Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പാരീസിൽ നടന്ന എ ഐ  പ്രവർത്തന ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ-അധ്യക്ഷത വഹിച്ചു 

പാരീസിൽ നടന്ന എ ഐ  പ്രവർത്തന ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ-അധ്യക്ഷത വഹിച്ചു 


പാരീസിൽ നടന്ന എഐ പ്രവർത്തന ഉച്ചകോടിയിൽ  ഫ്രാൻസ് പ്രസിഡന്റ്  ഇമ്മാനുവൽ മാക്രോണിനൊപ്പം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സഹ അധ്യക്ഷ സ്ഥാനം വഹിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഉച്ചകോടിയിൽ ഫെബ്രുവരി 6-7 തീയതികളിൽ ശാസ്ത്ര സമ്മേളനങ്ങളും തുടർന്ന് ഫെബ്രുവരി 8-9 തീയതികളിൽ സാംസ്കാരിക പരിപാടികളും നടന്നു. സമാപനത്തിൽ ആഗോള നേതാക്കൾ, നയരൂപകർത്താക്കൾ, വ്യവസായ വിദഗ്ധർ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം നടന്നു

ഫെബ്രുവരി 10 ന് എലിസി പാലസിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സംഘടിപ്പിച്ച അത്താഴവിരുന്നോടെയാണ് ഉന്നതതല യോഗം ആരംഭിച്ചത്. വിവിധ രാഷ്ട്രത്തലവന്മാരും  അന്താരാഷ്ട്ര സംഘടനകളുടെ നേതാക്കളും, പ്രമുഖ എഐ കമ്പനികളുടെ സിഇഒമാരും, മറ്റ് വിശിഷ്ട വ്യക്തികളും യോഗത്തിൽ പങ്കെടുത്തു .

ഇന്ന് നടന്ന പ്ലീനറി സെഷനിൽ, ഉച്ചകോടിയുടെ സഹ-അധ്യക്ഷനെന്ന നിലയിൽ ഉദ്ഘാടന പ്രസംഗം നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ, ഫ്രാൻസ് പ്രസിഡന്റ് മാക്രോൺ ക്ഷണിച്ചു. ലോകം നിർമിത ബുദ്ധി യുഗത്തിന്റെ ഉദയത്തിലാണെന്നും, ഈ സാങ്കേതികവിദ്യ മാനവികതയുടെ കോഡ് വേഗത്തിൽ എഴുതുകയും നമ്മുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, സുരക്ഷ, സമൂഹം എന്നിവയെ പുനർനിർമ്മിക്കുകയും ചെയ്തതായി പ്രധാനമന്ത്രി  ചൂണ്ടിക്കാട്ടി. സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ കാര്യത്തിൽ ചരിത്രത്തിലെ മറ്റ് സാങ്കേതിക നാഴികക്കല്ലുകളിൽ നിന്ന് AI വളരെ വ്യത്യസ്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുവായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും , അപകടസാധ്യതകൾ പരിഹരിക്കുന്നതും , വിശ്വാസം വളർത്തിയെടുക്കുന്നതുമായ ഭരണ സംവിധാനവും മാനദണ്ഡങ്ങളും സ്ഥാപിക്കുന്നതിനായി കൂട്ടായ ആഗോള ശ്രമങ്ങൾക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ഭരണം എന്നത് അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നത് മാത്രമല്ല, നൂതനാശയങ്ങളെ  പ്രോത്സാഹിപ്പിക്കുകയും ആഗോള നന്മയ്ക്കായി അത് പ്രായോഗികമാക്കുകയും ചെയ്യുന്ന സംവിധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ, എല്ലാവർക്കും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് മേഖലയ്ക്ക് നിർമിത ബുദ്ധി ലഭ്യത ഉറപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്നത് യാഥാർത്ഥ്യമാക്കുന്നതിനായി സാങ്കേതികവിദ്യയും അതിന്റെ ജനകേന്ദ്രീകൃത സംവിധാനങ്ങളും  ജനാധിപത്യവൽക്കരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര സൗരസഖ്യം പോലുള്ള സംരംഭങ്ങളിലൂടെ ഇന്ത്യ-ഫ്രാൻസ് സുസ്ഥിര പങ്കാളിത്തത്തിന്റെ വിജയത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, മികച്ചതും ഉത്തരവാദിത്വമുള്ളതുമായ ഭാവിക്കായി ഒരു നൂതനാശയ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിന്  ഇരു രാജ്യങ്ങളും കൈകോർക്കുന്നത് സ്വാഭാവികമാണെന്ന് പ്രസ്താവിച്ചു.

 എല്ലാവർക്കും പ്രവേശനക്ഷമമായ  സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി 140 കോടി  പൗരന്മാർക്ക് ഒരു ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം നിർമ്മിക്കുന്നതിൽ ഇന്ത്യ നേടിയ വിജയം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ AI ദൗത്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യ അതിന്റെ വൈവിധ്യം കണക്കിലെടുത്ത് നിർമിത ബുദ്ധിക്കായി സ്വന്തം ലാർജ് ലാംഗ്വേജ് മോഡൽ നിർമ്മിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. നിർമിത ബുദ്ധിയുടെ നേട്ടങ്ങൾ എല്ലാവരിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യ തങ്ങളുടെ അനുഭവം പങ്കിടാൻ തയ്യാറാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. അടുത്ത  നിർമിത ബുദ്ധി ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ അഭിസംബോധനയുടെ പൂർണ്ണരൂപം  ഇവിടെ കാണാം…..

നേതാക്കളുടെ പ്രസ്താവന അംഗീകരിച്ചുകൊണ്ടാണ് ഉച്ചകോടി സമാപിച്ചത്. എല്ലാവരുടെയും  ഉൾപ്പെടുത്തൽ ഉറപ്പാക്കുന്നതിന് എ ഐ  അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള കൂടുതൽ പ്രവേശനക്ഷമത , നിർമിത ബുദ്ധിയുടെ   ഉത്തരവാദിത്വപരമായ ഉപയോഗം, പൊതുതാൽപ്പര്യത്തിനായി നിർമ്മിത ബുദ്ധി ,എ ഐ കൂടുതൽ വൈവിധ്യപൂർണ്ണവും സുസ്ഥിരവുമാക്കൽ, എ ഐയുടെ സുരക്ഷിതവും വിശ്വസനീയവുമായ ഭരണം ഉറപ്പാക്കൽ എന്നിവ ഉൾപ്പെടെയുള്ള നിർണായക പ്രമേയങ്ങളിലുള്ള  ചർച്ചകൾ ഉച്ചകോടിയിൽ നടന്നു.

 

***

NK