Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാര്‍ലമെന്റിന്റെ ചരിത്രപരമായ പാതിരാ സമ്മേളനത്തോടെ ഇന്ത്യ ജി.എസ്.റ്റിയിലേക്ക് ചുവടു വച്ചു

s20170701110499


പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചരിത്രപരമായ പാതിരാ സമ്മേളനത്തില്‍ ചരക്ക് സേവന നികുതി(ജി.എസ.്റ്റി) രാജ്യത്ത് നിലവില്‍ വന്നു. രാഷ്ട്രപതി ശ്രീ പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ചേര്‍ന്ന് ജിഎസ്ടി ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള ബട്ടണ്‍ അമര്‍ത്തി. രാഷ്ട്രപതി, പ്രധാനമന്ത്രി, ധനമന്ത്രി ശ്രീ അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഈ ദിവസം രാജ്യത്തിന്റെ ഭാവി ദിശ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു വഴിത്തിരിവാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍സ്റ്റിറ്റ്വന്റ് അസംബ്ലിയുടെ ആദ്യസമ്മേളനം, ഇന്ത്യയുടെ സ്വാതന്ത്ര്യം, ഭരണഘടന അംഗീകരിക്കല്‍ തുടങ്ങി ഒട്ടേറെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് ഇതിനു മുന്‍പും സെന്‍ട്രല്‍ ഹാള്‍ സാക്ഷിയായിട്ടുണ്ടെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. ജിഎസ്.റ്റി സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

കഠിനാധ്വാനം എല്ലാ തടസ്സങ്ങളെയും അതിജീവിക്കുമെന്നും നമ്മെ ഏറ്റവും കടുപ്പമേറിയ ലക്ഷ്യങ്ങള്‍ പോലും കൈവരിക്കാന്‍ അത് സഹായിക്കുമെന്നും ചാണക്യനെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ പട്ടേല്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഏകീകരണം സാധ്യമാക്കിയതു പോലെ ജിഎസ്റ്റി സാമ്പത്തിക ഏകീകരണം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്ത് മനസ്സിലാക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം ആദായ നികുതിയാണെന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ വാക്കുകളെ അനുസ്മരിച്ച പ്രധാനമന്ത്രി ജിഎസ്റ്റി ഒരു രാജ്യത്തിന് ഒരു നികുതി ഉറപ്പാക്കുമെന്ന് പറഞ്ഞു. ജിഎസ്റ്റി നമ്മെ സമയവും ചെലവും ലാഭിക്കുന്നതിലേക്ക് നയിക്കും. സംസ്ഥാന അതിര്‍ത്തികളിലെ ചരക്ക് നീക്കത്തിനുള്ള കാലതാമസം ഒഴിവാക്കുന്നത് മൂലമുണ്ടാകുന്ന ഇന്ധനലാഭം പരിസ്ഥിതിക്കും സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ലളിതവും, കൂടുതല്‍ സുതാര്യവും അഴിമതിയെ ചെറുക്കാന്‍ സഹായിക്കുന്നതുമായ ആധുനിക നികുതി സമ്പ്രദായത്തിലേക്ക് ജിഎസ്റ്റി നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ഗുണപ്രദമാകുന്ന ‘ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്‌സ്’ ആണ് ജിഎസ്റ്റിയെന്നും അദ്ദേഹം വിശദീകരിച്ചു. സമൂഹത്തിന്റെ പൊതുനന്മയിലേക്ക് നയിക്കുന്ന പൊതു ലക്ഷ്യത്തിന്റെയും പൊതു നിശ്ചയദാര്‍ഢ്യത്തിന്റെയും സത്ത വ്യക്തമാക്കുന്ന ഋഗ്വേദ ശ്ലോകവും പ്രധാനമന്ത്രി ഉദ്ധരിച്ചു.

*****