Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പിന്നാക്കവിഭാഗങ്ങൾക്കു വായ്പാസഹായം നൽകുന്നതിനായി മാർച്ച് 13നു രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും


പിന്നാക്കവിഭാഗങ്ങൾക്കുള്ള വായ്പാസഹായത്തിനായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 മാർച്ച് 13നു വൈകിട്ട് 4നു വിദൂരദൃശ്യസംവിധാനത്തിലൂടെ പങ്കെടുക്കും. പ്രധാൻ മന്ത്രി സാമാജിക് ഉത്ഥാൻ എവം റോസ്ഗാർ ആധാരിത് ജൻകല്യാൺ (PM-SURAJ) ദേശീയ പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഒരുലക്ഷം സംരംഭകർക്കു വായ്പാസഹായം അനുവദിക്കും. കൂടാതെ, പട്ടികജാതിക്കാർ, പിന്നാക്കവിഭാഗങ്ങൾ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ, വിവിധ ഗവണ്മെന്റ് പദ്ധതികളുടെ പിന്നാക്കവിഭാഗങ്ങളിൽനിന്നുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കും. ഈ അവസരത്തിൽ സദസിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.

പിന്നാക്കവിഭാഗങ്ങൾക്കുള്ള വായ്പാസഹായത്തിനായുള്ള PM-SURAJ ദേശീയ പോർട്ടൽ, നിരാലംബർക്കു മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത ഉൾക്കൊള്ളുന്നതാണ്. സമൂഹത്തിലെ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പരിവർത്തനസംരംഭമാണിത്. അർഹരായ വ്യക്തികൾക്കു ബാങ്കുകൾ, എൻബിഎഫ്‌സി-എംഎഫ്ഐകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിലൂടെ വായ്പാപിന്തുണ നൽകും.

പരിപാടിയിൽ, യന്ത്രവൽകൃത ശുചിത്വ ആവാസവ്യവസ്ഥയ്ക്കായുള്ള ദേശീയ പ്രവർത്തനങ്ങൾക്കു (National Action for Mechanised Sanitation Ecosystem – NAMASTE- നമസ്തേ) കീഴിൽ ‘സഫായി മിത്ര’ങ്ങൾക്ക് (അഴുക്കുചാൽ-സെപ്റ്റിക് ടാങ്ക് ശുചീകരണത്തൊഴിലാളികൾ) ആയുഷ്മാൻ ആരോഗ്യ കാർഡുകളും പിപിഇ കിറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ സേവനം ചെയ്യുന്ന മുൻനിര തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പിനെയാണ് ഈ സംരംഭം പ്രതിനിധാനം ചെയ്യുന്നത്.

വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളായ, രാജ്യത്തെ 500ലധികം ജില്ലകളിലെ പിന്നാക്കവിഭാഗങ്ങളിൽ നിന്നുള്ള മൂന്നുലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും.

 

NK