Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പി.എം.എന്‍.സി.എച്ച്. പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പാര്‍ട്‌ണേഴ്‌സ് ഫോറം 2018ന്റെ ലോഗോ കൈമാറി

പി.എം.എന്‍.സി.എച്ച്. പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പാര്‍ട്‌ണേഴ്‌സ് ഫോറം 2018ന്റെ ലോഗോ കൈമാറി

പി.എം.എന്‍.സി.എച്ച്. പ്രതിനിധിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് പാര്‍ട്‌ണേഴ്‌സ് ഫോറം 2018ന്റെ ലോഗോ കൈമാറി


കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ശ്രീ. ജെ.പി.നദ്ദ, ചിലി മുന്‍ പ്രസിഡന്റും ശിശു ആരോഗ്യത്തിനായുള്ള കൂട്ടായ്മ (പി.എം.എന്‍.സി.എച്ച്.) നിയുക്ത അധ്യക്ഷയുമായ ഡോ. മിഷേല്‍ ബാക്ലെറ്റ്, പ്രമുഖ നടിയും യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡറുമായ ശ്രീമതി പ്രിയങ്ക ചോപ്ര, പി.എം.എന്‍.സി.എച്ചിന്റെ നേതൃനിരയിലുള്ള ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ശ്രീ. എ.കെ.ചൗബേ, എച്ച്.എഫ്.ഡബ്ല്യു. സെക്രട്ടറി ശ്രീമതി പ്രീതി സുദന്‍ എന്നിവരടങ്ങുന്ന പി.എം.എന്‍.സി.എച്ച്. പ്രതിനിധിസംഘം 2018 ഡിസംബര്‍ 12, 13 തീയതികളിലായി ന്യൂഡെല്‍ഹിയില്‍ നടക്കുന്ന പാര്‍ട്‌ണേഴ്‌സ് ഫോറത്തിലേക്കു ക്ഷണിക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. വിവിധ രാഷ്ട്രത്തലവന്‍മാരും വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരും 1200 പ്രതിനിധികളും ഫോറത്തില്‍ പങ്കെടുക്കും. 92 രാജ്യങ്ങളും 1000 സംഘടനകളും ഉള്‍പ്പെടുന്ന ആഗോള കൂട്ടായ്മയാണ് പി.എം.എന്‍.സി.എച്ച്. കൂട്ടായ്മയുടെ രക്ഷാധികാരിയാകാമെന്നു സമ്മതിച്ച പ്രധാനമന്ത്രി, സംഘത്തില്‍നിന്നു ഫോറത്തിന്റെ ലോഗോ ഏറ്റുവാങ്ങി.

നിയുക്ത അധ്യക്ഷയെന്ന നിലയില്‍ ഡോ. മിഷേല്‍ ബാക്ലേറ്റ് പങ്കാളിത്തത്തെക്കുറിച്ചു പ്രധാനമന്ത്രിയോടു വിശദീകരിച്ചു. സ്ത്രീശാക്തീകരണം, ബാലശാക്തീകരണം, യുവശാക്തീകരണം എന്നീ വെല്ലുവിളികളെ നേരിടുന്നതിനായി പ്രധാനമന്ത്രിയില്‍നിന്ന് ആശയങ്ങള്‍ തേടുകയും ചെയ്തു. ഗ്രാമവാസികളും ദാരിദ്ര്യം അനുഭവിക്കുന്നവരുമായ ഗര്‍ഭിണികള്‍ക്കു ഭക്ഷണം ലഭ്യമാക്കാന്‍ സ്വകാര്യമേഖലയുടെയും സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ ഗുജറാത്തില്‍ താന്‍ നടത്തിയ പ്രവര്‍ത്തനം പ്രധാനമന്ത്രി വിശദീകരിച്ചു. ഫലപ്രദമായ ആശയവിനിമയ തന്ത്രം രൂപപ്പെടുത്തണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പങ്കാളിത്തമാണ് കൂട്ടായ്മയ്ക്ക് അടിസ്ഥാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. പോഷകാഹാരം, വിവാഹപ്രായം, ഗര്‍ഭകാലത്തും പ്രസവകാലത്തുമുള്ള സംരക്ഷണം തുടങ്ങിയ പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായുള്ള ആശയവിനിമയ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനായി ആശയങ്ങള്‍ തേടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയങ്ങളെ അധികരിച്ച് ഓണ്‍ലൈന്‍ ക്വിസ് നടത്താവുന്നതാണെന്നും ജേതാക്കള്‍ക്കുള്ള സമ്മാനങ്ങള്‍ 2018 ഡിസംബറില്‍ നടക്കുന്ന പാര്‍ട്‌ണേഴ്‌സ് ഫോറത്തില്‍ വിതരണം ചെയ്യാവുന്നതാണെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

***