Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല ആപ്പ് എന്നിവയും ബിഹാറിലെ മറ്റ് നിരവധി ഉദ്യമങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


പിഎം മത്സ്യ സമ്പാദ യോജന, ഇ-ഗോപാല്‍ ആപ്പ് എന്നിവയും മത്സ്യോല്‍പാദനം, ക്ഷീരമേഖല, മൃഗസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഗവേഷണം, പഠനം എന്നിവയ്ക്കായുള്ള ബീഹാറിലെ പദ്ധതികളും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘടനം ചെയ്തു. 21ാം നൂറ്റാണ്ടില്‍ ഗ്രാമങ്ങളെ ശാക്തീകരിക്കാനും ഇന്ത്യയെ സ്വയംപര്യാപ്തമാക്കാനുമാണ് (ആത്മനിര്‍ഭര്‍ ഭാരത്) ഈ സംരംഭങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്  ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

മത്സ്യ സമ്പാദ യോജനയും അതേ ലക്ഷ്യംവച്ചാണ് ഉദ്ഘാടനം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 4-5 വര്‍ഷത്തിനുള്ളില്‍ 20,000 കോടി രൂപ ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി മത്സ്യ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 21 സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്നത്. 1700 കോടിയുടെ പദ്ധതികളാണ് ഇതിനു കീഴില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

പട്ന, പൂര്‍ണിയ, സീതാമാര്‍ഹി, മാധേപുര, കിഷന്‍ഗഞ്ജ്, സമസ്തിപൂര്‍ എന്നിവിടങ്ങളില്‍ പദ്ധതിയുടെ ഭാഗമായി നിരവധി സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍, നവീന ഉപകരണങ്ങള്‍, പുതിയ വിപണികളിലേക്ക് മത്സ്യോല്‍പാദകര്‍ക്ക് പ്രവേശനം, ഉല്‍പാദനം, മറ്റ് മാര്‍ഗങ്ങള്‍ എന്നി വഴി കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ മത്സ്യമേഖലയ്ക്കായി നടപ്പിലാക്കുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. മത്സ്യമേഖല നേരിടുന്ന നിരവധി വെല്ലുവിളികള്‍, മേഖലയുടെ പ്രാധാന്യം എന്നിവ പരിഗണിച്ച് മത്സ്യോല്‍പ്പാദന മേഖലയ്ക്കായി ഒരു മന്ത്രാലയം തന്നെ രൂപീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കും മികവ് വര്‍ധിപ്പിക്കാന്‍ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത മൂന്ന്-നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ മത്സ്യ കയറ്റുമതി ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഇത് മത്സ്യബന്ധന മേഖലയില്‍ മാത്രം ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഈ മേഖലയില്‍ ജോലി ചെയ്യുന്നവരുമായി ഇന്ന് സംസാരിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

മത്സ്യക്കൃഷി വലിയൊരളവില്‍ ശുദ്ധജല ലഭ്യതയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്നും മിഷന്‍ ക്ലീന്‍ ഗംഗ പദ്ധതി ഇക്കാര്യത്തില്‍ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഗംഗ നദിക്ക് സമീപമുള്ള പ്രദേശങ്ങളിലെ നദീയാത്രയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും മത്സ്യബന്ധന മേഖലയ്ക്ക് ഗുണം ലഭിക്കും. ഈ വര്‍ഷം ഓഗസ്റ്റ്15ന് പ്രഖ്യാപിച്ച മിഷന്‍ ഡോള്‍ഫിന്‍ പദ്ധതിയും ഇക്കാര്യത്തില്‍ ഗുണപ്രദമാകും.

എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കുന്നതിനായി ബിഹാര്‍ ഗവണ്‍മെന്റ്  നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 4-5 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെറും 2 ശതമാനം കുടുംബങ്ങള്‍ക്ക് മാത്രം ശുദ്ധജലം ലഭിച്ചിരുന്നത് ഇപ്പോള്‍ 70 ശതമാനത്തിലധികമായി ഉയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ജല്‍ ജീവന്‍ മിഷനില്‍ നിന്ന് ബിഹാര്‍ ഗവണ്‍മെന്റിന് തുടര്‍ന്ന് സഹായങ്ങള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.

കൊറോണക്കാലത്ത് പോലും ബിഹാറിലെ 60 ലക്ഷം വീടുകളില്‍ ടാപ്പില്‍ നിന്ന് വെള്ളം ലഭിക്കുന്നതായും ഇത് അപൂര്‍വ നേട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഏതാണ്ടെല്ലാ സേവനങ്ങളും സ്തംഭിച്ച സമയത്ത് പോലും നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്. കൊറോണ പ്രതിസന്ധിയിലും ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാല്‍ തുടങ്ങിയവയുടെ ഉല്‍പാദനവും വിപണനവും കൃത്യമായി നടന്നത് നമ്മുടെ ഗ്രാമങ്ങളുടെ കരുത്താണ് തെളിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കൂടാതെ പ്രതിസന്ധികള്‍ക്കിടയിലും രാജ്യത്തെ ക്ഷീര വ്യവസായവും റെക്കോര്‍ഡ് പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ബിഹാറില്‍ നിന്നുള്ള 75 ലക്ഷം കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ രാജ്യത്തെ 10 കോടിയിലധികം വരുന്ന കര്‍ഷകര്‍ക്ക് പിഎം കിസാന്‍ സമ്മാന്‍ നിധിയില്‍ നിന്ന് നേരിട്ട് അക്കൗണ്ടുകളില്‍ പണം നിക്ഷേപിച്ചിരുന്നു.

കൊറോണയ്ക്കൊപ്പം പ്രളയവും കൂടി നേരിട്ട ബീഹാര്‍, കാര്‍ഷിക മേഖലയിലും നടത്തിയ മികവ് പ്രശംസനീയമാണ്. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറിലെ അര്‍ഹരായ ഓരോരുത്തര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ എല്ലാ കുടിയേറ്റ തൊഴിലാളി കുടുംബങ്ങള്‍ക്കും സൗജന്യ റേഷന്‍, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ റോജ്ഗാര്‍ അഭിയാന്‍ എന്നിവയുടെ ആനുകൂല്യം ലഭിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. സൗജന്യ റേഷന്‍ പദ്ധതി ജൂണിനുശേഷം ദീപാവലി, ഛാത് പൂജ എന്നിവ വരെ നീട്ടിയതായി അദ്ദേഹം  വ്യക്തമാക്കി.

കൊറോണയെത്തുടര്‍ന്ന് നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് തിരികെ പോയ പലരും ഇപ്പോള്‍ മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേന്ദ്ര-ബീഹാര്‍ ഗവണ്‍മെന്റുകളുടെ വിവിധ പദ്ധതികളില്‍ നിന്ന് ഇവര്‍ക്ക് സഹായം ലഭ്യമാകുന്നതായും വ്യക്തമാക്കി. പുതിയ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, പുതിയ കണ്ടുപിടിത്തങ്ങള്‍ തുടങ്ങിയവ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ ക്ഷീരവ്യവസായം അഭിവൃദ്ധിപ്പെടുത്താന്‍ ഗവണ്‍മെന്റ് നിരന്തര ശ്രമങ്ങള്‍ നടത്തി വരുന്നതായി അദ്ദേഹം വ്യക്തമാക്കി. ഇത് ക്ഷീര കര്‍ഷകര്‍ക്കും മറ്റും കൂടുതല്‍ വരുമാനം ലഭിക്കുന്നതിന് കാരണമാകും. ഇതൊടൊപ്പം രാജ്യത്തെ കന്നുകാലികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും വൃത്തിയോടെ
പരിപാലിക്കപ്പെടുന്നതിനും പോഷകാഹാരം ലഭിക്കുന്നതിനുമുള്ള അവസരം സൃഷ്ടിക്കുന്നതില്‍ ഗവണ്‍മെന്റ് ശ്രദ്ധ ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തോടൊപ്പം കുളമ്പ് രോഗം, ബ്രൂസലോസിസ് എന്നിവയ്ക്കെതിരെ രാജ്യത്തെ 50 കോടി കന്നുകാലികള്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കാനുള്ള ക്യാംപെയ്ന്‍ ഉദ്ഘാടനം ചെയ്തതായി അദ്ദേഹം അറിയിച്ചു. കന്നുകാലികള്‍ക്ക് മികച്ച പോഷകാഹാരം ലഭിക്കുന്നതിനുള്ള നടപടികള്‍ വിവിധ പദ്ധതികളിലുള്‍പ്പെടുത്തി നടപ്പിലാക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്ത് മികച്ച നാടന്‍ ഇനം കന്നുകാലികളെ സൃഷ്ടിക്കാനുള്ള മിഷന്‍ ഗോകുല്‍ പുരോഗമിക്കുകയാണ്. രാജ്യവ്യാപകമായി കൃത്രിമ ബീജസങ്കലന പരിപാടി ഒരു വര്‍ഷം മുമ്പ് ആരംഭിക്കുകയും ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു.

ഗുണനിലവാരമുള്ള നാടന്‍ കന്നുകാലി ഇനങ്ങളെ വികസിപ്പിക്കുന്നതിന്റെ കേന്ദ്രമായി ബീഹാര്‍ മാറിയതായി പ്രധാനമന്ത്രി പറഞ്ഞു. പൂര്‍ണിയ, പട്ന, ബറൂണി എന്നിവിടങ്ങളില്‍ ദേശീയ ഗോകുല്‍ മിഷന്‍ വഴി നവീന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഫലമായി ക്ഷീര വ്യവസായ മേഖലയില്‍ ബീഹാര്‍ കൂടുതല്‍ നേട്ടം കൈവരിക്കാന്‍ പോകുകയാണ്. പൂര്‍ണിയയില്‍ പണി കഴിച്ച കേന്ദ്രം രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രങ്ങളിലൊന്നാണ്. ഇതില്‍ നിന്ന് ബീഹാര്‍ കൂടാതെ കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഗുണം ലഭിക്കും. ‘ബച്ചൗര്‍, റെഡ് പൂര്‍ണിയ’ പോലുള്ള ബിഹാറിലെ നാടന്‍ കന്നുകാലി ഇനങ്ങളുടെ വികസനത്തിനും പരിപാലനത്തിനും ഈ കേന്ദ്രത്തിന് സംഭാവന ചെയ്യാന്‍ കഴിയും.

പശുക്കള്‍ സാധാരണയായി ഒരു വര്‍ഷത്തില്‍ ഒരു കിടാവിനാണ്‌
ജന്മം നല്‍കുക. എന്നാല്‍ ഐ.വിഎഫ് സാങ്കേതിക വിദ്യയോടെ കുട്ടികളുടെ എണ്ണം ഒന്നിലധികമാക്കാന്‍ കഴിയും.
ഗ്രാമങ്ങളില്‍ ഈ സാങ്കേതിക വിദ്യ എത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. നല്ലയിനം കന്നുകാലികള്‍ക്കൊപ്പം അവയെ പരിചരിക്കുന്നതിനുള്ള ശാസ്ത്രീയ രീതികളും പ്രധാനമാണ്.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ഗോപാല ആപ്പ് കര്‍ഷകര്‍ക്ക് മികച്ച ഗുണനിലവാരമുള്ള കന്നുകാലികളെ ഓണ്‍ലൈന്‍ വഴി തെരഞ്ഞെടുക്കാനും ഇടനിലക്കാരെ ഒഴിവാക്കാനും സഹായിക്കും. കന്നുകാലി പരിചരണം, ഉല്‍പാദനം, ആരോഗ്യം, ഭക്ഷണരീതി തുടങ്ങിയ വിവരങ്ങള്‍ ഈ ആപ്പില്‍ ലഭ്യമാണ്. ഗോപാല ആപ്പില്‍ കന്നുകാലികളുടെ ആധാര്‍ നമ്പര്‍ നല്‍കിയാല്‍ അവയെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകും. ഇത് കന്നുകാലി കര്‍ഷകര്‍ക്ക് വില്‍പ്പനയും വാങ്ങലും എളുപ്പമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം തുടങ്ങിയ മേഖലകളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് ശാസ്ത്രീയ രീതികള്‍ സ്വീകരിക്കേണ്ടതും ഗ്രാമത്തില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതും പ്രധാനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമായുള്ള പ്രധാന കേന്ദ്രമാണ് ബിഹാര്‍.

ഡല്‍ഹിയിലെ പൂസ ഇന്‍സ്റ്റിറ്റ്യൂട്ട് ബിഹാറിലെ സമസ്തീപുരിനടുത്തുള്ള പൂസ പട്ടണത്തെയാണ് പരാമര്‍ശിക്കുന്നതെന്ന് വളരെ കുറച്ചുപേര്‍ക്കേ അറിയൂ. കോളനിഭരണകാലത്ത് തന്നെ സമസ്തീപുരിലെ പൂസയില്‍ ദേശീയതല കാര്‍ഷിക ഗവേഷണ കേന്ദ്രം ആരംഭിച്ചിരുന്നു. സ്വാതന്ത്ര്യാനന്തരം ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോയതിന് ദീര്‍ഘവീക്ഷണമുള്ള നേതാക്കളായ ഡോ. രാജേന്ദ്ര പ്രസാദ്, ജനനായക് കര്‍പ്പൂരി താക്കൂര്‍ എന്നിവരെ അദ്ദേഹം പ്രശംസിച്ചു.

ഈ പരിശ്രമങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 2016ല്‍ ഡോ. രാജേന്ദ്ര പ്രസാദ് കാര്‍ഷിക സര്‍വകലാശാലയെ കേന്ദ്ര സര്‍വകലാശാലയായി അംഗീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇതിനുശേഷം, സര്‍വകലാശാലയിലും അതുമായി ബന്ധപ്പെട്ട കോളേജുകളിലും കോഴ്സുകള്‍ വിപുലമാക്കി. കൂടാതെ, സ്‌കൂള്‍ ഓഫ് അഗ്രി ബിസിനസ് ആന്‍ഡ് റൂറല്‍ മാനേജ്‌മെന്റിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഒപ്പം പുതിയ ഹോസ്റ്റലുകള്‍, സ്റ്റേഡിയങ്ങള്‍, അതിഥി മന്ദിരങ്ങള്‍ എന്നിവയും സ്ഥാപിച്ചു.

ആധുനിക കാലത്തെ കാര്‍ഷിക മേഖലയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്,  3 കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകള്‍ രാജ്യത്ത് ആരംഭിച്ചു. 5-6 കൊല്ലം മുമ്പ് രാജ്യത്ത് ഉണ്ടായിരുന്നത് ഒരെണ്ണം മാത്രമാണ്. എല്ലാ വര്‍ഷവും ബിഹാറിനെ ബാധിക്കുന്ന വെള്ളപ്പൊക്കത്തില്‍ നിന്ന് കൃഷി സംരക്ഷിക്കുന്നതിനായി ബീഹാറില്‍ മഹാത്മാഗാന്ധി ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അതുപോലെ, കൃഷിയെ ശാസ്ത്ര സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിന് മോതിപ്പുരിലെ പ്രാദേശിക മത്സ്യ ഗവേഷണ പരിശീലന കേന്ദ്രം, മോതിഹാരിയിലെ മൃഗസംരക്ഷണ-ക്ഷീര വികസന കേന്ദ്രം തുടങ്ങി നിരവധി സ്ഥാപനങ്ങള്‍  ആരംഭിച്ചു.

ഗ്രാമങ്ങള്‍ക്ക് സമീപം ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങളുടെയും ഗവേഷണ കേന്ദ്രങ്ങളുടെയും ക്ലസ്റ്ററുകള്‍ സ്ഥാപിക്കണമെന്നും അതുവഴി ജയ് കിസാന്‍, ജയ് വിജ്ഞാന്‍, ജയ് അനുസന്ധാന്‍ എന്ന ലക്ഷ്യം കൈവരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രത്യേക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനും സംഭരണം, കോള്‍ഡ് സ്റ്റോറേജ്, മറ്റ് സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിനും എഫ്.പി.ഒ.കള്‍, സഹകരണ സംഘങ്ങള്‍ എന്നിവയ്ക്ക് കേന്ദ്രഗവണ്‍മെന്റ് ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാനസൗകര്യ വികസന നിധിക്കു രൂപം നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്ത്രീകളുടെ സ്വയംസഹായ സംഘങ്ങള്‍ക്ക് പോലും മികച്ച സഹായമാണ് ലഭിക്കുന്നത്. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍ സഹായം 32 മടങ്ങാണ് വര്‍ധിച്ചത്.

വളര്‍ച്ചയുടെ എന്‍ജിനുകളായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും കരകയറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ സഹായിക്കുമെന്നും ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

***