Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘പരീക്ഷാ പേ ചർച്ച 2023’ൽ പ്രധാനമന്ത്രി വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി

‘പരീക്ഷാ പേ ചർച്ച 2023’ൽ പ്രധാനമന്ത്രി വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി

‘പരീക്ഷാ പേ ചർച്ച 2023’ൽ പ്രധാനമന്ത്രി വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി


‘പരീക്ഷാ പേ ചർച്ച’യുടെ (പിപിസി) ആറാം പതിപ്പിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ വിദ്യാർഥികളുമായും അധ്യാപകരുമായും രക്ഷിതാക്കളുമായും ആശയവിനിമയം നടത്തി. അതിനു മുന്നോടിയായി വേദിയിൽ പ്രദർശിപ്പിച്ച വിദ്യാർഥികളുടെ പ്രദർശനങ്ങൾക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ആവിഷ്കരിച്ച ‘പരീക്ഷാ പേ ചർച്ച’ എന്ന ആശയത്തിൽ, വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും, ജീവിതവും പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അദ്ദേഹവുമായി സംവദിക്കുന്നു. പിപിസിയുടെ ഈ വർഷത്തെ പതിപ്പിൽ, 155 രാജ്യങ്ങളിൽ നിന്നായി ഏകദേശം 38.80 ലക്ഷം രജിസ്ട്രേഷനുകൾ നടന്നു.

 

റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഇതാദ്യമായാണ് പരീക്ഷാ പേ ചർച്ച നടക്കുന്നതെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ന്യൂഡൽഹിയിലെത്തിയവർക്ക്, റിപ്പബ്ലിക് ദിനത്തിന്റെ നേർക്കാഴ്ച ലഭിച്ചതായും സദസിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പരീക്ഷാ പേ ചർച്ചയുടെ പ്രാധാന്യത്തെക്കുറിച്ച് വെളിച്ചം വീശിയ അദ്ദേഹം, പരിപാടിയുടെ ഭാഗമായി ഉന്നയിക്കപ്പെടുന്ന ദശലക്ഷക്കണക്കിന് ചോദ്യങ്ങൾ ചൂണ്ടിക്കാണിക്കുകയും ഇത് ഇന്ത്യയിലെ യുവതലമുറയുടെ മനസ്സിന് ഉൾക്കാഴ്ച പകരുന്നുവെന്നും പറഞ്ഞു.  “ഈ ചോദ്യങ്ങൾ എനിക്ക് ഒരു നിധിശേഖരം പോലെയാണ്”, പ്രധാനമന്ത്രി പറഞ്ഞു. ഈ ചോദ്യങ്ങളെല്ലാം സമാഹരിക്കുന്നതിനു തനിക്ക് ആഗ്രഹമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വരും വർഷങ്ങളിൽ സാമൂഹിക ശാസ്ത്രജ്ഞർക്ക് വിശകലനം ചെയ്യാൻ കഴിയുംവിധത്തിലാകും ഇവ. ഇത്തരമൊരു ചലനാത്മകമായ സമയത്ത് യുവ വിദ്യാർഥികളുടെ മനസ്സിനെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടു ലഭ്യമാക്കാൻ ഇതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

നിരാശ കൈകാര്യം ചെയ്യൽ

 

പരീക്ഷയിൽ മാർക്കു കുറഞ്ഞാൽ കുടുംബത്തിൽ നിരാശയുണ്ടാകുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുള്ള  കേന്ദ്രീയ വിദ്യാലയ വിദ്യാർഥിനി അശ്വിനി, ഡൽഹി പിതാംപുര കെ.വി.യിലെ നവ് തേജ്, പട്നയിലെ നവീൻ ബാലിക സ്കൂളിലെ പ്രിയങ്ക കുമാരി എന്നിവരുടെ  ചോദ്യത്തിന് മറുപടിയായി, കുടുംബത്തിന് പ്രതീക്ഷകളുണ്ടാകുന്നതിൽ തെറ്റൊന്നും പറയാനില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നിരുന്നാലും, ഈ പ്രതീക്ഷകൾ, സാമൂഹിക നിലയുമായി ബന്ധപ്പെട്ട പ്രതീക്ഷകൾ കാരണമാണെങ്കിൽ അത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന പ്രകടന നിലവാരത്തെക്കുറിച്ചും ഓരോ വിജയത്തിലും വർദ്ധിച്ചുവരുന്ന പ്രതീക്ഷകളെക്കുറിച്ചും ശ്രീ മോദി സംസാരിച്ചു. ചുറ്റുമുള്ള പ്രതീക്ഷകളുടെ വലയിൽ കുടുങ്ങുന്നത് നല്ലതല്ലെന്നും ഏവരും ഉള്ളിലേക്ക് നോക്കണമെന്നും പ്രതീക്ഷയെ സ്വന്തം കഴിവുകൾ, ആവശ്യങ്ങൾ, ഉദ്ദേശ്യങ്ങൾ, മുൻഗണനകൾ എന്നിവയുമായി ബന്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാണികൾ ബൗണ്ടറികൾക്കും സിക്സറുകൾക്കും വേണ്ടി മുറവിളി കൂട്ടുന്ന ക്രിക്കറ്റ് കളിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കാണികളിൽ പലരും സിക്സിനോ ഫോറിനോ ആവശ്യപ്പെട്ടിട്ടും ബാറ്റ് ചെയ്യാൻ ഇറങ്ങുന്ന ബാറ്റർ അസ്വസ്ഥനാകില്ലെന്ന് പറഞ്ഞു. ഒരു ക്രിക്കറ്റ് മൈതാനത്തെ ഒരു ബാറ്ററുടെ ശ്രദ്ധയും വിദ്യാർഥികളുടെ മനസ്സും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പ്രതീക്ഷകളുടെ സമ്മർദം ഇല്ലാതാക്കാൻ കഴിയുമെന്ന് വ്യക്തമാക്കി. പ്രതീക്ഷകളുടെ ഭാരം കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കരുതെന്നു മാതാപിതാക്കളോട് അഭ്യർത്ഥിച്ച അദ്ദേഹം വിദ്യാർത്ഥികളോട് അവരുടെ കഴിവുകൾക്കനുസരിച്ച് എല്ലായ്പോഴും സ്വയം വിലയിരുത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്നിരുന്നാലും, സമ്മർദ്ദങ്ങൾ വിശകലനം ചെയ്യാനും സ്വന്തം കഴിവുകളോട് നീതി പുലർത്തുന്നുണ്ടോ എന്ന് പരിശോധിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ ഈ പ്രതീക്ഷകൾ മികച്ച പ്രകടനത്തിന് പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പം സമയനിർവഹണവും

 

ഡൽഹൗസി കെവിയിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി അരുഷി താക്കൂറിന്റെ, പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ എവിടെ തുടങ്ങണമെന്ന് അറിയാത്തതിനെക്കുറ‌ിച്ചും മറവിയിലേക്ക് നയിക്കുന്ന സമ്മർദപൂരിതമായ സാഹചര്യത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്കും, റായ്പൂർ കൃഷ്ണ പബ്ലിക് സ്‌കൂളിലെ അദിതി ദിവാന്റെ പരീക്ഷാവേളയിൽ സമയം കൈകാര്യം ചെയ്യലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയേകിയ പ്രധാനമന്ത്രി, പരീക്ഷയുണ്ടെങ്കിലും ഇല്ലെങ്കിലും പൊതുജീവിതത്തിൽ സമയനിർവഹണം പ്രാധാന്യമർഹിക്കുന്ന കാര്യമാണെന്ന് ഊന്നിപ്പറഞ്ഞു. ജോലിയല്ല, ജോലിയില്ലാത്തതാണ് ഒരു വ്യക്തിയെ യഥാർഥത്തിൽ തളർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. അവർ ചെയ്യുന്ന വിവിധ കാര്യങ്ങൾക്കുള്ള സമയം രേഖപ്പെടുത്താൻ അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. ഇഷ്ടമുള്ള കാര്യങ്ങൾക്കായി കൂടുതൽ സമയം നീക്കിവയ്ക്കുന്നത് പൊതുവായ പ്രവണതയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിഷയത്തിന് സമയം നീക്കിവയ്ക്കുമ്പോൾ, മനസ്സ് ഉന്മേഷമുള്ള നിലയിൽ ആയിരിക്കുമ്പോൾ, താൽപര്യം കുറഞ്ഞതോ ഏറെ ബുദ്ധിമുട്ടുള്ളതോ ആയ വിഷയം തെരഞ്ഞെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു വഴിയിലൂടെ മുന്നോട്ടുപോകാൻ നിർബന്ധിക്കുന്നതിനുപകരം, വിദ്യാർത്ഥികൾ ശാന്തമായ മാനസികാവസ്ഥയോടെ സങ്കീർണ്ണതകളെ നേരിടണം. എല്ലാ ജോലികളും സമയബന്ധിതമായി നിർവഹിക്കുന്ന, വീട്ടിൽ ജോലി ചെയ്യുന്ന അമ്മമാരുടെ സമയ നിർവഹണശേഷികൾ വിദ്യാർത്ഥികൾ നിരീക്ഷിച്ചിട്ടുണ്ടോയെന്ന് പ്രധാനമന്ത്രി ആരാഞ്ഞു. അവരുടെ എല്ലാ ജോലികളും ചെയ്യുന്നതിലൂടെ അവർ ക്ഷീണിച്ചുപോകുന്നുവെന്നും ബാക്കിയുള്ള സമയത്ത് ചില സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സമയം കണ്ടെത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾക്ക് അവരുടെ അമ്മമാരെ നിരീക്ഷിക്കുന്നതിലൂടെ സമയത്തിന്റെ സൂക്ഷ്മ നിർവഹണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അതുവഴി ഓരോ വിഷയത്തിനും പ്രത്യേക സമയം നീക്കിവയ്ക്കാനും കഴിയുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “കൂടുതൽ നേട്ടങ്ങൾക്കായി നിങ്ങൾ നിങ്ങളുടെ സമയം വിനിയോഗിക്കണം”- പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

പരീക്ഷകളിലെ അന്യായമാർഗങ്ങളും കുറുക്കുവഴികളും

 

ബസ്തറിലെ സ്വാമി ആത്മാനന്ദ് ഗവ. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ രൂപേഷ് കശ്യപ് പരീക്ഷകളിലെ അന്യായമായ മാർഗങ്ങൾ ഒഴിവാക്കാനുള്ള വഴികളെക്കുറിച്ച് ചോദിച്ചു. ഒഡിഷ കൊണാർക്ക് പുരിയിലെ തൻമയ് ബിസ്വാളും പരീക്ഷയിലെ കോപ്പിയടി ഒഴിവാക്കുന്നതിനെക്കുറിച്ച് ചോദിച്ചു. പരീക്ഷാ വേളയിൽ ക്രമക്കേടുകൾ കൈകാര്യം ചെയ്യുന്നതിനുള്ള വഴികൾ കണ്ടെത്തുക എന്ന വിഷയം വിദ്യാർത്ഥികൾ ഉന്നയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, പരീക്ഷയിൽ കോപ്പിയടിക്കുന്ന സമയത്ത് സൂപ്പർവൈസറെ കബളിപ്പിക്കുന്നതിൽ അഭിമാനിക്കുന്ന വിദ്യാർത്ഥിയുടെ ധാർമികതയിലെ നിഷേധാത്മകമാറ്റം ചൂണ്ടിക്കാട്ടി. “ഇത് വളരെ അപകടകരമായ പ്രവണതയാണ്”- സമൂഹം ഒന്നടങ്കം ഇതിനെക്കുറിച്ച് ചിന്തിക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ചില സ്കൂളുകളോ ട്യൂഷൻ ക്ലാസുകൾ നടത്തുന്ന അധ്യാപകരോ തങ്ങളുടെ വിദ്യാർത്ഥികൾ പരീക്ഷകളിൽ മികവ് പുലർത്തുന്നതിന് അന്യായമായ മാർഗങ്ങൾക്കായി ശ്രമിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. വഴികൾ കണ്ടെത്തുന്നതിലും വഞ്ചനാസാമഗ്രികൾ തയ്യാറാക്കുന്നതിലും സമയം പാഴാക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാനും ആ സമയം പഠനത്തിനായി ചെലവഴിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. രണ്ടാമതായി, “നമുക്ക് ചുറ്റുമുള്ള ജീവിതം മാറിവരുന്ന ഈ കാലത്ത്,  ഓരോ ഘട്ടത്തിലും നിങ്ങൾ പരീക്ഷകളെ അഭിമുഖീകരിക്കേണ്ടതുണ്ട്”, അത്തരത്തിലുള്ളവർക്ക് കുറച്ച് പരീക്ഷകൾ മാത്രമേ വിജയിക്കാനാകൂ. എന്നാൽ ഒടുവിൽ ജീവിതത്തിൽ പരാജയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. “വഞ്ചന കൊണ്ട് ജീവിതം വിജയിക്കാൻ കഴിയില്ല. നിങ്ങൾക്ക് ഒന്നോ രണ്ടോ പരീക്ഷകൾ വിജയിക്കാനാകും. പക്ഷേ അത് ജീവിതത്തിൽ സംശയാസ്പദമായി തുടരും”- അദ്ദേഹം കൂട്ടിച്ചേർത്തു. വഞ്ചകരുടെ താൽക്കാലിക വിജയത്തിൽ നിരാശപ്പെടരുതെന്ന് കഠിനാധ്വാനികളായ വിദ്യാർത്ഥികളോട് പറഞ്ഞ പ്രധാനമന്ത്രി, കഠിനാധ്വാനം അവരുടെ ജീവിതത്തിൽ എപ്പോഴും ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി. “പരീക്ഷകൾ വരികയും പോകുകയും ചെയ്യും. എന്നാൽ ജീവിതം പൂർണമായി ജീവിക്കണം” – അദ്ദേഹം പറഞ്ഞു. കാൽനടമേൽപ്പാലം ഉപയോഗിക്കുന്നതിനു പകരം റെയിൽവേ ട്രാക്കുകൾ മുറിച്ചുകടന്ന് പ്ലാറ്റ്ഫോമുകൾ മറികടക്കുന്നവരുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, കുറുക്കുവഴികൾ നിങ്ങളെ എവിടെയും എത്തിക്കില്ലെന്ന് വ്യക്തമാക്കി. “കുറുക്കുവഴികൾ നിങ്ങളെ വെട്ടിലാക്കും. ”

 

കഠിനാധ്വാനവും സാമർഥ്യപൂർവം പ്രവർത്തിക്കലും

 

കഠിനാധ്വാനത്തിന്റെയും സാമർഥ്യത്തോടെ പ്രവർത്തിക്കുന്നതിന്റെയും ആവശ്യകതയെയും ചലനാത്മകതയെയും കുറിച്ച് കേരളത്തിലെ കോഴിക്കോട് നിന്നുള്ള  വിദ്യാർത്ഥി ആരാഞ്ഞു. സാമർഥ്യത്തോടെയുള്ള പ്രവൃത്തിയുടെ ഉദാഹരണം ചൂണ്ടിക്കാട്ടി, ദാഹമകറ്റാൻ കുടത്തിൽ കല്ലെറിഞ്ഞ കാക്കയുടെ ഉപമ പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ജോലിയെ സൂക്ഷ്മമായി വിശകലനം ചെയ്യുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറയുകയും കഠിനാധ്വാനത്തിന്റെയും സമർത്ഥമായി പ്രവർത്തിക്കലിന്റെയും കഥയിൽ നിന്ന് ധാർമ്മികത ഉയർത്തിക്കാട്ടുകയും ചെയ്തു. “ഓരോ ജോലിയും ആദ്യം നന്നായി പരിശോധിക്കണം”- അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുനൂറ് രൂപയ്ക്ക് രണ്ട് മിനിറ്റിനുള്ളിൽ ഒരു ജീപ്പ് ശരിയാക്കിയ മിടുക്കനായ മെക്കാനിക്കിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി, ജോലി ചെയ്യാൻ ചെലവഴിച്ച സമയത്തേക്കാൾ പ്രവൃത്തി പരിചയമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. “കഠിനാധ്വാനം കൊണ്ട് എല്ലാം നേടാനാവില്ല”. അതുപോലെ, കായികരംഗത്തും പ്രത്യേക പരിശീലനം പ്രധാനമാണ്. എന്താണ് ചെയ്യേണ്ടത് എന്നതിലാണു നാം ശ്രദ്ധ കേന്ദ്രീകരിക്കണ്ടതെന്നും അദ്ദേഹം പറഞ്ഞു. “പ്രധാനപ്പെട്ട മേഖലകളിൽ സാമർഥ്യപൂർവം കഠിനാധ്വാനം ചെയ്യണം”.

 

ഓരോരുത്തരുടെയും കഴിവുകൾ തിരിച്ചറിയൽ

 

ഗുരുഗ്രാമിലെ ജവഹർ നവോദയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജോവിത പത്ര ഒരു ശരാശരി വിദ്യാർത്ഥിയെന്ന നിലയിൽ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനെക്കുറിച്ച് ചോദിച്ചു. സ്വയം യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തേണ്ടതിന്റെ ആവശ്യകതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ തിരിച്ചറിവ് ഉണ്ടായാൽ, ഉചിതമായ ലക്ഷ്യങ്ങളും നൈപുണ്യവും വിദ്യാർത്ഥി നിശ്ചയിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിവുകൾ തിരിച്ചറിയുന്നത് ഒരു വ്യക്തിയെ ഏറെ കഴിവുറ്റയാളാക്കുന്നു- അദ്ദേഹം പറഞ്ഞു. കുട്ടികളെക്കുറിച്ച് കൃത്യമായ വിലയിരുത്തൽ നടത്തണമെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഭൂരിഭാഗം പേരും ശരാശരി നിലവാരത്തിലുള്ളവരും സാധാരണക്കാരുമാണെന്നും എന്നാൽ ഈ സാധാരണക്കാർ അസാധാരണമായ പ്രവൃത്തികൾ ചെയ്യുമ്പോൾ അവർ പുതിയ ഉയരങ്ങൾ കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ പുതിയ പ്രതീക്ഷയായാണ് കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സാമ്പത്തിക വിദഗ്ധരെയും പ്രധാനമന്ത്രിയെയും പോലും പ്രഗത്ഭരായ സാമ്പത്തിക വിദഗ്ധരായി കാണാതിരുന്ന കാലഘട്ടത്തെ അദ്ദേഹം അനുസ്മരിച്ചു. എന്നാൽ ഇന്ന് ലോകത്തിന്റെ താരതമ്യ സാമ്പത്തിക ശാസ്ത്രത്തിൽ ഇന്ത്യ തിളങ്ങി നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “നാം ശരാശരിയാണ് എന്ന സമ്മർദത്തിന് ഒരിക്കലും വിധേയരാകരുത്. നാം ശരാശരിയാണെങ്കിൽപ്പോലും നമ്മിൽ അസാധാരണമായ എന്തെങ്കിലും ഉണ്ടാകും. നിങ്ങൾ ചെയ്യേണ്ടത് അത് തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ്”- അദ്ദേഹം പറഞ്ഞു.

 

വിമർശനം കൈകാര്യം ചെയ്യൽ

 

ചണ്ഡീഗഢിലെ സെന്റ് ജോസഫ് സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി മന്നത്ത് ബജ്‌വ, അഹമ്മദാബാദിൽ നിന്നുള്ള 12-ാം ക്ലാസ് വിദ്യാർത്ഥി കുങ്കും പ്രതാപ് ഭായ് സോളങ്കി, ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡ് ഗ്ലോബൽ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാർത്ഥി ആകാശ് ദരീര എന്നിവർ നിഷേധാത്മക കാഴ്ചപ്പാടും അഭിപ്രായങ്ങളും പുലർത്തുന്നവരെ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും, അത് അവരെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ചോദിച്ചു. സൗത്ത് സിക്കിമിലെ ഡിഎവി പബ്ലിക് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ അഷ്ടമി സെന്നും മാധ്യമങ്ങളുടെ വിമർശനാത്മക നിലപാടുകളെക്കുറിച്ച് സമാനമായ ചോദ്യം ഉന്നയിച്ചു. വിമർശനം ഒരു ശുദ്ധീകരണ യജ്ഞമാണെന്നും അഭിവൃദ്ധി പ്രാപിക്കുന്ന ജനാധിപത്യത്തിന്റെ അടിസ്ഥാന അവസ്ഥയാണ് അതെന്ന തത്ത്വത്തിൽ താൻ വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതികരണങ്ങളുടെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, മെച്ചപ്പെടുത്തലുകൾക്കായി ഓപ്പൺ സോഴ്സിൽ കോഡ് സ്ഥാപിക്കുന്ന പ്രോഗ്രാമറുടെയും, ഉൽപ്പന്നങ്ങളിലെ പിഴവുകൾ കണ്ടെത്താൻ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്ന ഉൽപ്പന്ന വിപണന കമ്പനികളുടെയും ഉദാഹരണങ്ങൾ നൽകി. നിങ്ങളുടെ പ്രവൃത്തിയെ ആരാണ് വിമർശിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതു പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിയാത്മകമായ വിമർശനങ്ങൾക്ക് പകരം കുട്ടികളെ തടസ്സപ്പെടുത്തുന്ന ശീലമാണ് ഇക്കാലത്ത് രക്ഷിതാക്കൾ സ്വീകരിച്ചിരിക്കുന്നതെന്നും ഇത് കുട്ടികളുടെ ജീവിതത്തെ നിയന്ത്രിതമായ രീതിയിൽ വാർത്തെടുക്കാത്തതിനാൽ ഈ ശീലം ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിൽ ഒരു പ്രത്യേക വിഷയത്തിൽ പ്രസംഗിക്കുന്ന അംഗം പ്രതിപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തിയിട്ടും വ്യതിചലിക്കാത്തതിനെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. രണ്ടാമതായി, ഒരു വിമർശകനാകുന്നതിൽ അധ്വാനത്തിന്റെയും ഗവേഷണത്തിന്റെയും പ്രാധാന്യവും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. എന്നാൽ ഇന്നത്തെ യുഗത്തിൽ ഭൂരിഭാഗം പേരും വിമർശനത്തേക്കാൾ ആരോപണങ്ങൾ ഉന്നയിക്കുന്ന കുറുക്കുവഴി പ്രവണതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “ആരോപണങ്ങളും വിമർശനങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ട്”. വിമർശനങ്ങളെ ആരോപണങ്ങളായി തെറ്റിദ്ധരിക്കരുതെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.

 

ഗെയിമിങ്ങും ഓൺലൈൻ ആസക്തിയും

 

ഭോപ്പാലിൽ നിന്നുള്ള ദീപേഷ് അഹിർവാറും, പത്താം ക്ലാസ് വിദ്യാർത്ഥി ആദിതാഭ് ഇന്ത്യ ടിവി വഴിയും, കാമാക്ഷി റിപ്പബ്ലിക് ടിവിയിലൂടെയും, മനൻ മിത്തൽ സീ ടിവിയിലൂടെയും ഓൺലൈൻ ഗെയിമുകളെക്കുറിച്ചും സോഷ്യൽ മീഡിയ ആസക്തിയെക്കുറിച്ചും തൽഫലമായി ശ്രദ്ധയിലുണ്ടാകുന്ന വ്യതിയാനത്തെക്കുറിച്ചും ചോദ്യങ്ങൾ ചോദിച്ചു. നിങ്ങളാണോ സ്മാർട്ട്, അതോ നിങ്ങളുടെ ഗാഡ്‌ജെറ്റാണോ സ്‌മാർട്ട് എന്ന് തീരുമാനിക്കുകയാണ് ആദ്യം വേണ്ടതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗാഡ്‌ജെറ്റ് നിങ്ങളെക്കാൾ സ്‌മാർട്ടാണെന്നു കണക്കാക്കാൻ തുടങ്ങുമ്പോഴാണ് പ്രശ്നം ആരംഭിക്കുന്നത്. സ്‌മാർട്ട് ഗാഡ്‌ജെറ്റ് സമർത്ഥമായി ഉപയോഗിക്കാനും ഉൽപ്പാദനക്ഷമതയെ സഹായിക്കുന്ന ഉപകരണങ്ങളായി അവയെ കണക്കാക്കാനും ഏതൊരാളെയും അയാളുടെ സാമർഥ്യം പ്രാപ്തമാക്കുന്നു. ഒരു പഠനമനുസരിച്ച്, ഒരു ഇന്ത്യക്കാരന്റെ ശരാശരി സ്ക്രീൻ സമയം ആറ് മണിക്കൂർ വരെയാണെന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. അത്തരമൊരു സാഹചര്യത്തിൽ ഗാഡ്‌ജെറ്റ് നമ്മെ അടിമകളാക്കുന്നു- അദ്ദേഹം പറഞ്ഞു. “ദൈവം നമുക്ക് സ്വതന്ത്ര ചിന്താഗതിയും സ്വതന്ത്ര വ്യക്തിത്വവും നൽകിയിട്ടുണ്ട്; നമ്മുടെ ഗാഡ്ജെറ്റുകളുടെ അടിമകളാകുന്നതിനെക്കുറിച്ച് നാം എല്ലായ്പ്പോഴും ബോധവാന്മാരായിരിക്കണം”- പ്രധാനമന്ത്രി പറഞ്ഞു. വളരെ സജീവമാണെങ്കിലും മൊബൈൽ ഫോണിൽ  അപൂർവമായി മാത്രമാണ് നോക്കാറുള്ളതെന്ന് സ്വന്തം കാര്യം ഉദാഹരിച്ച് അദ്ദേഹംപറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് താൻ കൃത്യമായ സമയം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.  സാങ്കേതികവിദ്യ ഒഴിവാക്കരുത്. എന്നാൽ ആവശ്യാനുസരണം ഉപയോഗപ്രദമായ കാര്യങ്ങളിൽ സ്വയം പരിമിതപ്പെടുത്തണം. വിദ്യാർത്ഥികൾക്കിടയിൽ പട്ടിക ചൊല്ലലിനുള്ള കഴിവ് നഷ്ടപ്പെട്ടതിന്റെ ഉദാഹരണവും അദ്ദേഹം പറഞ്ഞു. അടിസ്ഥാന കഴിവുകൾ നഷ്ടപ്പെടുത്താതെ നമ്മുടെ കഴിവുകൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിർമിത ബുദ്ധിയുടെ ഈ യുഗത്തിൽ സർഗ്ഗാത്മകത കാത്തുസൂക്ഷിക്കുന്നതിനായി ഏതൊരാളും പരീക്ഷിക്കുകയും പഠിക്കുകയും വേണം. കൃത്യമായ ഇടവേളകളിൽ ‘സാങ്കേതിക ഉപവാസം’ വേണമെന്നു പ്രധാനമന്ത്രി നിർദ്ദേശിച്ചു. ഓരോ വീട്ടിലും ‘സാങ്കേതിക രഹിത മേഖല’ ആയി വേർതിരിച്ച ഇടം വേണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇത് ജീവിതത്തെ വർധിച്ച സന്തോഷത്തിലേക്ക് നയിക്കും. ഗാഡ്‌ജെറ്റുകളുടെ അടിമത്തത്തിന്റെ പിടിയിൽ നിന്ന് നിങ്ങൾ പുറത്തുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

പരീക്ഷയ്ക്ക് ശേഷമുള്ള സമ്മർദ്ദം

 

കഠിനാധ്വാനം ചെയ്‌തിട്ടും ഫലം ലഭിക്കാത്തതിൽ നിന്നുള്ള സമ്മർദം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ജമ്മുവിലെ ഗവ. മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി നിദയുടെ ചോദ്യങ്ങൾക്കും, സമ്മർദ്ദം ഫലങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന ഹരിയാനയിലെ പൽവാളിലെ ഷഹീദ് നായിക് രാജേന്ദ്ര സിംഗ് രാജകീയ സ്‌കൂളിലെ വിദ്യാർത്ഥി പ്രശാന്തിന്റെ ചോദ്യത്തിനും, പരീക്ഷകൾ നന്നായി എഴുതിയോ എന്നതിനെക്കുറിച്ചുള്ള വേവലാതിയാണ് പരീക്ഷയ്ക്ക് ശേഷമുള്ള സമ്മർദ്ദത്തിന്റെ പ്രധാന കാരണമെന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു. വിദ്യാർത്ഥികൾക്കിടയിലെ മത്സരം സമ്മർദ്ദം സൃഷ്ടിക്കുന്ന ഘടകമാണെന്നു പറഞ്ഞ പ്രധാനമന്ത്രി, വിദ്യാർത്ഥികൾ അവരുടെ ഉള്ളിലെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം അവരിൽ നിന്നും അവരുടെ ചുറ്റുപാടുകളിൽ നിന്നും ജീവിക്കാനും പഠിക്കാനും നിർദ്ദേശിച്ചു. ജീവിതത്തോടുള്ള കാഴ്ചപ്പാടിലേക്ക് വെളിച്ചം വീശി, ഒരു പരീക്ഷ ജീവിതത്തിന്റെ അവസാനമല്ലെന്നും ഫലങ്ങളെ കുറിച്ച് അമിതമായി ചിന്തിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

പുതിയ ഭാഷകൾ പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ

 

എങ്ങനെ വിവിധ ഭാഷകൾ പഠിക്കാമെന്നും അത് എങ്ങനെ പ്രയോജനപ്പെടുമെന്നും തെലങ്കാനയിലെ രംഗറെഡ്ഡി ജവഹർ നവോദയ വിദ്യാലയത്തിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയായ ആർ അക്ഷരശിരി, ഭോപ്പാലിലെ രാജകീയ മാധ്യമിക് വിദ്യാലയത്തിലെ 12-ാം ക്ലാസ് വിദ്യാർത്ഥിനി റിതിക എന്നിവർ ചോദിച്ചു. മറുപടിയായി,  ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യവും സമ്പന്നമായ പൈതൃകവും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, നൂറുകണക്കിന് ഭാഷകളും ആയിരക്കണക്കിന് ഭാഷാവകഭേദങ്ങളുമുള്ള രാജ്യം ഇന്ത്യയാണെന്നത് അഭിമാനകരമാണെന്നു വ്യക്തമാക്കി. പുതിയ ഭാഷകൾ പഠിക്കുന്നത് പുതിയ സംഗീതോപകരണം പഠിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. “ഒരു പ്രാദേശിക ഭാഷ പഠിക്കാൻ ശ്രമിക്കുന്നതിലൂടെ, നിങ്ങൾ ഭാഷ ഒരു ആവിഷ്കാരമായി മാറുന്നതിനെക്കുറിച്ച് പഠിക്കുക മാത്രമല്ല, പ്രദേശവുമായി ബന്ധപ്പെട്ട ചരിത്രത്തിലേക്കും പൈതൃകത്തിലേക്കും വാതിൽ തുറക്കുന്നു”- ദിനചര്യയിൽ ഒരു ഭാരമാകാതെ പുതിയ ഭാഷകൾ പഠിക്കുന്നതിന് ഊന്നൽ നൽകി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സ്മാരകത്തിൽ പൗരന്മാർ അഭിമാനിക്കുന്നതുമായുള്ള സാമ്യം ചൂണ്ടിക്കാട്ടി, ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ഭാഷയെന്ന് അറിയപ്പെടുന്ന തമിഴിൽ രാജ്യം സമാനമായ അഭിമാനം കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ തന്റെ അവസാന പ്രസംഗം അനുസ്മരിച്ച പ്രധാനമന്ത്രി, ഏറ്റവും പഴക്കമുള്ള ഭാഷയുള്ള രാജ്യമെന്ന ഖ്യാതിയെക്കുറിച്ച് ലോകത്തോട് പറയാൻ ആഗ്രഹിച്ചതിനാൽ തമിഴിനെക്കുറിച്ചുള്ള പ്രത്യേക വസ്തുതകൾ എടുത്തുകാണിച്ചതായി ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിലെ പലഹാരങ്ങൾ ഉത്തരേന്ത്യക്കാരും, തിരിച്ചും, താൽപ്പര്യത്തോടെ ഭക്ഷിക്കുന്ന കാര്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മാതൃഭാഷയല്ലാതെ ഇന്ത്യയിലെ ഒരു പ്രാദേശിക ഭാഷയെങ്കിലും അറിയേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഭാഷ അറിയാവുന്ന ജനങ്ങളുടെ മുഖങ്ങൾക്ക് അത് എത്രത്തോളം തിളക്കം നൽകുമെന്നും എടുത്തുപറഞ്ഞു. ബംഗാളി, മലയാളം, മറാത്തി, ഗുജറാത്തി തുടങ്ങി വിവിധ ഭാഷകൾ സംസാരിക്കുന്ന ഗുജറാത്തിലെ കുടിയേറ്റ തൊഴിലാളികളുടെ 8 വയസ്സുള്ള മകളെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ ചുവപ്പുകോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗം അനുസ്മരിച്ച്, ‘പഞ്ചപ്രാണ’ങ്ങളിൽ  (അഞ്ച് പ്രതിജ്ഞകൾ) ഒന്നായ ഏതൊരാളുടെയും പൈതൃകത്തിൽ അഭിമാനിക്കുക എന്നതിലേക്ക് പ്രധാനമന്ത്രി വെളിച്ചം വീശുകയും ഓരോ ഇന്ത്യക്കാരനും ഇന്ത്യയിലെ ഭാഷകളിൽ അഭിമാനിക്കണമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

 

വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിൽ അധ്യാപകരുടെ പങ്ക്

 

ഒഡിഷയിലെ കട്ടക്കിൽ നിന്നുള്ള അധ്യാപിക സുനന്യ ത്രിപാഠി വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നതിനെക്കുറിച്ചും ക്ലാസുകൾ രസകരമായും അച്ചടക്കത്തോടെയും നിലനിർത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയോട് ആരാഞ്ഞു. അധ്യാപകർ എന്തും കൈകാര്യം ചെയ്യാൻ കഴ‌ിവുള്ളവരായിരിക്കണമെന്നും വിഷയത്തിലും സിലബസിലും അമിതമായ കാർക്കശ്യം പുലർത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. അദ്ധ്യാപകർ വിദ്യാർത്ഥികളുമായി മികച്ച ബന്ധം സ്ഥാപിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. അധ്യാപകർ എല്ലായ്പ്പോഴും വിദ്യാർത്ഥികൾക്കിടയിൽ ജിജ്ഞാസ വളർത്തണം. കാരണം അത് അവരുടെ വലിയ ശക്തിയാണ്. ഇന്നും വിദ്യാർത്ഥികൾ തങ്ങളുടെ അധ്യാപകരെ വളരെയധികം വിലമതിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അധ്യാപകർ എന്തെങ്കിലും പറയാൻ സമയം കണ്ടെത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. അച്ചടക്കം സ്ഥാപിക്കുന്നതിനുള്ള വഴികളെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് പകരം, മികച്ച വിദ്യാർഥികളോട് ചോദ്യങ്ങൾ ചോദിച്ച് അവർക്ക് അധ്യാപകർ സമ്മാനങ്ങൾ നൽകണമെന്ന് പറഞ്ഞു. അതുപോലെ, വിദ്യാർത്ഥികളുടെ മനസിനെ വിഷമിപ്പിക്കുന്നതിനു പകരം അച്ചടക്കത്തിന്റെ കാര്യത്തിൽ പ്രശ്നങ്ങളുള്ള വിദ്യാർത്ഥികളുമായി സംസാരിക്കുന്നതിലൂടെ, അവരുടെ പെരുമാറ്റം ശരിയായ ദിശയിലേക്ക് നയിക്കാനാകും. “അച്ചടക്കം സ്ഥാപിക്കുന്നതിനായി ശാരീരിക ശിക്ഷയുടെ വഴിക്ക് നാം പോകരുതെന്നാണു ഞാൻ കരുതുന്നത്. നാം സംഭാഷണത്തിന്റെയും സൗഹൃദത്തിന്റെയും വഴി തിരഞ്ഞെടുക്കണം”.

 

വിദ്യാർത്ഥികളുടെ പെരുമാറ്റം

 

സമൂഹത്തിലെ വിദ്യാർത്ഥികളുടെ പെരുമാറ്റത്തെക്കുറിച്ച് ന്യൂഡൽഹിയിൽ നിന്നുള്ള രക്ഷിതാവ് ശ്രീമതി സുമൻ മിശ്രയുടെ ചോദ്യത്തിന്, സമൂഹത്തിലെ വിദ്യാർത്ഥികളുടെ പെരുമാറ്റത്തിന്റെ വ്യാപ്തി മാതാപിതാക്കൾ പരിമിതപ്പെടുത്തരുതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. “സമൂഹത്തിൽ വിദ്യാർത്ഥികളുടെ വികസനത്തിന് സമഗ്രമായ സമീപനം ഉണ്ടാകട്ടെ”. വിദ്യാർത്ഥികളെ ഇടുങ്ങിയ മേഖലയിലേക്ക് പരിമിതപ്പെടുത്തരുതെന്നു പ്രധാനമന്ത്രി ഉപദേശിക്കുകയും വിദ്യാർത്ഥികൾക്കായി വിപുലമായ മേഖലകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങി യാത്ര ചെയ്യാനും അനുഭവങ്ങൾ രേഖപ്പെടുത്താനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്ന തന്റെ ഉപദേശം അദ്ദേഹം അനുസ്മരിച്ചു. അവരെ ഇങ്ങനെ സ്വതന്ത്രരാക്കുന്നത് ഒരുപാട് പഠിക്കാൻ അവരെ പ്രാപ്തരാക്കും. 12-ാം ക്ലാസ് പരീക്ഷയ്ക്ക് ശേഷം അവരെ അവരുടെ സംസ്ഥാനത്തിന് പുറത്തേക്ക് പോകാൻ പ്രോത്സാഹിപ്പിക്കണം. പുതിയ അനുഭവങ്ങൾക്കായി കുട്ടികളെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം മാതാപിതാക്കളോട് ആവശ്യപ്പെട്ടു. മാതാപിതാക്കൾ അവരുടെ മാനസികാവസ്ഥയെയും സാഹചര്യത്തെയും കുറിച്ച് ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാതാപിതാക്കൾ, ദൈവത്തിന്റെ ദാനമായ, കുട്ടികളുടെ സംരക്ഷകരായി സ്വയം കണക്കാക്കുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രസംഗം ഉപസംഹരിക്കവേ, ചടങ്ങിൽ സന്നിഹിതരായ എല്ലാവർക്കും നന്ദി പറഞ്ഞ പ്രധാനമന്ത്രി, പരീക്ഷാ വേളയിൽ സൃഷ്ടിക്കുന്ന സമ്മർദ്ദകരമായ അന്തരീക്ഷം പരമാവധി കുറയ്ക്കാൻ മാതാപിതാക്കളോടും അധ്യാപകരോടും രക്ഷിതാക്കളോടും അഭ്യർത്ഥിച്ചു. തൽഫലമായി, പരീക്ഷകൾ വിദ്യാർത്ഥികളുടെ ജീവിതത്തിൽ ആവേശം നിറയ്ക്കുന്ന ഒരു ആഘോഷമായി മാറും. ഈ ഉത്സാഹമാണ് വിദ്യാർത്ഥികളുടെ മികവ് ഉറപ്പുനൽകുന്നത്.

Pariksha Pe Charcha 2018

-NS-