പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം, 3,435.33 കോടി രൂപ അടങ്കലില്‍ പൊതുഗതാഗത അതോറിറ്റികള്‍ (പിടിഎ) ഇ-ബസ്സുകള്‍ വാങ്ങുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ”പിഎം-ഇബസ് സേവാ-പേയ്‌മെന്റ് സെക്യൂരിറ്റി മെക്കാനിസം (പിഎസ്എം) പദ്ധതിക്ക് അംഗീകാരം നല്‍കി. .
ഈ സ്‌കീം 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ 2028-29 സാമ്പത്തിക വര്‍ഷം വരെ 38,000-ലധികം ഇലക്ട്രിക് ബസുകള്‍ (ഇ-ബസുകള്‍) വിന്യസിക്കാന്‍ സഹായിക്കും. വിന്യസിക്കുന്ന തീയതി മുതല്‍ 12 വര്‍ഷം വരെ ഇ-ബസുകളുടെ പ്രവര്‍ത്തനത്തെ ഈ പദ്ധതി പിന്തുണയ്ക്കും.
നിലവില്‍, പൊതുഗതാഗത അതോറിറ്റികള്‍ (പിടിഎ) നടത്തുന്ന ഭൂരിഭാഗം ബസുകളും ഡീസല്‍/സിഎന്‍ജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്, ഇത് പ്രതികൂല പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്നു. മറുവശത്ത്, ഇ-ബസുകള്‍ പരിസ്ഥിതി സൗഹൃദവും ഇവയ്ക്ക് കുറഞ്ഞ പ്രവര്‍ത്തനച്ചെലവുമാണ്. എന്നിരുന്നാലും, ഉയര്‍ന്ന മുന്‍കൂര്‍ ചെലവും പ്രവര്‍ത്തനങ്ങളില്‍ നിന്നും ലഭിക്കുന്ന കുറഞ്ഞ വരുമാനത്തിന്റെ കണക്കും കാരണം ഇ-ബസുകള്‍ വാങ്ങുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും പൊതുഗതാഗത അതോറിറ്റികള്‍ക്ക് (പിടിഎ) വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഇ-ബസുകളുടെ ഉയര്‍ന്ന മൂലധനച്ചെലവ് പരിഹരിക്കുന്നതിന്, പൊതുഗതാഗത അതോറിറ്റികള്‍ (പിടിഎ) ഈ ബസുകളെ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഗ്രോസ് കോസ്റ്റ് കോണ്‍ട്രാക്റ്റ് (ജിസിസി) മാതൃകയില്‍ ഉള്‍പ്പെടുത്തുന്നു. GCC മോഡലിന് കീഴിലുള്ള ബസിന്റെ മുന്‍കൂര്‍ ചെലവ് PTA-കള്‍ നല്‍കേണ്ടതില്ല, പകരം OEM-കള്‍/ഓപ്പറേറ്റര്‍മാര്‍ PTA-കള്‍ക്കായി പ്രതിമാസ പേയ്മെന്റുകളോടെ ഇ-ബസുകള്‍ വാങ്ങുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, പേയ്മെന്റ് ഡിഫോള്‍ട്ടുകളെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം OEM-കള്‍/ഓപ്പറേറ്റര്‍മാര്‍ ഈ മോഡലില്‍ ഏര്‍പ്പെടാന്‍ മടിക്കുന്നു.
ഒരു സമര്‍പ്പിത ഫണ്ട് മുഖേന OEM-കള്‍/ഓപ്പറേറ്റര്‍മാര്‍ക്ക് സമയബന്ധിതമായ പേയ്മെന്റുകള്‍ ഉറപ്പാക്കിക്കൊണ്ട് ഈ സ്‌കീം ഈ ആശങ്ക പരിഹരിക്കുന്നു. പിടിഎകള്‍ പേയ്മെന്റുകള്‍ നടത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍, നടപ്പാക്കുന്ന ഏജന്‍സിയായ സിഇഎസ്എല്‍, സ്‌കീം ഫണ്ടില്‍ നിന്ന് ആവശ്യമായ പേയ്മെന്റുകള്‍ നടത്തും, അത് പിന്നീട് പിടിഎകള്‍/സംസ്ഥാനം/യുടികള്‍ തിരിച്ചെടുക്കും.
സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇ-ബസുകള്‍ സ്വീകരിക്കുന്നത് സുഗമമാക്കാനാണ് ഈ സംരംഭം ശ്രമിക്കുന്നത്. ഹരിതഗൃഹ വാതക ബഹിർഗമനം ഗണ്യമായി കുറയ്ക്കുന്നതിനും ഫോസില്‍ ഇന്ധനത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനും ഈ പദ്ധതി വഴിയൊരുക്കും. സ്‌കീം തിരഞ്ഞെടുക്കുന്ന സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിലവിലുള്ള എല്ലാ പൊതുഗതാഗത അതോറിറ്റികള്‍ക്കും (പിടിഎ) പദ്ധതി ആനുകൂല്യങ്ങള്‍ നല്‍കും.
****