വിശ്വകർമ ജയന്തി ദിനത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 സെപ്റ്റംബർ 17-ന് രാവിലെ 11ന് ന്യൂഡൽഹിയിലെ ദ്വാരകയിലുള്ള ഇന്ത്യാ ഇന്റർനാഷണൽ കൺവെൻഷൻ ആൻഡ് എക്‌സ്‌പോ സെന്ററിൽ “പിഎം വിശ്വകർമ” എന്ന പുതിയ പദ്ധതിക്ക് തുടക്കം കുറിക്കും.
പരമ്പരാഗത കരകൗശല മേഖലയിലുള്ള ജനങ്ങൾക്ക് പിന്തുണ നൽകുകയെന്നതിൽ പ്രധാനമന്ത്രിയുടെ നിരന്തരം ശ്രദ്ധയേകുന്നുണ്ട്. കരകൗശലവിദഗ്ധരെയും ശിൽപ്പികളെയും സാമ്പത്തികമായി പിന്തുണയ്ക്കുക മാത്രമല്ല, പ്രാദേശിക ഉൽപന്നങ്ങൾ, കല, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ പുരാതന പാരമ്പര്യവും സംസ്‌കാരവും വൈവിധ്യമാർന്ന പൈതൃകവും സജീവമാക്കി നിലനിർത്തുന്നതിനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.
പിഎം വിശ്വകർമയ്ക്ക് 13,000 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ പൂർണ ധനസഹായം നൽകും. പദ്ധതി പ്രകാരം, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകർമ പോർട്ടൽ ഉപയോഗിച്ച് പൊതു സേവന കേന്ദ്രങ്ങൾ വഴി വിശ്വകർമജർക്കു സൗജന്യമായി രജിസ്റ്റർ ചെയ്യും. പിഎം വിശ്വകർമ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവ വഴിയുള്ള അംഗീകാരം, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉൾപ്പെടുന്ന നൈപുണ്യ നവീകരണം, ടൂൾകിറ്റ് ആനുകൂല്യം 15,000 രൂപ, ഒരുലക്ഷം രൂപ വരെയും (ആദ്യഘട്ടം) രണ്ടു ലക്ഷം രൂപ വരെയും (രണ്ടാം ഗഡു) ഈട് രഹിത വായ്പ എന്നിവ ലഭ്യമാക്കും. ഇളവോടെ 5 ശതമാനം പലിശ നിരക്കിലാണ് വായ്പ നൽകുന്നത്. ഡിജിറ്റൽ ഇടപാടുകൾക്കുള്ള പ്രോത്സാഹനവും വിപണന പിന്തുണയും നൽകും.
കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിശ്വകർമജരുടെ പരമ്പരാഗത വൈദഗ്ധ്യങ്ങളുടെ ഗുരു-ശിഷ്യ പാരമ്പര്യം അഥവാ കുടുംബാധിഷ്ഠിത പരിശീലനം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കരകൗശല വിദഗ്ധരുടെയും ശിൽപ്പികളുടെയും ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അവ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും പിഎം വിശ്വകർമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കരകൗശല തൊഴിലാളികൾക്കും ശിൽപ്പികൾക്കും ഈ പദ്ധതി പിന്തുണ നൽകും. പതിനെട്ട് പരമ്പരാഗത കരകൗശല മേഖലകൾ പ്രധാനമന്ത്രി വിശ്വകർമയുടെ കീഴിൽ വരും. ഇതിൽ (i) ആശാരി; (ii) വള്ളം നിർമിക്കുന്നവർ; (iii) ആയുധനിർമാതാവ്; (iv) കൊല്ലൻ; (v) ചുറ്റികയും ഉപകരണങ്ങളും നിർമിക്കുന്നവർ; (vi) താഴ് നിർമിക്കുന്നവർ (vii) സ്വർണപ്പണിക്കാരൻ; (viii) കുശവൻ; (ix) ശിൽപി, കല്ല് കൊത്തുന്നവൻ; (x) ചെരുപ്പുകുത്തി; (xi) കൽപ്പണിക്കാരൻ (രാജ്മിസ്‌ത്രി); (xii) കൊട്ട/പായ/ചൂല് നിർമാതാവ്/കയർ പിരിക്കുന്നവർ; (xiii) പാവ – കളിപ്പാട്ട നിർമാതാക്കൾ (പരമ്പരാഗതം); (xiv) ക്ഷുരകൻ; (xv) ഹാരം/പൂമാല നിർമിക്കുന്നവർ; (xvi) അലക്കുകാരൻ; (xvii) തയ്യൽക്കാരൻ; കൂടാതെ (xviii) മീൻവല നിർമിക്കുന്നവർ എന്നിവർ ഉൾപ്പെടുന്നു.
–NS–