Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പെട്രോളിയം, ഹൈഡ്രോകാര്‍ബണ്‍ മേഖലകളെ ഉത്തേജിപ്പിക്കാന്‍ പ്രധാന നയതീരുമാനങ്ങള്‍


പെട്രോളിയം, ഹൈഡ്രോകാര്‍ബണ്‍ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള പ്രധാന നയപരമായ തീരുമാനത്തിന്റെ ഭാഗമായി ഗവണ്‍മെന്റ് ഏതാനും പദ്ധതികള്‍ക്കു തുടക്കമിട്ടു. കേന്ദ്രമന്ത്രിസഭയും സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാസമിതിയും താഴെ പറയുന്ന തീരുമാനങ്ങള്‍ കൈക്കൊണ്ടു.

1. ഹൈഡ്രോകാര്‍ബണ്‍ എക്‌സപ്ലറേഷന്‍ ലൈസന്‍സിങ് പോളിസി (ഹെല്‍പ്): ഒറ്റ ലൈസന്‍സിങ് സംവിധാനത്തിനുകീഴെ എണ്ണ, ഗ്യാസ്, കോള്‍ ബെഡ് മീഥെയ്ന്‍ തുടങ്ങി എല്ലാ ഹൈഡ്രോകാര്‍ബണുകള്‍ക്കുമായി ഒരേ ലൈസന്‍സിങ് സമ്പ്രദായം സധ്യമാക്കുന്നതിനായി ഭാവിയിലേക്കു പുതുമയാര്‍ന്ന നയം.

2. വെള്ളത്തിനടിയില്‍നിന്നും അതിസമ്മര്‍ദവും അത്യുഷ്ണവുമുള്ള പ്രദേശങ്ങളില്‍നിന്നും പുതുതായി ഗ്യാസ് ഉല്‍പാദിപ്പിക്കുന്നതിനായി വിപണന, വിലനിശ്ചയിക്കല്‍ സ്വാതന്ത്ര്യം.

3. എസ്സാര്‍ ഓയിലിനു രത്‌ന എണ്ണപ്പാടം അനുവദിച്ച കരാര്‍ റദ്ദാക്കി യഥാര്‍ഥ ലൈസന്‍സിയായ ഒ.എന്‍.ജി.സിക്കു കൈമാറുക.

ഹൈഡ്രോകാര്‍ബണ്‍ എക്‌സപ്ലൊറേഷന്‍ ലൈസന്‍സിങ് പോളിസി, (ഹെല്‍പ്): ഭാവി മുന്നില്‍ക്കണ്ടുള്ള പുതുമയാര്‍ന്ന നയം

എണ്ണ, ഗ്യാസ് ഉല്‍പാദനത്തിനും പര്യവേക്ഷണത്തിനുമുള്ള നിലവിലുള്ള നയമായ ന്യൂ എക്‌സ്‌പ്ലൊറേഷന്‍ പോളിസി (എന്‍.ഇ.എല്‍.പി.) 18 വര്‍ഷമായി നിലവിലുണ്ട്. ഈ കാലഘട്ടത്തിനിടെ പല പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു.

ഇപ്പോള്‍ വിവിധ ഹൈഡ്രോകാര്‍ബണുകള്‍ക്കായി വ്യത്യസ്ത നയങ്ങളും ലൈസന്‍സുകളും നിലവിലുണ്ട്. പരമ്പരാഗത എണ്ണയും പ്രകൃതിവാതകവും, കോള്‍ ബെഡ് മീഥെയ്ന്‍, ഷെയ്ല്‍ ഓയില്‍, ഗ്യാസ് ഹൈഡ്രേറ്റ്‌സ് എന്നിവയ്ക്കായി ഇപ്പോള്‍ പ്രത്യേകം പ്രത്യേകം നയങ്ങളുണ്ട്. പാരമ്പര്യേതര ഹൈഡ്രോകാര്‍ബണുകളെ(ഷെയ്ല്‍ ഗ്യാസും ഷെയ്ല്‍ ഓയിലും)ക്കുറിച്ച് എന്‍.ഇ.എല്‍.പിക്കു രൂപം നല്‍കുന്ന കാലത്ത് അറിവില്ലായിരുന്നു. പല തട്ടുകളിലായുള്ള നയങ്ങളുടെ ചട്ടക്കൂട് പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു തടസ്സങ്ങള്‍ സൃഷ്ടിച്ചു. ഉദാഹരണത്തിന്, ഒരു തരത്തിലുള്ള ഹൈഡ്രോകാര്‍ബണിനായി നടത്തുന്ന അന്വേഷണത്തിനിടെ മറ്റൊരിനം കണ്ടെത്തിയാല്‍ അതിനെക്കുറിച്ചു പഠിക്കാന്‍ അനുവാദമില്ല. അതിനു പ്രത്യേക ലൈസന്‍സും അതു സമ്പാദിക്കാന്‍ വേറെ പണച്ചെലവും ആവശ്യമാണ്.

ലാഭം പങ്കുവെക്കുന്ന രീതി പിന്തുടരുന്ന എന്‍.ഇ.എല്‍.പിയിലെ പ്രൊഡക്ഷന്‍ ഷെയറിങ് കോണ്‍ട്രാക്റ്റുകളുടെ കാര്യത്തിലും ഒട്ടേറെ പ്രായോഗിക പ്രശ്‌നങ്ങളുണ്ട്. ലാഭവിഹിതം ഗവണ്‍മെന്റിനു ലഭിക്കുന്നതിലും പ്രവൃത്തിയുടെ ഓരോ ഘട്ടത്തിലും അധികൃതരില്‍നിന്നു മുന്‍കൂര്‍ അനുമതി ആവശ്യമായതിനാല്‍ പ്രവര്‍ത്തനം യഥാസമയം മുന്നോട്ടുകൊണ്ടുപോകുന്നതിലും പ്രശ്‌നങ്ങളുണ്ടാകുന്നു. ഗവണ്‍മെന്റും കരാറുകാരും തമ്മിലുള്ള അഭിപ്രായവ്യത്യാസം പല പദ്ധതികളും മാസങ്ങളോ വര്‍ഷങ്ങള്‍ തന്നെയോ വൈകുന്ന സാഹചര്യമുണ്ടാകുന്നു.

ഗവണ്‍മെന്റ് ടെന്‍ഡര്‍ ചെയ്ത ബ്ലോക്കുകളില്‍ മാത്രമേ പര്യവേക്ഷണം സാധ്യമാകൂ എന്നതാണു മറ്റൊരു പരിമിതി. അനുവദിച്ചുകിട്ടിയതല്ലാത്ത മേഖലകളില്‍ പര്യവേക്ഷണം നടത്താന്‍ കമ്പനികള്‍ക്കു താല്‍പര്യമുണ്ടാവാം. പക്ഷേ, അതിന് അനുവാദമില്ല.

വിലനിര്‍ണയവും കീറാമുട്ടിയാണ്. നിലവില്‍ ഗ്യാസിന്റെ ഉല്‍പാദനവില നിര്‍ണയിക്കുന്നതു ഗവണ്‍മെന്റാണ്. ഇതു വരുമാനനഷ്ടത്തിനും തര്‍ക്കങ്ങള്‍ക്കും കോടതിക്കേസുകള്‍ക്കും കാരണമാകുന്നു. റോയല്‍റ്റി നിശ്ചയിക്കുന്നതില്‍ തീരമേഖല, ആഴക്കടല്‍ എന്ന ഭേദമില്ല. ആഴക്കടലില്‍ എണ്ണ ഉല്‍പാദനത്തിനു കൂടുതല്‍ ചെലവു വേണ്ടി വരുമെന്നതു പരിഗണിക്കപ്പെടുന്നില്ല.

ഇറക്കുമതിയുടെ സിംഹഭാഗവും എണ്ണയും ഗ്യാസുമാണെന്നതാണ് ഇന്ത്യയുടെ സ്ഥിതി. എണ്ണ ഉല്‍പാദനം വളര്‍ച്ചയില്ലാത്ത നിലയിലാണെങ്കില്‍ ഗ്യാസ് ഉല്‍പാദനം കുറയുകയാണ്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനുള്ള നയപരമായ തീരുമാനം അത്യന്താപേക്ഷിതമാണ്. ഈ ഉദ്ദേശ്യത്തോടെയാണു ഗവണ്‍മെന്റ് ‘ഹെല്‍പി’നു രൂപം നല്‍കിയിരിക്കുന്നത്.

ഇതിന്റെ പ്രധാന സവിശേഷതകള്‍:

1. എണ്ണ, ഗ്യാസ്, കോള്‍ ബെഡ് മീഥെയ്ന്‍ തുടങ്ങി എല്ലാ ഹൈഡ്രോകാര്‍ബണുകള്‍ക്കും പൊതുവായ ലൈസന്‍സിങ് സമ്പ്രദായവും നയപരിപാടിയും.

2. വരുമാനം പങ്കുവെക്കുന്ന രീതിയിലായിരിക്കും ലേലം അനുവദിക്കുന്നത്. ലോവര്‍ റവന്യൂ പോയിന്റ്, ഹയര്‍ റവന്യൂ പോയിന്റ് എന്നിങ്ങനെ രണ്ടു തട്ടുകളിലായാണ് വരുമാനം പങ്കുവെക്കല്‍ പദ്ധതി. ഗവണ്‍മെന്റിന് ഏറ്റവും കൂടുതല്‍ വരുമാനവിഹിതം നല്‍കാന്‍ തയ്യാറാകുന്നവര്‍ക്കു കരാര്‍ നല്‍കുന്നതിനായി സുതാര്യമായ നടപടിക്രമങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

3. ഓപ്പണ്‍ ഏക്രേജ് ലൈസന്‍സിങ് പോളിസി നടപ്പാക്കും. സമര്‍പ്പിക്കപ്പെടുന്ന താല്‍പര്യപത്രങ്ങള്‍ പരിശോധിച്ച ശേഷം പരിസ്ഥിതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുമതി നേടി ലേലം പ്രഖ്യാപിക്കും. കൂടുതല്‍ മേഖലയില്‍ പ്രവര്‍ത്തനം താമസംകൂടാതെ നടത്താന്‍ ഈ രീതി സഹായകമാകും.

4. ആഴക്കടല്‍ പര്യവേക്ഷണത്തിനു റോയല്‍റ്റിയില്‍ ഇളവനുവദിക്കും. ആദ്യത്തെ ഏഴു വര്‍ഷം റോയല്‍റ്റിയേ ഉണ്ടായിരിക്കില്ല. തുടര്‍ന്ന് ആഴംകൂടിയ പ്രദേശങ്ങളില്‍ അഞ്ചു ശതമാനം വീതവും അത്യഗാധ പ്രദേശങ്ങളില്‍ രണ്ടു ശതമാനം വീതവുമായിരിക്കും റോയല്‍റ്റി.

5. ആഴം കുറഞ്ഞ പ്രദേശങ്ങളിലെ റോയല്‍റ്റി 10 ശതമാനത്തില്‍നിന്ന 7.5 ശതമാനമായി കുറയ്ക്കും.

6. ഉല്‍പന്നവില തീരുമാനിക്കുന്നതിലും ആഭ്യന്തരവിപണിയില്‍ വിപണനം ചെയ്യുന്നതിലും കരാറുകാര്‍ക്കു സ്വാതന്ത്ര്യമുണ്ടായിരിക്കും. ഗവണ്‍മെന്റിനു വരുമാനനഷ്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനായി രാജ്യാന്തരവിലയുടെ അടിസ്ഥാനത്തിലാവും ലാഭവിഹിതം നിര്‍ണയിക്കുക.

ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറയ്ക്കുകയും ഫലപ്രദമായ ഭരണം ഉറപ്പാക്കുകയും ചെയ്യുകയെന്നതിന് ഏറെ സഹായകമാവും പുതിയ നയം. വിപണനത്തിനും വില നിശ്ചയിക്കുന്നതിനും കരാറുകാരനു സ്വാതന്ത്ര്യം നല്‍കുന്നതോടെ തര്‍ക്കങ്ങളും അഴിമതിസാധ്യതയും ഭരണപരമായ താമസവുമൊക്കെ ഇല്ലാതാവും.

ആഴക്കടലില്‍നിന്നും അത്യഗാധക്കടലില്‍നിന്നും അതിസമ്മര്‍ദവും അത്യുഷ്ണവുമുള്ള പ്രദേശങ്ങളില്‍നിന്നുമുള്ള പ്രകൃതിവാതക ഉല്‍പാദനത്തിനു വിപണന, വിലനിശ്ചയിക്കല്‍ സ്വാതന്ത്ര്യം

ഇന്ത്യക്കാവശ്യമായ അസംസ്‌കൃത എണ്ണയുടെ നാലില്‍ മൂന്നിലേറെയും ആവശ്യമായ പ്രകൃതിവാതകത്തിന്റെ മൂന്നിലൊന്നോളവും ഇറക്കുമതി ചെയ്യപ്പെടുകയാണ്. ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലേക്കു വിരല്‍ചൂണ്ടുന്നതാണ് ഈ കണക്കുകള്‍.

രാജ്യത്തിപ്പോള്‍ എണ്ണ, വാതക ഉല്‍പാദനത്തിനുള്ള സാധ്യത ആഴക്കടലിലാണ്. അതിനാകട്ടെ, ചെലവേറുമെന്നതിനാല്‍ കരാറെടുക്കുന്നവര്‍ക്ക് ഇളവുകള്‍ നല്‍കണമെന്ന ആവശ്യം സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അംഗീകരിച്ചിരുന്നു.

എന്നാല്‍, അംഗീകാരം ലഭിച്ച് അധികം വൈകാതെ ആഗോളവിപണിയില്‍ എണ്ണ, ഗ്യാസ് വില ഗണ്യമായി താഴ്ന്നു. അതോടെ ഈ മേഖലയോടുള്ള നിക്ഷേപകരുടെ താല്‍പര്യം കുറയുകയും ചെയ്തു. പല ആഴക്കടല്‍ പര്യവേക്ഷണങ്ങളും പാതിവഴിക്കു നിലച്ചു. സമ്പദ്‌വ്യവസ്ഥ ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത വര്‍ധിച്ചുവരികയാണെങ്കില്‍ പ്രകൃതിവാതക ഉല്‍പാദനം കുറയുകയാണു ചെയ്തത്. ആവശ്യകത വര്‍ധിക്കുകയും ഉല്‍പാദനം കുറയുകയും ചെയ്തതോടെ ഇറക്കുമതി ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യമുണ്ടായി.

ഈ സാഹചര്യത്തിലാണു വില നിശ്ചയിക്കുന്നതിനും വിപണനം നടത്തുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്. അനാരോഗ്യകരമായ മല്‍സരം ഉപഭോക്താക്കള്‍ക്കു തിരിച്ചടി സൃഷ്ടിക്കുന്ന സാഹചര്യം ഉടലെടുക്കാതിരിക്കാന്‍ വിലനിര്‍ണയാധികാരത്തിനു പരിധി നിശ്ചയിക്കും. നയപരവും സാമ്പത്തികവും പാരിസ്ഥിതികവും ആയവ ഉള്‍പ്പെടെ കാലികസ്ഥിതി ശ്രദ്ധാപൂര്‍വം വിലയിരുത്തിയാണു സന്തുലിതമായ പുതിയ നയം രൂപീകരിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകള്‍ ഇവയാണ്:

1. 2016നു ശേഷം വ്യാവസായിക ഉല്‍പാദനം ആരംഭിക്കുന്ന എല്ലാ ആഴക്കടല്‍ ഖനനത്തിനും സ്വതന്ത്രവിപണനത്തിനും വില നിശ്ചയിക്കുന്നതിനും സ്വാതന്ത്ര്യമുണ്ടായിരിക്കും.

2. ഉപഭോക്തൃതാല്‍പര്യം സംരക്ഷിക്കുന്നതിനായി ഉയര്‍ന്ന വിലയ്ക്കു പരിധി വയ്ക്കും. ഗ്യാസ് വില ഇറക്കുമതിവിലയെക്കാള്‍ താഴ്ന്നിരിക്കുന്നതു സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണകരമാകുമെന്നു മാത്രമല്ല, ഉപഭോക്തൃവിപണിക്ക് അനുഗ്രഹമായിത്തീരുകയും ചെയ്യും.

3. പകരം ഇന്ധനങ്ങളുടെ വിലയ്ക്ക് ആനുപാതികമായാണു വിലപരിധി നിര്‍ണയിക്കുക. ഇതിനായി സുതാര്യമായ സംവിധാനം ഏര്‍പ്പെടുത്തും.

4. എണ്ണ ഇറക്കുമതിവില, പകരം ഇന്ധനങ്ങളുടെ ഇറക്കുമതിവില, ദ്രവീകൃത പ്രകൃതിവാതകത്തിന്റെ ഇറക്കുമതിവില എന്നിവയുടെ അടിസഥാനത്തിലായിരിക്കും വിലപരിധി കണക്കാക്കുന്നത്. കാലികമായി ഗ്യാസ് വിലപരിധി പെട്രോളിയം ആന്‍ഡ് നാച്വറല്‍ ഗ്യാസ് മന്ത്രാലയം പുതുക്കിക്കൊണ്ടിരിക്കും.

ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എണ്ണപ്പാടങ്ങള്‍ക്ക് നിലവില്‍ അവയ്ക്കു ബാധകമായ നിയമങ്ങള്‍ തുടരും.

ഉല്‍പാദനം വര്‍ധിപ്പിക്കല്‍

കണ്ടെത്തിക്കഴിഞ്ഞ എണ്ണ, വാതകശേഖരം ഉപയോഗപ്പെടുത്തുന്നതിനും പുതിയ നയം സഹായകമാകുമെന്നാണു പ്രതീക്ഷ. ഇതു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഉദാഹരണത്തിന് കെ.ജി.-ഡി.ഡബ്ല്യു.എന്‍.-98/2 ബ്ലോക്ക് പ്രവര്‍ത്തനക്ഷമമാകുന്നതോടെ 3850 വിദഗ്ധതൊഴിലാളികളെ ആവശ്യമായി വരുമെന്നാണ് ഒ.എന്‍.ജി.സിയുടെ കണക്ക്. നിര്‍മാണഘട്ടത്തില്‍ ഇരുപതിനായിരം പേരെയാണ് ആവശ്യമായി വരിക.

ചെറുതും ഇടത്തരവുമായ പാടങ്ങളിലെ ഉല്‍പാദനം പങ്കുവെക്കല്‍ കരാര്‍ നീട്ടിനല്‍കുന്നതിനുള്ള നയം

പ്രകൃതിവാതക കമ്പനികളായ ഒ.എന്‍.ജി.സിയും ഒ.ഐ.എല്ലും കണ്ടെത്തിയ ചെറുതും ഇടത്തരവുമായ 28 എണ്ണപ്പാടങ്ങള്‍ 1994 മുതല്‍ 1998 വരെയുള്ള കാലഘട്ടങ്ങളിലായി പാട്ടത്തിനു കൊടുത്തിരുന്നു. 18 മുതല്‍ 25 വരെ വര്‍ഷങ്ങളുടെ പാട്ടമാണു നല്‍കിയത്. ഇതില്‍ 2013ല്‍ പാട്ടം അവസാനിച്ച രണ്ടിടങ്ങളില്‍ 2018 വരെ പാട്ടം പുതുക്കിനല്‍കി. മറ്റിടങ്ങളിലെ പാട്ടക്കാലാവധി 2018 മുതലാണ് അവസാനിക്കുക.

ഇതില്‍ പലയിടങ്ങളിലും പാട്ടക്കാലാവധിക്കു ശേഷവും ഉല്‍പാദിപ്പിക്കാവുന്നത്ര ഇന്ധനമുണ്ട്. പാട്ടം പുതുക്കിനല്‍കുന്നതിന് ഏകീകൃതനയം അനിവാര്യമാണ്. പാട്ടം തുടരേണ്ടതുണ്ടോ എന്നു തീരുമാനമെടുക്കാന്‍ കരാറുകാര്‍ക്കു വ്യവസ്ഥകള്‍ കൃത്യമായി അറിയാന്‍ സാധിക്കണം.

കരാര്‍ കാലാവധി തീരുന്നതിനു രണ്ടു വര്‍ഷം മുന്‍പെങ്കിലും കരാര്‍ പുതുക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിരിക്കണമെന്നും എന്നാല്‍ ആറു വര്‍ഷത്തില്‍ താഴെ കാലാവധി ബാക്കിയിരിക്കുമ്പോഴേ അപേക്ഷ സ്വീകരിക്കൂ എന്നും വ്യവസ്ഥയുണ്ട്. അപേക്ഷ ലഭിച്ചാല്‍ ആറു മാസത്തിനകം ഡയറക്ടര്‍ ജനറല്‍ ഹൈഡ്രോകാര്‍ബണ്‍സ് ശുപാര്‍ശ സഹിതം ഗവണ്‍മെന്റിനു കൈമാറും. കരാര്‍ നീട്ടിനല്‍കേണ്ടതുണ്ടോ എന്നു മൂന്നു മാസത്തിനകം ഗവണ്‍മെന്റ് തീരുമാനിക്കും.
ഗവണ്‍മെന്റിനുള്ള ലാഭവിഹിതം നേരത്തെയുള്ളതിനേക്കാള്‍ 10 ശതമാനം കൂടുതലായിരിക്കും. നിലവിലുള്ള നിരക്കില്‍ റോയല്‍റ്റിയും സെസ്സും നല്‍കണം. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കാര്യത്തില്‍ പത്തു വര്‍ഷമോ ഇനി ഉല്‍പാദനം പ്രതീക്ഷിക്കുന്ന കാലമോ ഏതാണോ കുറവ് അതിനനുസരിച്ചായിരിക്കും കരാര്‍ പുതുക്കുന്നത്.

ഉല്‍പാദനം വര്‍ധിപ്പിക്കല്‍

പാട്ടക്കാലാവധി നീട്ടിക്കൊടുക്കുന്നത് ഹൈഡ്രോകാര്‍ബണുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനു സഹായകമാകും. കാലാവധി നീട്ടിനല്‍കുന്നതിലൂടെ 15.7 എം.എം.ടി. എണ്ണയും 20.6 എം.എം.ടിക്കു തുല്യമായ പ്രകൃതിവാതകവും കിട്ടുമെന്നാണു കണക്ക്. മൂന്നൂറോ നാനൂറോ കോടി ഡോളര്‍ നിക്ഷേപിക്കുകവഴി 825 കോടി ഡോളര്‍ മൂല്യമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കും.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള ശേഷി

കരാര്‍ നീട്ടിനല്‍കിയാല്‍ കൂടുതല്‍ നിക്ഷേപം വരികയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. നിലവില്‍ തൊഴിലെടുക്കുന്നവര്‍ക്കു കൂടുതല്‍ കാലത്തേക്കു തൊഴില്‍ തുടരാമെന്ന നേട്ടവുമുണ്ട്. ഇടത്തരം പാടങ്ങളില്‍ 300 പേര്‍ക്കും ചെറിയ പാടങ്ങളില്‍ 40 മുതല്‍ 60 വരെ പേര്‍ക്കും തൊഴില്‍ ലഭിക്കുന്നുണ്ട്. പുതിയ നിക്ഷേപം വരുന്നതോടെ കൂടുതല്‍ നിര്‍മാണ പ്രവൃത്തികള്‍ വരും. അതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

സുതാര്യതയും കുറഞ്ഞ ഗവണ്‍മെന്റ്, പരമാവധി ഭരണമെന്ന നയവും

പെട്രോളിയം പര്യവേക്ഷണ, ഉല്‍പാദന കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി സുതാര്യവും നീതിയുക്തവുമായ രീതിയിലാണു പാട്ടം നീട്ടല്‍ വ്യവസ്ഥകള്‍ പുതുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ ഊര്‍ജസുരക്ഷയ്ക്കുതകുംവിധം പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണു നയം നടപ്പാക്കിയിട്ടുള്ളത്.

രത്‌ന പാടങ്ങള്‍

മുംബൈയ്ക്കു തെക്കുപടിഞ്ഞാറായി കടലില്‍ രത്‌ന എണ്ണപ്പാടം ഒ.എന്‍.ജി.സി. കണ്ടെത്തിയത് 1971ലാണ്. 1996ല്‍ ഇത് എസ്സാര്‍ ഓയില്‍ ലിമിറ്റഡിനു കൈമാറി. എന്നാല്‍ ഇതുവരെ വിവിധ ഭരണപരവും നിയമപരവുമായ അനിശ്ചിതത്വങ്ങളാല്‍ കരാര്‍ അന്തിമമായി അംഗീകരിച്ചിരുന്നില്ല. ടെന്‍ഡര്‍ വിളിച്ച് 20 വര്‍ഷമായിട്ടും ഉല്‍പാദനം തുടങ്ങാത്ത സാഹചര്യത്തില്‍ ഇത് ഒ.എന്‍.ജി.സിയെത്തന്നെ ഏല്‍പിക്കാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചു. ഇതോടെ എണ്ണ ഉല്‍പാദനം ആരംഭിക്കുകയും അതുവഴി ഏറെ പേര്‍ക്കു തൊഴില്‍ ലഭിക്കുകയും ചെയ്യും.