രാജ്യത്തും വിദേശത്തുമുള്ള എന്റെ എല്ലാ ഇന്ത്യന്‍ സഹോദരന്മാര്ക്കും സഹോദരിമാര്‍ക്കും നമസ്തേ! എല്ലാവര്ക്കും നവവല്‍സര ആശംസകള്‍! ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നമ്മെ ഇന്നു പരസ്പരം ബന്ധിപ്പിക്കുന്നത് ഇന്റര്‍നെറ്റായിരിക്കാം. എന്നാല്‍ നാമെല്ലാം ഭാരതമാതാവിനോടും പരസ്പരവും സ്നേഹത്താല്‍ ബന്ധിതരാണ്.
സുഹൃത്തുക്കളെ,
ഭാരത മാതാവിന്റെ യശസ്സ് ഉയര്‍ത്തുന്ന ലോകത്താകമാനമുള്ള സഹപ്രവര്‍ത്തകരെ എല്ലാ വര്‍ഷവും പ്രവാസി ഭാരതീയ സമ്മാന്‍ വഴി ആദരിക്കുന്ന പാരമ്പര്യമുണ്ട്. ഭാരത രത്നം അടല്‍ ബിഹാരി വാജ്പേയി ജിയുടെ മാര്‍ഗനിര്‍ദേശത്തില്‍ ആരംഭിച്ച ഈ യാത്രയില്‍ ഇതുവരെ 60 രാജ്യങ്ങളിലുള്ള 240 വിശിഷ്ട വ്യക്തികളെ ആദരിച്ചിട്ടുണ്ട്. ഇത്തവണയും അവാര്‍ഡ് പ്രഖ്യാപിക്കപ്പെടും. അതുപോലെ, ആയിരക്കണക്കിനു സഹപ്രവര്‍ത്തകര്‍ ഭാരതത്തെ അറിയൂ എന്ന ക്വിസ് മല്‍സരത്തില്‍ പങ്കെടുത്തിട്ടുണ്ട്. വേരുകളില്‍നിന്ന് അകലെയാണെങ്കിലും പുതു തലമുറയും ഭാരതവുമായുള്ള അടുപ്പം വര്‍ധിക്കുന്നു എന്നാണ് ഇതു കാണിക്കുന്നത്. ഈ ക്വിസ്സില്‍ വിജയിച്ച 15 പേര് ഈ വിര്‍ച്വല്‍ പരിപാടിയില്‍ നമുക്കൊപ്പമുണ്ട്.
എല്ലാ ജേതാക്കളെയും ഞാന്‍ അഭിനന്ദിക്കുന്നു. ഈ ക്വിസ് മല്‍സരത്തില്‍ പങ്കെടുത്ത എല്ലാവരും അഭിനന്ദിക്കപ്പെടേണ്ടവരാണ്. അടുത്ത ക്വിസ് മല്‍സരത്തില്‍ പത്തു പേരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കണമെന്ന് ഇത്തവണ പങ്കെടുത്തവരോടെല്ലാം അഭ്യര്‍ഥിക്കുകയാണ്. ഈ ശൃംഖല വളര്‍ന്നുകൊണ്ടേയിരിക്കണം. ഇന്ത്യയില്‍ വന്നു പഠിച്ചു മടങ്ങുന്നവര്‍ വിദേശത്ത് ഏറെയുണ്ട്. അവരോടും ഈ ക്വിസ്സില്‍ ചേരാന്‍ പറയണം. പ്രചരിപ്പിക്കാന്‍ പറയുകയും വേണം. കാരണം സാങ്കേതിക വിദ്യയാണ് ഇന്ത്യയെ കുറിച്ച് അറിയാനുള്ള ജിജ്ഞാസ യുവതലമുറയില്‍ വളര്‍ത്താനും ലോകത്ത് ഇന്ത്യയുടെ സ്ഥാനം അടയാളപ്പെടുത്താനും ഉള്ള ഏറ്റവും എളുപ്പമാര്‍ന്ന വഴി. അതിനാല്‍, ഇക്കാര്യം മുന്നോട്ടു കൊണ്ടുപോകാന്‍ ഞാന്‍ നിങ്ങളോട് ആഹ്വാനംചെയ്യുന്നു.
സുഹൃത്തുക്കളെ,
നമുക്കൊക്കെ പല വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു കടന്നുപോയ വര്‍ഷം. എന്നാല്‍, ഈ വെല്ലുവിളികള്‍ക്കിടയിലും ലോകത്താകമാനം ഇന്ത്യന്‍ വംശജര്‍ തങ്ങളുടെ കടമ എങ്ങനെ നിറവേറ്റി എന്നത് ഇന്ത്യക്ക് അഭിമാനം പകരുന്ന കാര്യമാണ്. ഇതു നമ്മുടെ പാരമ്പര്യവും നമ്മുടെ നാടിന്റെ രീതിയുമാണ്. ഇന്ത്യന്‍ വംശജരായ സഹപ്രവര്‍ത്തകര്‍ക്കു ലോകത്താകമാനം സാമൂഹ്യ, രാഷ്ട്രീയ നേതൃത്വ രംഗത്തു നല്ല വിശ്വാസ്യതയുണ്ട്. ഈ സേവനോല്‍സുകതയ്ക്കുള്ള തിളങ്ങുന്ന ഉദാഹരണമാണ് ഇന്ന് ഈ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന സുറിനാം പ്രസിഡന്റ് ശ്രീ. ചന്ദ്രിക പ്രസാദ് ശാന്തോഖി ജി. വിദേശത്തു ജീവിച്ചുവന്നിരുന്ന ഏറെ ഇന്ത്യന്‍ സഹോദരീ സഹോദരന്മാര്ക്ക് ഈ കൊറോണ കാലത്തു ജീവന് നഷ്ടപ്പെട്ടത് ഓര്‍ക്കേണ്ട കാര്യമാണ്. ഞാന്‍ അനുശോചനം അറിയിക്കുകയും അവരുടെ കുടുംബത്തിനു കരുത്തു നല്കേണമേ എന്ന് ഈശ്വരനോടു പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഇന്നു സുറിനാം പ്രസിഡന്റ് പറഞ്ഞ ഊഷ്മളത നിറഞ്ഞ വാക്കുകളും ഇന്ത്യയോടു പുലര്‍ത്തുന്ന സ്നേഹവും നമ്മുടെയെല്ലാം ഹൃദയത്തെ സ്പര്‍ശിച്ചു. അദ്ദേഹത്തിന്റെ ഓരോ വാക്കിലും ഇന്ത്യയോടുള്ള വികാരം പ്രതിഫലിച്ചിരുന്നു. അതു നമ്മെ പ്രചോദിപ്പിച്ചു. അദ്ദേഹത്തെപ്പോലെ തന്നെ ഞാനും കരുതുന്നു, കൂടിക്കാഴ്ച ഉടന്‍ നടക്കുമെന്ന്. സുറിനാം പ്രസിഡന്റിന് ഇന്ത്യയില്‍ ഊഷ്മളമായ സ്വീകരണമൊരുക്കാന്‍ അവസരുമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വര്‍ഷം വിദേശ ഇന്ത്യക്കാര്‍ എല്ലാ മണ്ഡലത്തിലും അവരുടെ സാന്നിധ്യം ശക്തിപ്പെടുത്തിയിട്ടുണ്ട്.
സുഹൃത്തുക്കളെ,
കഴിഞ്ഞ ഏതാനും മാസങ്ങളായി പല രാഷ്ട്രത്തലവന്മാരുമായും ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രത്തലവന്മാരെല്ലാം വിദേശ ഇന്ത്യക്കാരായ ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ വിദഗ്ധര്‍, സാധാരണക്കാരായ ഇന്ത്യന്‍ പൗരന്മാര് എന്നിവര്‍ എങ്ങനെ അവരുടെ രാജ്യങ്ങളെ സേവിച്ചു എന്നു പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അമ്പലങ്ങളിലായാലും ഗുരുദ്വാരകളിലായാലും മഹത്തായ പാരമ്പര്യമായ പൊതു ഭക്ഷണശാലകളായാലും നമ്മുടെ ഒട്ടേറെ സാമൂഹിക, സാംസ്കാരിക, മത സംഘടനകള്‍ സേവനരംഗത്തു മുന്‍കൈ എടുക്കുകയും പ്രതിസന്ധിഘട്ടത്തില്‍ ഓരോ പൗരനെയും സേവിക്കുകയും ചെയ്തു. ലോകത്തെ എല്ലാ രാജ്യത്തുനിന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നു. നിങ്ങളെ അഭിനന്ദിക്കുന്നതു ഫോണില്‍ കേട്ടപ്പോഴും ലോകനേതാക്കളെല്ലാം നിങ്ങളെ പ്രശംസിച്ചപ്പോഴും ഇക്കാര്യം ഞാന്‍ എന്റെ സഹപ്രവര്‍ത്തകരുമായി പങ്കുവെച്ചപ്പോഴും എല്ലാവരുടെയും മനസ്സ് ആഹ്ലാദവും അഭിമാനവും നിറഞ്ഞതായി. നിങ്ങളുടെ സംസ്കാരം ലോകത്താകമാനം ചര്‍ച്ച ചെയ്യപ്പെടുകയാണ്. അതില്‍ ഏത് ഇന്ത്യക്കാരനാണു സന്തോഷം തോന്നാതിരിക്കുക? നിങ്ങളെല്ലാവരും കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയില്‍ മാത്രമല്ല, നിങ്ങള്‍ ജീവിക്കുന്ന രാജ്യത്തും സഹകരിച്ചിട്ടുണ്ട്. പി.എം.കെയേഴ്സ് ഫണ്ടിലേക്കു നിങ്ങള്‍ നല്കിയ സംഭാവന ഇന്ത്യയുടെ ആരോഗ്യ അടിസ്ഥാന സൗകര്യം ശക്തിപ്പെടുത്താന്‍ സഹായകമാണ്. അതിനു ഞാന്‍ നിങ്ങളെയെല്ലാം നന്ദി അറിയിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ മഹാനായ സന്ന്യാസിയും തത്വജ്ഞാനിയുമായ തിരുവള്ളുവര്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴില്‍ പറഞ്ഞതു നാം അഭിമാനത്തോടെ ഏറ്റുപറയണം.
???-?????? ?????? ????????? ??????????????
??????? ??????? ????
വരികളുടെ അര്‍ഥം ശത്രുക്കളെ കണ്ട് ദ്രോഹിക്കാനുള്ള ചിന്ത പഠിക്കാത്തതും മറ്റുള്ളവരെ പ്രതിസന്ധിഘട്ടങ്ങളില്‍ സഹായിക്കാന്‍ മടിക്കാത്തതുമായ ഇടമാണ് ലോകത്തിലെ ഏറ്റവും നല്ല ഇടം എന്നാണ്.
സുഹൃത്തുക്കളെ,
നിങ്ങളെല്ലാം ഈ മന്ത്രമനുസരിച്ചു ജീവിക്കുന്നവരാണ്. ഇത് എല്ലായ്പ്പോഴും ഇന്ത്യയുടെ സവിശേഷതയാണ്. സമാധാന വേളയിലും പ്രതിസന്ധിയിലും ഇന്ത്യക്കാര്‍ എല്ലായ്പ്പോഴും ഓരോ സാഹചര്യത്തോടും മനക്കരുത്തോടെ പൊരുതിയിട്ടുണ്ട്. അതാണ് ഈ രാജ്യത്തിനു വ്യത്യസ്തമായ സ്വഭാവമുണ്ടാകാന്‍ കാരണം. കോളനിവല്‍ക്കരണത്തിനെതിരെ ഇന്ത്യ രൂപപ്പെടുത്തിയ മുന്നണി ലോകത്തെ പല രാജ്യങ്ങള്‍ക്കും സ്വാതന്ത്ര്യ സമരത്തിനു പ്രചോദനമായി. ഇന്ത്യ ഭീകരതയ്ക്കെതിരെ നിലപാടു കൈക്കൊണ്ടപ്പോള്‍ ഈ വെല്ലുവിളിയെ നേരിടുന്നതിനു ലോകത്തിനു പുതിയ ധൈര്യം ലഭിച്ചു.
സുഹൃത്തുക്കളെ,
ഇന്ന് ഇന്ത്യ അഴിമതി ഇല്ലാതാക്കാന്‍ സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തുകയാണ്. പല കുറവുകള്‍ നിമിത്തം അനര്‍ഹരുടെ കൈകളില്‍ എത്തിപ്പെട്ടിരുന്ന നൂറുകണക്കിനു കോടി രൂപ ഇപ്പോള്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ടെത്തുകയാണ്. കൊറോണ കാലത്ത് ഇന്ത്യ വികസിപ്പിച്ചെടുത്ത പുതിയ സംവിധാനങ്ങള്‍ക്ക് ആഗോള സ്ഥാപനങ്ങള്‍ കയ്യടി നല്കുന്നതു നിങ്ങള്‍ കണ്ടുകാണും. ദരിദ്രരില്‍ ദരിദ്രരെ ശാക്തീകരിക്കാന്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നടത്തുന്ന പ്രചരണം ലോകത്താകമാനം എല്ലാ തലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുകയാണ്.
സഹോദരീ സഹോദരന്മാരെ,
വികസ്വര ലോകത്തിലെ എല്ലാ രാജ്യങ്ങള്‍ക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ കാര്യത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നും നാം കാണിച്ചുകൊടുത്തു. ഇപ്പോള്‍ ഇന്ത്യയുടെ ഒരു സൂര്യന്, ഒരു ലോകം, ഒരു ഗ്രിഡ് എന്ന മുദ്രാവാക്യം ലോകത്തിന്റെ ശ്രദ്ധ നേടുന്നുണ്ട്.
സുഹൃത്തുക്കളെ,
ഇന്ത്യക്കാരുടെ മല്‍സരക്ഷമതയും കരുത്തം സംശയിക്കപ്പെടേണ്ടതല്ല എന്നു തെളിയിക്കുന്നതാണ് ഇന്ത്യയുടെ ചരിത്രം. അടിമത്തത്തിന്റെ കാലഘട്ടത്തില്‍ വിദേശത്തുള്ള മഹാ പണ്ഡിതര്‍ പറഞ്ഞിരുന്നത് വിഘടിതമായ ഇന്ത്യയെ മോചിപ്പിക്കാന്‍ സാധിക്കില്ല എന്നായിരുന്നു. ആ ധാരണ തെറ്റാണെന്നു തെളിയിക്കപ്പെടുകയും നാം സ്വാതന്ത്ര്യം നേടുകയും ചെയ്തു.
സുഹൃത്തുക്കളെ,
ഇന്ത്യ സ്വാതന്ത്ര്യം നേടിയ സമയത്തു പറഞ്ഞത് ദരിദ്രവും സാക്ഷരത ഇല്ലാത്തതുമായ ഇന്ത്യ തകരുമെന്നും വിഘടിക്കുമെന്നും ജനാധിപത്യം ഇവിടെ അസാധ്യമാണ് എന്നുമാണ്. ഇന്ത്യ ഏകീകരിക്കപ്പെടുകയും ലോകത്താകമാനം എവിടെയെങ്കിലും ജനാധിപത്യം ശക്തവും ചൈതന്യമാര്‍ന്നതും ജീവസ്സുറ്റതുമായി ഉണ്ടെങ്കില്‍ അത് ഇവിടെയാണ് എന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തു.
സഹോദരീ സഹോദരന്മാരെ,
സ്വാതന്ത്ര്യം ലഭിച്ച് ദശകങ്ങളോളം പറഞ്ഞിരുന്നത് ഇന്ത്യ ദരിദ്രവും സാക്ഷരത ഇല്ലാത്തതുമായ രാജ്യമായതിനാല്‍ ശാസ്ത്ര സാങ്കേതിക രംഗത്തു നിക്ഷേപത്തിനുള്ള സാധ്യത വിരളമാണ് എന്നായിരുന്നു. ഇന്ന്, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയും നമ്മുടെ സ്റ്റാര്‍ട്ടപ്പ് സംവിധാനവും ലോകോത്തരമാണ്. കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ഒട്ടേറെ പുതിയ യൂനികോണുകളും നൂറുകണക്കിനു പുതിയ സ്റ്റാര്‍ട്ടപ്പുകളും ഇന്ത്യയില്‍ ഉയര്‍ന്നുവന്നു.
സുഹൃത്തുക്കളെ,
മഹാവ്യാധിക്കാലത്തും ഇന്ത്യ അതിന്റെ കരുത്തും ശേഷിയും വീണ്ടും പ്രദര്‍ശിപ്പിച്ചു. ഇത്രയും വലിയ ജനാധിപത്യം ഒരുമയോടെ ഉയര്‍ന്നുവുന്നതിനു ലോകത്ത് ഉദാഹരണങ്ങളില്ല. ഇന്ത്യ പി.പി.ഇ. കിറ്റുകളും മുഖകവചങ്ങളും വെന്റിലേറ്ററുകളും പരിശോധനാ കിറ്റുകളും മറ്റും ഇറക്കുമതി ചെയ്യുകയായിരുന്നു. കൊറോണ നാളുകളില്‍ ഇന്ത്യ അതിന്റെ കരുത്തു വര്‍ധിപ്പിക്കുകയും സ്വാശ്രയമായി മാറുകയും ചെയ്തു എന്നു മാത്രമല്ല, ഈ ഉല്പന്നങ്ങള് കയറ്റുമതി ചെയ്തു തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ മരണ നിരക്ക് ഏറ്റവും കുറഞ്ഞതും രോഗമുക്തി ഏറ്റവും കൂടിയതുമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
ഇന്ന് ഇന്ത്യ കേവലം ഒന്നല്ല, മറിച്ച് രണ്ട് ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്സീനുകള്‍ വഴി മാനവികതയെ സംരക്ഷിക്കാന്‍ സജ്ജമാണ്. ലോകത്തിന്റെ ഔഷധശാല എന്ന നിലയില്‍ ഇന്ത്യ ലോകത്തില്‍ ആവശ്യമുള്ളവര്‍ക്കെല്ലാം മരുന്നു നല്‍കിയിരുന്നു. ഇപ്പോഴും നല്കിവരികയും ചെയ്യുന്നു. ലോകം ഇപ്പോള്‍ ഇന്ത്യയുടെ വാക്സീനായി കാത്തിരിക്കുക മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് പദ്ധതി ഇന്ത്യ എങ്ങനെ നടപ്പാക്കുന്നു എന്നു നിരീക്ഷിക്കുകയുമാണ്.
സുഹൃത്തുക്കളെ,
ആഗോള മഹാമാരിയില്‍നിന്ന് ഇന്ത്യ നേടിയ പാഠം സ്വാശ്രയ ഇന്ത്യ പ്രചരണത്തിനു പ്രചോദനമായി മാറി. നമ്മുടെ രാജ്യത്തു പറയും:
?????? ???? ????????? ?? ???
അതായത്, നൂറുകണക്കിനു കൈകള്‍കൊണ്ടു സമ്പാദിക്കുക; ആയിരക്കണക്കിനു കൈകള്‍കൊണ്ടു പങ്കുവെക്കുക. ഇന്ത്യ സ്വാശ്രയമാകുന്നതിന്റെ പിന്നില്‍ ഈ ആദര്‍ശവുമുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കഠിനാധ്വാനത്തില്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഉല്പന്നങ്ങളും കണ്ടെത്തുന്ന പരിഹാരങ്ങളും ലോകത്തിനാകെ ഉപകാരപ്പെടും. വൈ-റ്റു-കെ കാലത്ത് ഇന്ത്യ വഹിച്ച പങ്കും ലോകത്തിന്റെ ദുഃഖങ്ങളെ എങ്ങനെ ഇന്ത്യ ലഘൂകരിച്ചു എന്നും ലോകത്തിന് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഈ വിഷമഘട്ടത്തിലും നമ്മുടെ ഔഷധ വ്യവസായം തെളിയിക്കുന്നത് ഏതു മേഖലയിലും ഇന്ത്യക്കുള്ള ശേഷിയുടെ നേട്ടം ലോകത്താകമാനം എത്തും എന്നതാണ്.
സുഹൃത്തുക്കളെ,
ഇന്നു ലോകം ഇന്ത്യയെ ഇത്രത്തോളം വിശ്വസിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം വിദേശത്തുള്ള ഇന്ത്യക്കാരുടെ വലിയ സംഭാവനകളാണ്. പോയ ഇടങ്ങളിലെല്ലാം നിങ്ങള്‍ ഇന്ത്യയെയും ഇന്ത്യന്‍ രീതികളെയും കൊണ്ടുചെന്നു. നിങ്ങള്‍ ഭാരതീയത ശ്വസിച്ചു. ഭാരതീയതയാല്‍ നിങ്ങള്‍ മനുഷ്യരെ ഉണര്‍ത്തുകയാണ്. ഭക്ഷണമാകട്ടെ, ഫാഷനാകട്ടെ, കുടുംബ മൂല്യങ്ങളാകട്ടെ, കച്ചവട മൂല്യങ്ങളാകട്ടെ, നിങ്ങള്‍ ഭാരതീയത പ്രചരിപ്പിച്ചു. ലോകത്താകമാനം ഇന്ത്യന്‍ സംസ്കാരം പടരാന്‍ മാസികകളെക്കാളും മറ്റു പുസ്തകങ്ങളെക്കാളും കാരണം നിങ്ങളുടെ വ്യക്തിത്വവും പെരുമാറ്റവും ആണെന്നു ഞാന്‍ കരുതുന്നു. ഇന്ത്യ ലോകത്തിനു മേല്‍ എന്തെങ്കിലും അടിച്ചേല്പിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ നിങ്ങളെല്ലാം ചേര്‍ന്ന് ഇന്ത്യയെ കുറിച്ചുള്ള ജിജ്ഞാസയും താല്പര്യവും വളര്‍ത്തി. അതു ജിജ്ഞാസയില്‍നിന്ന് ആരംഭിച്ചതായിരിക്കാം. എന്നാല്‍ ദൃഢവിശ്വാസത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
ഇന്ന് ഇന്ത്യ സ്വാശ്രയമായി മാറാന്‍ ശ്രമിക്കുമ്പോള്‍ ബ്രാന്‍ഡ് ഇന്ത്യ ശക്തിപ്പെടുത്തുന്നതില്‍ നിങ്ങളുടെ പങ്കു വളരെ പ്രധാനമാണ്. നിങ്ങള്‍ കൂടുതല്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഉല്പന്നങ്ങള് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ക്കു ചുറ്റുമുള്ളവരും അതിനു തയ്യാറാകും. നിങ്ങളുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും മെയ്ഡ് ഇന്‍ ഇന്ത്യ ഉല്പന്നങ്ങള് ഉപയോഗിക്കുന്നതു കാണുമ്പോള്‍ അഭിമാനം തോന്നില്ലേ? അതു ചായയോ വസ്ത്രമോ ചികില്‍സയോ ആകാം. ഖാദി ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. നിങ്ങള്‍ വഴി ഇന്ത്യയുടെ കയറ്റുമതി വര്‍ധിക്കുക മാത്രമല്ല, ഇന്ത്യയുടെ വൈജാത്യം ലോകത്തിനു മുന്നില്‍ വെളിപ്പെടുകയും ചെയ്യും. എല്ലാറ്റിനുമുപരി, ആത്മനിര്‍ഭര്‍ ഭാരത് വഴി ലോകത്തിലെ ഏറ്റവും ദരിദ്രര്‍ക്കു താങ്ങാവുന്ന ചെലവില്‍ മെച്ചമേറിയ പരിഹാരങ്ങള്‍ എത്തിക്കുന്നവരായി നിങ്ങള്‍ മാറുകയും ചെയ്യും.
സുഹൃത്തുക്കളെ,
നിക്ഷേപമോ പണം അയയ്ക്കലോ ആകട്ടെ, നിങ്ങളുടെ സംഭാവന താരതമ്യം ചെയ്യാന്‍ കഴിയാത്തതാണ്. എല്ലാ ഇന്ത്യക്കാരനും ഇന്ത്യ ഒന്നാകെയും നിങ്ങളുടെ സഹായം, വൈദഗ്ധ്യം, നിക്ഷേപം, ബന്ധങ്ങള്‍ എന്നിവയില്‍ അഭിമാനവും ആകാംക്ഷയും ഉള്ളവരാണ്. നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതിനും ഇവിടത്തെ പ്രതീക്ഷകള്‍ നിറവേറ്റപ്പെടുന്നതിനുമായി എല്ലാ അവശ്യ നടപടിക്രമങ്ങളും പാലിച്ചുവരുന്നുണ്ട്.
‘വൈശ്വിക് ഭാരതീയ വൈജ്ഞാനികി’ അതായത്, വൈഭവ് ഉച്ചകോടി ആദ്യമായി സംഘടിപ്പിക്കപ്പെട്ടത് ആഴ്ചകള്‍ക്കു മുന്‍പാണെന്നു നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. 750 മണിക്കൂര്‍ നീണ്ടുനിന്ന സമ്മേളനത്തില്‍ 70 രാജ്യങ്ങളില്‍നിന്നായി 25,000 ശാസ്ത്രജ്ഞരും വിദഗ്ധരും പങ്കെടുത്തു. പല മേഖലകളിലും സാങ്കേതിക വിദ്യയും സംവിധാനവും ഒരുക്കാന്‍ വളരെയധികം സഹായകമാകുന്ന 80 വിഷയങ്ങളിലുള്ള 100 റിപ്പോര്‍ട്ടുകള്‍ സാധ്യമാകുന്നതിലേക്ക് ഇതു നയിച്ചു. സംവാദം തുടരും. ഇതോടൊപ്പം വിദ്യാഭ്യാസം മുതല്‍ സംരംഭം വരെയുള്ള മേഖലകളില്‍ അര്‍ഥവത്തായ മാറ്റങ്ങള്‍ സാധ്യമാക്കുന്നതിനായി ഇന്ത്യ ഘടനാപരമായ പരിഷ്കാരങ്ങള്‍ വരുത്തി. ഇതു നിങ്ങള്‍ക്കു നിക്ഷേപം നടത്താനുള്ള അവസരം വര്‍ധിക്കാനിടയാക്കി. ഉല്പാദനത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഉല്പാദനവുമായി ബന്ധപ്പെടുത്തിയുള്ള ഇളവുകള്‍ക്കായുള്ള പദ്ധതി ചെറിയ കാലത്തിനിടെ പ്രചാരം നേടി. നിങ്ങള്‍ക്ക് അതിന്റെ മുഴുവന്‍ നേട്ടവും സ്വന്തമാക്കാം.
സുഹൃത്തുക്കളെ,
എല്ലായപ്പോഴും എല്ലാ നിമിഷവും കേന്ദ്ര ഗവണ്മെന്റ് നിങ്ങള്‍ക്കൊപ്പമുണ്ട്. കൊറോണ ലോക്ഡൗണ്‍ നിമിത്തം വിദേശത്തു കുടുങ്ങിപ്പോയ 45 ലക്ഷത്തിലേറെ ഇന്ത്യക്കാരെ വന്ദേഭാരത് ദൗത്യം വഴി തിരികെ എത്തിച്ചു. വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിനു സമയബന്ധിതമായ സഹായം ഉറപ്പുവരുത്തുന്നതിനായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. വിദേശത്തുള്ള ഇന്ത്യക്കാരുടെ ജോലി മഹാവ്യാധിക്കാലത്തു സംരക്ഷിക്കുന്നതിനായി നയതന്ത്ര തലത്തില്‍ സാധ്യമായതെല്ലാം ചെയ്തിരുന്നു.
ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു മടങ്ങിയെത്തിയവര്‍ക്കായി സ്കില്‍ഡ് വര്‍ക്കേഴ്സ് അറൈവല്‍ ഡാറ്റാബേസ് ഫോര്‍ എംപ്ലോയ്മെന്റ് സപ്പോര്‍ട്ട് അഥവാ സ്വദേശ് എന്ന പേരില്‍ പുതിയ മുന്നേറ്റത്തിനു തുടക്കമിട്ടിട്ടുണ്ട്. വന്ദേഭാരത് ദൗത്യ പ്രകാരം തിരിച്ചെത്തിയവരുടെ നൈപുണ്യം തിരിച്ചറിഞ്ഞ് അവരെ രാജ്യത്തെയും വിദേശത്തെയും കമ്പനികളുമായി ബന്ധിപ്പിക്കുന്നതിനാണ് ഇത്.
ലോകത്താകമാനമുള്ള ഇന്ത്യന്‍ സമൂഹത്തെ പരസ്പരം ബന്ധിപ്പിക്കുന്നതിനായി റിഷ്ട എന്ന പുതിയ പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തില്‍ നിങ്ങളുടെ സമുദായക്കാരുമായി ആശയ വിനിമയം നടത്തുന്നതിനും അവരെ വേഗം ബന്ധപ്പെടുന്നതിനും ഇതു സഹായകമാകും. ലോകത്താകമാനമുള്ള നമ്മുടെ കൂട്ടാളികളുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ഇന്ത്യയുടെ വികസനം സാധ്യമാക്കുന്നതിനും ഇതു സഹായകമാകും.
സുഹൃത്തുക്കളെ,
നാം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിലേക്ക് അടുക്കുകയാണ്. അടുത്ത പ്രവാസി ഭാരതീയ ദിവസ് സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ടായിരിക്കും നടത്തുന്നത്. മഹാത്മാ ഗാന്ധി, നേതാജി സുഭാഷ് ചന്ദ്ര ബോസ്, സ്വാമി വിവേകാനന്ദന് തുടങ്ങി എണ്ണമറ്റ മഹാന്മാര് പകര്‍ന്ന പ്രചോദനത്താല്‍ ലോകത്താകമാനമുള്ള ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യക്കു പുറത്തുനിന്നുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെ ഓര്‍ക്കേണ്ട സമയമാണിത്.
സ്വാതന്ത്ര്യ സമരത്തില്‍ ശ്രദ്ധേയമായ പങ്കു വഹിച്ച വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരെയും കുറിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിക്കാന്‍ ലോകത്താകമാനമുള്ള ഇന്ത്യന്‍ സമൂഹത്തോടും വിദേശത്തുള്ള നമ്മുടെ സംഘടനകളോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. ലഭ്യമായ ഫൊട്ടോഗ്രാഫുകള്‍ ഉള്‍പ്പെടുത്തണം. ലോകത്താകമാനം ആരൊക്കെ എന്തൊക്കെ ചെയ്തു എന്ന വിശദീകരണം ഉണ്ടാകണം. ഭാരത മാതാവിനോട് ഓരോരുത്തര്‍ക്കുമുള്ള ശൗര്യം, ശ്രമം, ത്യാഗം, ആത്മാര്‍ഥത എന്നിവ വിശദീകരിക്കപ്പെടണം. വിദേശത്തുനിന്നുകൊണ്ട് ഇന്ത്യയുടെ മോചനത്തിനായി പ്രവര്‍ത്തിച്ചവരുടെ ആത്മകഥകള്‍ ഉള്‍പ്പെടുത്തണം.
അടുത്ത ക്വിസ് മല്‍സരത്തില്‍ വിദേശത്തുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകളെക്കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ലോകത്താകമാനമുള്ള ഇന്ത്യക്കാരെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കു വിജ്ഞാനം പകരുന്ന അഞ്ഞുറോ എഴുന്നൂറോ ആയിരമോ ചോദ്യങ്ങള്‍ ഉണ്ടായിരിക്കണം. അത്തരം ശ്രമങ്ങളെല്ലാം നമ്മുടെ ബന്ധങ്ങളെ ശക്തമാക്കുകയും വരും തലമുറകളെ പ്രചോദിപ്പിക്കുകയും ചെയ്യും.
ഇന്നു നാം വളരെയധികം പേര് വിര്‍ച്വലായി സംഗമിച്ചു. കൊറോണ നിമിത്തം നേരില്‍ കാണുക സാധ്യമല്ല. നിങ്ങളുടെയും രാജ്യത്തിന്റെയും മുദ്ര പതിപ്പിക്കുന്നതിനായി നിങ്ങള്‍ ആരോഗ്യവാന്മാരും സുരക്ഷിതരും ആയിരിക്കണമെന്ന് ഓരോ ഇന്ത്യന്‍ പൗരനും ആഗ്രഹിക്കുന്നു. ഈ ആശംസയോടെ ഞാന്‍ ഒരിക്കല്‍ക്കൂടി സുറിനാം പ്രസിഡന്റിനെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നമ്മെ പ്രചോദിപ്പിക്കുകയും നമ്മോടു ബന്ധം പുലര്‍ത്തുകയും ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുകയും ചെയ്ത മഹാന്മാരില് ഒരാളാണ് അദ്ദേഹം. ഈ ആശംസകളോടെ നിങ്ങളെയെല്ലാം നന്ദി അറിയിക്കുന്നു.
***
Speaking at the Pravasi Bharatiya Divas. Watch. https://t.co/FZ4l1KeGdF
— Narendra Modi (@narendramodi) January 9, 2021
The Indian diaspora has distinguished itself globally. During my conversations with world leaders, they have been appreciative of the Indian community in their respective nations, especially the doctors, nurses and paramedics. pic.twitter.com/1SgOj6LJvE
— Narendra Modi (@narendramodi) January 9, 2021
Be it our tech industry or the pharma industry, India has always been at the forefront of helping mitigate global challengees. pic.twitter.com/IGBBMz3UKY
— Narendra Modi (@narendramodi) January 9, 2021
If the world trusts India, one of the important reasons is the Indian diaspora. World over, people have seen our diaspora's accomplishments and through them, seen glimpses of India's glorious culture as well as ethos. pic.twitter.com/sC8pM3XLyH
— Narendra Modi (@narendramodi) January 9, 2021