Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നേതാക്കളുടെ പ്രസ്താവന: യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നിന്റെയും EU കോളേജ് ഓഫ് കമ്മീഷണേഴ്സിന്റെയും ഇന്ത്യാസന്ദര്‍ശനം (ഫെബ്രുവരി 27-28, 2025)

നേതാക്കളുടെ പ്രസ്താവന: യൂറോപ്യന്‍ കമ്മീഷന്റെ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നിന്റെയും EU കോളേജ് ഓഫ് കമ്മീഷണേഴ്സിന്റെയും ഇന്ത്യാസന്ദര്‍ശനം (ഫെബ്രുവരി 27-28, 2025)


യൂറോപ്യന്‍ യൂണിയന്‍-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്തം ജനങ്ങള്‍ക്കും വലിയ ആഗോള നന്മയ്ക്കും ശക്തമായ നേട്ടങ്ങള്‍ നല്‍കിയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയനും പറഞ്ഞു. 20 വര്‍ഷത്തെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ തന്ത്രപ്രധാന പങ്കാളിത്തവും 30 വര്‍ഷത്തെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സഹകരണ കരാറും അടിസ്ഥാനമാക്കി ഈ പങ്കാളിത്തം ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നു നേതാക്കൾ വ്യക്തമാക്കി.

2025 ഫെബ്രുവരി 27നും 28നും യൂറോപ്യന്‍ യൂണിയന്‍ കോളേജ് ഓഫ് കമ്മീഷണര്‍മാരെ ഇന്ത്യയിലേക്കു നയിച്ച് പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്ന്‍ ചരിത്രപരമായ ഔദ്യോഗിക സന്ദര്‍ശനത്തിലായിരുന്നു. കമ്മീഷണര്‍മാരുടെ കോളേജ് അവരുടെ പുതിയ അധികാരം ആരംഭിച്ചതിനുശേഷം യൂറോപ്യന്‍ ഭൂഖണ്ഡത്തിന് പുറത്തേക്കു നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. കൂടാതെ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉഭയകക്ഷി ബന്ധത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ സന്ദര്‍ശനമാണിത്.

രണ്ട് വലിയ ജനാധിപത്യ രാജ്യങ്ങളും വൈവിധ്യമാര്‍ന്ന ബഹുസ്വര സമൂഹങ്ങളുള്ള തുറന്ന വിപണി സമ്പദ്‌വ്യവസ്ഥകളും എന്ന നിലയില്‍, സമാധാനത്തിനും സ്ഥിരതയ്ക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും അടിത്തറയിടുന്ന ബഹുധ്രുവ ആഗോള ക്രമം രൂപപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും പങ്കാളിത്ത താല്‍പ്പര്യവും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും അടിവരയിട്ടു.

യുഎന്‍ ചാര്‍ട്ടറിന്റെ ഉദ്ദേശ്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി ജനാധിപത്യം, നിയമവാഴ്ച, നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം എന്നിവയുള്‍പ്പെടെയുള്ള പൊതുവായ മൂല്യങ്ങളും തത്വങ്ങളും പങ്കുവച്ച് ഇന്ത്യയെയും യൂറോപ്യന്‍ യൂണിയനെയും സമാന ചിന്താഗതിക്കാരും വിശ്വസ്തരായ പങ്കാളികളുമാക്കാൻ നേതാക്കള്‍ ധാരണയായി. ആഗോള പ്രശ്നങ്ങള്‍ സംയുക്തമായി അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിരത പരിപോഷിപ്പിക്കുന്നതിനും പരസ്പര അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യ-EU തന്ത്രപ്രധാന പങ്കാളിത്തം മുമ്പത്തേക്കാളും ഇപ്പോള്‍ ആവശ്യമാണ്.

ഈ സാഹചര്യത്തില്‍, വ്യാപാരം, വിതരണശൃംഖലകളുടെ അപകടസാധ്യത ഇല്ലാതാക്കുന്നതിന്റെ പ്രാധാന്യം, നിക്ഷേപം, ഉയര്‍ന്നുവരുന്ന നിര്‍ണായക സാങ്കേതികവിദ്യകള്‍, നൂതനാശയങ്ങള്‍, പ്രതിഭകള്‍, ഡിജിറ്റല്‍-ഹരിത വ്യാവസായിക പരിവര്‍ത്തനം, ബഹിരാകാശ-ജിയോസ്പേഷ്യല്‍ മേഖലകള്‍, പ്രതിരോധം, ജനങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ എന്നിവയില്‍ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സഹകരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തിനും അവര്‍ ഊന്നൽ നൽകി.

കാലാവസ്ഥാ വ്യതിയാനം, നിർമിതബുദ്ധി കൈകാര്യം ചെയ്യൽ, വികസന ധനസഹായം, പരസ്പരാശ്രിത ലോകത്ത് ഭീകരവാദം ഉള്‍പ്പെടെയുള്ള പൊതുവായ ആഗോള വെല്ലുവിളികളെ നേരിടുന്നതില്‍ സഹകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ അവര്‍ ഉയര്‍ത്തിക്കാട്ടി.

വ്യാപാരം, വിശ്വസനീയമായ സാങ്കേതികവിദ്യ, ഹരിത പരിവര്‍ത്തനം എന്നീ മേഖലകളില്‍ ആഴത്തിലുള്ള സഹകരണവും തന്ത്രപരമായ ഏകോപനവും വളര്‍ത്തിയെടുക്കുന്നതില്‍ സന്ദര്‍ശന വേളയില്‍ നടന്ന ഇന്ത്യ-EU വ്യാപാര-സാങ്കേതികവിദ്യാ സമിതിയുടെ (TTC) രണ്ടാം മന്ത്രിതല യോഗത്തിലുണ്ടായ പുരോഗതിയെ ഇരുനേതാക്കളും സ്വാഗതം ചെയ്തു.

യൂറോപ്യന്‍ യൂണിയന്‍ കോളേജ് ഓഫ് കമ്മീഷണര്‍മാരും ഇന്ത്യന്‍ സഹമന്ത്രിമാരും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ നിന്ന് ഉയര്‍ന്നുവന്ന പ്രത്യേക ഫലങ്ങളെയും അവര്‍ സ്വാഗതം ചെയ്തു.

നേതാക്കൾ ഇനിപ്പറയുന്ന കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധത അറിയിച്ചു:

i. ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ വളരുന്നതിന്റെ കേന്ദ്രവും പ്രാധാന്യവും തിരിച്ചറിഞ്ഞ്, ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ, സന്തുലിതവും ഉത്കൃഷ്ടവും പരസ്പര പ്രയോജനകരവുമായ FTA-യ്‌ക്കുള്ള ചർച്ചകൾ തുടരാൻ അതത് ചർച്ചാ സംഘങ്ങളെ ചുമതലപ്പെടുത്തി. വിപണി പ്രവേശനം വർധിപ്പിക്കുന്നതിനും വ്യാപാര തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും വിശ്വസനീയ പങ്കാളികളായി പ്രവർത്തിക്കാൻ നേതാക്കൾ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിക്ഷേപ സംരക്ഷണ കരാറിലും ഭൂമിശാസ്ത്രപരമായ സൂചകങ്ങളെക്കുറിച്ചുള്ള കരാറിലും ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും അവരെ ചുമതലപ്പെടുത്തി.

ii. സാമ്പത്തിക സുരക്ഷ, വിതരണശൃംഖല പുനരുജ്ജീവനം, വിപണി പ്രവേശനവും വ്യാപാരത്തിനുള്ള തടസ്സങ്ങളും, സെമികണ്ടക്ടർ ആവാസവ്യവസ്ഥകൾ ശക്തിപ്പെടുത്തൽ, വിശ്വസനീയവും സുസ്ഥിരവുമായ നിർമിതബുദ്ധി, ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിങ്, 6ജി, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ, പരിസ്ഥിതി സൗഹൃദ-സംശുദ്ധ ഊർജ സാങ്കേതികവിദ്യകൾക്കായുള്ള സംയുക്ത ഗവേഷണവും നവീകരണവും, വിശ്വസനീയ പങ്കാളിത്തങ്ങളിലും വ്യവസായ ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച്, വൈദ്യുത വാഹനങ്ങൾക്കുള്ള ബാറ്ററികളും (ഇവി) സമുദ്ര പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും ഹരിത/പുനരുൽപ്പാദക ഹൈഡ്രജനിലേക്ക് പുനഃചംക്രമണം ചെയ്യുന്നത് ഉൾപ്പെടെ, ഈ മേഖലകളിലുടനീളമുള്ള, ഫലാധിഷ്ഠിത സഹകരണം രൂപപ്പെടുത്തുന്നതിന് ഇടപെടൽ കൂടുതൽ ആഴത്തിലാക്കാൻ ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര സാങ്കേതിക കൗൺസിലിനോട് നിർദേശിക്കൽ. ഈ സാഹചര്യത്തിൽ, സെമികണ്ടക്ടറുകളുടെ വിതരണശൃംഖലകൾ വർദ്ധിപ്പിക്കുന്നതിനും, പരസ്പര പൂരക ശക്തികൾ പ്രയോജനപ്പെടുത്തുന്നതിനും, വിദ്യാർഥികളിലും യുവ പ്രൊഫഷണലുകളിലും പ്രതിഭാവിനിമയം സുഗമമാക്കുന്നതിനും, സെമികണ്ടക്ടർ വൈദഗ്ധ്യം വളർത്തിയെടുക്കുന്നതിനുമായി സെമികണ്ടക്ടറുകളെക്കുറിച്ചുള്ള ധാരണാപത്രം നടപ്പിലാക്കുന്നതിലെ പുരോഗതിയെ അവർ സ്വാഗതം ചെയ്തു. സുരക്ഷിതവും വിശ്വസനീയവുമായ ടെലികമ്മ്യൂണിക്കേഷനുകളും അതിജീവനശേഷിയുള്ള വിതരണശൃംഖലകളും സൃഷ്ടിക്കുന്നതിനായി ഭാരത് 6G സഖ്യവും EU 6G സ്മാർട്ട് നെറ്റ്‌വർക്കുകളും സേവന വ്യവസായ അസോസിയേഷനും തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചതിനെയും അവർ സ്വാഗതം ചെയ്തു.​

iii. കണക്റ്റിവിറ്റി, സംശുദ്ധ ഊർജം, കാലാവസ്ഥ, ജലം, അത്യാധുനിക-സുസ്ഥിര നഗരവൽക്കരണം, ദുരന്തനിവാരണം എന്നീ മേഖലകളിൽ ഇന്ത്യ-EU പങ്കാളിത്തത്തിന് കീഴിലുള്ള സഹകരണം കൂടുതൽ വികസിപ്പിക്കുകയും ആഴത്തിലാക്കുകയും ചെയ്യൽ; അതുപോലെ സംശുദ്ധ ഹൈഡ്രജൻ, തീരമേഖലയിലെ പവന-സൗര ഊർജം, സുസ്ഥിര നഗര ചലനക്ഷമത, വ്യോമയാനം, റെയിൽവേ തുടങ്ങിയ പ്രത്യേക മേഖലകളിലെ സഹകരണം വർധിപ്പിക്കൽ. ഈ സാഹചര്യത്തിൽ, ഇന്ത്യ-EU ഹരിത ഹൈഡ്രജൻ വേദിയും തീരമേഖലയിലെ പവനോർജത്തെക്കുറിച്ചുള്ള ഇന്ത്യ-EU വ്യവസായ ഉച്ചകോടിയും നടത്തുന്നതിനുള്ള കരാറിനെ അവർ സ്വാഗതം ചെയ്തു.

iv. പരസ്പര പുരോഗതി കൈവരിക്കുന്നതിനായി ഭാവിയിലെ തന്ത്രപ്രധാന സംയുക്ത കാര്യപരിപാടിയിൽ പ്രതിഫലിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ കമ്മീഷണർമാരും ഇന്ത്യൻ മന്ത്രിമാരും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ തിരിച്ചറിഞ്ഞ പുതിയ പ്രത്യേക സഹകരണ മേഖലകൾ വികസിപ്പിക്കുക.

v. ന്യൂഡൽഹിയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) യാഥാർഥ്യമാക്കുന്നതിന് ഉറച്ച നടപടികൾ കൈക്കൊള്ളുക, അന്താരാഷ്ട്ര സൗരസഖ്യം (ISA), ദുരന്തനിവാരണ അടിസ്ഥാനസൗകര്യസഖ്യം (CDRI), വ്യാവസായിക പരിവർത്തനത്തിനുള്ള നേതൃസംഘം (LeadIT 2.0), ആഗോള ജൈവഇന്ധനസഖ്യം എന്നിവയുടെ ചട്ടക്കൂടിൽ സഹകരണം കൂടുതൽ ആഴത്തിലാക്കുക.

vi. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, വിനോദസഞ്ചാരം, സംസ്കാരം, കായികം, എന്നിവയിൽ ജനങ്ങൾ തമ്മിലും യുവാക്കൾ തമ്മിലുമുള്ള ബന്ധം ശക്തിപ്പെടുത്തുക; അത്തരം വിനിമയങ്ങൾ വർധിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുക. ഇന്ത്യയുടെ വർധിച്ചുവരുന്ന മാനവ മൂലധനം കണക്കിലെടുത്ത്, യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ ജനസംഖ്യയും തൊഴിൽ വിപണി ആവശ്യങ്ങളും കണക്കിലെടുത്ത്, വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും പ്രൊഫഷണലുകളുടെയും മേഖലകളിൽ നിയമപരവും സുരക്ഷിതവും ക്രമീകൃതവുമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുക.

അന്താരാഷ്ട്ര നിയമത്തിലും പരമാധികാരത്തോടുള്ള പരസ്പര ബഹുമാനത്തിലും ഫലപ്രദമായ പ്രാദേശിക സ്ഥാപനങ്ങൾ അടിസ്ഥാനമാക്കിയുള്ള തർക്കങ്ങളുടെ സമാധാനപരമായ പരിഹാരത്തിലും അധിഷ്ഠിതമായ, സ്വതന്ത്രവും തുറന്നതും സമാധാനപരവും സമൃദ്ധവുമായ ഇന്തോ-പസഫിക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചു. ഇൻഡോ-പസഫിക് സമുദ്ര സംരംഭത്തിൽ (IPOI) യൂ​റോപ്യൻ യൂണിയൻ ഭാഗമാകുന്നതിനെ ഇന്ത്യ സ്വാഗതം ചെയ്തു. ആഫ്രിക്കയിലും ഇന്തോ-പസഫിക് മേഖലയിലും ഉൾപ്പെടെ ത്രികക്ഷി സഹകരണം തേടാനും ഇരുപക്ഷവും പ്രതിജ്ഞാബദ്ധമാണ്.

ഇന്ത്യൻ നാവികസേനയും EU സമുദ്ര സുരക്ഷാ സ്ഥാപനങ്ങളും തമ്മിലുള്ള സംയുക്ത അഭ്യാസങ്ങളും സഹകരണവും ഉൾപ്പെടെ പ്രതിരോധ-സുരക്ഷാ മേഖലയിൽ വർധിച്ചുവരുന്ന സഹകരണത്തിൽ ഇരുനേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയന്റെ ഘടനാപരമായ സ്ഥിരം സഹകരണത്തിന് (PESCO) കീഴിലുള്ള പദ്ധതികളിൽ ചേരാനും വിവര സുരക്ഷാ കരാറിനായി (SoIA) ചർച്ചകളിൽ വ്യാപൃതരാകാനുമുള്ള ഇന്ത്യയുടെ താൽപ്പര്യത്തെ EU പക്ഷം സ്വാഗതം ചെയ്തു. സുരക്ഷ-പ്രതിരോധ പങ്കാളിത്തം പര്യവേക്ഷണം ചെയ്യാനും നേതാക്കൾ പ്രതിജ്ഞാബദ്ധത അറ‌ിയിച്ചു. പരമ്പരാഗതവും പാരമ്പര്യേതരവുമായ ഭീഷണികളെ നേരിടുന്നതിലൂടെ സമുദ്ര സുരക്ഷ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള പ്രതിജ്ഞാബദ്ധത അവർ ആവർത്തിച്ചു. അതിർത്തി കടന്നുള്ള ഭീകരത, ഭീകരവാദ ധനസഹായം എന്നിവയുൾപ്പെടെയുള്ള ഭീകരതയെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ ചെറുക്കുന്നതിന് അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും ഭീകരതയെ നേരിടുന്നതിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെയും ആവശ്യകതയ്ക്കും അവർ ഊന്നൽ നൽകി.

മധ്യപൂർവദേശത്തെ സ്ഥിതിഗതികളും യുക്രൈനിലെ യുദ്ധവും ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര-പ്രാദേശിക വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. അന്താരാഷ്ട്ര നിയമം, യുഎൻ ചാർട്ടറിന്റെ തത്വങ്ങൾ, പ്രാദേശിക സമഗ്രത, പരമാധികാരം എന്നിവയോടുള്ള ബഹുമാനം അടിസ്ഥാനമാക്കി യുക്രൈനിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന് അവർ പിന്തുണ അറിയിച്ചു. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി, അംഗീകൃത അതിർത്തികൾക്കുള്ളിൽ സമാധാനത്തിലും സുരക്ഷയിലും ഇസ്രയേലും പലസ്റ്റൈനും ഒരുമിച്ച് ജീവിക്കുന്ന ദ്വിരാഷ്ട്ര പരിഹാരം എന്ന കാഴ്ചപ്പാടിനോടുള്ള പ്രതിജ്ഞാബദ്ധതയും അവർ ആവർത്തിച്ചു.

ചർച്ചകളുടെ ഉൽപ്പാദനപരവും ദീർഘവീക്ഷണാത്മകവുമായ സ്വഭാവം നേതാക്കൾ വിലയിരുത്തി. ഇനിപ്പറയുന്ന മൂർത്തമായ നടപടികൾ അംഗീകരിച്ചു:

(i) വർഷാവസാനത്തോടെ FTA അന്തിമമാക്കൽ വേഗത്തിലാക്കൽ.

(ii) പുതിയ സംരംഭങ്ങളിൽനിന്നും പരിപാടികളിൽനിന്നുമുള്ള അവസരങ്ങൾ അനാവരണം ചെയ്യുന്നതിനായി പ്രതിരോധ വ്യവസായത്തെയും നയത്തെയും കുറിച്ചുള്ള ചർച്ചകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കൽ.

(iii) IMEC സംരംഭം വിലയിരുത്താൻ പങ്കാളികളുമായുള്ള അവലോകന യോഗം.

(iv) പൊതുവായ വിലയിരുത്തൽ, ഏകോപനം, പരസ്പര പ്രവർത്തനക്ഷമത എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സമുദ്ര മേഖല അവബോധത്തിൽ വ്യാപൃതരാകൽ.

(v) സെമികണ്ടക്ടറുകളിലും മറ്റ് നിർണായക സാങ്കേതികവിദ്യകളിലും സഹകരണം വർധിപ്പിക്കുന്നതിന് ​TTC-യുടെ അടുത്ത യോഗം എത്രയും വേഗം വിളിച്ചുചേർക്കൽ.

(vi) ഹരിത ഹൈഡ്രജനിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, ഗവണ്മെന്റുകളും വ്യവസായവും തമ്മിൽ സംശുദ്ധ-ഹരിത ഊർജത്തെക്കുറിച്ചുള്ള ചർച്ചകൾ വർധിപ്പിക്കൽ.

(vii) ത്രികക്ഷി സഹകരണ പദ്ധതികളിലൂടെ ഉൾപ്പെടെ ഇന്തോ-പസഫിക്കിലെ സഹകരണം ശക്തിപ്പെടുത്തൽ.

(viii) തയ്യാറെടുപ്പ്, പ്രതികരണശേഷി, ഏകോപനം എന്നിവയ്ക്കായി നയപരവും സാങ്കേതികവുമായ തലത്തിലുള്ള ഇടപെടൽ ഉൾപ്പെടെയുള്ള ഉചിതമായ ക്രമീകരണങ്ങൾ വികസിപ്പിച്ച്, ദുരന്തനിവാരണസഹകരണം ശക്തിപ്പെടുത്തൽ.

ഈ സുപ്രധാന സന്ദർശനം ബന്ധങ്ങളുടെ ചരിത്രത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കുമെന്ന് ഇരുനേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ വികസിപ്പിക്കാനും ആഴത്തിലാക്കാനുമുള്ള പ്രതിജ്ഞാബദ്ധത ആവർത്തിക്കുകയും ചെയ്തു. പരസ്പരം സൗകര്യപ്രദമായ ഏറ്റവും അടുത്ത​​ വേളയിൽ ഇന്ത്യയിൽ സംഘടിപ്പിക്കുന്ന അടുത്ത ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്കായി കാത്തിരിക്കുന്നുവെന്നു വ്യക്തമാക്കിയ നേതാക്കൾ, ആ വേളയിൽ പുതിയ തന്ത്രപ്രധാന സംയുക്ത കാര്യപരിപാടി അംഗീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ഊഷ്മളമായ ആതിഥ്യമര്യാദയ്ക്ക് പ്രസിഡന്റ് വോൺ ഡെർ ലെയ്ൻ നന്ദി പറഞ്ഞു.

***

SK