Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

”പരീക്ഷാപേ ചര്‍ച്ച 3.0”ല്‍ പ്രധാനമന്ത്രി അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി


ന്യൂഡല്‍ഹി, 20 ജനുവരി 2020

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ”പരീക്ഷാ പേ ചര്‍ച്ച 3.0”ന്റെ ഭാഗമായി ന്യൂഡല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്തി. ദിവ്യാംഗരായ 50 വിദ്യാര്‍ത്ഥികളും ആശയവിനിയമ പരിപാടിയില്‍ പങ്കെടുത്തു. തൊണ്ണൂറു മിനിട്ട് നീണ്ടുനിന്ന ആശയവിനിമയ പരിപാടിയില്‍ തങ്ങള്‍ക്ക് മുഖ്യമായ നിരവധി വിഷയങ്ങളില്‍ അവര്‍ പ്രധാനമന്ത്രിയില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടി. ഈ വര്‍ഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും പരിപാടിയുടെ ഭാഗമായി.

പരിപാടിയുടെ ആരംഭത്തില്‍ തന്നെ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് സമ്പല്‍സമൃദ്ധമായ പുതുവത്സരവും ദശകവും ആശംസിച്ചു. പുതിയ പതിറ്റാണ്ടിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട്, സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അവസാനവര്‍ഷങ്ങളിലെത്തി നില്‍ക്കുന്ന രാജ്യത്തെ കുട്ടികളെ ആശ്രയിച്ചാണ് ഈ പതിറ്റാണ്ടിന്റെ ആശകളും അഭിലാഷങ്ങളും നിലകൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.

”ഈ നൂറ്റാണ്ടില്‍ രാജ്യം ചെയ്യുന്ന എന്തിലും ഇപ്പോള്‍ 10,11, 12 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വലിയ പങ്കുവഹിക്കാനുണ്ട്. രാജ്യം പുതിയ ഉയരങ്ങളില്‍ എത്തിപ്പെടുന്നതും പുതിയ പ്രതീക്ഷകള്‍ നേടിയെടുക്കുന്നതുമെല്ലാം ഈ പുതിയ തലമുറയെ ആശ്രയിച്ചാണിരിക്കുന്നത്” അദ്ദേഹം പറഞ്ഞു.

നിരവധി പരിപാടികളിലും വിശേഷ ചടങ്ങുകളിലും സംഭവങ്ങളിലും പങ്കെടുക്കാറുണ്ടെങ്കിലും തന്റെ ഹൃദയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്ന് പരീക്ഷാപേ ചര്‍ച്ചയാണെന്ന് ആശയവിനിമയം ആരംഭിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞു.

”പ്രധാനമന്ത്രിയെന്ന നിലയില്‍ ഒരാള്‍ക്ക് പലതരത്തിലുള്ള പരിപാടികളില്‍ പങ്കെടുക്കേണ്ടതായി വരും. അത്തരം ആശയവിനിമയങ്ങളില്‍ നിങ്ങള്‍ക്ക് വളരെയധികം പഠിക്കാന്‍ സാധിക്കും. അവയില്‍ ഓരോന്നും പുതിയ അനുഭവങ്ങളാണ് നല്‍കുക. എന്നാല്‍ എന്റെ ഹൃദയത്തെ ഏറ്റവുമധികം സ്പര്‍ശിച്ച പരിപാടി ഏതാണെന്ന് ആരെങ്കിലും ചോദിച്ചാല്‍, ഞാന്‍ പറയും അത് പരീക്ഷാ പേ ചര്‍ച്ചയാണെന്ന്. ഹാക്കത്തോണുകളില്‍ സംബന്ധിക്കുന്നതും ഞാന്‍ ഇഷ്ടപ്പെടുന്നു. അവ ഇന്ത്യയുടെ യുവ ശക്തിയും പ്രതിഭയും പ്രദര്‍ശിപ്പിക്കുന്നു”. അദ്ദേഹം പറഞ്ഞു.

ഉത്സാഹമില്ലായ്മയും മനോനില മാറ്റവും നേരിടുന്നത്
തങ്ങള്‍ക്ക് പുറത്തുള്ള ഘടകങ്ങള്‍ മൂലം വിദ്യാത്ഥികള്‍ക്ക് പലപ്പോഴും ഉത്സാഹം നഷ്ടപ്പെടാറുണ്ട്. അതോടൊപ്പം തങ്ങളുടെ പ്രതീക്ഷകള്‍ക്ക് അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യാറുണ്ടെന്ന് പഠിക്കുമ്പോള്‍ ഉത്സാഹം നഷ്ടപ്പെടുന്നതു സംബന്ധിച്ച ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കി.

ഉത്സാഹം നഷ്ടപ്പെടുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി അതിനെ എങ്ങനെ മറികടാക്കാമെന്ന് ചിന്തിക്കാന്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു. സമീപകാലത്തെ ചന്ദ്രയാനുമായി ബന്ധപ്പെട്ട വിഷയങ്ങളും തന്റെ ഐ.എസ്.ആര്‍.ഒ സന്ദര്‍ശനവും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

” ഉത്സാഹവും, ഉത്സാഹമില്ലായ്മയും സ്വാഭാവികമാണ്. എല്ലാവരും ഈ വികാരങ്ങളിലൂടെയാണ് കടന്ന് പോകുന്നതും. ഇക്കാര്യത്തില്‍, ചാന്ദ്രയാന്‍ സമയത്തുള്ള എന്റെ ഐ.എസ്.ആര്‍.ഒ സന്ദര്‍ശനവും നമ്മുടെ കഠിനപ്രയത്‌ന ശാലികളായ ശാസ്ത്രജ്ഞരുമായി സമയം ചെലവഴിച്ചതും ഞാന്‍ ഒരിക്കലും മറക്കില്ല”.

” പരാജയങ്ങളെ നാം തിരിച്ചടികളായോ, പ്രതിബന്ധങ്ങളായോ കാണരുത്. ജീവിതത്തിന്റെ ഓരോ ഭാവത്തിലും നമുക്ക് ഉത്സാഹം കൂട്ടിച്ചേര്‍ക്കാം. താല്‍ക്കാലികമായ ഒരു തിരിച്ചടി ഒരിക്കലും നമുക്ക് വിജയിക്കാന്‍ കഴിയില്ലെന്ന് അര്‍ത്ഥമാക്കുന്നില്ല. നല്ലത് വരാനിരിക്കുന്നുവെന്നതാണ് വാസ്തവത്തില്‍ ഒരു തിരിച്ചടി അര്‍ത്ഥമാക്കുന്നത്. നമ്മുടെ വിഷമകരമായ അവസ്ഥകളെ ഉജ്ജ്വലമായ ഭാവിക്ക് വേണ്ടിയുള്ള ചവിട്ടുപടികളായി മാറ്റാനാണ് നാം ശ്രമിക്കേണ്ടത്”.

2001 ലെ ഇന്ത്യാ-ഓസ്‌ട്രേലിയ മത്സരത്തില്‍ പരാജയത്തിന്റെ പിടിയില്‍ നിന്നും അത്ഭുതകരമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കാനായി ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡും വി.വി.എസ് ലക്ഷ്മണും എങ്ങനെ ബാറ്റ് ചെയ്തുവെന്നതിന്റെ ഉദാഹരണവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തനിക്കു പരിക്കുണ്ടായിരുന്നപ്പോഴും ഇന്ത്യന്‍ ബൗളര്‍ ആയിരുന്ന അനില്‍ കുംബ്ലേ ഇന്ത്യയുടെ യശസിന് വേണ്ടി എങ്ങനെ ബൗള്‍ ചെയ്തുവെന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

” ഇതാണ് സകാരാത്മകമായ ഉത്തേജനത്തിന്റെ ശക്തി”, അദ്ദേഹം പറഞ്ഞു.

പഠനവും പാഠ്യേതര പ്രവര്‍ത്തനങ്ങളും സന്തുലിതമാക്കല്‍:

ഒരു വിദ്യാര്‍ത്ഥിയുടെ ജിവിതത്തില്‍ പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഒരുമിച്ച് കൊണ്ട് പോകുന്നതിനുള്ള പ്രാധാന്യം ഒട്ടും കുറച്ച് കാണരുതെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പ്രധാനമന്ത്രി മറുപടി നല്‍കി.

”പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ നടത്താത്ത വിദ്യാര്‍ത്ഥി ഒരു റോബട്ടിനെപോലെയാകാം”. അദ്ദേഹം പറഞ്ഞു.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സന്തുലിതമാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ചതും ഇഷ്ടപ്രകാരവുമുള്ള സമയക്രമം പാലിക്കേണ്ടത് അനിവാര്യമാണ്.
”ഇന്ന് നിരവധി അവസരങ്ങളുണ്ട്, യുവജനങ്ങള്‍ അവയെ ഒരു വിനോദമായിട്ടോ, അല്ലെങ്കില്‍ ശരിയായ ശുഷ്‌കാന്തിയോടെയുള്ള അവരുടെ താല്‍പര്യമാക്കി മാറ്റണം”. അദ്ദേഹം പറഞ്ഞു.

തങ്ങളുടെ കുട്ടികളുടെ പാഠ്യേതര താല്‍പര്യങ്ങെള ഒരു ആഡംബരപ്രസ്താവനയായോ, ഒരു പ്രത്യേക സ്വഭാവമായോ കരുതരുതെന്ന് അദ്ദേഹം രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

”ഒരു കുട്ടിയുടെ അഭിനിവേശം രക്ഷിതാക്കളുടെ ആഡംബര പ്രസ്താവനയാകുന്നത് നല്ലതല്ല. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മോടി നയിക്കുന്നതാകരുത്. ഓരോ കുട്ടിയും അവന് അല്ലെങ്കില്‍ അവള്‍ക്ക് എന്താണോ ഇഷ്ടം അത് പിന്തുടരട്ടെ”. അദ്ദേഹം പറഞ്ഞു.

മാര്‍ക്കാണോ എല്ലാ കാര്യങ്ങളും നിശ്ചയിക്കുന്നത്
” നമ്മുടെ വിദ്യാഭ്യാസ സംവിധാനം വിവിധ പരീക്ഷകളിലെ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ വിജയം തീരുമാനിക്കുന്നു. നാം നല്ല മാര്‍ക്ക് നേടുന്നതിന് നമ്മളും നമ്മുടെ രക്ഷിതാക്കളും എല്ലാ ശ്രദ്ധയും ചെലുത്തുന്നുണ്ട്, നമ്മെ അതിലേക്ക് ഉദ്‌ബോധിപ്പിക്കുന്നു.” പരീക്ഷകളില്‍ എങ്ങനെ മാര്‍ക്ക് നേടാമെന്നതിനെക്കുറിച്ചും അതാണോ തീരുമാനിക്കുന്ന ഘടകം എന്നുമുള്ള ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നല്‍കി.

ഇന്ന് നിരവധി അവസരങ്ങളുണ്ടെന്ന് പറഞ്ഞ അദ്ദേഹം വിദ്യാര്‍ത്ഥികളോട് പരീക്ഷകളിലെ വിജയവും പരാജയവും എല്ലാം തീരുമാനിക്കുന്നുവെന്ന ചിന്തയില്‍ നിന്നും പുറത്തുവരാനും ആവശ്യപ്പെട്ടു.

”മാര്‍ക്കുകളല്ല, ജീവിതം. അതുപോലെ പരീക്ഷകളല്ല നമ്മുടെ സമ്പൂര്‍ണ്ണ ജീവിതത്തിലെ തീരുമാനഘടകം. ഇതൊരു ചവിട്ടുപടിയാണ്, ജീവിതത്തിലെ ഒരു സുപ്രധാന ചവിട്ടുപടി. ഞാന്‍ രക്ഷിതാക്കളോട് അഭ്യര്‍ത്ഥിക്കുകയാണ്, ഇതാണ് എല്ലാം എന്ന് അവരോട് പറയരുത്. ഇത് സംഭവിക്കാതിരുന്നാല്‍, നിങ്ങള്‍ എല്ലാം പരാജയപ്പെട്ടുവെന്ന് പെരുമാറാതിരിക്കുക. നിങ്ങള്‍ക്ക് ഏത് മേഖലയിലും പോകാം. ഇവിടെ നിരവധി അവസരങ്ങളുണ്ട്”. അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസത്തില്‍ സാങ്കേതിക വിദ്യയുടെ പ്രാധാന്യം

സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെ കുറിച്ചും, വിദ്യാഭ്യാസത്തില്‍ അതിന്റെ ഉപയോഗത്തെ കുറിച്ചുമുള്ള ചോദ്യത്തിന്, പ്രധാനമന്ത്രി പറഞ്ഞു,
‘സാങ്കേതിക വിദ്യയെ കുറിച്ചുള്ള ഭയം നല്ലതല്ല. സാങ്കേതിക വിദ്യ ഒരു സുഹൃത്താണ്. കേവലം സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവ് മാത്രം പോര. അതിന്റെ പ്രയോഗവും അത്രതന്നെ പ്രധാനപ്പെട്ടതാണ്. സാങ്കേതിക വിദ്യ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമാണ്. പക്ഷേ നാമത് ദുരുപയോഗം ചെയ്താല്‍ അത് നമ്മുടെ വിലപ്പെട്ട സമയവും, പണവും കവരും’.

ഏറ്റവും പുതിയ സാങ്കേതിക വിദ്യയെ കുറിച്ച് അറിവുള്ളവരായിരിക്കാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി അവയുടെ ദുരുപയോഗം മൂലം ഉണ്ടായേക്കാവുന്ന വിപത്തുകളെ കുറിച്ച് സൂക്ഷിച്ചിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.

അവകാശങ്ങളും കടമകളും

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ കുറിച്ചും സ്വന്തം കടമകളെ കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനെ കുറിച്ചുമുള്ള ചോദ്യത്തിന് ഒരു വ്യക്തിയുടെ അവകാശങ്ങള്‍ അയാളുടെ കടമകളില്‍ ഉള്‍ക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു അദ്ധ്യാപകന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ഒരു അദ്ധ്യാപകന്‍ തന്റെ കടമകള്‍ നിര്‍വ്വഹിച്ചാല്‍ അദ്ദേഹം തന്റെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ തൃപ്തിപ്പെടുത്തുകയാണ്.

ഈ വിഷയത്തെ കുറിച്ച് രാഷ്ട്രപിതാവിന്റെ അഭിപ്രായം പരാമര്‍ശിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു,

‘മഹാത്മാ ഗാന്ധി പറഞ്ഞത് മൗലികമായ ഒരു അവകാശങ്ങളുമില്ല, മറിച്ച് മൗലിക കടമകളാണുള്ളത്’.

‘2047 ല്‍ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം നാം ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ വികസനത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന വിദ്യാര്‍ത്ഥികളോടാണ് ഞാന്‍ ഇന്ന് സംസാരിക്കുന്നത്. നമ്മുടെ ഭരണഘടനയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള മൗലിക കടമകളില്‍ ചിലതെങ്കിലും സ്വായത്തമാക്കാന്‍ ഈ തലമുറ ശ്രമിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു’, അദ്ദേഹം പറഞ്ഞു.

രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നുള്ള സമ്മര്‍ദ്ദവും, പ്രതീക്ഷകളും എങ്ങനെ കൈകാര്യം ചെയ്യും?

രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍ എന്നിവരില്‍ നിന്നുള്ള സമ്മര്‍ദ്ദവും, പ്രതീക്ഷകളും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന് രക്ഷകര്‍ത്താക്കള്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുകയല്ല മറിച്ച് അവരുടെ പിന്നാലെ നിന്ന് അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുകയല്ല മറിച്ച് പിന്‍തുടരുന്നതിലാണ് ഇനിയുള്ള കാലത്ത് വേണ്ടത്. തങ്ങളുടെ ഉള്ളിലെ കഴിവുകള്‍ പുറത്ത് കൊണ്ട് വരാനുള്ള പ്രവൃത്തികള്‍ ചെയ്യാന്‍ കുട്ടികളെ പ്രചോദിപ്പിക്കുകയാണ് വേണ്ടത്’.

ബോര്‍ഡ് പരീക്ഷകളെ കുറിച്ചുള്ള പേടിയും പഠിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയവും

പഠിക്കുന്നതിന് ഏതാണ് ഏറ്റവും നല്ല സമയം എന്ന ചോദ്യത്തിന് പഠിത്തത്തോളം തന്നെ പ്രധാനമാണ് മതിയായ വിശ്രമമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു.
‘മഴയ്ക്ക് ശേഷമുള്ള ആകാശമെന്നതു പോലെ മനസ് ശുദ്ധമായിരിക്കുന്ന പുലര്‍ച്ചെ, ഒരാള്‍ക്ക് സുഖകരമെന്ന് തോന്നുന്ന രീതികള്‍ മാത്രമേ പതിവായി പിന്‍തുടരാവൂ’, അദ്ദേഹം പറഞ്ഞു.

പരീക്ഷാ വേളകളില്‍ പെട്ടെന്ന് മനസ് ശൂന്യമായി പോകുന്ന പ്രശ്‌നത്തെ കുറിച്ച് പറയവെ തങ്ങളുടെ മുന്നൊരുക്കങ്ങളില്‍ സമഗ്രത ഉറപ്പ് വരുത്താന്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

‘തങ്ങളുടെ സ്വന്തം മുന്നൊരുക്കങ്ങളില്‍ ആത്മവിശ്വാസമുണ്ടാ യിരിക്കണമെന്ന് ഞാന്‍ വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്യുന്നു. ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദവുമായി പരീക്ഷാ ഹാളില്‍ കയറരുത്. മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് ഓര്‍ത്ത് വിഷമിക്കരുത്. നിങ്ങളില്‍ വിശ്വാസമുണ്ടായിരിക്കുകയും, നിങ്ങളുടെ തയ്യാറെടുപ്പുകളില്‍ ശ്രദ്ധയൂന്നുകയും വേണം’, അദ്ദേഹം പറഞ്ഞു.

ഭാവി ജോലി സാധ്യതകള്‍

ഭാവി ജോലി സാധ്യതകള്‍ സംബന്ധിച്ച് സംസാരിക്കവെ രാജ്യത്തിനും അതിന്റെ വികസനത്തിനുമായി അത്യുല്‍സാഹത്തോടെ സേവനം ചെയ്യുന്നതിന് തങ്ങളുടെ മനസ്സും, പ്രവൃത്തിയും പിന്‍തുടരാന്‍ പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

‘ജോലികള്‍ വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവരും എന്തെങ്കിലും ചുമതലകള്‍ ഏറ്റെടുക്കേണ്ടതുണ്ട്. നമ്മുടെ കടമകള്‍ നിര്‍വ്വഹിച്ച് കൊണ്ട് തന്നെ നമുക്ക് എപ്പോഴും രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയും’, അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടിയായ പരീക്ഷ പേ ചര്‍ച്ച 2020 ന്റെ മൂന്നാം പതിപ്പിനോടനുബന്ധിച്ച് 9 മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ ലഘു ഉപന്യാസങ്ങളില്‍ ഓണ്‍ലൈന്‍ മത്സര പരീക്ഷ നടത്തിയിരുന്നു. www.mygov.in ലൂടെ 2019 ഡിസംബര്‍ 2 മുതല്‍ 23 വരെ മത്സരത്തിനുള്ള എന്‍ട്രികള്‍ ക്ഷണിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്ത മൂന്ന് ലക്ഷത്തിലധികം കുട്ടികളില്‍ 2.6 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു.

2019 ല്‍ 1.03 ലക്ഷം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുക്കപ്പെട്ട വിജയികള്‍ പരീക്ഷ പേ ചര്‍ച്ച 2020 ല്‍ പങ്കെടുക്കുകയും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.
പരീക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സി.ബി.എസ്.ഇ., കെ.വി.എസ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്ര രചന, പോസ്റ്റര്‍ നിര്‍മ്മാണ മത്സരം സംഘടിപ്പിച്ചിരുന്നു. 725 ഓളം പോസ്റ്ററുകളും പെയിന്റിംഗുകളും ലഭിച്ചു. ഇവയില്‍ തിരഞ്ഞെടുക്കപ്പെട്ട 50 ഓളം എണ്ണം പരീക്ഷ പേ ചര്‍ച്ച 2020 നോടനുബന്ധിച്ച് പ്രധാനമന്ത്രിക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

**********