രാജ്യത്തെ പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജികള്‍ക്ക് (എന്‍.ഐ.റ്റി) സ്ഥിരം ക്യാമ്പസ് നിര്‍മ്മിക്കുന്നതിന് 2021-22 കാലയളവില്‍ മൊത്തം 4371.90 കോടി രൂപ മതിപ്പ് ചെലവായി അംഗീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
2009 ല്‍ സ്ഥാപിച്ച ഈ എന്‍.ഐ.റ്റി. കള്‍ 2010-11 അദ്ധ്യയന വര്‍ഷം മുതല്‍ വളരെ പരിമിതമായ സ്ഥലവും, അടിസ്ഥാന സൗകര്യങ്ങളുമുള്ള തങ്ങളുടെ താല്‍ക്കാലിക ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ച് വരികയാണ്. നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലം നിര്‍ണ്ണയിക്കാന്‍ വൈകിയതും, നിര്‍മ്മാണ ജോലികള്‍ക്കായി യഥാര്‍ത്ഥ ആവശ്യങ്ങളെക്കാള്‍ വളരെ താഴെയുള്ള ചെലവ് അംഗീകരിച്ചതും സ്ഥിരം ക്യാമ്പസുകളിലെ നിര്‍മ്മാണം വൈകാന്‍ ഇടയാക്കി.
പുതുക്കിയ മതിപ്പ് ചെലുകള്‍ക്ക് അംഗീകാരം ലഭിച്ചതോടെ 2022 മാര്‍ച്ച് 31 മുതല്‍ ഈ എന്‍.ഐ.റ്റി. കള്‍ അതാത് സ്ഥിരം ക്യാമ്പസുകളില്‍ നിന്ന് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കുന്നു. ഈ ക്യാമ്പസുകളില്‍ മൊത്തം 6320 വിദ്യാര്‍ത്ഥികളാണ് ഉള്ളത്.
എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യാ രംഗങ്ങളില്‍ ദേശീയ പ്രാധാന്യമുള്ള, രാജ്യത്തെ ഏറ്റവും മികച്ച അദ്ധ്യാപന സ്ഥാപനങ്ങളില്‍പ്പെട്ടവയാണ് എന്‍.ഐ.റ്റി. കള്‍. ഉയര്‍ന്ന ഗുണനിലവാരമുള്ള സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ അവ സവിശേഷമായ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിട്ടുമുണ്ട്. രാജ്യമൊട്ടാകെ തൊഴിലവസരങ്ങള്‍ക്കും, സംരംഭകത്വത്തിനും ആക്കമേകുന്ന ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള സാങ്കേതിക മനുഷ്യ വിഭവ ശേഷിയെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രാപ്തരാണ്.
**********