Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ 8-ാമത് ബിരുദ ദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം


ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി ജി, പണ്ഡിറ്റ് ദീന്‍ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ മുകേഷ് അമ്പാനിജി, സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ഡി രാജഗോപാലന്‍ജി, ഡയറക്ടര്‍ ജനറല്‍ പ്രൊഫസര്‍ എസ് സുന്ദര്‍ മനേഹര്‍ജി, ഫാക്കല്‍റ്റി അംഗങ്ങളെ, മാതാപിതാക്കളെ,  യുവസുഹൃത്തുക്കളെ,

 

പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ 8-ാമത് ബിരുദ ദാന ചടങ്ങിന്റെ അവസരത്തില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും നൂറു നൂറ് അഭിനന്ദനങ്ങള്‍. ഇന്നു ബിരുദധാരികളാകുന്ന എല്ലാ സുഹൃത്തുക്കള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും അനേകമനേകം ശുഭാശംസകള്‍. ഇന്ന് രാജ്യത്തിന് നിങ്ങളെ പോലുള്ള വ്യവസായ സജ്ജരായ ബിരുദധാരികളെ ലഭിക്കുന്നുണ്ട്.  നിങ്ങള്‍ നടത്തിയ പരിശ്രമങ്ങളുടെയും,  ഈ സര്‍വകലാശാലയില്‍ നിന്ന് ആര്‍ജ്ജിച്ച അറിവിന്റെയും പേരില്‍ നിങ്ങളെ എല്ലാവരുടെയും ഞാന്‍ അഭിനന്ദിക്കുന്നു. രാഷ്ട്രനിര്‍മ്മാണത്തിനായി ഇവിടെ നിന്ന് നിങ്ങള്‍ ഇന്ന് ആരംഭിക്കുന്ന പുതിയ യാത്രയ്ക്കും ഞാന്‍ ശുഭാശംസകള്‍ നേരുന്നു.

തൊഴില്‍പരമായ കഴിവും നൈപുണ്യവും പ്രാഗത്ഭ്യവും കൊണ്ട്  സ്വാശ്രയ ഇന്ത്യയുടെ വന്‍ ശക്തിയായി നിങ്ങള്‍ ഉയരും എന്ന് എനിക്ക് ആത്മവിശ്വാസം ഉണ്ട്.  ഇന്ന് പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം സര്‍വകലാശാലയിലെ അഞ്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും കൂടി നടക്കുകയാണ്. ഈ സൗകര്യങ്ങള്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം സര്‍വകലാശാലയെ രാജ്യത്തെ ഊര്‍ജ്ജ മേഖലയെ കൂടാതെ തൊഴിലധിഷ്ടിത വിദ്യാഭ്യാസം, നൈപുണ്യ വികസനം, നവസംരംഭക ആവാസ വ്യവസ്ഥ എന്നിവയുടെ സുപ്രധാന കേന്ദ്രംകൂടിയാക്കി മാറ്റും.

 

സുഹൃത്തുക്കളെ,

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി  പെട്രോളിയം മേഖലയ്ക്കുമപ്പുറം ഊര്‍ജ്ജം ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളിലേയ്ക്ക് പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം സര്‍വകലാശാല വികസിച്ചിരിക്കുന്നു. ഗുജറാത്ത് പെട്രോളിയം മേഖലയില്‍ മുന്നേറാന്‍ ആഗ്രഹിച്ച സമയത്താണ് പെട്രോളിയം സര്‍വകലാശാലയെ കുറിച്ച് ഞാന്‍ ആദ്യമായി ചിന്തിച്ചു തുടങ്ങിയത്. ഇന്ന് പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ പുരോഗതി കാണുമ്പോള്‍  ഈ സ്ഥാപനത്തിന്റെ പേര് പെട്രോളിയം സര്‍വകലാശാല എന്നതിനു പകരം ഊര്‍ജ്ജ സര്‍വകലാശാല എന്നാക്കി പുനര്‍നാമകരണം ചെയ്യണം എന്ന് ഞാന്‍ ഗുജറാത്ത് ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുകയാണ്. രാജ്യത്തിന്റെയും ലോകത്തിന്റെയും ആവശ്യങ്ങള്‍ക്കനുസൃതമായി നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്യുകയും വേണം. കാരണം ഇതിന് അതിബൃഹത്തായ സാധ്യതകളും ഭാവി വികസനവും ഞാന്‍ കാണുന്നു. 45 മെഗാവാട്ട് സൗരോര്‍ജ്ജ പാനല്‍ നിര്‍മ്മാണ പ്ലാന്റിന്റെ സ്ഥാപനം, അല്ലെങ്കില്‍ ജല സാങ്കേതിക വിദ്യയില്‍ മികവിന്റെ കേന്ദ്രം തുടങ്ങിയവ പ്രതിഫലിപ്പിക്കുന്നത് രാജ്യത്തിനായുള്ള പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം സര്‍വകലാശാലയുടെ വിശാലമായ വീക്ഷണമാണ്.

 

സുഹൃത്തുക്കളെ,

ഇന്ന് രാജ്യം ഹരിതഗൃഹ വാതക ബഹിര്‍ഗമനം 30-35 ശതമാനം കുറയ്ക്കുന്നതിനുള്ള നീക്കത്തിലാണ്. ഞാന്‍ ആദ്യം ഈ നിര്‍ദ്ദേശം വച്ചപ്പോള്‍ ലോകം അമ്പരന്നു, ഇന്ത്യക്ക് ഇതിനാവുമോ എന്ന്. ഈ ദശകത്തില്‍ തന്നെ നാം നമ്മുടെ ഊര്‍ജ്ജ ആവശ്യത്തിന്റെ നാലു മടങ്ങ് പ്രകൃതിവാതകം വര്‍ധിപ്പിക്കുന്നതിനുള്ള ഉദ്യമത്തിലാണ്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എണ്ണ ശുദ്ധീകരണ ശേഷി ഇരട്ടിയാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു.

 

സുഹൃത്തുക്കളെ,

ഈ രാജ്യത്തെ ചെറുപ്പക്കാര്‍ നൂറു വര്‍ഷം മുമ്പുളള കാലത്തെ കുറിച്ച്  ആലോചിച്ചു നോക്കൂ. അതായത് 1920 ല്‍ തുടങ്ങുന്ന കാലം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാത്ത ഒറ്റ വര്‍ഷം പോലും ആ കാലയളവില്‍ ഉണ്ടായിരുന്നില്ല. അതില്‍ വഴിത്തിരിവായത് 1857 ലെ സ്വാതന്ത്ര്യ സമരമായിരുന്നു. എന്നാല്‍ 1920 നും 1947 നും ഇടയ്ക്കുള്ള കാലം വളരെ വ്യത്യസ്തമായിരുന്നു. ആ കാലത്ത് അനേകം സംഭവവികാസങ്ങള്‍ ഉണ്ടായി. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നിന്ന്, എല്ലാ മേഖലകളിലും നിന്ന്, എല്ലാ രംഗങ്ങളിലും നിന്ന്, രാജ്യത്തെ കുട്ടികള്‍ ഒന്നടങ്കം, എല്ലാ വിഭാഗങ്ങളിലും നിന്ന്, എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും നിന്ന്, അഭ്യസ്തവിദ്യര്‍, സമ്പന്നര്‍, ദരിദ്രര്‍  സകലരും സ്വാതന്ത്ര്യ സമര സേനാനികളായി മാറി. ജനങ്ങള്‍ ഒന്നായി.  അവര്‍ സ്വന്തം സ്പനങ്ങള്‍ ബലികഴിച്ചു, സ്വാതന്ത്ര്യത്തിനായി പ്രതിജ്ഞ എടുത്തു. അന്നത്തെ യുവാക്കള്‍, അതായത് 1920 മുതല്‍ 1947 വരെയുള്ള തലമുറ എല്ലാം അതിനായി ഉപേക്ഷിച്ചു.

അക്കാലത്ത് യുവാക്കള്‍ സര്‍വതും പരിത്യജിച്ച് ഒരേ ഒരു ദൗത്യത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. എന്തായിരുന്നു ആ ദൗത്യം. ആ ദൗത്യമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം. അടിമത്തത്തിന്റെ വിലങ്ങുകളില്‍ നിന്ന് ഭാരതമാതാവിനെ സ്വതന്ത്രയാക്കുക.
 

എന്റെ യുവ സുഹൃത്തുക്കളെ,

നാം ഇന്ന് ആ കാലഘട്ടത്തിലല്ല. എന്നാലും മാതൃഭൂമിയെ സേവിക്കാനുള്ള അവസരത്തിനു മാറ്റമില്ല. അന്ന് യുവാക്കള്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അവരുടെ യുവത്വം ബലികഴിച്ചെങ്കില്‍  ഇന്ന് നമുക്ക് സ്വാശ്രയ ഇന്ത്യക്കു വേണ്ടി ജീവിക്കാന്‍ പഠിക്കാം.ഇതു നമുക്ക് കാണിച്ചുകൊടുക്കാനും സാധിക്കും. ഇന്ന് നാം സ്വാശ്രയ ഇന്ത്യക്കു വേണ്ടിയുള്ള മുന്നേറ്റമാകണം, ആ മുന്നേറ്റത്തിലെ പടയാളികള്‍ ആകണം, ആ മുന്നേറ്റത്തെ നയിക്കണം. ഓരോ ഇന്ത്യക്കാരനില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കുന്നത് ഇതാണ്. പ്രത്യേകിച്ച യുവാക്കള്‍ സ്വാശ്രയ ഇന്ത്യയില്‍ സ്വയം വിശ്വാസം അര്‍പ്പിക്കണം.

 

വര്‍ത്തമാന കാല ഇന്ത്യ മാറ്റത്തിന്റെ വലിയ ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. വര്‍ത്തമാന കാല ഇന്ത്യയെ കെട്ടിപ്പടുക്കുക മാത്രമല്ല നിങ്ങളുടെ വലിയ ഉത്തരവാദിത്വം മറിച്ച് ഭാവി ഇന്ത്യയും കൂടി നാം കെട്ടിപ്പടുക്കണം. 2022 ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ  75 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 2047 ല്‍ നൂറു വര്‍ഷങ്ങളും.

 

നിങ്ങള്‍ നോക്കൂ, ഉത്തരവാദിത്വം ഉള്ളവര്‍ മാത്രമെ ജീവിതത്തില്‍ വിജയിച്ചിട്ടുള്ളു. ഉത്തരവാദിത്വ ബോധം വ്യക്തിയുടെ ജീവിതത്തെ സുവര്‍ണാവസരങ്ങളിലേയ്ക്കു നയിക്കും. വ്യക്തിയുടെ ഉത്തരവാദിത്വ ബോധം ജീവിത ലക്ഷ്യമായി മാറും. യാതൊരു  വൈരുദ്ധ്യവും പാടില്ല. ഉത്തരവാദ്ത്വ ബോധവും ജീവിത ലക്ഷ്യവും രണ്ടു വഴികളാണ്. അതിലൂടെ നിങ്ങളുടെ തീരുമാനങ്ങള്‍ക്ക് വേഗത്തില്‍ മുന്നേറാന്‍ സാധിക്കും.

 

സുഹൃത്തുക്കളെ,

പുരോഗതിയും സംവേഗ ശക്തിയും മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമാണ്. ഭാവി തലമുറയ്ക്ക് ഒരേ കാലത്തു തന്നെ അത്  പ്രകൃതി സംരക്ഷണത്തിനും പരിസ്ഥിതിയ്ക്കും തുല്യ പ്രാധാന്യമുള്ളതുമാണ്. മെച്ചപ്പെട്ട ഭാവിക്ക് ശുദ്ധ ഊര്‍ജ്ജം പ്രതീക്ഷയാണ്. ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന് വെടിപ്പുള്ള സ്ലേറ്റ്, മറ്റൊന്ന് നിര്‍മ്മലമായ ഹൃദയം. നിങ്ങള്‍ പലപ്പോഴും കേട്ടിരിക്കും , ഒന്നും മാറില്ല, നമുക്കുള്ളത് നമുക്ക് സ്വയം ശരിപ്പെടുത്താം  ഇങ്ങനെയൊക്കെ ആളുകൾ പറഞ്ഞിരിക്കും. ആളുകള്‍ പറയും രാജ്യത്ത് കാര്യങ്ങള്‍ പതിവു പോലെ നടക്കും, കാരണം ഇതുപോലെയാണ് നടന്നിട്ടുള്ളത്. ഇതാണ് നമ്മുടെ മുൻ അനുഭവം.
 

സുഹൃത്തുക്കളെ,

ഞാന്‍ ആദ്യമായി ഗുജറാത്തില്‍ മുഖ്യമന്ത്രിയായത് 20 വര്‍ഷം മുമ്പാണ്. അന്ന് ആളുകള്‍ എന്നെ കാണാന്‍ വരും. അവര്‍ എന്നോട്  പറയും നിങ്ങള്‍ മുഖ്യമന്ത്രി ആകുമ്പോള്‍ ഒരു കാര്യം ചെയ്യണം. 70 -80 ശതമാനം ആളുകളും ആവര്‍ത്തിക്കുന്നത് ഒരേ കാര്യം തന്നെ. അതെന്താണ് എന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും. അത് ഇതാണ്, ഞങ്ങള്‍ അത്താഴം കഴിക്കാനിരിക്കുമ്പോഴെങ്കിലും വീട്ടില്‍ വൈദ്യുതി ഉറപ്പാക്കണം.
 

നിലവിലുള്ള സാഹചര്യത്തില്‍ എന്തെങ്കിലും പരിഹാരം ഉണ്ടോ, ഞാന്‍ ചോദിക്കും. ദൈവാനുഗ്രഹത്താല്‍ അപ്പോള്‍ ഒരു ചിന്ത എന്റെ ഉള്ളിലുണ്ടായി. നിങ്ങള്‍ക്ക് ഒരു കാര്യം ചെയ്യാമോ. നിങ്ങള്‍ക്ക് കൃഷി – ഗാര്‍ഹിക ഫീഡറുകള്‍ വെവ്വേറയാക്കിയാലോ. കൃഷിക്കാരോ മറ്റോ  വൈദ്യുതി  മോഷ്ടിക്കുന്നു എന്നായിരുന്നു  ജനങ്ങളുടെ മുന്‍വിധി. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഞാന്‍ പറഞ്ഞതിനോടു വിയോജിച്ചു. അവര്‍ക്കുമുണ്ടായിരുന്നു,  അങ്ങനെ സംഭവിക്കാന്‍ പാടില്ല എന്ന ചില മുന്‍വിധികള്‍.  എന്തെങ്കിലും ചെയ്‌തേ പറ്റു എന്ന് അപ്പോള്‍ എനിക്കു മനസിലായി. ഉത്തര ഗുജറാത്തില്‍ ഞാന്‍ ഒരു യോഗം വിളിച്ചു. 45 ഗ്രാമങ്ങള്‍ അതില്‍ പങ്കെടുത്തു. ഞാന്‍ അവരോടു പറഞ്ഞു, എനിക്ക് ഒരു സ്വപ്‌നമുണ്ട്. അത് സാക്ഷാത്ക്കരിക്കാന്‍ നിങ്ങള്‍ക്കാകുമോ.  അതിന് എന്‍ജിനിയര്‍മാരുടെ സഹായം തേടാമെന്നും ഞാന്‍ പറഞ്ഞു. കൃഷിക്കും ഗാര്‍ഹിക ഉപയോഗത്തിനുമായി ഗ്രാമങ്ങളില്‍ എത്തുന്ന വൈദ്യുതിയുടെ ഫീഡറുകള്‍ വെവ്വേറെയാക്കുക എന്നതു മാത്രമാണ് എന്റെ ആവശ്യം.  അവര്‍ വീണ്ടും വന്നു. അപ്പോള്‍ അവര്‍ പറഞ്ഞു. ആരുടെയും സഹായം വേണ്ട. ഗുജറാത്ത് ഗവണ്‍മെന്റ് 10 കോടി രൂപ അനുവദിച്ചാല്‍ മാത്രം മതി.

അവര്‍ ജോലി ആരംഭിച്ചു. ആ 45 ഗ്രാമങ്ങളിലെയും ഗാര്‍ഹിക കാര്‍ഷിക ഫീഡറുകള്‍ വേര്‍തിരിക്കപ്പെട്ടു. ഫലമോ, കൃഷിക്കുള്ള വൈദ്യുതി  വേര്‍തിരിച്ചു. അതോടെ 24 മണിക്കൂറും വീടുകളില്‍ വൈദ്യുതി ലഭ്യമായി. ഇത് പരിശോധിക്കാന്‍ ഞാന്‍ സര്‍വകലാശാലകളില്‍ നിന്ന് കുറച്ച് ചെറുപ്പക്കാരെ അയച്ചു. നിങ്ങള്‍ അത്ഭുതപ്പെടും. വൈകിട്ട് അത്താഴം കഴിക്കാന്‍ പോലും വെളിച്ചത്തിനു ക്ലേശിച്ചിരുന്ന ഗുജറാത്തില്‍ 24 മണിക്കൂറും വൈദ്യുതി നിര്‍ബാധം ലഭ്യമായി. പുതിയ ഒരു സമ്പദ് വ്യവസ്ഥ ഉയര്‍ന്നു വന്നു. ജനജീവിതം അപ്പാടെ മാറാന്‍ തുടങ്ങി.  ഗവണ്‍മെന്റിന്റെ വരുമാനവും വര്‍ധിച്ചു.

ഈ പരീക്ഷണം ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയിലും മാറ്റമുണ്ടാക്കി. ഇതാണ് ശരിയായ സമീപം എന്ന് ഒടുവില്‍ തീരുമാനിക്കപ്പെട്ടു.  തുടര്‍ന്ന് ഗുജറാത്ത് സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷിക ഗാര്‍ഹിക ഫീഡറുകളും വെവ്വേറെയാക്കുന്നതിന് 1000 ദിന പദ്ധതി രൂപീകൃതമായി.അങ്ങനെ 1000 ദിവസങ്ങള്‍ക്കുള്ളില്‍ ഗുജറാത്തിലെ എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പായി. ഞാനും ആ മുന്‍വിധിയുമായി മുന്നോട്ടു നീങ്ങിയിരുന്നെങ്കില്‍ ഇത് സാധ്യമാക്കാന്‍ എനിക്കാവുമായിരുന്നില്ല. ഞാന്‍ ഒരു ക്ലീന്‍ സ്ലേറ്റില്‍ നിന്നു തുടങ്ങി, പുതിയ സമീപനം സ്വീകരിച്ചു. അതിനു ഫലവും ഉണ്ടായി.

 

സുഹൃത്തുക്കളെ,

മാറ്റം അതു രാജ്യത്തിനകത്തോ, പുറത്തോ ആകട്ടെ, അത്  ഒറ്റ ദിവസം കൊണ്ടോ, ആഴ്ച്ച കൊണ്ടോ, വര്‍ഷം കൊണ്ടോ സംഭവിക്കുന്നതല്ല. മാറ്റത്തിനായി നാം കൂട്ടായി പരിശ്രമിക്കണം. ചെറിയ കാര്യങ്ങള്‍ പോലും കൃത്യമായ ചെയ്താല്‍  ബൃഹത്തായ മാറ്റങ്ങള്‍ കൊണ്ടുവരും. ഉദാഹരണത്തിന് ദിവസവും 20 മിനിറ്റ് പുതിയ കാര്യങ്ങള്‍ വായിക്കുകയോ എഴുതുകയോ  ശീലമാക്കി വളര്‍ത്താന്‍ നിങ്ങള്‍ക്കു സാധിക്കും. ദിവസവും 20 മിനിറ്റ്  പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ മാറ്റിവച്ചുകൂടെ എന്നും നിങ്ങള്‍ക്ക് ചിന്തിക്കാം. ഇതു ക്രിക്കറ്റിൽ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. വലിയ ലക്ഷ്യത്തിനു പിന്നാലെ ഏതു ടീം പോയാലും എത്ര റണ്‍സ് എടുക്കണം എന്നതാവില്ല അവരുടെ ചിന്ത.  ഓരോ ഓവറിലും എത്ര റണ്‍സ് എന്ന്  ബാറ്റ്‌സമാന്‍ ചിന്തിക്കും.

സാമ്പത്തിക ആസൂത്രണത്തിനായി ഇതെ മന്ത്രമാണ് പല ആളുകളും പിന്തുടരുന്നത്. അവര്‍ എല്ലാ മാസവും 5000 രൂപ വീതം നിക്ഷേപിക്കും. രണ്ടു വര്‍ഷം കഴിയുമ്പോള്‍ അതു ഒരു ലക്ഷം രൂപയാകും. ഇത്തരം സുസ്ഥിര പരിശ്രമങ്ങള്‍ നിങ്ങളില്‍ അത്തരം കഴിവുകള്‍  സൃഷ്ടിക്കും. അതിന്റെ ഫലങ്ങള്‍ ചെറിയ കാലയളവിനുള്ളില്‍ ദൃശ്യമായി എന്നു വരില്ല, എന്നാല്‍ വിദൂര ഭാവിയില്‍ എത് വലിയ സുരക്ഷിതത്വമാകും.  രാജ്യം ദേശീയ തലത്തില്‍ ഇത്തരം സുസ്ഥിര പരിശ്രമങ്ങളുമായി മുന്നോട്ടു നീങ്ങിയാല്‍ ഫലവും സമാനമായിരിക്കും. ഉദാഹരണത്തിന് സ്വഛ്ഭാരത് ദൗത്യം. ഒക്ടോബറില്‍ ഗാന്ധിജയന്തി ദിനത്തില്‍ മാത്രം മതി ശുചീകരണം എന്നു നമ്മള്‍ ചിന്തിക്കുന്നില്ല. മറിച്ച് എല്ലാ ദിവസവും നാം സംഘടിതമായ ശ്രമം നടത്തുന്നു. മന്‍ കി ബാത് പരിപാടിയില്‍ 2014 നും 2019 നും ഇടയില്‍ മിക്കവാറും എല്ലാ പ്രഭാഷണങ്ങളിലും ശ്രോതാക്കളോട്  ഞാന്‍ തന്നെ  ശുചീകരണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്, ചര്‍ച്ച ചെയ്തിട്ടുണ്ട്, അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതുപോലെ മറ്റു വിഷയങ്ങളെ കുറിച്ച് ചെറിയ സംവാദങ്ങളും  നടത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ ചെറിയ പരിശ്രമങ്ങള്‍ വഴി സ്വഛ് ഭാരത് വലിയ ജനകീയ മുന്നേറ്റമായി. ഇങ്ങനെയാണ് സുസ്ഥിര പരിശ്രങ്ങള്‍ വലിയ ഫലത്തിലേയ്ക്കു നയിക്കുന്നത്.

.

സുഹൃത്തുക്കളെ,

21-ാം നൂറ്റാണ്ടില്‍ ലോകത്തിന്റെ പ്രതീക്ഷ ഇന്ത്യയിലാണ്. ഇന്ത്യയുടെ പ്രതീക്ഷയും സ്വപ്‌നങ്ങളുമാകട്ടെ നിങ്ങളിലും. അതിനാല്‍ നമുക്ക് അതിവേഗത്തില്‍ മുന്നേറാം.  മുന്നോട്ടു നീങ്ങാം. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജി യാണ് അന്ത്യോദയ എന്ന കാഴ്ച്ചപ്പാട് അവതരിപ്പിച്ചത്.  രാഷ്ട്രം ആദ്യം എന്ന അദ്ദേഹത്തിന്റെ ആശയം നാം കൂടുതല്‍ ശക്തമാക്കണം. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളും രാജ്യത്തിനു വേണ്ടിയാകണം.  അതേ ചൈതന്യത്തോടെ നാം മുന്നേറണം.

നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി  ആയിരമായിരം അഭിനന്ദനങ്ങള്‍ . നിങ്ങളുടെ ശോഭനമായ ഭാവിക്കുവേണ്ടി എന്റെ മംഗളാശംസകള്‍.

വളരെ വളരെ നന്ദി.
 

കുറിപ്പ്:

ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ മാത്രമാണ്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലായിരുന്നു.

 

***