ഷിബന്ധം, വിശേഷിച്ച് സാമ്പത്തിക സഹകരണം, ശാസ്ത്രവും സാങ്കേതികവിദ്യയും, ബഹിരാകാശ സഹകരണം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്യും. ഭീകരവാദത്തെ തടുക്കുന്നതിനായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും ഇരു വിഭാഗത്തിനും താല്‍പര്യമുള്ള മറ്റു രാജ്യാന്തര പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഞങ്ങള്‍ ചര്‍ച്ച നടത്തും. ഉഭയകക്ഷിവ്യാപാരവും നിക്ഷേപക ബന്ധവും മെച്ചപ്പെടുത്തുന്നതിനു വളരെയധികം സാധ്യതകള്‍ ഞാന്‍ കാണുന്നു.

പോര്‍ച്ചുഗലിലെ ഇന്ത്യന്‍ സമൂഹവുമായി ഇടപഴകാനും ഞാന്‍ വളരെയധികം ആഗ്രഹിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

ജൂണ്‍ 24 മുതല്‍ 26 വരെ പ്രധാനമന്ത്രി വാഷിങ്ടണ്‍ ഡി.സിയും സന്ദര്‍ശിക്കും.
‘പ്രസിഡന്റ് ഡൊണാള്‍ഡ് ജെ.ട്രംപിന്റെ ക്ഷണം സ്വീകരിച്ച് ജൂണ്‍ 24 മുതല്‍ 26 വരെ ഞാന്‍ വാഷിങ്ടണ്‍ ഡി.സിയും സന്ദര്‍ശിക്കും. സന്ദര്‍ശനത്തിനു മുന്നോടിയായി പ്രസിഡന്റ് ട്രംപും ഞാനും ഫോണില്‍ സംസാരിച്ചിരുന്നു.

ഇരു രാജ്യത്തിലെയും ജനതയ്ക്കു നേട്ടങ്ങള്‍ ലഭിക്കാനായി എല്ലാ മേഖലയിലുമുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഉദ്ദേശ്യം സംസാരത്തില്‍ പങ്കുവെക്കപ്പെട്ടു. ഇന്ത്യയും അമേരിക്കന്‍ ഐക്യനാടുകളുമായുള്ള വിശാലമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉതകുംവിധത്തില്‍ കാഴ്ചപ്പാടുകള്‍ ഗൗരവമായി പങ്കുവെക്കപ്പെടുന്ന അവസരത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.

ഐക്യനാടുകളുമായി ഇന്ത്യക്കുള്ള പങ്കാളിത്തം വിവിധ തലങ്ങള്‍ ഉള്ളതും വൈജാത്യം നിറഞ്ഞതും ഗവണ്‍മെന്റുകള്‍ മാത്രമല്ല, ഇരുപക്ഷത്തുമുള്ള എല്ലാ ഗുണഭോക്താക്കളും പിന്തുണയ്ക്കുന്നതും ആണ്. പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഐക്യനാടുകളിലെ പുതിയ ഭരണകൂടവുമായുള്ള പങ്കാളിത്തത്തിനായി, ഭാവി മുന്‍നിര്‍ത്തിയുള്ള വീക്ഷണത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.

പ്രസിഡന്റ് ട്രംപും മന്ത്രിസഭാംഗങ്ങളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകള്‍ക്കുപരി, ചില പ്രധാന അമേരിക്കന്‍ സി.ഇ.ഒമാരെയും ഞാന്‍ കാണുന്നുണ്ട്. മുന്‍പത്തെ പോലെ, ഐക്യനാടുകളിലുള്ള ഇന്ത്യന്‍ വംശജരുമായി ആശയവിനിമയം നടത്താനും ഞാന്‍ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണ്.’

2017 ജൂണ്‍ 27നു പ്രധാനമന്ത്രി നെതല്‍ലന്‍ഡ്‌സും സന്ദര്‍ശിക്കും.

‘2017 ജൂണ്‍ 27നു ഞാന്‍ നെതര്‍ലന്‍ഡ്‌സ് സന്ദര്‍ശിക്കും. ഇന്ത്യ-ഡച്ച് ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ഇക്കൊല്ലം നാം ആഘോഷിക്കുകയാണ്. സന്ദര്‍ശനത്തിനിടെ ഡച്ച് പ്രധാനമന്ത്രി ബഹുമാന്യനായ ശ്രീ. മാര്‍ക്ക് റൂട്ടുമായി ഞാന്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. നെതര്‍ലന്‍ഡ്‌സ് രാജാവ് വില്ലെം അലക്‌സാന്‍ഡറിനെയും രാജ്ഞി മാക്‌സിമയെയും ഞാന്‍ സന്ദര്‍ശിക്കും.

പ്രധാനമന്ത്രി റൂട്ടുമായി ഉഭയകക്ഷിബന്ധത്തെക്കുറിച്ചു സംസാരിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഭീകരവാദത്തെ എതിര്‍ക്കല്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉള്‍പ്പെടെയുള്ള ആഗോള പ്രശ്‌നങ്ങള്‍ സംബന്ധിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രി റൂട്ടുമായി പങ്കുവെക്കും.

സാമ്പത്തിക ബന്ധമാണ് നാം തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കാതല്‍. ജലവും മലിനജലവും കൈകാര്യ ംചെയ്യല്‍, കൃഷിയും ഭക്ഷ്യസംസ്‌കരണവും, പുനരുപയോഗിക്കാവുന്ന ഊര്‍ജം, തുറമുഖങ്ങളും കപ്പലുകളും എന്നീ മേഖലകളില്‍ നെതര്‍ലന്‍ഡ്‌സിനുള്ള വൈദഗ്ധ്യം നമ്മുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഉതകുന്നതാണ്. ഇന്‍ഡോ-ഡച്ച് സാമ്പത്തിക ബന്ധം ഇരുരാജ്യത്തിനും ഗുണകരമാണ്. കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ എന്തു ചെയ്യണമെന്നതു സംബന്ധിച്ചു ഞാന്‍ പ്രധാനമന്ത്രി റൂട്ടുമായി ചര്‍ച്ച ചെയ്യും. ഞാന്‍ പ്രധാന ഡച്ച് കമ്പനികളുടെ സി.ഇ.ഒമാരെ കണ്ട് ഇന്ത്യയുടെ വളര്‍ച്ചയുടെ പങ്കാളികളാകാന്‍ പ്രോത്സാഹിപ്പിക്കും.

യൂറോപ്പില്‍ ഇന്ത്യന്‍ വംശജര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്‌സിലെ ജനതയും ഇന്ത്യന്‍ ജനതയും തമ്മില്‍ ഗാഢമായ ബന്ധമുണ്ട്. നെതര്‍ലന്‍ഡ്‌സിലെ ഇന്ത്യന്‍ വംശജരുമായി സംസാരിക്കാന്‍ ഞാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്’, പ്രധാനമന്ത്രി പറഞ്ഞു.