മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, വാണിജ്യ-വ്യവസായ മന്ത്രി ശ്രീ. സുരേഷ് പ്രഭുജി, ഭവന നിര്‍മാണ-നഗരകാര്യമന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരി ജി, വാണിജ്യ-വ്യവസായ സഹമന്ത്രി ശ്രീ. സി ആര്‍ ചൗധരി ജി, വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, മറ്റു മന്ത്രിമാര്‍, ഇവിടെ സന്നിഹിതിരായിരിക്കുന്ന വിശിഷ്ട വ്യക്തികളേ,
വാണിജ്യ ഭവന് ശിലാസ്ഥാപനം സാധ്യമാക്കിയതിന് ആദ്യം തന്നെ നിങ്ങളെല്ലാവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ഇന്നിവിടെ ആരംഭിച്ചിരിക്കുന്ന പ്രവര്‍ത്തി, ഞാന്‍ വേദിയില്‍ പറഞ്ഞതുപോലെ അടുത്ത വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകും. വാണിജ്യ ഭവന്‍ നിര്‍മാണം നിശ്ചിത സമയത്തിനുള്ളില്‍ തീരുമെന്നും അതിന്റെ മെച്ചങ്ങള്‍ വളരെപ്പെട്ടെന്നുതന്നെ ജനങ്ങള്‍ക്ക് ലഭിച്ചു തുടങ്ങുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ, മറ്റെല്ലാക്കാര്യങ്ങള്‍ക്കും പുറമേ ഞാന്‍ സമയത്തേക്കുറിച്ച് പറയുന്നത് എന്തുകൊണ്ടെന്നാല്‍, എനിക്ക് ശിലാസ്ഥാപനം നടത്താനോ അതല്ലെങ്കില്‍ ഈ ഗവണ്‍മെന്റിന്റെ കാലത്ത് ഉദ്ഘാടനം നിര്‍വഹിക്കാനോ അവസരം ലഭിച്ചിട്ടുള്ള മുഴുവന്‍ കെട്ടിടങ്ങള്‍ക്കും പൊതുവായി ഒന്നുണ്ടായിരുന്നു. അതാതു കാലത്തെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തന രീതി ആ കെട്ടിടങ്ങള്‍ പ്രതിഫലിപ്പിക്കും എന്നതാണ് പൊതുവായ ആ കാര്യം. പുതിയ ഇന്ത്യയിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിന്റെ പഴയ കാലത്തെ അളക്കാനുള്ള മാനദണ്ഡങ്ങള്‍ കൂടിയാണ് ആ വ്യത്യാസം.
സുഹൃത്തുക്കളേ, നിങ്ങള്‍ക്കു ചില ഉദാഹരണങ്ങള്‍ നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2016ല്‍ പ്രവാസി ഭാരതീയ കേന്ദ്രം രാജ്യത്തിനു സമര്‍പ്പിച്ചത് ഞാനോര്‍ക്കുന്നു; പക്ഷേ, അത് പ്രഖ്യാപിച്ചത് അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തായിരുന്നു. ആ കെട്ടിടം നിര്‍മിക്കാന്‍ പന്ത്രണ്ട് വര്‍ഷമെടുത്തു. കഴിഞ്ഞ വര്‍ഷം രാജ്യത്തിനു സമര്‍പ്പിച്ച ഡോ. അംബേദ്കര്‍ അന്താരാഷ്ട്ര കേന്ദ്രം സംബന്ധിച്ചു തീരുമാനമെടുത്തത് 1992ല്‍. അതിനു ശിലാസ്ഥാപനം നടത്തിയത് 2015ല്‍. ജനത്തിനു തുറന്നുകൊടുത്തത് 2017ല്‍. അതായത് അത് നിര്‍മിക്കാന്‍ 23-24 വര്‍ഷങ്ങളെടുത്തു.
സുഹൃത്തുക്കളേ,
ഈ വര്‍ഷം മാര്‍ച്ചില്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ പുതിയ ഒരു കെട്ടിടം ഞാന്‍ രാഷ്ട്രത്തിനു സമര്‍പ്പിച്ചു. സിഐസിക്ക് പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിനു 12 വര്‍ഷത്തെ പഴക്കമുണ്ട്. പക്ഷേ, നിര്‍മാണം തുടങ്ങിയത് ഈ എന്‍ഡിഎ ഗവണ്‍മെന്റാണ്, അത് നിശ്ചിത സമയത്തിനുള്ളില്‍ തീര്‍ക്കുകയും ചെയ്യും.
ആലിപ്പൂര്‍ റോഡില്‍ നിര്‍മിച്ചിരിക്കുന്ന അംബേദ്കര്‍ ദേശീയ സ്മാരകം മറ്റൊരു ഉദാഹരണമാണ്. രണ്ടു മാസം മുമ്പാണ് ഈ കെട്ടിടവും പൊതുജനത്തിനു തുറന്നുകൊടുത്തത്. ഈ സ്മാരകം സംബന്ധിച്ച ചര്‍ച്ച കുറേക്കാലമായി നടക്കുന്നു. അടല്‍ജിയുടെ കാലത്താണ് അതാദ്യം നടപടികളിലേക്കു നീങ്ങിയത്. പക്ഷേ, പിന്നീടൊരു പത്ത് പന്ത്രണ്ട് വര്‍ഷക്കാലം പണി നിലച്ചു.
ഗവണ്‍മെന്റുകള്‍ വേണ്ട വിധം പ്രവര്‍ത്തിക്കാതിരിക്കുന്നതുകൊണ്ടാണ് ഡല്‍ഹിയിലെ ഈ കെട്ടിടങ്ങള്‍ ഉദാഹരണങ്ങളായി മാറുന്നത്. എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും യോജിച്ചു പ്രവര്‍ത്തിക്കുകയും സ്വന്തം മാളങ്ങളില്‍ നിന്നു പുറത്തുവന്ന് ജോലികള്‍ വേഗത്തിലാക്കുകയും ചെയ്താലേ കാര്യം നടക്കുകയുള്ളു. തടസ്സങ്ങളുണ്ടാക്കുന്ന പ്രവണതയ്ക്കും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനും കാര്യങ്ങള്‍ വൈകിപ്പിക്കുന്നതിനും എതിരേ രാജ്യം നീങ്ങുകയാണ്.
ഡല്‍ഹിക്ക് അഞ്ചാമത്തെ ഒരു അടയാളം കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.
വാണിജ്യ മേഖലയെ ഒരൊറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവരാന്‍ കഴിയുന്ന വിധത്തില്‍ തടസ്സങ്ങള്‍ നീക്കാനുള്ള എന്റെ സന്നദ്ധതയാണ് ഇത്. യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.
സുഹൃത്തുക്കളേ, ഇന്ത്യ ഇന്ന് നിര്‍ണായകമായ ഒരു വഴിത്തിരിവിലാണ്. നമ്മുടെ ജനസംഖ്യാപരമായ മികവ് ഏത് രാജ്യത്തിനും അസൂയ ഉണ്ടാക്കുന്നതാണ്. നമ്മുടെ യുവജനങ്ങള്‍ നമ്മുടെ ജനാധിപത്യത്തിന് പുതിയ ഒരു ഊര്‍ജ്ജമേകുന്നു. ഈ യുവജനങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ അടിത്തറ. അവരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സഫലമാക്കുക എന്നത് ഏതാനും മന്ത്രിമാരുടെ മാത്രമല്ല നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്തമാണ്.
കഴിഞ്ഞ നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന്റെ നേട്ടം കൊയ്യുന്ന കാര്യത്തില്‍ ഇന്ത്യയ്ക്ക് അവസരം നഷ്ടപ്പെട്ടു. ആ ഘട്ടത്തില്‍ നിരവധി കാരണങ്ങളുണ്ടായിരുന്നു. ഈ നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറാന്‍ തുല്യമായ കാരണങ്ങളുണ്ടുതാനും. നാലാം വ്യവസായ വിപ്ലവമായി അറിയപ്പെടുന്ന ഇപ്പോഴത്തെ മുന്നേറ്റത്തിന് ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ് അടിസ്ഥാനം. ഇന്ത്യ ഇപ്പോള്‍ത്തന്നെ ഈ മേഖലയില്‍ മറ്റു പല രാജ്യങ്ങളേക്കാള്‍ മുന്നിലുമാണ്.
വാണിജ്യ മന്ത്രാലയത്തിലേതുള്‍പ്പെടെ ലക്ഷ്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇന്നിപ്പോള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ പ്രധാനമാണ്. ഈ വാണിജ്യഭവന്‍ തന്നെ ഉദാഹരണമായി എടുക്കു. ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്ന ഭൂമി നേരത്തേ സപ്ലൈസ് ആന്റ് ഡിസ്‌പോസല്‍സ് ഡയറക്ടറേറ്റിനു കീഴിലായിരുന്നു. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള അത് ഇപ്പോള്‍ അടച്ചുപൂട്ടുകയും ഗവണ്‍മെന്റ് ഇ- വിപണി ഇടം (ജെം) എന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യാധിഷ്ഠിതമായ മറ്റൊന്ന് അതിനു പകരം കൊണ്ടുവരികയും ചെയ്തു. ഗവണ്‍മെന്റിന് ആവശ്യമായ സാധനങ്ങള്‍ സംഭരിക്കുന്നതില്‍ ജെം വിപ്ലകരമായ മാറ്റമാണ് വരുത്തിയത്.
ഇന്ന്, ചെറുതും വലുതുമായ 1.17 ലക്ഷം കമ്പനികള്‍ ഇതില്‍ ചേര്‍ന്നിട്ടുണ്ട്. ജെം മുഖേന അഞ്ച് ലക്ഷത്തിലധികം ഓര്‍ഡറുകള്‍ ഈ കച്ചവടക്കാര്‍ക്ക് കിട്ടുകയും ചെയ്തിട്ടുണ്ട്. 8,700 കോടി രൂപ മൂല്യമുള്ള ചരക്കുകള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ ജെം മുഖേന സംഭരിച്ചു.
രാജ്യത്തിന്റെ വിദൂര ദേശങ്ങളിലുള്ള കച്ചവടക്കാര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റിനു നേരിട്ടു വില്‍ക്കാന്‍ അവസമുണ്ടാക്കിക്കൊടുത്തതിന് വാണിജ്യ മന്ത്രാലയം അഭിനന്ദനം അര്‍ഹിക്കുന്നു. നിങ്ങളുടെ ജനങ്ങള്‍ക്കു വേണ്ടിയുള്ള ഒരു ദീര്‍ഘയാത്രയുടെ തുടക്കമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എങ്ങനെയാണ് ജെം കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയുന്നത്, രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മേഖലയെ എങ്ങനെയാണ് അന്തര്‍ദേശീയ വാണിജ്യതലത്തിലേക്ക് ഉയര്‍ത്തുക? വളരെക്കാര്യങ്ങള്‍ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ടു ചെയ്യാനുണ്ട്. ഇന്ന്, നാല്‍പ്പത് കോടിയിലധികം സ്മാര്‍ട്ട് ഫോണുകളുടെ സാന്നിധ്യം, ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ വര്‍ധിക്കുന്ന എണ്ണം, കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഇതെല്ലാം നിങ്ങളുടെ ജോലി എളുപ്പമാക്കും.
സുഹൃത്തുക്കളേ, കരുത്തനായൊരു വ്യക്തിക്ക് ഒന്നും ഭാരമുള്ളതല്ല എന്ന് അര്‍ത്ഥം വരുന്ന ഒരു ചൊല്ലുണ്ട് നമ്മുടെ രാജ്യത്ത്. സമാനമായി വ്യാപാരികള്‍ക്ക് ഒരു സ്ഥലവും ദൂരത്തല്ല. ഇന്നിപ്പോള്‍, സാങ്കേതികവിദ്യ വ്യാപാരത്തെ വളരെ അനായാസമാക്കിയിരിക്കുന്നു. ഓരോ ദിവസം ചെല്ലുന്തോറും ദൂരം ചെറുതായി വരികയാണ്. ഈ സാങ്കേതികവിദ്യ കൂടുതലായി ഉപയോഗിക്കുന്നത് രാജ്യത്തെ വ്യാപാര സംസ്‌കാരത്തിലാണ്, അത് കൂടുതല്‍ മെച്ചവുമാണ്.
ഒരു വര്‍ഷത്തില്‍ കുറഞ്ഞ കാലംകൊണ്ട് ജി എസ് ടി രാജ്യത്തെ വ്യാപാര രംഗത്ത് ഉണ്ടാക്കിയ മാറ്റം നാം കാണുകയാണ്. സാങ്കേതികവിദ്യയുടെ അഭാവത്തില്‍ ഇത് സാധ്യമാകുമായിരുന്നോ? ഇല്ല. ഇന്ന്, പരോക്ഷ നികുതിയുടെ ഭാഗമായി മാറിയ നിരവധിപ്പേര്‍ ജി എസ് ടി മൂലം വളരെ വേഗത്തില്‍ വികസിക്കുകയാണ്.
സ്വാതന്ത്ര്യകാലം മുതല്‍ നമ്മുടെ രാജ്യത്തെ പരോക്ഷ നികുതി സമ്പ്രദായവുമായി ബന്ധപ്പെട്ടിരുന്നത് 60 ലക്ഷം ആളുകള്‍ മാത്രമാണ്. എന്നാല്‍ 11 മാസംകൊണ്ട് 54ലക്ഷത്തിലേറെ ആളുകള്‍ ജി എസ് ടിയില്‍ ചേരാന്‍ അപേക്ഷ നല്‍കി. ഇതിനു പുറമേ 47 ലക്ഷം പേര്‍ ഇപ്പോള്‍ത്തന്നെ ജി എസ് ടിയില്‍ ചേര്‍ന്നു കഴിഞ്ഞു. അതായത്, ആകെ ജി എസ് ടിയില്‍ ചേര്‍ന്നവരുടെ എണ്ണം ഒരു കോടി കവിഞ്ഞിരിക്കുന്നു.
കാര്യങ്ങള്‍ ലളിതമാക്കിയാല്‍, ഗവണ്‍മെന്റ് ഇടപെടലിന്റെ രീതി ലഘൂകരിച്ചാല്‍, പരമാവധി ഭരണനിര്‍വഹണം സാധ്യമാകും എന്നുകൂടിയാണ് ഇത് കാണിക്കുന്നത്. വികസനത്തിന്റെ മുഖ്യധാരയില്‍ ചേരാന്‍ നിരവധിയാളുകളാണ് ഇപ്പോള്‍ മുന്നോട്ടു വരുന്നത്.
സുഹൃത്തുക്കളേ, കഴിഞ്ഞ നാല് വര്‍ഷമായി ഗവണ്‍മെന്റ് ശ്രമിക്കുന്നത് ജനസൗഹൃദപരവും വികസന സൗഹൃദപരവും നിക്ഷേപ സൗഹൃദപരവുമായ ഒരു അന്തരീക്ഷമുണ്ടാക്കാനാണ് എന്ന് നിങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടല്ലോ. ഇന്ത്യയുടെ ബൃഹദ് സമ്പദ് സൂചികകള്‍ നിരവധി ആഗോള വെല്ലുവിളികള്‍ക്കിടയിലും സുസ്ഥിരമായി തുടരുകയാണ്- അത് പണപ്പെരുപ്പമാകട്ടെ ധനക്കമ്മിയാകട്ടെ ഇപ്പോഴത്തെ ട്രഷറി ബാക്കിയാകട്ടെ- ഈ സൂചകങ്ങളെല്ലാം മുന്‍ ഗവണ്‍മെന്റിന്റെ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ റെക്കോഡ് വികാസമാണ് നേടിയിരിക്കുന്നത്.
ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ഇന്ന് പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനില കഴിഞ്ഞ നാലു വര്‍ഷത്തില്‍ 7.7 ശതമാനത്തിലെത്തി. നേരിട്ടുള്ള വിദേശ നിക്ഷേപവും (എഫ്ഡിഐ) വരാജ്യത്തിന്റെ വിദേശ വിനിമയ ശേഖരവും കഴിഞ്ഞ നാല് വര്‍ഷത്തില്‍ റെക്കോര്‍ഡിലെത്തി.
വിദേശ നിക്ഷേപകര്‍ക്ക് വിശ്വാസമുള്ള സൂചകങ്ങളില്‍ ലോകത്തെ രണ്ടാമത്തെ വളര്‍ച്ച പ്രദര്‍ശിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. അനായാസം വ്യവസായം നടത്താവുന്ന രാജ്യങ്ങളുടെ നിരയിലെ സ്ഥാനം 142ല്‍ നിന്ന് നൂറില്‍ എത്തി. ലോജിസ്റ്റിക് പ്രകടന സൂചകത്തില്‍ 19 പോയിന്റ് ഉയര്‍ന്നു. ആഗോള മാത്സര്യ സൂചകത്തിലെ സ്ഥാനം 71-ല്‍ നിന്ന് 39-ല്‍ എത്തി. ആഗോള നവീനാശയ സൂചകത്തില്‍ 21 പോയിന്റുകള്‍ മുന്നോട്ടു വന്നു. ഒരേ തരം കാഴ്ചപ്പാടിന്റെ ഫലമാണ് ഇതെല്ലാം.
സാമ്പത്തിക സാങ്കേതികവിദ്യാ മികവുള്ള അഞ്ച് രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നതും നിങ്ങളെല്ലാം അറിഞ്ഞിരിക്കണം. ഈ അനൂകൂല ഘടകങ്ങള്‍ക്കെല്ലാമൊപ്പം മറ്റൊരു വലിയ ചോദ്യംകൂടിയുണ്ട്- ഇനി എന്ത്.
സുഹൃത്തുക്കളേ, വളര്‍ച്ചാ നിരക്ക് 7- 8 ശതമാനത്തില്‍ നിന്ന് രണ്ടക്ക സംഖ്യയാക്കി മാറ്റുക എന്ന ലക്ഷ്യത്തിനു വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഡോളര്‍ 5 മഹാകോടി സമ്പദ്ഘടനയിലേക്ക് ഇന്ത്യ എത്താന്‍ എത്ര വര്‍ഷമെടുക്കും എന്നാണ് ലോകം ഇന്ന് പ്രതീക്ഷയോടെ നോക്കുന്നത്.
ഈ ലക്ഷ്യം വാണിജ്യ മന്ത്രാലയത്തിലെ ഓരോ ഉദ്യോഗസ്ഥനും ഒരു വെല്ലുവിളിയായി ഏറ്റെടുക്കും എന്നും ഞാന്‍ വിശ്വസിക്കുന്നു. സാമ്പത്തിക മുന്നണിയിലെ ഈ പുരോഗതി രാജ്യത്തെ സാധാരണക്കാരുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് വ്യാപാരം അനായാസമാക്കുന്നതിന്റെയും വ്യവസായം അനായാസമാക്കുന്നതിന്റെയും കാര്യം എവിടെയൊക്കെ ഞാന്‍ പറയാറുണ്ടോ അവിടെയൊക്കെ ജീവിതം അനായാസമാക്കുന്ന കാര്യവും പറയുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ആന്തരികമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ലോകത്ത് എല്ലാം ഒന്നു മറ്റൊന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു.
ഒരു വൈദ്യുതി കണക്ഷന്‍ എടുക്കുന്നത് വേഗത്തിലാകുമ്പോള്‍, കെട്ടിട നിര്‍മാണ അനുമതി വേഗത്തില്‍ ലഭിക്കുമ്പോള്‍, വ്യവസായങ്ങളും കമ്പനികളും ഈ പ്രക്രിയയുമായി മല്ലയുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരാതിരിക്കുമ്പോള്‍ അതിന്റെ നേട്ടം ലഭിക്കുന്നത് സാധാരണക്കാര്‍ക്കു കൂടിയാണ്. അതുകൊണ്ടുതന്നെ ഏതൊക്കെ വ്യത്യസ്ഥ മേഖലകളിലാണോ ഞെരുക്കങ്ങള്‍ തുടരുന്നത്, ഏതൊക്കെ കാര്യങ്ങളാണോ തടസ്സപ്പെട്ടുപോകുന്നത്, അവയൊക്കെ സാധ്യമാകുന്നത്ര വേഗം പരിഹരിക്കണം. പ്രത്യേകിച്ചും അടിസ്ഥാനസൗകര്യ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍. എവിടയൊക്കെ വിനിമയച്ചെലവ് ഉയര്‍ന്നതാണോ, നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അത് തടസ്സമാകുന്നുവെങ്കില്‍, സേവനങ്ങള്‍ മതിയായ വിധം നല്‍കാനാകുന്നില്ലെങ്കില്‍, അത് അവസാനിപ്പിച്ചേ പറ്റുകയുള്ളു, മെച്ചപ്പെടുത്തിയേ പറ്റുകയുള്ളു.
ലോജിസ്റ്റിക് മേഖലയുടെ സംയോജിത വികസനത്തിന്റെ ഉത്തരവാദിത്തം വാണിജ്യ വകുപ്പ് സമീപകാലത്ത് സ്വയം ഏറ്റെടുത്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ മുന്‍െൈകയെടുക്കല്‍ രാജ്യത്തിന്റെ വ്യാപാര പരിസ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കാന്‍ പോവുകയാണ്.
സുഹൃത്തുക്കളേ, ഒരു സംയോജിത ലോജിസ്റ്റിക് ആസൂത്രണം കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് പുതിയ ഇന്ത്യയ്ക്കും അത്യാന്താപേക്ഷിതമാണ്. നയങ്ങളും നിലവിലെ നടപടിക്രമങ്ങളും ഭേദഗഗതി ചെയ്തും ആധുനിക ഉപകരണങ്ങളുടെ ഉപയോഗം വര്‍ധിപ്പിച്ചും ഈ ലക്ഷ്യം നേടാന്‍ കഴിയും.
വാണിജ്യ വകുപ്പ് ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുടങ്ങാനുള്ള തീരുമാനത്തിലാണ് എന്ന് ഞാന്‍ മനസ്സിലാക്കുകയുണ്ടായി. വ്യാപാര രംഗത്ത് ഇന്ത്യയുടെ നില കൂടുതല്‍ കരുത്തുറ്റതാക്കാനും പുതിയ ഉയരത്തിലെത്തിക്കാനും കൂട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് അത്യന്താപേക്ഷിതമാണ്. ‘ഗവണ്‍മെന്റ് സമീപനത്തിന്റെ ആകെത്തുക’ എന്ന് നാം പറയുന്നത് ഇതിനെയാണ്. അത് നടപ്പാക്കുക തന്നെ വേണം.
അന്താരാഷ്ട്ര വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സൃഷ്ടിക്കാന്‍ വ്യാപാര വികസന-പ്രോല്‍സാഹന കൗണ്‍സില്‍ നല്ല ചുവടുവയ്പുകള്‍ നടത്തുന്നതും സന്തോഷകരമാണ്. നമുക്ക് ഇന്ത്യയുടെ കയറ്റുമതി വര്‍ധിപ്പിക്കണമെങ്കില്‍ ഈ കാര്യത്തില്‍ നാം സംസ്ഥാനങ്ങളെ സജീവ പങ്കാളികളാക്കിയേ തീരൂ.
ഒരു സംസ്ഥാനതല കയറ്റുമതി തന്ത്രം രൂപപ്പെടുത്തിക്കൊണ്ട് നാം ആ ദിശയില്‍ വേഗത്തില്‍ മുന്നേറുകയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ദേശീയ വ്യാപാര നയവുമായിക്കൂടി സൗഹൃദത്തിലാണ് അത് നിര്‍വഹിക്കുക. സാമ്പത്തിക സഹായം നല്‍കുകയും പങ്കാളികളെ മുഴുവന്‍ സ്വീകരിക്കുകയും ചെയ്യും. രാജ്യത്തിന് ഏറെ ഗുണകരമായിരിക്കും അത്.
സുഹൃത്തുക്കളേ, അന്തര്‍ദേശീയ വിപണിയില്‍ ഇന്ത്യയുടെ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ പുതിയ ഉല്‍പ്പന്നങ്ങളിലും പുതിയ വിപണികളിലും നമ്മുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങളെയും വിപണികളെയും പുതുക്കിക്കൊണ്ട് ഊന്നുക പ്രധാനപ്പെട്ട കാര്യമാണ്. നമുക്ക് നമ്മെ രാജ്യത്തിനു പുറത്തുനിന്നുള്ള സ്ഥിതിയും പുറത്തുനിന്നുള്ള സ്ഥിതിയും അഭിമുഖീകരിക്കാന്‍ കഴിയുന്നവിധം ശക്തി പകരണം.
ഹ്രസ്വകാല വികസന നേട്ടങ്ങള്‍ക്കും ദീര്‍ഘകാല സുസ്ഥിരതയ്ക്കും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ട് മുന്നോട്ടു നീങ്ങിയാല്‍ ഫലം കാണാനാകും. കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ ഇടക്കാല അവലോകനവുമായി ബന്ധപ്പെട്ട വിദേശ വ്യാപാര നയത്തെ വളരെ നല്ലൊരു നീക്കമായാണ് ഞാന്‍ കണക്കാക്കുന്നത്. മെച്ചങ്ങള്‍ വര്‍ധിപ്പിക്കുകയും കയറ്റുമതി പ്രോല്‍സാഹിപ്പിക്കാന്‍ എംഎസ്എംഇ മേഖലയുമായി കൈകോര്‍ക്കുകയും ചെയ്യുന്ന എല്ലാ മാറ്റങ്ങളും എടുത്തു പറയേണ്ടതാണ്. അത് രാജ്യത്തിന്റെ തൊഴിലുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു.
മറ്റൊരു പ്രധാന കാര്യമുള്ളത് ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയുമായി ബന്ധപ്പെട്ടതാണ്. ഇതാകട്ടെ 2014 ആഗസ്റ്റ് 15നു ചുവപ്പു കോട്ടയില്‍ ഞാന്‍ നടത്തിയ ശൂന്യ ന്യൂനത-ശൂന്യ പ്രത്യാഘാത അഭ്യര്‍ത്ഥന കാരണം സംഭവിച്ചതുമാണ്. ചെറിയ ഫാക്ടറിയായിലും വലിയ ഫാക്ടറിയായാലും ഉല്‍പ്പാദകര്‍ക്ക് ഏതുതരം ഉല്‍പ്പന്നം നിര്‍മ്മിക്കാനും ധൈര്യമുണ്ടാകണം; അത് നമ്മുടെ കയറ്റുമതിച്ചരക്കുകള്‍ ആരും തിരിച്ചയയ്ക്കാത്ത വിധം ശൂന്യ ന്യൂനമായിരിക്കണം. അതിനു പുറമേ, ശൂന്യ പ്രത്യാഘാത കാര്യവും ഞാന്‍ ചര്‍ച്ച ചെയ്തു. അതായത് നമ്മുടെ ഒരു ഉല്‍പ്പന്നവും പരിസ്ഥിതിക്ക് ദോഷകരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാകരുത്.
ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയേക്കുറിച്ചുള്ള ഈ അവബോധം ഇന്ത്യയില്‍ നിര്‍മ്മിക്കൂ മുന്നേറ്റത്തിനു വിശുദ്ധ നല്‍കുകയും പുതിയ ഒരു ഇന്ത്യയുടെ വ്യക്തിത്വത്തിന് കൂടുതല്‍ കരുത്തേകുകയും ചെയ്യും. 2014 ജൂണ്‍ രണ്ടിലെ 120-ല്‍ നിന്ന് നമ്മുടെ രാജ്യത്തെ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകളുടെ എണ്ണം കുതിച്ചുയര്‍ന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് അഭിമാനമുണ്ടാവുകയും ചെയ്യും. അവയാകട്ടെ ലോകനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തു നിര്‍മ്മിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ, ഇത് ദൃഢപ്രതിജ്ഞയ്ക്കുള്ള സമയമാണ്, ഇത് വെല്ലുവിളികള്‍ സ്വീകരിക്കാനുള്ള സമയമാണ്. ഇത് ഇന്ത്യയുടെ മൊത്തം ആഗോള വ്യാപാര പങ്ക് ഇരട്ടിയാക്കുമെന്ന് വാണിജ്യകാര്യ വകുപ്പ് ഉറപ്പു വരുത്തണം; നിലവിലെ 1.6 ശതമാനത്തില്‍ നിന്ന് അത് കുറഞ്ഞത് 3.4 ശതമാനമെങ്കിലുമാകണം. ലോക സമ്പദ്ഘടനയ്ക്ക് അതിന്റെ സംഭാവന ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന് (ജിഡിപി) തുല്യമായിരിക്കും. ഇത് നമ്മുടെ രാജ്യത്ത് പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും നമ്മുടെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് നേടിയെടുക്കുന്നതിന് ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളും കയറ്റുമതി പ്രോല്‍സാഹന കൗണ്‍സിലിലെ ഇവിടെയുള്ള മുഴുവന്‍ ആളുകളും കൂട്ടായ ശ്രമം നടത്തണം.
ഇറക്കുമതിയുമായി ബന്ധപ്പെട്ട ഒരുകാര്യം കൂടി പരിഹരിക്കാനുണ്ട്. ചില മേഖലകളില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ നമുക്കു സാധിക്കുമോ? അത് ഊര്‍ജ്ജം ഇറക്കുമതിയോ ഇലക്ട്രോണിക് സാധനങ്ങളുടെ ഇറക്കുമതിയോ ആകട്ടെ, പ്രതിരോധ മേഖലയ്ക്കു വേണ്ട ആയുധങ്ങളോ മറ്റു സാമഗ്രികളോ മെഡിക്കല്‍ ഉപകരണങ്ങളോ ആകട്ടെ. അവ ഇന്ത്യയില്‍ നിര്‍മ്മിക്കൂ മുഖേന സാധ്യമാക്കാന്‍ കഴിയുമോ? ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെ ഇറക്കുമതിയില്‍ പത്ത് ശതമാനം കുറവുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തിന്റെ വരുമാനം മൂന്നര ലക്ഷം കോടി രൂപ വരെ ഉയര്‍ത്തും. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച രണ്ടക്ക സംഖ്യയില്‍ എത്തിക്കാനുള്ള ഫലപ്രദമായ ഉപകരണമായി അതു മാറും.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉല്‍പ്പാദനത്തില്‍ നിങ്ങള്‍ക്ക് ഞാന്‍ അതിന്റെ ഒരു ഉദാഹരണം നല്‍കാം. നിങ്ങള്‍ക്കിതൊരു വെല്ലുവിളിയല്ലെങ്കിലും നമ്മുടെ ആകെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള 65 ശതമാനം സാധനങ്ങളും ഇപ്പോഴും വേണ്ടിവരുന്നത് പുറത്തുനിന്നല്ലേ? മൊബൈല്‍ ഫോണ്‍ നിര്‍മാണ മേഖലയില്‍ ഈ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ഇലക്ട്രോണിക് സാധനങ്ങളുടെ ഉല്‍പ്പാദനത്തില്‍ രാജ്യത്തെ സ്വാശ്രിതമാക്കാന്‍ നിങ്ങള്‍ക്കു കഴിയുമോ?
സുഹൃത്തുക്കളേ, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ അതിപ്രധാനമായ ചുവടുവയ്പ് കഴിഞ്ഞ വര്‍ഷം നടത്തിയതും നിങ്ങള്‍ക്ക് പരിചിതമാണ്. എല്ലാ വകുപ്പുകളും സ്ഥാപനങ്ങളും ആഭ്യന്തര വിതരണക്കാരില്‍ നിന്ന് പൊതുസംഭരണത്തിലൂടെ (കഴിയുന്നത്ര ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് മുന്‍ഗണന നല്‍കി) വാങ്ങുന്നതിന് ഊന്നല്‍ നല്‍കുന്നു. ഈ ക്രമം നടപ്പാക്കാനായിരിക്കണം എല്ലാ ശ്രമങ്ങളുടെയും കാതല്‍.
ഈ ക്രമം നടപ്പാക്കുന്നതിന് നിങ്ങളെല്ലാവരും, ഗവണ്‍മെന്റിന്റെ എല്ലാ ഘടകങ്ങളും നിങ്ങളുടെ മേല്‍നോട്ട സംവിധാനം ശക്തിപ്പെടുത്തണം. ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് മറ്റു നിരവധി പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കുന്നുണ്ട്. അത് നിയന്ത്രണ ചട്ടക്കൂടാകട്ടെ അല്ലെങ്കില്‍ നിയന്ത്രണ ചട്ടക്കൂട് എളുപ്പമാക്കുന്നതാകട്ടെ അതുമല്ലെങ്കില്‍ നിക്ഷേപ സൗഹൃദ നയമാകട്ടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതാകട്ടെ ഇതെല്ലാം ഇന്ത്യയെ സ്വാശ്രിതമാക്കാനാകണം; അതൊരിക്കലും ഇരുപ്പത്തിയൊന്നാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിനു പിന്നില്‍ ഇഴയുന്നതാകരുത്.
ഇന്ത്യയില്‍ നിര്‍മ്മിക്കൂ മുഖേന ഈ അഭിമാനം നേടിയെടുക്കാന്‍ സാധിക്കും എന്നു മാത്രമാണ് എന്റെ ഏക പ്രതീക്ഷ; നിര്‍മ്മിക്കാന്‍ പോകുന്ന വാണിജ്യ ഭവന് അത് ആദരവും കൊണ്ടുവരും.
സുഹൃത്തുക്കളേ, ഞാന്‍ ഇവിടെ വരുന്നതിനു മുമ്പ് എന്റെ കൈകള്‍കൊണ്ടു ചെയ്ത ശുഭകരമായ മറ്റൊരു കാര്യം കൂടി നിങ്ങള്‍ക്കു ലഭിച്ചു. ഈ ചുറ്റുവട്ടത്ത് ബാകുലോ മൗല്‍ശ്രിയോ വച്ചുപിടിപ്പിക്കാനുള്ള നല്ല അവസരം എനിക്കു ലഭിച്ചു. പുരാണകാലം മുതല്‍ ആദരിക്കപ്പെടുന്നതാണ് മൗല്‍ശ്രി. അത് പൂര്‍ണമായും വിവിധതരം ഔഷധ വസ്തുക്കളുടെ കാലമായിരുന്നു. മൗല്‍ശ്രീ മരം വര്‍ഷങ്ങളോളം തണല്‍ നല്‍കുന്നു. ഇതിനു പുറമേ ആയിരത്തിലധികം മരങ്ങള്‍ ഇവിടെ വച്ചുപിടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി എനിക്ക് അറിയാന്‍ കഴിഞ്ഞു.
ആധുനിക സാങ്കേതികവിദ്യാ സജ്ജമായ ഈ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പുതിയ ഒരു ഇന്ത്യ നിര്‍മ്മിക്കുന്നതിന് ഉപയോഗപ്പെടുത്താനുള്ള ശ്രമം നിങ്ങളെല്ലാവരില്‍ നിന്നും ഉണ്ടാകുമെന്ന്, നിങ്ങളില്‍ നിന്ന് ഏറ്റവും നല്ലത് അതിനു വേണ്ടി ഉണ്ടാകുമെന്നും പ്രതീക്ഷിച്ചുകൊണ്ട് ഞാന്‍ എന്റെ പ്രസംഗം ഉപസംഹരിക്കുകയാണ്.
വാണിജ്യ ഭവന്‍ നിര്‍മാണം ആരംഭിക്കുന്നതില്‍ ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം അഭിനന്ദനങ്ങള്‍.
നിങ്ങള്‍ക്ക് നന്ദി.
……..