Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ പ്രധാന അടിസ്ഥാനസൌകര്യ പദ്ധതികൾ ആരംഭിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

പശ്ചിമ ബംഗാളിലെ ഹാൽദിയയിൽ പ്രധാന അടിസ്ഥാനസൌകര്യ പദ്ധതികൾ ആരംഭിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം


പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ ജി, കേന്ദ്രഗവൺമെന്റിലെ എന്റെ സഹപ്രവർത്തകരായ ശ്രീ ധർമേന്ദ്ര പ്രധാൻ ജി, ദേബശ്രീ ചൗധരി ജി, എംപി ദിബിയേന്ദു അധികാരി ജി, എം‌എൽ‌എ തപസ് മണ്ഡൽ ജി, സഹോദരീസഹോദരന്മാരെ!

പശ്ചിമ ബംഗാൾ ഉൾപ്പെടെ മുഴുവൻ കിഴക്കൻ ഇന്ത്യയ്ക്കും ഇന്ന് മികച്ച അവസരമാണ്. കിഴക്കൻ ഇന്ത്യയുടെ കണക്റ്റിവിറ്റിക്കും ശുദ്ധമായ ഇന്ധനങ്ങളിൽ സ്വയംപര്യാപ്തതയ്ക്കും ഒരു പ്രധാന ദിവസമാണ് ഇന്ന്. പ്രത്യേകിച്ചും, മുഴുവൻ പ്രദേശത്തിന്റെയും ഗ്യാസ് കണക്റ്റിവിറ്റി ശാക്തീകരിക്കുന്ന പ്രധാന പദ്ധതികൾ ഇന്ന് രാജ്യത്തിനായി സമർപ്പിച്ചിരിക്കുന്നു. പശ്ചിമ ബംഗാൾ ഉൾപ്പെടെ കിഴക്കൻ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജീവിതസൗകര്യം മെച്ചപ്പെടുത്താനും ,  ബിസിനസ്സ് നടത്തിപ്പ്  സുഗമമാക്കാനും ലക്ഷ്യമിടുന്നതുമാണ്  ഇന്ന് സമർപ്പിച്ചതും സ്ഥാപിച്ചതുമായ നാല് പദ്ധതികൾ. രാജ്യത്തെ ആധുനികവും വലുതുമായ ഇറക്കുമതി-കയറ്റുമതി കേന്ദ്രമായി ഹാൽദിയയെ വികസിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.

സുഹൃത്തുക്കളെ,

ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയാണ് ഇന്നത്തെ ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യം നിറവേറ്റുന്നതിനുള്ള ഒരു പ്രധാന കാമ്പെയ്‌നാണ് ഒരു രാഷ്ട്രം, ഒരു ഗ്യാസ് ഗ്രിഡ്. ഇതിനായി പൈപ്പ്ലൈൻ ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം പ്രകൃതിവാതക വില കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കാലങ്ങളായി എണ്ണ, വാതക മേഖലയിൽ നിരവധി പ്രധാന പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. നമ്മുടെ ശ്രമങ്ങളുടെ ഫലമായി, ഇന്ന് ഇന്ത്യ ഏഷ്യയിലുടനീളം ഏറ്റവും കൂടുതൽ ഗ്യാസ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചേർന്നു എന്നതാണ്. ശുദ്ധവും താങ്ങാനാവുന്നതുമായ ഊർജ്ജത്തിനായി രാജ്യം ഒരു ‘ഹൈഡ്രജൻ ദൗത്യം’ ഈ ബജറ്റിൽ പ്രഖ്യാപിച്ചു, ഇത് ശുദ്ധമായ ഇന്ധന പ്രചാരണത്തെ ശക്തിപ്പെടുത്തും, 

സുഹൃത്തുക്കളെ,

ആറ് വർഷം മുമ്പ് രാജ്യം ഞങ്ങൾക്ക് അവസരം നൽകിയപ്പോൾ, വികസന യാത്രയിൽ പിന്നിലായ കിഴക്കൻ ഇന്ത്യയെ വികസിപ്പിക്കാനുള്ള പ്രതിജ്ഞയുമായി ഞങ്ങൾ ആരംഭിച്ചു. കിഴക്കൻ ഇന്ത്യയിൽ ജനങ്ങൾക്കും ബിസിനസിനും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിന് ഞങ്ങൾ നിരവധി നടപടികൾ കൈക്കൊണ്ടു. റെയിലുകൾ, റോഡുകൾ, വിമാനത്താവളങ്ങൾ, ജലപാതകൾ, തുറമുഖങ്ങൾ എന്നിങ്ങനെയുള്ളവ എല്ലാ മേഖലയിലും പ്രാവർത്തികമാക്കിയിട്ടുണ്ട്. ഈ പ്രദേശത്തെ ഏറ്റവും വലിയ പ്രശ്നം പരമ്പരാഗത കണക്റ്റിവിറ്റിയുടെ അഭാവമാണ്. ഗ്യാസ് കണക്റ്റിവിറ്റിയും ഒരു വലിയ പ്രശ്നമായിരുന്നു. ഗ്യാസിന്റെ അഭാവത്തിൽ, പുതിയ വ്യവസായങ്ങളെക്കുറിച്ച് മറന്നേക്കൂ, പഴയ വ്യവസായങ്ങൾ പോലും കിഴക്കൻ ഇന്ത്യയിൽ അടച്ചുപൂട്ടുകയായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്, കിഴക്കൻ ഇന്ത്യയെ കിഴക്കൻ തുറമുഖങ്ങളുമായും പടിഞ്ഞാറൻ തുറമുഖങ്ങളുമായും ബന്ധിപ്പിക്കാൻ തീരുമാനിച്ചു.

സുഹൃത്തുക്കളെ,

പ്രധാൻ മന്ത്രി ഊർജ്ജ ഗംഗ പൈപ്പ്ലൈൻ ഈ ലക്ഷ്യവുമായി മുന്നോട്ട് പോകുന്നു. ഇന്ന്, അതേ പൈപ്പ്ലൈനിന്റെ മറ്റൊരു പ്രധാന ഭാഗം ജനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്നു. 350 കിലോമീറ്റർ ദൈർഘ്യമുള്ള ദോബി-ദുർഗാപൂർ പൈപ്പ്ലൈൻ ഉപയോഗിച്ച് പശ്ചിമ ബംഗാളിലെ 10 ജില്ലകൾക്കും ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങൾക്കും നേരിട്ട് പ്രയോജനം ലഭിക്കും. ഈ പൈപ്പ്ലൈൻ നിർമ്മിക്കുമ്പോൾ ഏകദേശം 11 ലക്ഷം മനുഷ്യദിനങ്ങളാണ് ഇവിടെയുള്ള ആളുകൾക്ക് തൊഴിൽ സൃഷ്ടിച്ചത്.  ഇപ്പോൾ ഇത് പൂർത്തിയായിക്കഴിഞ്ഞു, ഈ ജില്ലകളിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അടുക്കളയിൽ വിലകുറഞ്ഞ പൈപ്പ് ഗ്യാസ് ലഭ്യമാക്കാൻ കഴിയും, കൂടാതെ സി‌എൻ‌ജി അടിസ്ഥാനമാക്കിയുള്ള കുറഞ്ഞ മലിനീകരണ വാഹനങ്ങൾ പ്രവർത്തിപ്പിക്കാനും കഴിയും. അതോടൊപ്പം ദുർഗാപൂർ, സിന്ധ്രി വളം ഫാക്ടറികൾക്കും തുടർച്ചയായി ഗ്യാസ് വിതരണം ചെയ്യാനും ഇത് സഹായിക്കും. ഈ രണ്ട് ഫാക്ടറികളുടെ വളർച്ച പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും കർഷകർക്ക് മതിയായതും കുറഞ്ഞതുമായ വളം നൽകുകയും ചെയ്യും. ജഗദീഷ്പൂർ-ഹാൽദിയയിലെ ദുർഗാപൂർ-ഹാൽദിയ, ബൊക്കാരോ-ധമ്ര പൈപ്പ്ലൈൻ എന്നിവ വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് ഞാൻ ഗെയ്‌ലിനോടും പശ്ചിമ ബംഗാൾ ഗവൺമെന്റിനോടും അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളെ,
പ്രകൃതിവാതകത്തോടൊപ്പം മേഖലയിലെ എൽപിജി വാതകത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇത് പ്രധാനമാണ്, കാരണം ഉജ്ജ്വല യോജനയ്ക്ക് ശേഷം കിഴക്കൻ ഇന്ത്യയിൽ എൽപിജി വാതകത്തിന്റെ കവറേജ് ഗണ്യമായി വർദ്ധിച്ചു, ഇത് ഡിമാൻഡും വർദ്ധിപ്പിച്ചു. ഉജ്ജ്വല പദ്ധതിക്ക് കീഴിൽ പശ്ചിമ ബംഗാളിൽ 90 ലക്ഷത്തോളം സഹോദരിമാർക്കും പെൺമക്കൾക്കും  സൗജന്യ ഗ്യാസ് കണക്ഷൻ ലഭിച്ചു. 36 ലക്ഷത്തിലധികം എസ്ടി / എസ്‌സി വിഭാഗത്തിലുള്ള സ്ത്രീകളാണ് ഇവർ. പശ്ചിമ ബംഗാളിൽ എൽപിജി ഗ്യാസ് കവറേജ് 2014 ൽ 41 ശതമാനം മാത്രമായിരുന്നു. നമ്മുടെ സർക്കാരിന്റെ നിരന്തരമായ പരിശ്രമത്തിലൂടെ ബംഗാളിൽ എൽപിജി ഗ്യാസ് കവറേജ് ഇപ്പോൾ 99 ശതമാനം കവിഞ്ഞു. ഇവിടെ 41 ശതമാനവും 99 ശതമാനത്തിൽ കൂടുതൽ! ഈ ബജറ്റിൽ രാജ്യത്തെ ഉജ്ജ്വല പദ്ധതി പ്രകാരം ദരിദ്രർക്ക് ഒരു കോടി കൂടുതൽ സൗജന്യ ഗ്യാസ് കണക്ഷൻ നൽകാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്. വർദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിൽ ഹാൽദിയയിലെ എൽപിജി ഇറക്കുമതി ടെർമിനൽ ഒരു പ്രധാന പങ്ക് വഹിക്കും. പശ്ചിമ ബംഗാൾ, ഒഡീഷ, ബീഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, യുപി, വടക്ക് കിഴക്ക് എന്നിവിടങ്ങളിൽ നിന്നുള്ള കോടിക്കണക്കിന് കുടുംബങ്ങളെ ഇത് സഹായിക്കും. ഈ മേഖലയിൽ നിന്ന് രണ്ട് കോടിയിലധികം പേർക്ക് ഗ്യാസ് വിതരണം ചെയ്യാനാകും. അതിൽ ഒരു കോടി ഉജ്ജ്വല പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. അതേസമയം, ഇവിടുത്തെ യുവാക്കൾക്ക് ധാരാളം ജോലികൾ നൽകും.

സുഹൃത്തുക്കളെ ,

ശുദ്ധമായ ഇന്ധനത്തിനായുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി, ബി‌എസ് -6 ഇന്ധന പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇന്ന് പുനഃരാരംഭിച്ചു. ഹാൽദിയ റിഫൈനറിയിലെ രണ്ടാമത്തെ കാറ്റലറ്റിക്-ഡൈവാക്സിംഗ് യൂണിറ്റ് തയ്യാറാകുമ്പോൾ, ല്യൂബ് അധിഷ്ഠിത എണ്ണകൾക്കായി വിദേശത്തുള്ള നമ്മുടെ ആശ്രയവും കുറയും. ഇത് രാജ്യത്തിന് പ്രതിവർഷം കോടിക്കണക്കിന് രൂപ ലാഭിക്കും. വാസ്തവത്തിൽ, ഇന്ന്, കയറ്റുമതി ശേഷി സൃഷ്ടിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലേക്ക് നാം നീങ്ങുകയാണ്.

സുഹൃത്തുക്കളെ,

രാജ്യത്തെ പ്രധാന വ്യാപാര, വ്യാവസായിക കേന്ദ്രമായി പശ്ചിമ ബംഗാളിനെ വീണ്ടും വികസിപ്പിക്കാൻ ഞങ്ങൾ അശ്രാന്തമായി പ്രവർത്തിക്കുന്നു. പോർട്ട് ലീഡ് വികസനത്തിന്റെ ഒരു പ്രധാന മാതൃക ഇതിൽ ഉൾപ്പെടുന്നു. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി പോർട്ട് ട്രസ്റ്റ് നവീകരിക്കാൻ നിരവധി നടപടികൾ സ്വീകരിച്ചു. ഹാൽദിയയുടെ ഡോക്ക് കോംപ്ലക്‌സിന്റെ ശേഷിയും അയൽരാജ്യങ്ങളുമായുള്ള ബന്ധവും ശക്തിപ്പെടുത്തുന്നതും പ്രധാനമാണ്. പുതിയ ഫ്ലൈഓവർ ഇപ്പോൾ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഇപ്പോൾ ഹാൽദിയയിൽ നിന്ന് തുറമുഖങ്ങളിലേക്ക് ചരക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിച്ചേരും, അവ തടസ്സങ്ങളും, കാലതാമസങ്ങളും ഒഴിവാക്കും. ഇൻ‌ലാൻ‌ഡ് വാട്ടർ‌വേ അതോറിറ്റി ഓഫ് ഇന്ത്യ ഇവിടെ ഒരു മൾട്ടിമോഡൽ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിക്കായി പ്രവർത്തിക്കുന്നു. അത്തരം വ്യവസ്ഥകളോടെ, ആത്മനിർഭർ ഭാരതത്തിന്റെ അപാര ഊർജ്ജ കേന്ദ്രമായി ഹാൽദിയ ഉയർന്നുവരും. ഈ സംഭവവികാസങ്ങൾക്കെല്ലാം ഞങ്ങളുടെ സഹസുഹൃത്തായ ധർമേന്ദ്ര പ്രധാൻ ജിയെയും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനെയും ഞാൻ അഭിനന്ദിക്കുന്നു, ചുരുങ്ങിയ സമയത്തിനുള്ളിൽ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ വേഗത്തിൽ പരിഹരിക്കാൻ ഈ ടീമിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവസാനമായി, ഒരിക്കൽ കൂടി, എന്റെ ആശംസകൾ, പശ്ചിമ ബംഗാളിനും കിഴക്കൻ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ഈ സൗകര്യങ്ങൾക്കായി നിരവധി ആശംസകൾ.

വളരെയധികം നന്ദി!

*****