Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതൃത്വം പ്രധാനമാണ് : ‘സമകാലീന ലോകത്ത് മഹാത്മാഗാന്ധിയുടെ പ്രസക്തി’


അക്രമരാഹിത്യത്തിന്റെയും, സമാധാനത്തിന്റെയും ആഗോള പ്രതീകമായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തുള്ള ഇക്കോ സോക്ക് ചേമ്പറില്‍, ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്മേളനത്തിനിടെ ഒരു ഉന്നതതല പരിപാടി സംഘടിപ്പിച്ചു.

യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ- ഇന്‍, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂംഗ്, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന, ജമൈക്ക പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നസ്, ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോത്തേ ഷെറിംഗ്, വടക്കന്‍ കൊറിയയിലെ പ്രഥമ വനിത കിം ജുംഗ് -സൂക്ക്, ഐക്യരാഷ്ട്ര സഭയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിവിധ അംഗരാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

വിദേശകാര്യമന്ത്രി ശ്രീ. ഡോ. എസ്. ജയശങ്കര്‍ സ്വാഗതം ആശംസിച്ചു. പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ ഒന്നിച്ച് ഗാന്ധി സോളാര്‍ പാര്‍ക്ക് (ഐക്യരാഷ്ട്രസഭയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റ് സംഭാവന ചെയ്തത്), ഓള്‍ഡ് വെസ്റ്റ് ബറിയിലെ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക് കോളേജിലെ ഗാന്ധി സമാധാന പൂന്തോട്ടം എന്നിവ ഉദ്ഘാടനം ചെയ്തു. യു.എന്‍. പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പുറത്തിറക്കിയ മഹാത്മാഗാന്ധി സ്മാരക പ്രത്യേക തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനവും അവര്‍ നിര്‍വ്വഹിച്ചു.

20-ാം നൂറ്റാണ്ടില്‍ മനുഷ്യന്റെ വര്‍ദ്ധിച്ച സ്വാതന്ത്ര്യത്തിന് വേണ്ടി മഹാത്മാഗാന്ധി നല്‍കിയ സംഭാവനകള്‍, ഏവരുടെയും ക്ഷേമം (സര്‍വ്വോദയ), അധസ്ഥിതരുടെ ഉന്നമനം (അന്ത്യോദയ), പാരിസ്ഥിതിക സുസ്ഥിരതയെ കുറിച്ച് ദീര്‍ഘ ദൃഷ്ടിയായ ആശങ്ക മുതലായവ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തന്റെ മുഖ്യ പ്രഭാഷണത്തില്‍ വിവരിച്ചു.

കൂട്ടായ ഇച്ഛാശക്തി, ഒരു പോലെയുള്ള ഭാഗധേയം, സാന്‍മാര്‍ഗ്ഗിക ലക്ഷ്യം, ജനകീയ പ്രസ്ഥാനങ്ങള്‍, വ്യക്തിപരമായ ഉത്തരവാദിത്വം എന്നിവയില്‍ മഹാത്മാ ഗാന്ധിക്കുണ്ടായിരുന്ന വിശ്വാസം ഇന്നത്തെ കാലത്തിന്റെയും കൂടപ്പിറപ്പാണ്.

അക്രമാസക്തമായ ഏറ്റുമുട്ടല്‍, ഭീകരത, സാമ്പത്തിക അസമത്വങ്ങള്‍, സാമൂഹിക സാമ്പത്തിക ഇല്ലായ്മകള്‍, പകര്‍ച്ച വ്യാധികള്‍, കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളി മുതലായവ ജനങ്ങളെയും, രാജ്യങ്ങളെയും, സമൂഹങ്ങളെയും ബാധിക്കുന്നു. ഈ വിഷയങ്ങളില്‍ ഓരോന്നിനെയും നേരിടുന്നതില്‍ നേതൃത്വം നിര്‍ണ്ണായകമാണ്. ഗാന്ധിജി പരിപോഷിപ്പിച്ച മൂല്യങ്ങള്‍ അവബോധമുള്ള നേതൃത്വത്തിന് സാന്‍മാര്‍ഗ്ഗിക ദിശാബോധമായി നിലകൊള്ളും.

ഏത് നയവും, ഏത് പ്രവൃത്തിയും വിലയിരുത്തുന്നതിന് ഗാന്ധിജി നമുക്കൊരു മാന്ത്രിക രക്ഷായന്ത്രം തന്നു. നിര്‍ദ്ദിഷ്ട പ്രവൃത്തി നാം കാണുന്ന ഏറ്റവും പാവപ്പെട്ട മനുഷ്യന്റെ ജീവിതം, അന്തസ്സ്, ഭാഗധേയം എന്നിവ കൂടുതല്‍ മെച്ചപ്പെടുത്തുമോ എന്ന് വിലയിരുത്തണം. ശുചീകരണം, ഗര്‍ഭിണികളുടെ ആരോഗ്യം, പ്രഥമിക വിദ്യാഭ്യാസം, ലിംഗ സമത്വം, സ്ത്രീ ശാക്തീകരണം വിശപ്പ് കുറയ്ക്കല്‍, വികസനത്തിനായി പങ്കാളിത്തം ഉറപ്പാക്കല്‍ മുതലായവ എം.ഡി.ജി. കളോ, എസ്.ഡി.ജി. കളോ രൂപകല്‍പ്പന ചെയ്യുന്നതിന് വളരെ മുമ്പ് തന്നെ ഗാന്ധിയന്‍ ജീവിതത്തിന്റെ അടിത്തറയായിരുന്നു. ചുരുക്കത്തില്‍ ഗാന്ധിയന്‍ തത്വങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍.

ഗാന്ധിയന്‍ ചിന്തകള്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിച്ചുകൊണ്ട്, മഹാത്മാ ഗാന്ധിയുടെ പൈതൃകം വരും തലമുറകള്‍ക്കായി ഈട് നില്‍ക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. വംശം, മതം, രാജ്യങ്ങള്‍ എന്നിവയ്ക്കതീതമാണ് മഹാത്മാഗാന്ധിയുടെ നാമധേയമെന്നും 21-ാം നൂറ്റാണ്ടിന്റെ പ്രവാചക ശബ്ദമായി അത ഉരുത്തിരിഞ്ഞിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഗാന്ധി ഒരു ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു. അദ്ദേഹം ദേശീയവാദിയും, അന്തര്‍ദേശീയ വാദിയും, പാരമ്പര്യവാദിയും, പരിഷ്‌ക്കരണ വാദിയും, പരിഷ്‌ക്കര്‍ത്താവും, രാഷ്ട്രീയ നേതാവും, ആത്മീയ ഗുരുവും, എഴുത്തുകാരനും, ചിന്തകനും, സമാധാനവാദിയും, സാമൂഹിക മാറ്റത്തിന് വേണ്ടിയുള്ള ഒരു പ്രവര്‍ത്തകനുമായിരുന്നു. അക്രമരാഹിത്യത്തോടും, പരമമായ മാനവികതയോടുമുള്ള ആസക്തിയുടെ പേരില്‍ മാത്രമല്ല ലോകം മഹാത്മാഗാന്ധിയെ ഓര്‍ക്കുന്നത് മറിച്ച് പൊതു ജീവിതത്തില്‍ സ്ത്രീയെയും, പുരുഷനെയും, രാഷ്ട്രീയ ആശയങ്ങളെയും, ഗവണ്‍മെന്റ് നയങ്ങളെയും, ഭൂമിയെ കുറിച്ചുള്ള പ്രതീക്ഷകളെയും പരീക്ഷിച്ച് നോക്കാനുള്ള അളവ്‌കോല്‍ എന്ന നിലയ്ക്ക് കൂടിയാണ്.