Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


‌പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നിർമിതബുദ്ധി പങ്കാളിത്തത്തിന്റെ ആഗോള വാർഷിക (ജിപിഎഐ) ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ആഗോള നിർമിതബുദ്ധി പ്രദർശനവും പ്രധാനമന്ത്രി വീക്ഷിച്ചു. നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട മുൻഗണനകളിലെ അത്യാധുനിക ഗവേഷണത്തെയും പ്രായോഗിക പ്രവർത്തനങ്ങളെയും പിന്തുണയ്ക്കുന്നതിലൂടെ നിർമിതബുദ്ധി സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം നികത്താൻ ലക്ഷ്യമിടുന്ന 29 അംഗരാജ്യങ്ങളുള്ള ബഹു-ഓഹരി പങ്കാളിത്ത സംരംഭമാണ് ജിപിഎഐ. 2024 ൽ ജിപിഎഐയുടെ പ്രധാന അധ്യക്ഷപദവിയ‌ിലുള്ള രാഷ്ട്രമാണ് ഇന്ത്യ.

നിർമിതബുദ്ധിയെക്കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുമ്പോൾ അടുത്ത വർഷം നടക്കുന്ന ജിപിഎഐ ഉച്ചകോടിയിൽ ഇന്ത്യ അധ്യക്ഷത വഹിക്കുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. ഉയർന്നുവരുന്ന നല്ലതും ചീത്തയുമായ വശങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഓരോ രാജ്യത്തിലും നിക്ഷിപ്തമായ ഉത്തരവാദിത്വത്തിന് അടിവരയിടുകയും നിർമിതബുദ്ധിയുടെ വിവിധ വ്യാവസായ‌ിക നേതാക്കളുമായി ഇടപഴകുകയും ജിപിഎഐ ഉച്ചകോടിയെക്കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്തു. ചെറുതോ വലുതോ ആകട്ടെ, എല്ലാ രാജ്യങ്ങളിലും നിർമിതബുദ്ധി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും നിർദേശിച്ചു. ജിപിഎഐ ഉച്ചകോടിയിലെ ചർച്ച ദിശാബോധം നൽകുമെന്നും മാനവികതയുടെ അടിസ്ഥാന വേരുകൾ സുരക്ഷിതമാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിർമിതബുദ്ധി കഴിവുകളുടെയും ഇതുമായി ബന്ധപ്പെട്ട ആശയങ്ങളുടെയും കാര്യത്തിൽ ഇന്ത്യ ഇന്ന് പ്രധാന പങ്കുവഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ യുവാക്കൾ നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ അതിരുകൾ പരീക്ഷിക്കുകയും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്നതിനാൽ നിർമിതബുദ്ധിയോടുള്ള ഊർജസ്വലമായ ആവേശം ഇന്ത്യയിൽ ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിലൂടെ സാമൂഹ്യമാറ്റം കൊണ്ടുവരാനാണ് ഈ യുവാക്കൾ ശ്രമിക്കുന്നതെന്ന് ഉച്ചകോടിയിലെ നിർമിതബുദ്ധി പ്രദർശനത്തിലെ കാര്യങ്ങൾ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. കൃഷിയുടെ വിവിധ മേഖലകളിൽ കർഷകരെ സഹായിക്കുന്ന നിർമിതബുദ്ധി കാർഷിക ചാറ്റ്ബോട്ടിനെക്കുറിച്ച് പ്രധാനമന്ത്രി സൂചിപ്പിച്ചു. ആരോഗ്യസംരക്ഷണം, സുസ്ഥിര വികസനലക്ഷ്യങ്ങൾ എന്നീ മേഖലകളിൽ നിർമിതബുദ്ധിയുടെ ഉപയോഗത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

“ഇന്ത്യയുടെ വികസന മന്ത്രം ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്നതാണ്” – പ്രധാനമന്ത്രി പറഞ്ഞു. ഏവർക്കും നിർമിതബുദ്ധി എന്ന ആശയത്തോടെയാണ് ഗവൺമെന്റ് നയങ്ങളും പരിപാടികളും തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹ്യ വികസനത്തിനും സമഗ്രമായ വളർച്ചയ്ക്കും നിർമിതബുദ്ധിയുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഗവൺമെന്റ് ശ്രമിക്കുന്നുണ്ടെന്നും അതേസമയം അവയുടെ ഉത്തരവാദിത്വപരവും ധാർമികവുമായ ഉപയോഗത്തിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.  നിർമിതബുദ്ധിയെക്കുറിച്ചുള്ള ഒരു ദേശീയ പരിപാടി ആരംഭിക്കുന്നതിനെക്കുറിച്ചും നിർമിതബുദ്ധിയുടെ  കമ്പ്യൂട്ടിങ് കഴിവുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ഉടൻ ആരംഭിക്കുന്ന നിർമിതബുദ്ധി ദൗത്യത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഇത് ഇന്ത്യയിൽ പുതിയതായി തുടങ്ങുന്ന സംരംഭങ്ങൾക്കും നൂതനാശയങ്ങള്‍ക്കും മെച്ചപ്പെട്ട സേവനങ്ങൾ നൽകുമെന്നും കൃഷി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ  നിർമിതബുദ്ധി ആപ്ലിക്കേഷനുകൾ പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങൾ വഴി നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട നൈപുണ്യങ്ങൾ രണ്ടാംനിര-മൂന്നാംനിര നഗരങ്ങളിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. നിർമിതബുദ്ധി സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ നിർമിതബുദ്ധി പോർട്ടലിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, AIRAWAT സംരംഭത്തെക്കുറിച്ച് പരാമർശിക്കുകയും എല്ലാ ഗവേഷണ ലാബുകൾക്കും വ്യവസായങ്ങൾക്കും പുതിയ സംരംഭങ്ങൾക്കുമായി പൊതുവേദിക്ക് ഉടൻ തുടക്കംകുറിക്കുമെന്ന് അറിയിക്കുകയും ചെയ്തു.

നിര്‍മ്മിത ബുദ്ധി (എ.ഐ)യുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ പ്രധാനമന്ത്രി, പുതിയ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ഏറ്റവും വലിയ അടിത്തറയായി എ.ഐ മാറുകയാണെന്ന് പറഞ്ഞു. എ.ഐയ്ക്ക് ജനങ്ങളെ ബന്ധിപ്പിക്കാന്‍ കഴിയുന്നതിനാല്‍, അത് സാമ്പത്തിക വികസനം മാത്രമല്ല, സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കുന്നു. ”എത്രയധികം ഉള്‍ച്ചേര്‍ക്കുന്നുവോ, എ.ഐയുടെ വികസന യാത്രയുടെ ഫലവും കൂടുതല്‍ ഉള്‍ച്ചേര്‍ക്കുന്നതായിരിക്കും” എ.ഐയെ കൂടുതല്‍ ഉള്‍ച്ചേര്‍ക്കിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് അദ്ദേഹംപറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടില്‍ അസമമായ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനം സമൂഹത്തിലെ അസമത്വത്തെ കൂടുതല്‍ തെളിച്ചുകാണിക്കുന്നതായും അദ്ദേഹം പരാമര്‍ശിച്ചു. ഇതൊഴിവാക്കാന്‍ സാങ്കേതികവിദ്യയെ കൂടുതല്‍ ഇന്‍ക്ലൂഷന്‍ മള്‍ട്ടിപ്ലൈയര്‍ ആക്കാനായി ജനാധിപത്യ മൂല്യങ്ങള്‍ അവഗണിക്കരുതെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ”എ.ഐ വികസനത്തിന്റെ ദിശ പൂര്‍ണ്ണമായും മാനുഷികവും ജനാധിപത്യപരവുമായ മൂല്യങ്ങളെ ആശ്രയിച്ചായിരിക്കും. കാര്യക്ഷമതയ്‌ക്കൊപ്പം വികാരങ്ങള്‍ക്കും, സാഫല്യത്തിനൊപ്പം ധാര്‍മ്മികതയ്ക്കും ഇടം നല്‍കേണ്ടത് നമ്മളാണ്, അദ്ദേഹം പറഞ്ഞു.

ഏതൊരു സംവിധാനവും സുസ്ഥിരമാക്കുന്നതിന് അത് പരിവര്‍ത്തനപരവും സുതാര്യവും വിശ്വാസയോഗ്യ വുമാക്കേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ”എ.ഐ പരിവര്‍ത്തനപരമാണെന്നതില്‍ സംശയമില്ല, എന്നാല്‍ അത് കൂടുതല്‍ കൂടുതല്‍ സുതാര്യമാക്കേണ്ടത് നമ്മളാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡാറ്റ ഉപയോഗിക്കുന്നത് സുതാര്യവും പക്ഷപാതരഹിതവുമായി നിലനിര്‍ത്തുന്നത് ഒരു നല്ല തുടക്കമാകുമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐയുടെ വികസന യാത്രയില്‍ ആരും പിന്നിലാകില്ലെന്ന് എല്ലാ രാജ്യങ്ങള്‍ക്കും ഉറപ്പ് നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട ധാര്‍മ്മികവും സാമ്പത്തികവും സാമൂഹികവുമായ വശങ്ങള്‍ അഭിസംബോധന ചെയ്യുമ്പോള്‍ മാത്രമേ എ.ഐയിലുള്ള വിശ്വാസം വളരുകയുള്ളൂ. ഇതിനുള്ള ഒരു മാര്‍ഗ്ഗം, നൈപുണ്യം ഉയര്‍ത്തുന്നതും പുനര്‍ നൈപുണ്യവും എ.ഐ വളര്‍ച്ചാ വക്രത്തിന്റെ ഭാഗമാക്കുക എന്നതാണ്, അദ്ദേഹം പറഞ്ഞു. ഡാറ്റ സംരക്ഷണവും ഗ്ലോബല്‍ സൗത്തിനുള്ള ഉറപ്പുകളും നിരവധി ആശങ്കകള്‍ ശമിപ്പിക്കും.

21-ാം നൂറ്റാണ്ടില്‍ വികസനത്തിനുള്ള ഏറ്റവും ശക്തമായ ഉപകരണമായി മാറാന്‍ ഇതിന് ശേഷിയുണ്ടെങ്കിലും, അതിന്റെ നാശത്തിലും ഇതിന് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും എ.ഐയുടെ നിഷേധാത്മക വശങ്ങള്‍ക്ക് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഡീപ്‌ഫേക്ക്, സൈബര്‍ സുരക്ഷ, ഡാറ്റ മോഷണം,

ഭീകരവാദസംഘടനകളുടെ കൈകളില്‍ എ.ഐ ഉപകരണങ്ങള്‍ എത്തപ്പെടുന്നത് എന്നിവ ചൂണ്ടിക്കാട്ടികൊണ്ട് പ്രതിരോധ നടപടികളുടെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷത്തിന്റെ കാലത്ത് ഉത്തരവാദിത്തമുള്ള മനുഷ്യകേന്ദ്രീകൃത എ.ഐ ഭരണത്തിനായി ഒരു ചട്ടക്കൂട് സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ നിര്‍ദ്ദേശത്തില്‍ വെളിച്ചം വീശിയ അദ്ദേഹം എ.ഐ തത്ത്വങ്ങളോട് എല്ലാ അംഗരാജ്യങ്ങള്‍ക്കുമുള്ള പ്രതിബദ്ധത ജി20 ന്യൂഡല്‍ഹി പ്രഖ്യാപനം ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. വിവിധ അന്താരാഷ്ട്ര പ്രശ്‌നങ്ങളിലെ കരാറുകളും പ്രോട്ടോക്കോളുകളും പോലെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള അല്ലെങ്കില്‍ ഫ്രോണ്ടിയര്‍ എ.ഐഉപകരണങ്ങളുടെ പരിശോധനയും വികസനവും ഉള്‍പ്പെടെയുള്ള എ.ഐ യുടെ ഉപയോഗം ധാര്‍മ്മികമാക്കുന്നതിനുമായി ഒരു ചട്ടക്കൂട് സൃഷ്ടിക്കണമെന്നതിനും അദ്ദേഹം ഊന്നല്‍ നല്‍കി. ബോദ്ധ്യം, പ്രതിബദ്ധത, ഏകോപനം, സഹകരണം എന്നിവയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഈ ദിശയില്‍ ഒരു നിമിഷം പോലും പാഴാക്കരുതെന്ന് ലോകത്തോടാകമാനം ആഹ്വാനം ചെയ്തു. ”ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ നാം ആഗോള ചട്ടക്കൂട് പൂര്‍ത്തിയാക്കണം. മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇത് ചെയ്യേണ്ടത് വളരെ പ്രധാനമാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐയെ ലോകമെമ്പാടുമുള്ള ഒരു പ്രസ്ഥാനമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സഹകരണത്തിന്റെ ആവശ്യകതയ്ക്കും ഊന്നല്‍ നല്‍കി. എ.ഐ. ഉപകരണങ്ങളുടെ പരീക്ഷണത്തിനും പരിശീലനത്തിനുമുള്ള ഡാറ്റാ സെറ്റുകള്‍, ഏതെങ്കിലും ഉല്‍പ്പന്നം വിപണിയില്‍ ഇറക്കുന്നതിന് മുമ്പുള്ള പരിശോധനയുടെ ദൈര്‍ഘ്യവും, കാലയളവും തുടങ്ങി എ.ഐയുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിന് അഭിസംബോധന ചെയ്യേണ്ട ചില ചോദ്യങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഏതെങ്കിലും വിവരമോ ഉല്‍പ്പന്നമോ എ.ഐ സൃഷ്ടിച്ചതായി അടയാളപ്പെടുത്താന്‍ ഒരു സോഫ്റ്റ്‌വെയര്‍ വാട്ടര്‍മാര്‍ക്ക് അവതരിപ്പിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

ഗവൺമെന്റിലെ പങ്കാളികളെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, തെളിവുകൾ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ വിവരങ്ങൾ മനസിലാക്കാനും, നിർമിതബുദ്ധി സങ്കേതങ്ങൾ പരിശീലിപ്പിക്കുന്നതിനു ഡാറ്റ ഉപയോഗിക്കാനാകുമോ എന്നു പരിശോധിക്കാനും ആവശ്യപ്പെട്ടു. നിർമിതബുദ്ധിസങ്കേതങ്ങളെ അവയുടെ കഴിവുകൾക്കനുസരിച്ചു ചുവപ്പ്, മഞ്ഞ അല്ലെങ്കിൽ പച്ച എന്നിങ്ങനെ തരംതിരിക്കാൻ കഴിയുന്ന പരിശോധനാസംവിധാനം ഉണ്ടോയെന്ന് അദ്ദേഹം ആ​രാഞ്ഞു. “അതിജീവനശേഷിയുള്ള തൊഴിൽ ഉറപ്പാക്കുന്ന സ്ഥാപനസംവിധാനം സൃഷ്ടിക്കാൻ നമുക്കു കഴിയുമോ? നിലവാരമുള്ള ആഗോള നിർമിതബുദ്ധി വിദ്യാഭ്യാസ പാഠ്യപദ്ധതി കൊണ്ടുവരാൻ നമുക്കു കഴിയുമോ? നിർമിതബുദ്ധി അധിഷ്ഠിതഭാവിക്കായി ജനങ്ങളെ സജ്ജമാക്കുന്നതിനായി മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ നമുക്കാകുമോ?” പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ നൂറുകണക്കിനു ഭാഷകളും ആയിരക്കണക്കിനു ഭാഷാഭേദങ്ങളും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഡിജിറ്റൽ ഉൾച്ചേർക്കൽ വർധിപ്പിക്കുന്നതിനു പ്രാദേശിക ഭാഷകളിൽ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കാൻ നിർമിതബുദ്ധി ഉപയോഗിക്കാൻ നിർദേശിച്ചു. നിലവിൽ സംസാരഭാഷയല്ലാത്ത ഭാഷകളെ പുനരുജ്ജീവിപ്പിക്കാനും സംസ്‌കൃതഭാഷയുടെ സമ്പന്നമായ വിജ്ഞാന അടിത്തറയും സാഹിത്യവും മുന്നോട്ടുകൊണ്ടുപോകാനും വേദഗണിതത്തിന്റെ നഷ്ടമായ വാല്യങ്ങൾ വീണ്ടും കൂട്ടിച്ചേർക്കാനും നിർമിതബുദ്ധി ഉപയോഗിക്കാൻ അദ്ദേഹം നിർദേശിച്ചു.

ഓരോ പ്രതിനിധിക്കും ആശയവിനിമയത്തിനും മികച്ച പഠനാനുഭവത്തിനും ജിപിഎഐ ഉച്ചകോടി മികച്ച അവസരമായി മാറുമെന്നു പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “അടുത്ത രണ്ടു ദിവസങ്ങളിൽ, നിങ്ങൾ നിർമിതബുദ്ധിയുടെ വിവിധ വശങ്ങൾ പരിശോധിക്കും. ഫലങ്ങൾ നടപ്പാക്കുമ്പോൾ, ഉത്തരവാദിത്വമുള്ളതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനു തീർച്ചയായും വഴിയൊരുക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു”- പ്രധാനമന്ത്രി ഉപസംഹരിച്ചു.

കേന്ദ്ര ഇലക്ട്രോണിക്സ് – വി‌വര-സാങ്കേതികവിദ്യാമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, സഹമന്ത്രി ശ്രീ രാജീവ് ചന്ദ്രശേഖർ, ജിപിഎഐയുടെ അധ്യക്ഷപദത്തിൽ നിന്നു സ്ഥാനമൊഴിയുന്ന ജപ്പാന്റെ ആഭ്യന്തരകാര്യ-വാർത്താവിനിമയ മന്ത്രാലയത്തിന്റെ നയ ഏകോപന ഉപമന്ത്രി ഹിരോഷി യോഷിദ, ഇലക്ട്രോണിക്സ് – വിവര-സാങ്കേതികവിദ്യ മന്ത്രാലയ സെക്രട്ടറി ശ്രീ എസ് കൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട മുന്‍ഗണനകളില്‍ അത്യാധുനിക ഗവേഷണത്തെയും പ്രായോഗിക പ്രവര്‍ത്തനങ്ങളെയും പിന്തുണച്ചുകൊണ്ട് നിർമിതബുദ്ധിയിലെ സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം നികത്താന്‍ ലക്ഷ്യമിടുന്ന 29 അംഗരാജ്യങ്ങളുള്ള ബഹു ഓഹരി പങ്കാളിത്ത സംരംഭമാണ് ജി.പി.എ.ഐ. 2024-ല്‍ ജി.പി.എ.ഐയുടെ പ്രധാന അധ്യക്ഷപദത്തിലുള്ള രാജ്യം ഇന്ത്യയാണ്. 2020-ല്‍ സ്ഥാപിതമായ ജി.പി.എ.ഐയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളും നിലവിലെ ജി.പി.എ.ഐയുടെ ഇന്‍കമിംഗ് സപ്പോര്‍ട്ട് ചെയര്‍, 2024-ല്‍ ജി.പി.എ.ഐയുടെ ലീഡ് ചെയര്‍ എന്നീ നിലകളിലുള്ള ഇന്ത്യയാണ്, 2023 ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന ജി.പി.എ.ഐ വാര്‍ഷിക ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്.

നി‌ർമിതബുദ്ധിയും ആഗോള ആരോഗ്യവും, വിദ്യാഭ്യാസവും നൈപുണ്യവും, നിർമി‌തബുദ്ധിയും ഡാറ്റാ ഗവേണന്‍സും, എം.എല്‍ ശില്‍പ്പശാല തുടങ്ങി വിവിധ വിഷയങ്ങളില്‍ ഒന്നിലധികം സെഷനുകള്‍ ഉച്ചകോടിയില്‍ സംഘടിപ്പിക്കും. ഗവേഷണ സിമ്പോസിയം, നിർമിതബുദ്ധി എ.ഐ ഗെയിം ചേഞ്ചേഴ്‌സ് പുരസ്കാരം, ഇന്ത്യ നിർമിതബുദ്ധി എക്‌സ്‌പോ എന്നിവയാണ് ഉച്ചകോടിയിലെ മറ്റ് ആകര്‍ഷണങ്ങള്‍.

വിവിധ രാജ്യങ്ങളിൽനിന്നുള്ള 50-ലധികം ജി.പി.എ.ഐ വിദഗ്ധരും 150-ലധികം പ്രഭാഷകരും ഉച്ചകോടിയില്‍ പങ്കെടുക്കും. കൂടാതെ, ഇന്റല്‍, റിലയന്‍സ് ജിയോ, ഗൂഗിള്‍, മെറ്റാ, എ.ഡബ്ല്യു.എസ്, യോട്ടാ, നെറ്റ്‌വെബ്, പേ ടിഎം, മൈക്രോസോഫ്റ്റ്, മാസ്റ്റര്‍കാര്‍ഡ്, എന്‍.ഐ.സി, എസ്.ടി.പി.ഐ, ഇമ്മേഴ്‌സ്, ജിയോ ഹാപ്ടിക്, ഭാഷിണി തുടങ്ങി ലോകമെമ്പാടുമുള്ള നിർമിതബുദ്ധിയിലെ പരിവർത്തനവാഹകരും വിവിധ പരിപാടികളില്‍ പങ്കെടുക്കും. യുവ നിർമിതബുദ്ധി സംരഭത്തിൽ വിജയികളായ വിദ്യാർഥികളും സ്റ്റാര്‍ട്ടപ്പുകളും അവരുടെ നിർമിതബുദ്ധി മാതൃകകളും പ്രതിവിധികളും പ്രദര്‍ശിപ്പിക്കും.

 

AI has the potential to revolutionise India’s tech landscape. Speaking at the Global Partnership on Artificial Intelligence Summit. https://t.co/sHGXrBreLh

— Narendra Modi (@narendramodi) December 12, 2023

In India, we are witnessing an AI innovation spirit. pic.twitter.com/NNMmyK0Ftw

— PMO India (@PMOIndia) December 12, 2023

AI for social development and inclusive growth. pic.twitter.com/RqUAh5FVze

— PMO India (@PMOIndia) December 12, 2023

India is committed to responsible and ethical use of AI. pic.twitter.com/Yt9gvK2UP7

— PMO India (@PMOIndia) December 12, 2023

With AI we are entering a new era. pic.twitter.com/zrby0f2T3l

— PMO India (@PMOIndia) December 12, 2023

AI is transformative. But it must be made as transparent as possible. pic.twitter.com/Q0VOPx6hU7

— PMO India (@PMOIndia) December 12, 2023

There are many positive aspects of AI, but the negative aspects related to it are also a matter of equal concern. pic.twitter.com/uZqsDOZNX1

— PMO India (@PMOIndia) December 12, 2023

We have to work together to prepare a global framework for the ethical use of AI. pic.twitter.com/oYtC2NgJpW

— PMO India (@PMOIndia) December 12, 2023

*****

–NS–