മെട്രോ റെയില്‍ സംയോജനത്തിന് വലിയ ഉത്തേജനം നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം നോയിഡ-ഗ്രേറ്റര്‍ നോയിഡ റെയില്‍ പദ്ധതിക്ക് അംഗീകാരം നല്കി. 29.707 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതിയുടെ ചെലവ് 5,503 കോടി രൂപയാണ്.
നോയിഡയെയും ഗ്രേറ്റര്‍ നോയിഡയെയും തമ്മില്‍ മെട്രോ റെയില്‍ വഴി ബന്ധിപ്പിക്കുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ചലനാത്മകത ഉറപ്പാക്കാന്‍ കഴിയും. ഇതിലൂടെ കൂടുതല്‍ ആളുകള്‍ ഡല്‍ഹിയുടെ ഈ ഉപഗ്രഹനഗരങ്ങളിലേക്ക് പോകുന്നതിനുള്ള സാദ്ധ്യതയുമുണ്ടാകും. അത് ഡല്‍ഹിയിലെ തിരക്ക് ഇല്ലാതാക്കുകയും ചെയ്യും. ഈ ഭാഗങ്ങളില്‍ ഇതിന്റെ ഫലമായി കൂടുതല്‍ പാര്‍പ്പിട സൗകര്യങ്ങളും വ്യാപാര സമുച്ചയങ്ങളുമുണ്ടാകും. മെട്രോ റെയില്‍ വരുന്നതോടെ റോഡ് വഴിയുള്ള വാഹനഗതാഗതവും കുറയും. അത് തിങ്ങിഞെരുങ്ങിയുള്ള യാത്ര ഇല്ലാതാക്കും. യാത്രയ്ക്ക് ചുരുങ്ങിയ സമയവും കുറഞ്ഞ ചെലവും മതിയാകും. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറയുന്നത് പരിസ്ഥിതി മലിനീകരണവും കുറയ്ക്കും. നോയിഡ-ഗ്രേറ്റര്‍ നോയിഡ ഭാഗത്ത് ഇപ്പോള്‍ തന്നെ താമസിക്കുന്ന 7.50 ലക്ഷം ആളുകള്‍ക്കും പരിസരത്തുള്ളവര്‍ക്കും ഈ മെട്രോ ശൃംഖല ഏറെ ഗുണപ്രദമായിരിക്കും.
നോയിഡ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡായിരിക്കും പദ്ധതി നടപ്പാക്കുക. കേന്ദ്ര ഗവണ്മെന്റിനും ഉത്തര്‍പ്രദേശ് ഗവണ്മെന്റിനും 50:50 ഓഹരിപങ്കാളിത്തമുള്ള സംയുക്ത സംരംഭമായിരിക്കും ഇത്. നിലവില്‍ സംസ്ഥാന ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള ഒരു പ്രത്യേകോദ്ദേശ സംവിധാനമായ (എസ്.പി.വി) നോയിഡ മെട്രോ റെയില്‍ കോര്പ്പറേഷന് ലിമിറ്റഡിനെ കേന്ദ്ര ഗവണ്മെന്റിന്റേയും ഉത്തര്‍പ്രദേശ് ഗവണ്മെന്റിന്റേയും സംയുക്ത പ്രത്യേകോദ്ദേശ സംവിധാനം(എസ്.പി.വി) ആക്കി മാറ്റും.
പദ്ധതിയിലൂടെ തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍, അര്‍ദ്ധ-വൈദഗ്ധ്യമുള്ളവര്‍, അവിദഗ്ധ വിഭാഗം എന്നിവര്‍ക്ക് വന്‍തോതില്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. നിര്‍മ്മാണ, പ്രവര്‍ത്തിപ്പിക്കല്‍ സമയത്ത് വന്‍തോതില്‍ പരോക്ഷ തൊഴിലവസരങ്ങള്‍ ലഭ്യമാകും.
വിശദമായ പദ്ധതി നിര്‍ദ്ദേശ(ഡി.പി.ആര്) ത്തിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി 2018 ഏപ്രിലോടുകൂടി പൂര്‍ത്തിയാകുന്ന തരത്തിലാണ് സമയപട്ടിക ക്രമപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര മെട്രോ നിയമം, മെട്രോ റെയില്‍വേയ്സ്(നിര്‍മ്മാണ പ്രവൃത്തികള്‍) നിയമം 1978, മെട്രോ റെയില്‍വേയ്സ് (നടത്തിപ്പും പരിപാലനവും) നിയമം 2002 എന്നിവയുടേയും കാലാകാലങ്ങളില്‍ ഇവയ്ക്കുണ്ടായ ഭേദഗതികളുടേയും നിയമപരമായ ചട്ടക്കൂടിന്റെ പരിധിയിലായിരിക്കും പദ്ധതി.