ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന നിര്‍മ്മിതബുദ്ധി, ഇന്ത്യയ്ക്ക് വേണ്ടി നിര്‍മ്മിതബുദ്ധി പ്രവര്‍ത്തിപ്പിക്കുക എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തി, സമഗ്രമായ ദേശീയതല ഇന്ത്യ നിര്‍മ്മിതബുദ്ധി ദൗത്യത്തിനായി 10,371.92 കോടി രൂപ ബജറ്റ് വിഹിതത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കി.
പൊതു-സ്വകാര്യ മേഖലകളിലുടനീളമുള്ള തന്ത്രപരമായ പരിപാടികളിലൂടെയും പങ്കാളിത്തത്തിലൂടെയും നിര്‍മ്മിതബുദ്ധി നവീകരണത്തെ ഉത്തേജിപ്പിക്കുന്ന സമഗ്രമായ ആവാസവ്യവസ്ഥ ഇന്ത്യഎഐ ദൗത്യം സ്ഥാപിക്കും. കംപ്യൂട്ടിംഗ് പ്രവേശനം ജനാധിപത്യവല്‍ക്കരിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദ്ദേശീയ നിര്‍മ്മിതബുദ്ധി കഴിവുകള്‍ വികസിപ്പിക്കുക, മികച്ച നിര്‍മ്മിതബുദ്ധി പ്രതിഭകളെ ആകര്‍ഷിക്കുക, വ്യവസായ സഹകരണം പ്രാപ്തമാക്കുക, സ്റ്റാര്‍ട്ടപ്പ് നഷ്ടസാധ്യത മൂലധനം നല്‍കല്‍, സാമൂഹികമായി സ്വാധീനം ചെലുത്തുന്ന നിര്‍മ്മിതബുദ്ധി പദ്ധതികള്‍ ഉറപ്പാക്കൽ, ധാര്‍മ്മിക നിര്‍മ്മിതബുദ്ധിയെ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ ഇത് ഇന്ത്യയുടെ നിര്‍മ്മിതബുദ്ധി ആവാസവ്യവസ്ഥയുടെ ഉത്തരവാദിത്തമുള്ളതും സമഗ്രവുമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും.
ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ (ഡിഐസി) കീഴിലുള്ള ‘ഇന്ത്യ എഐ’ ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് ഡിവിഷന്‍ (ഐബിഡി) ഈ ദൗത്യം നടപ്പിലാക്കും. കൂടാതെ ഇതിന് ഇനിപ്പറയുന്ന ഘടകങ്ങളുമുണ്ട്:
1. ഇന്ത്യഎഐ കംപ്യൂട്ട് കപ്പാസിറ്റി: അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ നിര്‍മ്മിതബുദ്ധി സംരംഭങ്ങളില്‍ നിന്നും ഗവേഷണ ആവാസവ്യവസ്ഥയില്‍ നിന്നുമുള്ള വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യഎഐ കംപ്യൂട്ട് സ്തംഭം ഉയര്‍ന്ന അനുയോജ്യമായ നിര്‍മ്മിതബുദ്ധി കമ്പ്യൂട്ടിംഗ് ആവാസവ്യവസ്ഥ നിര്‍മ്മിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ നിര്‍മ്മിച്ച പതിനായിരമോ അതിലധികമോ ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ (ജിപിയു) നിര്‍മ്മിതബുദ്ധി കംപ്യൂട്ടര്‍ അടിസ്ഥാനസൗകര്യ ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെടും. കൂടാതെ, നിര്‍മ്മിതബുദ്ധി ഒരു സേവനമായും നിര്‍മ്മിതബുദ്ധി ഉപജ്ഞാതാക്കൾക്ക് മുന്‍കൂട്ടി പരിശീലിപ്പിച്ച മാതൃകകൾ വാഗ്ദാനം ചെയ്യുന്നതിനായി ഒരു നിര്‍മ്മിതബുദ്ധി മാര്‍ക്കറ്റ് പ്ലേസ് രൂപകല്‍പ്പന ചെയ്യും. നിര്‍മ്മിതബുദ്ധി നവീകരണത്തിന് നിര്‍ണായകമായ വിഭവങ്ങള്‍ക്കുള്ള ഒറ്റത്തവണ പരിഹാരമായി ഇത് പ്രവര്‍ത്തിക്കും.
2. ഇന്ത്യാഎഐ നൂതനായശകേന്ദ്രം: നിര്‍ണായക മേഖലകളില്‍ തദ്ദേശീയ ലാര്‍ജ് മള്‍ട്ടിമോഡല്‍ മോഡലുകളുടെയും (എല്‍എംഎം) ഓരോ മേഖല അടിസ്ഥാനമാക്കിയുള്ള മോഡലുകളുടെയും വികസനവും വിന്യാസവും ഇന്ത്യഎഐ ഇന്നൊവേഷന്‍ സെന്റര്‍ ഏറ്റെടുക്കും.
3. ഇന്ത്യഎഐ ഡാറ്റാസെറ്റ് പ്ലാറ്റ്‌ഫോം – നിര്‍മ്മിതബുദ്ധി ഇന്നൊവേഷനായി ഗുണനിലവാരമുള്ള വ്യക്തിഗതമല്ലാത്ത ഡാറ്റാസെറ്റുകളിലേക്കുള്ള പ്രവേശനം ഇന്ത്യഎഐ ഡാറ്റാസെറ്റ് പ്ലാറ്റ്ഫോം കാര്യക്ഷമമാക്കും. ഇന്ത്യന്‍ സംരംഭങ്ങള്‍ക്കും ഗവേഷകര്‍ക്കും വ്യക്തിഗതമല്ലാത്ത ഡാറ്റാസെറ്റുകളിലേക്ക് തടസ്സമില്ലാത്ത പ്രവേശനത്തിന് ഒറ്റത്തവണ പരിഹാരം നല്‍കുന്നതിന് ഒരു ഏകീകൃത ഡാറ്റാ പ്ലാറ്റ്‌ഫോം വികസിപ്പിക്കും.
4. ഇന്ത്യാഎഐ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ്- കേന്ദ്ര മന്ത്രാലയങ്ങള്‍, സംസ്ഥാന വകുപ്പുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന പ്രതിവിധികൾ കണ്ടെത്തേണ്ട പ്രസ്താവനകള്‍ക്കായി നിര്‍ണായക മേഖലകളില്‍ നിര്‍മ്മിതബുദ്ധി ആപ്ലിക്കേഷനുകളെ ഇന്ത്യഎഐ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവ് പ്രോത്സാഹിപ്പിക്കും. വലിയ തോതിലുള്ള സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിന് ഉത്തേജനം നല്‍കാന്‍ സാധ്യതയുള്ള ഫലപ്രദമായ നിര്‍മ്മിതബുദ്ധി പരിഹാരങ്ങളുടെ വികസനം/മുന്നോട്ടുള്ള പോക്ക് /പ്രോത്സാഹനം എന്നിവയില്‍ ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കും.
5. ഇന്ത്യഎഐ ഭാവി നൈപുണ്യങ്ങള്‍- നിര്‍മ്മിതബുദ്ധി പരിപാടികളിലേക്കുള്ള പ്രവേശനത്തിനുള്ള തടസ്സങ്ങള്‍ ലഘൂകരിക്കുന്നതിനും ബിരുദ, ബിരുദാനന്തര തല, പിഎച്ച്ഡി പദ്ധതികളില്‍ നിര്‍മ്മിതബുദ്ധി കോഴ്‌സുകള്‍ വര്‍ധിപ്പിക്കുന്നതിനുമാണ് ഇന്ത്യഎഐ ഭാവി നൈപുണ്യങ്ങള്‍ വിഭാവനം ചെയ്തിരിക്കുന്നത്. അടിസ്ഥാനതല കോഴ്‌സുകള്‍ നല്‍കുന്നതിന് ഇന്ത്യയിലുടനീളമുള്ള രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ ഡാറ്റ, നിര്‍മ്മിതബുദ്ധി ലാബുകള്‍ സ്ഥാപിക്കും.
6. ഇന്ത്യഎഐ സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിംഗ്: ഡീപ്-ടെക് നിര്‍മ്മിതബുദ്ധി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ഭാവിയിലെ നിര്‍മ്മിതബുദ്ധി പദ്ധതികള്‍ പ്രാപ്തമാക്കാന്‍ ധനസഹായം സുഗമമാക്കുന്നതിനുമാണ് ഇന്ത്യഎഐ സ്റ്റാര്‍ട്ടപ്പ് ഫിനാന്‍സിംഗ് സ്തംഭം വിഭാവനം ചെയ്തിരിക്കുന്നത്.
7. സുരക്ഷിതവും വിശ്വസനീയവുമായ നിര്‍മ്മിതബുദ്ധി – നിര്‍മ്മിതബുദ്ധിയുടെ ഉത്തരവാദിത്വമുള്ള വികസനം, വിന്യാസം, സ്വീകരിക്കല്‍ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് മതിയായ സംരക്ഷണ സംവിധാനങ്ങളുടെ ആവശ്യകത തിരിച്ചറിഞ്ഞ്, തദ്ദേശീയ ഉപകരണങ്ങളുടെയും ചട്ടക്കൂടുകളുടെയും വികസനം, നൂതനാശയങ്ങള്‍ക്കായുള്ള സ്വയം വിലയിരുത്തല്‍ ചെക്ക്‌ലിസ്റ്റുകള്‍, മറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഭരണ ചട്ടക്കൂടുകളും എന്നിവയുള്‍പ്പെടെ ഉത്തരവാദിത്വമുള്ള നിര്‍മ്മിതബുദ്ധി പദ്ധതികള്‍ നടപ്പാക്കാന്‍ സുരക്ഷിതവും വിശ്വസനീയവുമായ നിര്‍മ്മിതബുദ്ധി സ്തംഭം സഹായിക്കും.
അംഗീകൃത ഇന്ത്യഎഐ മിഷന്‍, ഇന്ത്യയുടെ സാങ്കേതിക പരമാധികാരം ഉറപ്പാക്കുന്നതിന് നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ആഭ്യന്തര ശേഷികള്‍ വികസിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ ജനസംഖ്യാപരമായ മെച്ചം പ്രയോജനപ്പെടുത്തുന്നതിന് ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങളും ഇത് സൃഷ്ടിക്കും. ഈ പരിവര്‍ത്തന സാങ്കേതികവിദ്യ എങ്ങനെ സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കാമെന്നും അതിന്റെ ആഗോള മത്സരക്ഷമത വര്‍ദ്ധിപ്പിക്കാമെന്നും ലോകത്തിന് കാണിച്ചുകൊടുക്കാന്‍ ഇന്ത്യഎഐ മിഷന്‍ ഇന്ത്യയെ സഹായിക്കും.
NS
A landmark day for tech and innovation! The Cabinet’s approval for the IndiaAI Mission will empower AI startups and expand access to compute infrastructure, marking a giant leap in our journey towards becoming a global leader in AI innovation. https://t.co/NyCAiMLoHs https://t.co/bXfb6PwpgK
— Narendra Modi (@narendramodi) March 7, 2024